Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)

വിടുതല്‍ ലഭിക്കും എന്നത് പെന്തക്കൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ടുനടക്കുന്ന ആശയമാണ്. കൈയ്യടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൗഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍, ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ ആശയം വചനാനുസൃതമാണോ? ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.

വിടുതല്‍.

'വിടുതല്‍' എന്ന വാക്കിന് സ്വാതന്ത്ര്യം, മോചനം മുതലായവ അർത്ഥമാക്കാം. മലയാളത്തിലെ BSI പ്രസിദ്ധീകരിക്കുന്ന “സത്യവേദപുസ്തകം” ഒരിക്കല്പോലും ‘വിടുതല്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എങ്കിലും അതിന്റെ മറ്റു രൂപങ്ങള്‍ പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. സ്വാതത്ര്യം, ബന്ധനവിമുക്തി മുതലായ സന്ദർഭങ്ങളിലാണ് ഇത്.

നവീന സമൂഹങ്ങള്‍ പൊതുവേ ‘വിടുതല്‍’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ശാപം, പാപം, രോഗം മുതലായ ബന്ധനങ്ങളില്‍ നിന്നുള്ള മോചനം എന്ന അർത്ഥയത്തിലാണ്.

“ആരാധിച്ചാല്‍ വിടുതല്‍” എന്നത് വചനാനുസൃതമോ?

ആരാധിച്ചാല്‍ പലവിധ ബന്ധനങ്ങളില്‍ നിന്നുള്ള വിമുക്തി എന്നുള്ളതിന് അടിസ്ഥാനമാക്കി നവീന സഭക്കാര്‍ ഉയർത്തിക്കാട്ടുന്ന വേദഭാഗം നമുക്കൊന്ന് പരിശോധിക്കാം. പൗലോസും ശീലാസും തടവിലാകുന്നതാണ് സന്ദർഭം‍. “അവരെ വളരെ അടിപ്പിച്ചശേഷം തടവിലാക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷ്മത്തോടെ കാപ്പാന്‍ കല്പിച്ചു. അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവിലാക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി. അർദ്ധരാത്രിക്കു പൗലോസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയോരു ഭൂകമ്പമുണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു”. (അപ്പോ 16: 23-26) ഇവിടെ പെന്തക്കോസ്ത് സഹോദരങ്ങള്‍ വാദിക്കുന്നത് ഇങ്ങനെയാണ്: പൗലോസും ശീലാസും സർവ്വശക്തിയാല്‍ കൈകൊട്ടി പാട്ട് പാടി ദൈവത്തെ ആരാധിച്ചു; അതിനാല്‍ അവരുടെ ചങ്ങലകള്‍ പൊട്ടുകയും അവര്‍ വിടുതല്‍ പ്രാപിക്കുകയും ചെയ്തു. ഇതുപോലെ ഇന്നും ആരാധിച്ചാല്‍ ആരാധിക്കുന്നവർക്ക് വിവിധതര ബന്ധനങ്ങളില്‍ നിന്നുള്ള വിടുതല്‍ ലഭിക്കും.

ഇതില്‍ എത്രത്തോളം സത്യമുണ്ട്?

