പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.
കൊഴുക്കട്ടയ്ക്കുള്ളില്‍ തേങ്ങായ്ക്കൊപ്പം, തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു. 'കൊഴു' എന്നാല്‍ 'മഴു' എന്നര്‍ത്ഥം. 'കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതില്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു' എന്ന 140-ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്.
കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്.
ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നൽകിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവുമാണ് കൊഴുക്കട്ട ഉണ്ടാക്കി നൽകിയത്. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ. പീഡാനുഭവ ചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട, കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.
നാല്പതാംവെള്ളി, ലാസറിൻ്റെ ശനി & കൊഴുക്കട്ട ശനി - ഒരു നർമ്മകഥ.
നാല്പതാം വെള്ളിയാഴ്ച വിശുദ്ധ കുർബാനയോടുകൂടി നാല്പത് ദിവസം പൂർത്തീകരിച്ച് വലിയ നോമ്പ് വീടുകയാണ്. വീണ്ടും ഓശാന ഞായറാഴ്ചയോടുകൂടി പീഡാനുഭവവാരം ആരംഭിക്കുകയും ചെയ്യും. നാല്പത് ദിവസം നോമ്പ് നോക്കിയവരോട് നോമ്പ് അവസാനിച്ചു എന്നു പറഞ്ഞാൽ അവർ മത്സ്യമാംസാദികൾ ഉപയോഗിക്കും. അതിൻ്റെ ശേഷിപ്പ് പീഡാനുഭവ വാരത്തിലേക്കും നീളും. അത് ഒഴിവാക്കാനായി ഒരു "വെജിറ്റേറിയൻ നോമ്പ് വീടൽ" നമ്മൾ കണ്ടെത്തി. അതാണ് ''കൊഴുക്കട്ട". കർത്താവ് വിളിച്ചപ്പോൾ കല്ലറക്കുള്ളിൽ നിന്ന് ശീലകളിൽ പൊതിഞ്ഞ ലാസർ പുറത്തു വന്നു. അത് മധുരമുള്ളൊരു അനുഭവമാണ്. അരിമാവുകൊണ്ട് പുഴുങ്ങിയെടുത്ത ഉണ്ടയിൽ നമ്മൾ കടിക്കുമ്പോൾ വിളയിച്ച തേങ്ങയും ശർക്കരയും എന്ന മധുര വസ്തു പുറത്തുവരും. ഇവിടെ ശീലകളുടെ സ്ഥാനത്ത് അരിമാവും ലാസറിൻ്റെ സ്ഥാനത്ത് വിളയിച്ച തേങ്ങയും, പിന്നെ കുറേ മധുരമുള്ള ഓർമ്മകളും.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.