ആരാധിച്ചതുകൊണ്ടാണോ അപ്പോസ്തോലന്മാര്‍ മോചനം പ്രാപിച്ചത്? അല്ല എന്ന് വേണം പറയാന്‍. നമുക്ക് ഇതുപോലെ തന്നെ മറ്റൊരു സന്ദർഭവും പരിശോധിക്കാം. പത്രോസ് തടവിലാകുന്ന സന്ദർഭമാണത്. “അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവന്‍ പത്രോസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളായിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു. ഇങ്ങനെ പത്രോസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു. ഹെരോദാവു അവനെ ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്റെ തലേരാത്രിയില്‍ പത്രോസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പില്‍ കാവൽക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. പെട്ടെന്നു കർത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രോസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേൽക്ക് എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി”. (അപ്പോ 12: 3-7). ഇവിടെ ശ്രദ്ധിച്ചാല്‍ പത്രോസ് ഉറങ്ങുമ്പോള്‍ ആണ് വിടുതല്‍ പ്രാപിച്ചത്. അതുകൊണ്ട് ഇനി മുതല്‍ ‘ഉറങ്ങിയാല്‍ വിടുതല്‍’ എന്ന ഒരു ആശയം പ്രചരിപ്പിക്കാം എന്ന് അർത്ഥമുണ്ടോ? പൗലോസും ശീലാസും പാട്ട് പാടി ദൈവത്തെ സ്തുതിച്ചതും അവരുടെ വിടുതലുമായി ഒരു ബന്ധവുമില്ല. ദൈവത്തിനു തിരുഹിതം ഉണ്ടായപ്പോള്‍ അവർക്ക് മോചനം നൽകി. കൂർക്കം വലിച്ചു ഉറങ്ങിയ പത്രോസിനും ദൈവഹിതപ്രകാരം വിടുതല്‍ നൽകി. അപ്പോസ്തോലന്മാര്‍ ഓരോ പ്രാവശ്യം തടവിലാകുമ്പോഴും പാട്ട് പാടി ആരാധിച്ചു വിടുതല്‍ പ്രാപിച്ചതായി ബൈബിള്‍ പറയുന്നില്ല. പൗലോസ് തന്നെ അനേകം തവണ തടവിലാക്കപ്പെട്ടു എന്ന് സ്വയം സാക്ഷിക്കുന്നുണ്ട്. (2.കോരി 11:23). എന്നിട്ടും ഓരോ തവണയും രക്ഷപ്പെട്ടത് ‘ആരാധനയിലൂടെ’ ആണെന്ന് അദ്ദേഹം പറയുന്നില്ല. അപ്പോസ്തോലന്മാര്‍ എല്ലാരും തന്നെ അന്ത്യകാലത്ത് തടവറകളിലായിരുന്നു. അവരും ആരും കൈകൊട്ടി പാട്ട് പാടി വിടുതല്‍ പ്രാപിച്ചില്ല. അതുകൊണ്ടുതന്നെ ‘ആരാധിച്ചാല്‍ വിടുതല്‍’ എന്നത് ബൈബിള്‍ പഠിപ്പിക്കാത്ത ആശയമാണ്.

കൈ അടിച്ചു തുള്ളി വിറച്ചുള്ള ‘ആരാധന’.

കൈ അടിച്ചു തുള്ളി കൂവി വിറച്ചു ആരാധിക്കുന്ന രീതി യേശുവോ അപ്പോസ്തോലന്മാരോ പഠിപ്പിക്കുന്നതല്ല. ബൈബിളില്‍ ഒരിക്കല്പോലും ആരും ഇങ്ങനെ ആരാധിച്ചതായി കാണുന്നില്ല. ദാവീദ് ദൈവത്തിന്റെ പെട്ടകം ഒരു പ്രദക്ഷിണമായി വഴിയിലൂടെ കൊണ്ടുവരുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു ആരാധനയല്ല. പകരം പെട്ടകം കൂടാരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചശേഷം അവന്‍ ആരാധിക്കുന്നത് ഹോമയാഗം കഴിച്ചാണ്. യോഹന്നാന്റെ ഗർഭത്തിലുള്ള നൃത്തവും ആരാധനയല്ല.

അപ്പോസ്തോല പ്രവൃത്തികളില്‍ സൗഖ്യം പ്രാപിച്ച മുടന്തന്‍ മാമോദീസ ഏൽക്കാത്ത ഒരു വ്യക്തിയാണ്. അവന്റെയും തുള്ളല്‍ ഒരു ആരാധനയായി ബൈബിള്‍ കണക്കുകൂട്ടുന്നില്ല. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങൾക്ക്:

പെന്തക്കോസ്ത് കൂട്ടങ്ങളുടെ ആരാധന ആത്മാവിലും സത്യത്തിലും ഉള്ളതോ?

അപ്പോള്‍ പെന്തക്കൊസ്തില്‍ നടക്കുന്നത് എന്താണ്? പെന്തക്കോസ്ത് ആരാധന പാട്ടിന്റെ അകമ്പടിയോടെയാണ് ഉണ്ടാവുക. പണ്ടുകാലത്ത് തമ്പേര്‍ ഒരു പ്രധാന അകമ്പടി വാദ്യമായിരുന്നു. ഇന്ന് ഡ്രംസും കീബോർഡും തമ്പേറിന്റെ സ്ഥാനം കയ്യേറി. മൈക്കില്‍ വളരെ ഉച്ചത്തിലായിരിക്കും പാട്ടും സംഗീത ഉപകരണങ്ങളും ഉപയോഗിക്കുന്നത്. വിശ്വാസികള്‍ കൈ അടിച്ചു പാട്ടുപാടി തുടങ്ങും. കൈ അടിക്കുമ്പോള്‍ ഉള്ളം കയ്യിലെ സൂക്ഷ്മ നാഡികള്‍ ഉദ്ദീപിക്കപ്പെടുന്നു (ഒരു മിനിറ്റ് വേഗത്തില്‍ നിറുത്താതെ കൈ അടിച്ചു നോക്കുക, നിറുത്തുമ്പോള്‍ കൈയ്യില്‍ ഒരു തരി തരിപ്പ് അനുഭവപ്പെടും). വേഗത്തിലും ഉച്ചത്തിലുമുള്ള പാട്ടും കൈ അടിക്കുമ്പോള്‍ ഉള്ള നാഡികളുടെ ഉദ്ദീപനവും ചുറ്റുമുള്ള ആളുകളുടെ സ്ഥിതിയും ഒക്കെ വിശ്വാസിയെ ഒരു ഉന്മാദ (ecstasy) അവസ്ഥയില്‍ എത്തിക്കും. നാവുകളുടെ നിയന്ത്രണം നഷ്ട്ടപ്പെടും. ശരീരത്തിലെ പേശികളുടെ നിയന്ത്രണം നഷ്ട്ടപ്പെടും. ചിലര്‍ വിറയ്ക്കാനും തുളളാനും ചാടാനും തുടങ്ങും. ഉന്മാദ അവസ്ഥയുടെ പാരമ്യത്തില്‍ ചിലര്‍ ഓടുകയും കൂവുകയും ഒക്കെ ചെയ്യുന്നത് കാണാറുണ്ട്‌. ഇതിനെ മനഃശാസ്ത്രത്തില്‍ മാസ്സ് ഹിസ്റ്റീരിയ (mass hysteria) എന്നാണു വിളിക്കുന്നത്‌. ഇതാണ് പെന്തക്കൊസ്തുകാര്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയായി തെറ്റിദ്ധരിക്കുന്നത്. തന്നെയുമല്ല, ഇപ്രകാരമുള്ള ‘ആരാധന’ കഴിയുമ്പോള്‍ ഒരു സംതൃപ്തി അനുഭവിച്ചതായി അവര്‍ സാക്ഷ്യം നൽകും. പേശികള്‍ വലിഞ്ഞു മുറുകി നിയന്ത്രണം വിട്ട അവസ്ഥയില്‍ നിന്ന് ശാന്തമായ അവസ്ഥയിലേക്ക് എത്തുമ്പോള്‍ ഉള്ള ഒരു relaxation ആണ് ഈ സംതൃപ്തി. പെന്തക്കൊസ്തുകാര്‍ ഇതിനെയാണ് ‘ആത്മീയ അനുഭവം’ ലഭിച്ചു എന്ന് പറയുന്നതു. നിശാ പബ്ബുകളില്‍ നൃത്തം ചെയ്യുന്ന യുവാക്കൾക്കും കിട്ടുന്നത് ഏതാണ്ട് ഇതേ സംതൃപ്തി തന്നെയാണ്. ക്രിസ്തുവോ അപ്പോസ്തോലന്മാരോ ഇപ്രകാരമുള്ള ഒരു ആരാധനാ രീതി പഠിപ്പിക്കുന്നില്ല.

ചുരുക്കത്തില്‍ ഇങ്ങനെയുള്ള ആരാധനാ രീതിയും ഇതില്‍ നിന്ന് വിടുതല്‍ പ്രാപിക്കാം എന്ന് പഠിപ്പിക്കുന്നതും തികച്ചും ബൈബിള്‍ വിരുദ്ധമാണ്. പാട്ട് പാടുമ്പോള്‍ താളത്തിനായി കൈ അടിക്കുന്നതോ ഒന്നും ഒരു തെറ്റായയി കരുതുന്നില്ല. പക്ഷേ, കൈ കൊട്ടി ആരാധിക്കുന്നതാണ് യഥാർത്ഥ ആരാധന, അങ്ങനെയേ ആരാധിക്കാന്‍ കഴിയൂ, അങ്ങനെയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌ എന്നൊക്കെ പ്രചരിപ്പിക്കുന്നതിനെയും, കൈകൊട്ടലുകൾക്ക് വേഗം കൂട്ടി താളം വേഗത്തിലാക്കി മൈക്കിലൂടെ അലറി കൂവി ഒരു ഉന്മാദ അനുഭവത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനെയും ആണ് സുറിയാനി സഭ എതിർക്കുന്നത്. ചിലരെങ്കിലും ഈ തരത്തിലുള്ള ‘ആരാധനയിലൂടെ’ വിടുതല്‍ പ്രാപിച്ചു എന്ന് സാക്ഷിക്കാറുണ്ട്. അത് തങ്ങളുടെ ‘അനുഭവം’ ആണത്രേ. അവര്‍ ഓർക്കേണ്ടത് ഇത്രമാത്രമാണ്. അനുഭവങ്ങള്‍ ധാരാളമുണ്ടാകാം. മായാദർശനങ്ങളും സുഖങ്ങളും സന്തോഷവും ഒന്നും ദൈവീകമാകണം എന്നില്ല. അനുഭവങ്ങലെക്കാള്‍ ദൈവം എന്തു പഠിപ്പിക്കുന്നു എന്നതിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. എന്തെങ്കിലും relaxation, സ്വസ്ഥത ഒന്നുമല്ല വിടുതല്‍. “കൂടുതല്‍ കാറിയാല്‍ കൂടുതല്‍ വിടുതല്‍” ഒക്കെ കള്ളപ്രവാചകന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്ന ദുരുപദേശങ്ങളാണ്. വിടുതല്‍ പ്രാപിച്ചു എന്ന് തോന്നിയത് ഒന്നും യഥാർഥ വിടുതലായിരുന്നില്ല എന്ന് മനസ്സിലാക്കുക.

ഇതുപോലുള്ള ആരാധനാ രീതി വഴി ചില രോഗങ്ങളില്‍ നിന്നുള്ള വിടുതല്‍ പ്രാപിച്ചതായി ചിലര്‍ സാക്ഷ്യം നൽകാറുണ്ട്. ഇത് തികച്ചും സ്വാഭാവികമാണ്. അത്ഭുതമൊന്നുമില്ല. ഇത്തരത്തില്‍ ചില psychosomatic disorders വകുപ്പില്പെടുന്ന മാനസികമായ കാരണങ്ങള്‍ മാത്രമുള്ള രോഗങ്ങൾക്ക് ശമനമുണ്ടാകാം എന്ന് വൈദ്യശാസ്ത്രം സമ്മതിക്കുന്ന സത്യമാണ്. എല്ലാ രോഗങ്ങളും ഇപ്രകാരം സൗഖ്യമാകണം എന്നുമില്ല. ഇപ്പറയുന്ന സൗഖ്യം ദൈവീക അത്ഭുതവുമല്ല. ഇത്തരത്തില്‍ സ്വയം സൗഖ്യമായി എന്ന് വിശ്വസിച്ച പല രോഗങ്ങളും വീണ്ടും പതിന്മടങ്ങ്‌ ശക്തിയില്‍ തിരിച്ചു വന്ന് മരണകരമായി പോലും തീർന്ന സംഭവങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ത്തന്നെ പലതു ചൂണ്ടിക്കാണിക്കാനുണ്ട്. കൈ അടിക്കുന്നതും നൃത്തം ചെയ്യുന്നതും നല്ല ഒരു വ്യായാമമാണെന്നും ശരീരത്തിനു നല്ലതാണെന്നും ഈയിടെ ഒരു പാസ്റ്റര്‍ യോഗത്തില്‍ വിളിച്ചു പറഞ്ഞത് ഓർക്കുന്നു. അതിൽക്കൂടുതല്‍ പ്രയോജനമൊന്നും ഈ കലാപരിപാടിക്കില്ല എന്ന് വ്യക്തമാക്കട്ടെ. ഇങ്ങനെ ഒരു ജാതീയ രീതിയില്‍ കൈകൊട്ടി തുള്ളുന്നതിലൂടെ ആരും വിടുതല്‍ പ്രാപിക്കുന്നതായി വചനം തെളിവു നൽകുന്നില്ല.

ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍,
കോട്ടകള്‍ തകരും ബാധകള്‍ ഒഴിയും ആരാധനയിങ്കല്‍.

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍
മൺകുടമുടയും തീ കത്തീടും ആരാധനയിങ്കല്‍.

അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ.

മുതലായ വരികളൊക്കെ വചനാടിസ്ഥാനമില്ലാത്ത ഗുരുതര ദൈവശാസ്ത്ര പ്രശ്നങ്ങള്‍ ഉള്ളവയാണ്. രോഗ-കടഭാര-വന്ധ്യതാ വിഷയങ്ങള്‍ നന്നായി ‘ആരാധിച്ചാല്‍’ മാറുമെന്നു പറഞ്ഞു പറ്റിച്ചു ശാപത്തിന്റെ ശുശ്രൂഷ ചെയ്യുന്നവരെ ദൈവം തന്നെ കൈകാര്യം ചെയ്യട്ടെ!

പിന്നെ, എങ്ങനെ വിടുതല്‍ പ്രാപിക്കാം?

എങ്ങനെ വിടുതല്‍ പ്രാപിക്കാം എന്ന് ബൈബിള്‍ വ്യക്തമായും സ്പഷ്ടമായും ഉപദേശം നൽകുന്നുണ്ട്. ക്രിസ്തുവിനെ യഥാർത്ഥത്തില്‍ അറിയുന്നതിലൂടെയും അവന്റെ പാതയിലൂടെ ജീവിക്കുന്നതിലൂടെയും ഒരുവന് വിടുതല്‍ പ്രാപിക്കാം എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

“സത്യം അറികയും, സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.” (യോഹ 8:32) “പുത്രന്‍ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും”. (യോഹ 8:36) “ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.” (റോമ 8:2)
“സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചുനില്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു”. (ഗലാ 5:1). അതുകൊണ്ട് യേശുക്രിസ്തു നൽകുന്ന സൗജന്യമായ ഒന്നാണ് വിടുതല്‍ എന്നുള്ളത്. അല്ലാതെ കൈ അടിച്ചോ പാട്ട് പാടിയോ മറ്റേതെങ്കിലും പ്രവൃത്തികലാലോ പ്രാപിക്കാന്‍ കഴിയുന്നതല്ല ഈ വിടുതല്‍. ഏതെങ്കിലും ചടങ്ങുകളുടെയോ പ്രവൃത്തികലുടെയോ കൂലിയല്ല വിടുതല്‍. ഏതെങ്കിലും വ്യക്തി മൈക്കില്‍ക്കൂടി അലറിയാല്‍ കിട്ടുന്ന ഒന്നല്ല ബൈബിള്‍ പഠിപ്പിക്കുന്ന വിടുതല്‍.

ഇക്കാലത്ത് പല നവീന കൂട്ടങ്ങളുടെ സഭായോഗങ്ങളിലും സ്ഥിരമായി മുഴങ്ങിക്കേൾക്കുുന്ന ചില വാചകങ്ങളാണ്: “ദൈവം ആരാധനക്കൊതിയനാണ്‌. അതിനാല്‍ അവനെ ആരാധിക്കണം. പരിസരം മറന്നു ദൈവത്തെ ആരാധിക്കണം, ആരാധിച്ചാല്‍ വിടുതല്‍ വെളിപ്പെടും” എന്നൊക്കെ. ചില പുകഴ്ത്തലുകളില്‍ വീഴുന്ന പൊങ്ങച്ചക്കാരനാണോ ദൈവം? ജഡത്തിന്റെ ഒരു പ്രവൃത്തിക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല.

ഇനി സഭാപിതാക്കന്മാര്‍ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം. മോര്‍ അഫ്രേം പാടുന്നു:

ജന്മത്താല്‍ വിടുതല്‍ തന്ന നന്ദനനേ കൃപചെയ് നാഥാ!

യേശു ക്രിസ്തുവിന്റെ മനുഷ്യാവതാരത്താലും രക്ഷണ്യ പ്രവർത്തനങ്ങളാലുമാണ് വിടുതല്‍ തന്നത് എന്ന് മോര്‍ അഫ്രേം പിതാവ് പറയുന്നു. വലിയ വെള്ളിയാഴ്ചയുടെ നമസ്കാരത്തില്‍ നാം ഇങ്ങനെ പാടുന്നുണ്ടല്ലോ:

സകലം മോചിച്ച കുഞ്ഞാടതി ധന്യന്‍
സ്തുതിയഖിലം രുധിരാല്‍ വിടുവിച്ചോനേ!

ഇവിടെയും കർത്താവിന്റെ പുണ്യാഹരക്തത്താലാണ് നമുക്ക് വിടുതല്‍ ലഭിച്ചത്, എന്ന് സഭ പഠിപ്പിക്കുന്നു. ഏതെങ്കിലും പ്രവർത്തനങ്ങളുടെ വിലയല്ല വിടുതല്‍. കൈ അടിച്ചു പാട്ട് പാടി നൃത്തം ചെയ്‌താല്‍ വിടുതല്‍ ലഭിക്കുമായിരുന്നു എങ്കില്‍ പിന്നെ എന്തിന് നമ്മുടെ കർത്താവ് മനുഷ്യാവതാരം ചെയ്തു? പീഡകള്‍ അനുഭവിച്ചു?

ആർക്കാണ് ഈ വിടുതല്‍ പ്രാപിക്കാന്‍ കഴിയുക? “അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.” (ഗലാ 4:31). ആരാണ് ഈ സ്വന്തന്ത്ര? “മീതെയുള്ള യരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.” (ഗലാ 4:26). ഏതാണ് ഈ മുകളിലുള്ള യരുശലേം? അത്  ശ്ലൈഹീകവുമായ ഏക വിശുദ്ധ സഭ തന്നെയാണ്. ഈ സഭയാണ് യേശുക്രിസ്തുവില്‍ സ്വാതന്ത്ര്യം പ്രാപിച്ചത്. ഈ സഭയുടെ മക്കൾക്കാണ് സ്വാതന്ത്ര്യം പ്രാപിക്കാന്‍ കഴിയുക.

യഥാർത്ഥ വിടുതല്‍ പ്രാപിച്ചവര്‍ ദൈവത്തിന്റെ ദാസന്മാരായിരിക്കും. “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെയ്ക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന്‍.” (1.പത്രോ 2:16). “എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിനു സ്തോത്രം”. (റോമ 6:17,18).

ചുരുക്കത്തിൽ, കൈ അടിച്ചു കൂവി വിറച്ചു ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുകയില്ലെന്നും ഇങ്ങനെയുള്ള ആരാധന ബൈബിള്‍ പഠിപ്പിക്കുന്നില്ലെന്നും നാം കണ്ടു. ഈ ആശയത്തിന് യാതൊരു ബൈബിള്‍ പിൻബലവുമില്ല. ഏതെങ്കിലും പ്രവൃത്തികളാല്‍ കിട്ടുന്ന ഒന്നല്ല വിടുതല്‍. ക്രിസ്തുവില്‍ വിശ്വസിക്കുന്ന, അവനോടു ചേർന്ന് ജീവിക്കുന്ന ‘സ്വതന്ത്രയായ’ അപ്പോസ്തോലിക സഭയിലെ അംഗങ്ങൾക്ക് മാത്രമുള്ളതാണ് യേശു സൗജന്യമായി നൽകുന്ന വിടുതല്‍. സുവിശേഷയോഗത്തിനും മറ്റും ഗാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ സൂക്ഷ്മമായി പരിശോധിക്കാനും ഗുരുതര ദൈവശാസ്ത്ര ദൂഷ്യങ്ങളുള്ള ഗാനങ്ങള്‍ ഉൾപ്പെടുത്താതിരിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. കർത്താവ് സൗജന്യമായി നൽകുന്ന വിടുതല്‍ പ്രാപിക്കാനും സ്വാതന്ത്ര്യത്താല്‍ അവനോടു ചേർന്ന് ജീവിക്കാനും നമ്മെ ദൈവം സഹായിക്കട്ടേ!

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കൊഹനേ ഞായർ.
  • "ഗാഫോർ"
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • Microtonal System used in Staff Notation
  • കന്തീല ശുശ്രൂഷ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • കുരിയാക്കോസ് സഹദാ
  • പട്ടക്കാരോട് ഒരപേക്ഷ.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • പെസഹാ പെരുന്നാള്‍
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ബൈബിളിലെ പേരുകൾ
  • വലിയനോമ്പ്
  • പൗരോഹിത്യ ശ്രേണികൾ.
  • നസ്രാണിപ്പട
  • ഫീറോ (Skull cap)
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • അപ്പോക്രിഫാ.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • റമ്പാൻ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ആദ്യജാതൻ. (Firstborn).
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സ്ത്രീധനം. (Dowry).
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • മൗനം വിദ്വാനു ഭൂഷണം.
  • പതിനെട്ടിട
  • മൊഴിമാറ്റത്തിന്റെ കുഴി.
  • കുരിശ്
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ത്രിത്വം.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved