Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പെസഹാ പെരുന്നാള്‍

'പെസഹാ' എന്ന എബ്രായ (Hebrew) വാക്കിനർത്ഥം "കടന്നുപോകൽ" എന്നാണ്. ഇസ്രായേൽക്കാരുടെ ഈജിപ്തിലുള്ള വാസം 430 വർഷമായിരുന്നു. B.C.1513-ൽ ആബീബ് മാസം 14-ാം തീയതി യഹോവ ഇസ്രായേൽക്കാരെ മിസ്രയിമിലുള്ള അടിമത്വത്തിൽ നിന്നും വിടുവിക്കുന്നു. ആ ദിവസം ഓരോ കുടുംബവും ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കണമെന്നും ആ രക്തം കാണുമ്പോൾ മിസ്രയിമ്യരെ ദണ്ഡിപ്പാനായി യഹോവ അയച്ച ബാധ അവരെ ഒഴിഞ്ഞു പോകുമെന്നും യഹോവ അരുളി ചെയ്കയും ഇസ്രായേൽ ജനത്തെ യഹോവ സംഹാരദൂതനിൽ നിന്നും രക്ഷിച്ചു, കനാൻ ദേശത്തേക്കെത്തിക്കയും ചെയ്തു. ആ ഓർമ്മയെ കൊണ്ടാടുവാൻ യഹൂദന്മാർ ആചരിച്ചുവന്നിരുന്ന ആഘോഷമാണ് പെസഹാ.

ഈ പെസഹാ ആഘോഷിക്കുവാനായി യേശുവും ശിഷ്യന്മാരും വിരിച്ചൊരുക്കിയ മാളികയിൽ യേശുവിന്റെ നിർദ്ദേശപ്രകാരം ഒരുമിച്ചുകൂടി. പെസഹായിൽ അറുത്തു വന്ന ആട്ടിൻകുട്ടി യേശുവിനെ സൂചിപ്പിക്കുന്നു. യേശു എന്ന ആട്ടിൻകുട്ടി ലോകത്തിന്റെ പാപമോചനത്തിനായി ബലിയാടാകാൻ പോകുന്നുവെന്ന സത്യം തന്റെ ശിഷ്യന്മാരെ യേശു അറിയിക്കുന്നു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പമെടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു. 'വാങ്ങി ഭക്ഷിപ്പിൻ ഇത് എന്റെ ശരീരം' എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്ക് കൊടുത്തു. 'എല്ലാവരും ഇതിൽനിന്നു കുടിപ്പീൻ, ഇതു അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം'. മത്തായി 26:26-28.

ഈ അപ്പത്തെക്കുറിച്ച് യോഹന്നാൻ 6-ാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. യേശു അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചപ്പോൾ പുരുഷാരത്തിൽ കുറേപേർ അവനെ അനുഗമിച്ചു. കാരണം
യേശുവിന്റെ കൂടെ കൂടിയാൽ സുഖമായി ഭക്ഷിച്ചു കഴിയാമെന്ന് അവർ കരുതി. എന്നാൽ യേശു അവരോടു പറഞ്ഞു സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്നവനെല്ലാം എന്നേക്കും ജീവിക്കും. ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ
മാംസമാകുന്നു. യോഹ 6:51. ഇത് കഠിനവാക്ക് എന്ന് പറഞ്ഞ് അന്നു പലരും അവനെ വിട്ടുപോയി. യേശുവെന്ന മുന്തിരി വള്ളിയിലെ കൊമ്പുകളായി മാറിയാൽ മാത്രമേ ആ മാംസ രക്തങ്ങൾ ഭക്ഷിക്കുവാൻ കഴിയൂ. അടിമത്വത്തിൽ നിന്നുമുള്ള കടന്നുപോകലാണ് പെസഹാ. അത് പാപത്തിൽ നിന്നും കടന്നുപോയി യേശുവിൻ്റെ ശരീരമാകുന്ന അപ്പത്തിലും രക്തത്തിലും അലിഞ്ഞു ചേർന്ന് ഒന്നായിത്തീരലാണ്. പെസഹാ സ്വയം വിനയപ്പെടുത്തി മറ്റുള്ളവരുടെ പാദങ്ങൾ കഴുകി ശുശ്രൂഷക്കാരാകുവാൻ നമ്മെ
ആഹ്വാനം ചെയ്യുന്നു. പെസഹാ യേശുവിന്റെ ശരീരവും രക്തവും നമുക്ക് നൽകുന്ന ദിനമാണ്. നാം വിശുദ്ധരായാൽ മാത്രമേ ആ അപ്പത്തിന്റെ ആ ശരീരത്തിന്റെ അംശികളാകാൻ പറ്റുകയുള്ളൂ. വിശുദ്ധിയുള്ള ശരീരം അശുദ്ധിയുള്ള ശരീരത്തെ സ്വീകരിക്കുകയില്ല.

ഒരു വ്യക്തിയുടെ ശരീരത്തിലെ വൃക്ക മാറ്റിവയ്ക്കണമെങ്കിൽ ആ വൃക്കദാതാവിൻ്റെ രക്തം സ്വീകരിക്കുന്നാളുടെ രക്തവുമായി യോജിക്കണം. ഇതു എൻ്റെ ശരീരമാകുന്നു, ഇതു എൻ്റെ രക്തമാകുന്നുവെന്നു പറഞ്ഞു യേശു ദിവ്യബലിയായി തീരുമ്പോൾ ആ ദിവ്യബലിയിൽ നാം പങ്കാളികളാകണമെങ്കിൽ
യേശുവിന്റെ വിശുദ്ധിയിലേക്കു നാം ഉയരണം. അപ്പോഴാണ് യേശു നമ്മിലും നാം അവനിലും വസിക്കുന്നത്. പെസഹായുടെ ഈ ഓർമ്മദിനത്തിൽ സകലമാലിന്യങ്ങളേയും കഴുകാം. കൃപയ്ക്കായി യാചിച്ചു പാടാം.

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ! മോദിപ്പിച്ചരുളുക കൃപ നിൻ-
പെസഹായാൽ.

പെസഹാ വ്യാഴാഴ്ചയുടെ വിവിധ പേരുകൾ.

വ്യത്യസ്ത വേദശാസ്ത്ര വ്യാഖ്യാനങ്ങൾ അനുസരിച്ചും, പ്രാദേശിക ആചരണരീതികൾ അനുസരിച്ചും, വിശേഷ പാരമ്പര്യങ്ങൾ അനുസരിച്ചും, പ്രാധാന്യം അനുസരിച്ചും വിവിധ സഭകൾ ഈസ്റ്ററിനു  മുമ്പുള്ള വ്യാഴാഴ്ചക്കു വിവിധ പേരുകൾ അഥവാ, വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

പീഡാനുഭവ വ്യാഴം, കഷ്ടാനുഭവ വ്യാഴം, ഹാശാ വ്യാഴം - Thursday of Passion - Passover Thursday - കടന്നുപോക്കിന്റെ [സംഹാരദൂതൻ്റെ] വ്യാഴാഴ്ച; അന്ത്യ അത്താഴത്തിൻ്റെ വ്യാഴാഴ്ച, Thursday of Last Supper, എന്നിവ പൊതുവെയുള്ള വിശേഷണങ്ങളാണ്.

യഹൂദന്മാർക്ക് പെസഹാ എന്നത് പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണ് Pesach എന്നും വിളിക്കുന്നു. അവർക്കു പെസഹാ Feast of Reremption, Geast of Freedom - Feast of Emancipation വിടുതലിൻ്റെ വ്യാഴാഴ്ച കൂടിയാണ്.

യഹൂദ പാരമ്പര്യം ഉൾക്കൊണ്ടിട്ടുള്ള സഭകൾ (പ്രത്യേകിച്ച് മലങ്കരയിലെ സഭകൾ) പെസഹാ വ്യാഴം; 'ഇണ്ട്രി വ്യാഴാഴ്ച' എന്നും വിളിക്കുന്നു.

മലങ്കര സഭയടക്കമുള്ള സുറിയാനി സഭകളും മാറോനൈറ്റ് സഭകളും - ഉത്തുംഗമായ വേദശാസ്ത്ര വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യങ്ങളുടെ വ്യാഴാഴ്ച - The Thursdsy of Mystery ഹംശോ ദ് റോസേ എന്ന് വിളിക്കുന്നു.

തൻ്റെ പെസഹായാൽ പെസഹാ കുഞ്ഞാടിനെ അറുക്കുന്ന പഴയ നിയമ പ്രമാണത്തിനറുതി വരുത്തിയ പുതിയനിയമത്തിൻ്റെ വ്യാഴാഴ്ച.

പഴയ നിയമവും അഴിഞ്ഞു പോകുകയും ക്രിസ്തുവിന്റെ പുതിയ നിയമം നിലവിൽ വരികയും ചെയ്ത Thursday of Partition; Thursday of New Testament പുതിയനിയമവും.

കൂദാശകളുടെ രാജ്ഞിയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം നടന്ന വ്യാഴാഴ്ച - The Thursday of Institution of The Queen of Sacraments - The Holy Eucharist.
   
റോമൻ കത്തോലിക്കാ സഭയ്ക്ക് വലിയ വ്യാഴാഴ്ച, വിശുദ്ധ വ്യാഴാഴ്ച - Holy Thursday. [Note: ആംഗ്ലിക്കൻ സഭകളിൽ സ്വർഗ്ഗാരോഹണ വ്യാഴാഴ്ചക്കാണ് Holy Thursday എന്ന് പറയുന്നത്].  

കോപ്റ്റിക് സഭകളും എത്യോപ്യൻ സഭകളും - ഉടമ്പടിയുടെ വ്യാഴാഴ്ച - The Thursday of Covenant - എന്ന് വിളിക്കുന്നു.

ആംഗ്ലിക്കൻ സഭകൾ, ചില ലത്തീൻ സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ, പ്രെസ്ബിറ്റിരിയൻ സഭകൾ, മറ്റ് നവീന സഭകൾ ഈ ദിവസത്തെ Maundy Thursday എന്ന് വിളിക്കുന്നു. ആംഗ്ലിക്കൻ സഭകളിൽ ‘ഞാൻ നിങ്ങൾക്ക് ഒരു പുതിയ നിയമം തരുന്നു. 'I Give To You a New Mandate Mandatum Novum' - എന്ന പ്രമേയത്തിൽ നിന്ന് ഉരുത്തിരിഞ്ഞത്.
   
കേരള ഗവൺമന്റും, ഇന്ത്യാ ഗവൺമന്റും സർക്കാർ ഉദ്യോഗസ്ഥരും ഈ ദിവസത്തെ Maundy Thursday എന്ന് വിളിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൻ്റെ ബാക്കി പത്രം.

ജർമ്മനിയിലെ സഭകൾ - ഹരിത വ്യാഴാഴ്ച - The Green Thursday - എന്ന് വിശേഷിപ്പിക്കുന്നു. കുമ്പസാരം നടത്തിയവർക്ക് പച്ചയിലകൾ, പച്ച വൃക്ഷത്തിന്റെ പച്ചക്കൊമ്പുകൾ കൊടുക്കുന്ന പാരമ്പര്യത്തിൽ നിന്ന്.

വിശുദ്ധ തൈലത്തിന്റെ വ്യാഴാഴ്ച - The Thursday of The Holy Chrism - വിശുദ്ധ ശുശ്രൂഷകൾക്കു ആവശ്യമായ തൈലങ്ങൾ പാകം ചെയ്യുകയും വാഴ്ത്തുകയും ചെയ്യുന്ന പതിവ് റോമൻ സഭകളിലും ബൈസാന്റിയൻ സഭകളിലും ഉണ്ടായിരുന്നു.

സുറിയാനി സഭയിലും വിശുദ്ധ മൂറോൻ ശുദ്ധീകരിക്കുന്ന ദിവസമായി കരുതുന്ന പാരമ്പര്യം നില നിന്നിരുന്നു. The Great Thursday of Sanctification of Holy Myron

ശുദ്ധീകരണത്തിന്റെ വ്യാഴാഴ്ച - Clean Thursday / Sheer Thursday / Bright Thursday ചില യൂറോപ്യൻ സഭകളിൽ വിശുദ്ധ മദ്ബഹായിലെ ഉപകരണങ്ങളും ആരാധനാ വസ്ത്രങ്ങളും മാറുന്ന ദിവസം. ആരാധന നിറങ്ങൾ മാറുന്ന ദിവസം.

ഇങ്ങനെ ഈ പെരുന്നാൾ വൈവിധ്യങ്ങളുടെ വലിയ വ്യാഴാഴ്ചയാകുന്നു! The Grest Thursday of Diverse Feasts.

അന്ത്യത്താഴ വിരുന്ന്.

യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ വിരുന്നിനെ കുറിച്ച് നമ്മുക്ക് എല്ലാം അറിയാം. പരിശുദ്ധ കുര്‍ബാന തമ്പുരാന്‍ സ്ഥാപിച്ച ദിവസം അപ്പവും വീഞ്ഞും തന്‍റെ അരുമ ശിക്ഷ്യന്മാര്‍ക്ക് നല്‍കി "ഇതു എന്‍റെ ശരീരവും എന്‍റെ രക്തവുമാകുന്നു" എന്ന് അവിടുന്ന് പറഞ്ഞു, കര്‍ത്താവു വീണ്ടും വരുന്നത് വരെ ഇതു നാം തുടരും.

ഇതു കൂടാതെ മറ്റു ചില കാര്യങ്ങളും അന്ത്യത്താഴത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കണം പെസഹ എന്ന ആചാരം യേശു ക്രിസ്തുവിനു മുമ്പേ യഹൂദന്മാര്‍ ആചരിച്ചിരുന്ന ഒരു ചടങ്ങാണ്. യഹൂദര്‍ക്ക് പെസഹ നിര്‍വ്വഹിക്കുന്നത് അവരുടെതായ ശക്തമായ നിയമങ്ങള്‍ കൊണ്ടാണ്. അതില്‍ അവര്‍ വള്ളിപുള്ളി വിടാതെ ആ നിയമത്തില്‍ ശക്തമായി അനുസരിച്ച് ആചരിക്കും, യേശുക്രിസ്തുവും അന്ത്യത്താഴ വിരുന്നില്‍ ഈ നിയമങ്ങള്‍ ശക്തമായി പാലിച്ചു. യഹൂദരുടെ നിയമ പ്രകാരം പെസഹ ആചരിക്കുമ്പോള്‍ അവര്‍ മേശയില്‍ മൂന്നു കൊട്ടകള്‍ വെക്കും മൂന്നിലും അപ്പം കാണും. ആദ്യത്തെ കൊട്ടയിലുള്ള അപ്പം അബ്രഹാമിനെ സൂചിപ്പിക്കുന്നു, രണ്ടാമത്തെ കൊട്ടയിലുള്ള അപ്പം ഇസഹാക്കിനെ സൂചിപ്പിക്കുന്നു, മൂന്നാമത്തെ കൊട്ടയിലുള്ള അപ്പം യാക്കോബിനെ സൂചിപ്പിക്കുന്നു.

മേശപ്പുറത്തു നാലു വീഞ്ഞ് പാത്രങ്ങളുണ്ട്. അവയില്‍ മൂന്ന് പാത്രങ്ങള്‍ വീഞ്ഞ് നിറച്ചു തുറന്നു വെച്ചിരിക്കും അബ്രഹാം ഇസഹാക്ക് യാക്കോബ് എന്നിവരെ സൂചിപ്പിക്കുന്നതാണ് ആദ്യത്തെ തുറന്നു വച്ചിരിക്കുന്ന മൂന്ന് വീഞ്ഞ് പാത്രങ്ങള്‍ എന്നാല്‍ നാലാമത്തെ വീഞ്ഞ് പാത്രം കമഴ്ത്തി വെച്ചിരിക്കും (യഹൂദ മത ആചാരപ്രകാരം വരുവാന്‍ ഇരിക്കുന്ന മശിഹായിക്കു വേണ്ടിയാണ് കമഴ്ത്തി വച്ചിരിക്കുന്ന വീഞ്ഞ് പാത്രം).
അവരുടെ എല്ലാ പെസഹ ചടങ്ങിലും മേശ അലങ്കരിക്കുന്നത് ഇങ്ങനെയാണ്.

യേശുവിന്‍റെ അന്ത്യഅത്താഴ വേളയിലും യഹൂദ നിയമപ്രകാരമാണ് മേശ അലങ്കരിച്ചത്. അപ്പം വാഴ്ത്തി ശിക്ഷന്മാര്‍ക്ക് കൊടുക്കാന്‍ യേശുക്രിസ്തു തിരഞ്ഞു എടുത്തത്‌ ഇസഹാക്കിനെ സൂചിപ്പിക്കുന്ന രണ്ടാമത്തെ കൊട്ടയിലെ അപ്പമാണ്.
എന്തെന്നാല്‍ ഇസഹാക്കിനെ അബ്രഹാം ബലി കൊടുക്കുവാന്‍ മല മുകളില്‍ കൊണ്ട് പോയപ്പോള്‍ പിതാവാം ദൈവം അത് തടഞ്ഞു എന്ന് നമ്മള്‍ക്ക് അറിയാം, ഇസഹക്കിനു പകരം അവിടെ ഒരു കുഞ്ഞാടിനെ ആ കൊടുക്കുന്നത് .ആ കുഞ്ഞടാണ് യേശുക്രിസ്തു .ഈ ലോകത്തിന്‍റെ പാപങ്ങള്‍ തീര്‍ക്കാന്‍ സ്വയം ബലിയായ ദൈവത്തിന്‍റെ കുഞ്ഞാട് .താന്‍ ഈ ലോകത്തിനു വേണ്ടി ബലിയാകാന്‍ ക്രുശിലേക്ക് പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ആയതു കൊണ്ടാണ് യേശുക്രിസ്തു ഇസഹാക്കിനെ സൂചിപ്പിക്കുന്ന കൊട്ടയില്‍ നിന്ന് അപ്പം എടുത്ത് വാഴ്ത്തി ശിക്ഷന്മാര്‍ക്ക് കൊടുത്തത്. അതിനു ശേഷം വരാന്‍ ഇരിക്കുന്ന മശിഹായ്ക്കു വേണ്ടി യഹൂദര്‍ കമഴ്ത്തി വെച്ചിരുന്ന വീഞ്ഞ് പാത്രം എടുത്ത് അതില്‍ വീഞ്ഞ് ഒഴിച്ച് വാഴ്ത്തി ശിക്ഷ്യര്‍ക്ക് നല്‍കി.

അന്ത്യത്താഴത്തെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് നോക്കാം.

ശിഷ്യന്മാര്‍ പെസഹാ ഒരുക്കുന്നു.

പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു
യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു.

പുതിയ ഉടമ്പടി.

സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്മാരും. അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല. അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാ സ്‌തോത്രം ചെയ്തതിനുശേഷം പറഞ്ഞു: "ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല". പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: "ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍". അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു. എന്നാല്‍, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി. തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി.
Luke 22:7-23.

വി. കുർബ്ബാന - പുളിപ്പുള്ള അപ്പം ശരിയോ?

വി. കുർബ്ബാനക്ക് നമ്മുടെ സഭ പുളിപ്പുള്ള അപ്പമാണ് ഉപയോഗിക്കുന്നത്. എന്നാൽ കത്തോലിക്ക സഭ പുളിപ്പില്ലാത്ത അപ്പമാണ് വി. കുർബ്ബാനക്ക് ഉപയോഗിക്കുന്നത്. തിരുവത്താഴ സമയത്താണ് കർത്താവ് വി. കുർബ്ബാന സ്ഥാപിച്ചത്. (മത്തായി 26:26-29 മർക്കോസ് 14:22-25, ലൂക്കോസ് 22:19 -20) കർത്താവ് ശിഷ്യന്മാർക്ക് എടുത്ത് വാഴ്ത്തി നൽകിയ അപ്പം പുളിപ്പുള്ളതാണെങ്കിൽ കുർബ്ബാനക്ക് പുളിപ്പ് ഉപയോഗക്കുന്നതു ശരി, പുളിപ്പില്ലാത്തതാണെങ്കിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതു ശരി. ഏതായാലും രണ്ടും ഒരേ സമയം ശരിയാവുകയില്ല.

ഈ സന്ദർഭത്തിൽ കത്തോലിക്ക സഭയുടെ വാദങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമെ പരിശോധിക്കാം.

1. മത്തായി 26:17-20 & ലൂക്കോ. 22:7-8 ൽ “നീ പെസഹാ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത്". “നിന്റെ അടുക്കൽ പെസഹാ കഴിക്കും” എന്നെല്ലാം പറയുന്നതിനാൽ ഇത്. യഹൂദ ആചാരപ്രകാരമുള്ള പെസഹാ ഭക്ഷണമാണെന്ന് വ്യക്തം

2. പുറപ്പാട് 12: 14-20, 43-48, 13:5-7, ആവ:16:3-4 എന്നിവ പരിശോധിച്ചാൽ പെസഹായുടെ ഒന്നാം ദിവസം തന്നെ വീടുകളിൽ നിന്ന് പുളിപ്പ് മാറ്റണം, 7 ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം, ആരെങ്കിലും പുളിച്ചതു തിന്നാൽ ഇസ്രയേൽ സഭയിൽനിന്ന് ഛേദിച്ച് കളയണം, നിന്റെ അതിർത്തിക്കകത്തെങ്ങും പുളിച്ച മാവ് കാണരുത്. നിൻ്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്, എന്നെല്ലാമാണ് ന്യായപ്രമാണ കല്പ്‌പന. അതിനാൽ പെസഹാ ദിവസം കർത്താവ് പുളിപ്പില്ലാത്ത അപ്പമാണ് എടുത്ത് വാഴ്ത്തി ശിഷ്യന്മാർക്ക് നൽകിയത് എന്ന് വ്യക്തം.

3.“നാം പഴയ പുളിമാവ് കൊണ്ടല്ല; തിന്മയും ദുഷ്ടതയുമായ പുളിമാവ് കൊണ്ടല്ല, സ്വച്ഛതയും, സത്യവുമായ പുളിപ്പില്ലായ്‌മകൊണ്ട് തന്നെ ഉത്സവം ആചരിക്കുക" എന്ന് പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നു. (1 കൊരി 5:7-8 സത്യവേദപുസ്തകം / Poc ബൈബിൾ) ഈ കാര്യങ്ങളിൽ നിന്നും പുളിപ്പില്ലാത്ത അപ്പംകൊണ്ടാണ് വി. കുർബ്ബാന അർപ്പിക്കേണ്ടത് എന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നു.

നമ്മുടെ സഭയിൽ തന്നെ അധികംപേരും മനസ്സിലാക്കിയിരിക്കുന്നത് കർത്താവ് പെസഹാ ഭക്ഷിച്ചതിന് ശേഷം പുളിപ്പുള്ള ഒരു അപ്പം എടുത്ത് വി. കുർബ്ബാന സ്ഥാപിച്ചു എന്നാണ്. ഈ വാദം ഒരിക്കലും നില നിൽക്കുകയില്ല. കാരണം കർത്താവ് വന്നിരിക്കുന്നത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല, നിവർത്തിപ്പാനാണ്. പെസഹായുടെ അന്ന് പുളിപ്പുള്ള അപ്പം തിന്നു എന്ന് പറഞ്ഞാൽ ന്യായപ്രമാണ ലംഘനമാകും.

ഇത്രയും വായിക്കുമ്പോൾ കത്തോലിക്ക സഭ ചെയ്യുന്നതല്ലേ ശരി എന്ന് തോന്നാമെങ്കിലും നമ്മുടെ പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നതിൽ തെറ്റ് പറ്റുകയില്ല എന്ന വിശ്വാസത്തിൽ നമുക്ക് മുറുകെ പിടിക്കാം. 1054 ൽ ലേയോ ഒൻപതാമൻ മാർപാപ്പയുടെ കാലംമുതലാണ് റോമാസഭയിൽ പുളിപ്പില്ലാത്ത അപ്പം വി. കുർബ്ബാനക്ക് ഉപയാഗിക്കണമെന്ന നിർവ്വചനം ഉണ്ടായത്. അതിന് ‌മുമ്പ് കത്തോലിക്ക സഭയിലെ പലവിഭാഗങ്ങളും വി. കുർബ്ബാനക്ക് പുളിപ്പുള്ള അപ്പമാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ അല്പം വിശദമായി തന്നെ പെസഹായെ ക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

പെസഹായുടെ ഉത്ഭവം

പുറപ്പാട് 12-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. മിസ്രേമിൽ നിന്ന് യഹോവ ഇസ്രയേൽക്കാരെ വിടുവിച്ചതിൻ്റെ ഓർമ്മക്കായി ഇത് ആചരിക്കുന്നു. അബീബ് മാസം 10-ാം തീയതി ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു. 14-ാം തീയതി സന്ധ്യക്ക് അതിനെ അറുത്ത് രക്തം വാതിലിൽ പുരട്ടി. രക്തം പുരട്ടിയ വീടുകളെ സംഹാരദൂതൻ ഒഴിഞ്ഞുപോയി, രക്തം പുരട്ടാത്ത വീടുകളിൽ കടിഞ്ഞൂൽ ഒക്കെയും കൊല്ലപ്പെട്ടു. അന്നു രാത്രി തന്നെ ഫറവോൻ ഇസ്രയേൽക്കാരെ വിട്ടയച്ചു. അവർ റമസേസിൽ നിന്നും പുറപ്പെട്ട് സൂക്കോത്തിൽ പാളയം ഇറങ്ങി. അവർ പുളിപ്പില്ലാത്ത അപ്പം ചുട്ടു, ചീരക്കറിയും ചേർത്ത് കഴിച്ചു. പിറ്റേ പകൽ മുഴുവൻ അവർ അവിടെ വിശ്രമിച്ചു. ഇതിൻ്റെ ഓർമ്മക്കായി അവർ പെസഹാ ആചരിച്ചു വരുന്നു. (പുറ: 12-14)

യഹൂദന്റെ പെസഹായുടെ ചട്ടങ്ങൾ

ഒരു വീട്ട്കർമ്മം എന്ന നിലയിൽ ആരംഭിച്ച പെസഹാ സമാഗമന കൂടാരം ഉണ്ടായതോടുകൂടി ഒരു ബലികർമ്മമായി ഉയർത്തപ്പെട്ടു. (ആവ: 16: 2-4, ലേവി: 23:8) ഒന്നാം മാസം 10-ാം തീയതി പെസഹാ കുഞ്ഞാടിനെ തിരഞ്ഞടുക്കണം. 14 ന് സന്ധ്യവരെ അതിനെ സൂക്ഷിക്കണം. (പുറ: 12:6) 14ന് സന്ധ്യക്ക് അതിനെ ബലി അർപ്പിക്കണം (ആവ: 16: 6, ലേവ്യ 23:5). ബലിമൃഗത്തിന്റെ അസ്ഥികൾ ഒന്നും ഒടിക്കാതെ തോലൂരിച്ച് കഴുകി വൃത്തിയാക്കി തീയിൽ ചുട്ടെടുക്കണം. (പുറ: 12:9,46), വറുക്കരുത് വെള്ളത്തിൽ വേവിക്കരുത് (പുറ: 12:9) 15-ാം തീയതി യൂഹോവയ്ക്ക് പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ (ലേവ്യ23:6) അന്നുരാത്രി കുടുംബാംഗങ്ങൾ എല്ലാം ചേർന്നിരുന്ന് ചുട്ടെടുത്ത മാംസവും, പുളിപ്പില്ലാത്ത അപ്പവും, കയ്പ്പൻ ചീരക്കറിയും കഴിക്കണം. തുടർന്നുള്ള 7 ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നണം. 14-ാം തീയതി വൈകുന്നേരം മുതൽ 21-ാം തീയതി വൈകുന്നേരം വരെ പുളിപ്പില്ലാത്ത അപ്പം തിന്നണം (പുറ:12:18). ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്ക് ശേഷിപ്പിക്കരുത് (ആവ: 16:4). ശേഷിച്ചാൽ തീയിലിട്ട് ചുട്ട് കളയണം (പുറ:12:10). ആ മാംസം ഒട്ടും വീടിന് വെളിയിൽ കൊണ്ടു പോകരുത്. (പുറ:12:46). പരിച്ഛേദന ഏൽക്കാത്ത ആരും തിന്നരുത് (പുറ: 12:48). പെസഹാ ഭക്ഷണം കഴിഞ്ഞാൽ അടുത്ത പകൽ പുലർച്ചെ മുതൽ സന്ധ്യവരെ സ്വസ്ഥത (ശാബത്) ആചരിക്കണം. അന്ന് സമാന്യവേല ഒന്നും ചെയ്യരുത്. (പുറ: 12:16, ലേവ്യ: 23:6-7 , സംഖ്യ.28:18) 
ഒന്നാം മാസം പെസഹ ആചരിക്കാൻ സാധിച്ചില്ല എങ്കിൽ 2 -ാം മാസം ഇതേ രീതിയിൽ ആചരിക്കണം (സംഖ്യ 9:10-13).
ഇതെല്ലാമാണ് പെസഹായുടെ ചട്ടങ്ങൾ.

ഇവിടെ 14-ാം തീയതി സന്ധ്യക്ക് അറുക്കുന്ന പെസഹാ കുഞ്ഞാടിൻ്റെ മാംസം രാവിലത്തേക്ക് ശേഷിപ്പിക്കരുത് എന്ന് കല്പ്‌പനയുണ്ട്. അതേസമയം 15-ാം തീയതി രാത്രി അത് ഭക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സാമാന്യരീതിയിൽ ചിന്തിക്കുമ്പോൾ ഇതെങ്ങനെ സാധിക്കും. ഇതിന് ഉത്തരം കിട്ടണമെങ്കിൽ യഹൂദൻ ദിവസം കണക്കാക്കുന്ന വിധം മനസ്സിലാക്കണം. നമ്മുടെ ദിവസം അർദ്ധരാത്രി മുതലാണ് ആരംഭിക്കുന്നത്. എന്നാൽ യഹൂദൻ്റെ ദിവസമോ? "നിങ്ങൾ നിങ്ങളുടെ ശാബതുകളെ സന്ധ്യമുതൽ പിറ്റേ ദിവസം സന്ധ്യവരെ ആചരിപ്പിൻ." (ലേവ്യ:23:32) എന്ന് പറഞ്ഞിരിക്കുന്നതിനാൽ സന്ധ്യമുതൽ സന്ധ്യവരെ ഒരു ദിവസം എന്ന് പറയാം. എന്നാൽ കൃത്യമായ ദിവസാരംഭം സൂര്യാസ്‌തമയം കഴിഞ്ഞ് ഇരുട്ട് തുടങ്ങി ആകാശത്ത് ഏതെങ്കിലും മൂന്ന് നക്ഷത്രം കാണപ്പെടുന്ന സമയമാണെന്ന് സുപ്രസിദ്ധ യഹൂദ ചരിത്രകാരനായ ജോസിഫസ് പറയുന്നു. ആകാശത്ത് വെളിച്ചം മങ്ങുമ്പോൾ ആണ് നക്ഷത്രങ്ങളെ കണ്ടു തുടങ്ങുന്നത്. ഈ സമയം ഭൂമിയിൽ ഇരുട്ട് വ്യാപിച്ചിരിക്കും. അതായത് രാത്രിയുടെ ആരംഭംമുതലാണ് ദിവസം തുടങ്ങുന്നത്. ഉദാഹരണത്തിന് 13 ന് രാത്രി കഴിഞ്ഞ് 13-ാം തീയതി പകൽ തുടർന്ന് 13-ാം തീയതി സന്ധ്യ, തുടർന്ന് 14-ാം തീയതി രാത്രി, തുടർന്ന് 14-ന് പകൽ തുടർന്ന് 14-ന് സന്ധ്യ തുടർന്ന് 15-ന് രാത്രി, 15-ന് പകൽ, 15- ന് സന്ധ്യ എന്ന ക്രമത്തിൽ വേണം ദിവസം കണക്കാക്കാൻ.

ഇതനുസരിച്ച് 14-ന് സന്ധ്യക്ക് കുഞ്ഞാടിനെ അറുത്താൽ തൊട്ടുവരുന്ന രാത്രി (15-ന് രാത്രി)യാണ് പെസഹാ ഭക്ഷിക്കേണ്ടത്. ഈ മാംസം 15-ാം തീയതി രാവിലേക്ക് ശേഷിപ്പിക്കരുത് എന്നതാണ് നിയമം.

മാത്രമല്ല 15-ാം തീയതി രാത്രി പെസഹാ ഭക്ഷിച്ചാൽ തുടർന്ന് വരുന്ന 15-ാം തീയതി പകൽ ശബത്തിന് തുല്യമായി ആചരിക്കേണ്ടതാണ്. ഇങ്ങനെ നോക്കുമ്പോൾ വ്യാഴാഴ്‌ച രാത്രി നടത്തിയ തിരു അത്താഴം യഹൂദന്റെ യഥാർത്ഥ പെസഹാ ആണെങ്കിൽ വെള്ളിയാഴ്ച പകൽ ശബത്തിന് തുല്യമായി ആചരിക്കേണ്ട വലിയ പെരുന്നാൾ ദിവസമാകേണ്ടതാണ്. എന്നാൽ വെള്ളിയാഴ്‌ച യേശുവിനെ ബന്ധിക്കുകയും, ശിക്ഷിക്കുകയും, ക്രൂശിൽ തറയ്ക്കുകയും സംസ്ക്കരിക്കുകയും ചെയ്തതിനാൽ അന്ന് ശാബത് അല്ല എന്നും, തന്മൂലം അന്ത്യ അത്താഴം യഹൂദൻ്റെ പെസഹാ ഭക്ഷണം അല്ല എന്നും മനസ്സിലാക്കാം.

അപ്പോൾ യഹൂദൻ്റെ പെസഹാ ഭക്ഷണം എന്നാണെന്ന ചോദ്യം ഉയരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ പെസഹായ്ക്കുള്ള ഭവനം ഒരുക്കുന്നതിനായി നിയോഗിക്കപ്പെട്ട (ലൂക്കോ:22:8) യോഹന്നാൻ ശ്ലീഹ എഴുതിയ സുവിശേഷത്തിലെ 3 വാക്യങ്ങൾ നോക്കാം.

1.യോഹ:18:28- വെള്ളിയാഴ്‌ച രാവിലെ യഹൂദ പടയാളികൾ യേശുവിനെ കയ്യാഫാവിൻ്റെ അടുക്കൽ നിന്ന് പീലാത്തോസിന്റെ ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി. "തങ്ങൾ അശുദ്ധരാകാതെ പെസഹാ കഴിപ്പാൻ തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല" എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അവർ പെസഹാ ഭക്ഷിച്ചിട്ടില്ലെന്നും വെള്ളിയാഴ്‌ച അസ്‌തമിച്ച് വരുന്ന രാത്രിയിൽ കഴിക്കുവാനുള്ള പെസഹായ്ക്കുള്ള ഒരുക്കം നഷ്ടപ്പെടാതിരിക്കാൻ അവർ ആസ്ഥാനത്തിൽ കടന്നില്ല എന്നും മനസ്സിലാക്കാം.

2. യോഹ: 19:31 - "അന്ന് ഒരുക്കനാളും ആ ശാബത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നു വച്ച് അവരുടെ കാൽ ഒടിപ്പിച്ച് എടുക്കേണം."

അന്ന് ഒരുക്കനാൾ ആണ്, മാത്രമല്ല പിറ്റേ ദിവസത്തെ ശാബത് വലിയതും ആണ് എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. പെസഹാ ഭക്ഷിക്കുന്നതുമൂലമുള്ള ശാബതും, സാധാരണയായുള്ള ശനിയാഴ്ച ശാബതും കൂടി ഒരുമിച്ച് വന്നതിനാലാണ് ആ ശാബത്തിനെ വലിയ ശാബത്ത് എന്ന് പറയുവാൻ കാരണം. ഇതിൽ നിന്നും വെള്ളിയാഴ്ച അസ്തമിച്ചു വരുന്ന രാത്രിയാണ് പെസഹാ ഭക്ഷണം എന്ന് വ്യക്തം.

3. യോഹ:19:14 - "അപ്പോൾ പെസഹായുടെ ഒരുക്കനാൾ ഏകദേശം ആറാംമണി ആയിരുന്നു."

യേശുവിനെ ക്രൂശിക്കാൻ വിധിക്കാൻ വെള്ളിയാഴ്‌ച 12 മണിക്ക് (6-ാം മണി) പീലാത്തോസ് ന്യായാസനത്തിൽ ഇരുന്നു എന്നും അന്നേ ദിവസം പെസഹായുടെ ഒരുക്കനാൾ ആണെന്നും യോഹന്നാൻ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരുക്കനാൾ എന്നാൽ പുളിപ്പ് മാറ്റുകയും, പുളിപ്പില്ലാത്ത അപ്പം കയ്‌പ്പൻ ചീരക്കറി എന്നിവ ഉണ്ടാക്കുകയും ചെയ്യുന്ന ദിവസം എന്നർത്ഥം.

ഈ മൂന്ന് വാക്യങ്ങളിൽ നിന്നും കർത്താവ് ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ച അസ്തമിച്ച് വരുന്ന രാത്രിയാണ് യഹൂദൻ്റെ പെസഹാ ഭക്ഷണം എന്നത് വളരെ വ്യക്തമാണ്. അങ്ങനെ എങ്കിൽ വ്യാഴാഴ്‌ച രാത്രി കർത്താവ് നടത്തിയ അത്താഴത്തിന് പെസഹായുമായുള്ള ബന്ധം എന്താണ്?

യഹൂദന്മാർ കനാൻ നാട്ടിൽ എത്തുകയും യരുശലേം ദേവാലയം പണിയുകയും ചെയ്ത‌തോടുകൂടി പെസഹാ ആചരണത്തിലും ചില വ്യതിയാനങ്ങൾ ഏർപ്പെടുത്തിയതായി ജോസിഫസ് പ്രസ്‌താവിക്കുന്നുണ്ട്.

ഒന്നാമതായി 
വീട്ടുകർമ്മം എന്ന നിലയിൽ ആരംഭിച്ച പെസഹ സമാഗമന കൂടാരം ഉണ്ടായതോടുകൂടി ബലികർമ്മമായി ഉയർത്തപ്പെട്ടു. (ആവ. 16:2-4, ലേവി 23:8) പിന്നീട് യരൂശലേം ദൈവാലയം ഉണ്ടായതോട് കൂടി, 14-ാം തീയതി സന്ധ്യക്ക് നടത്തിയിരുന്ന പെസഹായാഗം,  എല്ലാവർക്കും സന്ധ്യക്ക് തന്നെ ഇത് നടത്തുവാൻ കഴിയാതെ വന്നപ്പോൾ, 14-ാംതീയതി 9-ാം മണി (3 മണി) മുതൽ സന്ധ്യവരെയുള്ള സമയത്ത് നടത്തുവാൻ ക്രമീകരണം ചെയ്തു.

രണ്ടാമതായി വാതിലിൽ രക്തം അടയാളപ്പെടുത്തുന്നത് നിർത്തലാക്കുകയും, എല്ലാവരും കൂട്ടമായി നിന്ന് തിടുക്കപ്പെട്ട് പെസഹാ ഭക്ഷിക്കണമെന്ന ആദ്യനിയമം (പുറ: 12:11) നിൽത്തലാക്കി. എല്ലാവരും സൗകര്യമായി ഒരുമിച്ചിരുന്ന് ഭക്ഷിക്കുവാൻ തുടങ്ങി.

മൂന്നാമതായി ആദ്യ ദിവസത്തിൽ തന്നെ പുളിച്ച മാവിനെ നിങ്ങളുടെ ഭവനത്തിൽ നിന്ന് തന്നെ ഇല്ലാതെയാക്കണം. (പുറ. 12:15) എന്ന ചട്ടം പെസഹായുടെ ഒരു പ്രത്യേക പരിപാടിയാക്കി തീർത്തു. നീസാൻ മാസം 13-ാം തീയതി സന്ധ്യകഴിഞ്ഞ് വരുന്ന, പുളിപ്പില്ലാത്ത അപ്പങ്ങളുടെ ഒന്നാം നാൾ ആരംഭിക്കുന്ന രാത്രിയിൽ "പുളിപ്പു മാറ്റൽ" എന്ന ഒരു ചടങ്ങ് നടത്തി തുടങ്ങി.

പുളിപ്പ് മാറ്റൽ ചടങ്ങ്

13ന് സന്ധ്യകഴിഞ്ഞ് 14ന് രാത്രി തുടങ്ങുമ്പോൾ വീട്ടിലുള്ള എല്ലാവരും ചേർന്ന് പുളിപ്പ് മാറ്റൽ ചടങ്ങ് നടത്തുന്നു. ഊൺ മേശയുടെ പുറത്ത് പുളിപ്പുള്ള ഒരു അപ്പം എടുത്ത് വയ്ക്കുന്നു. തുടർന്ന് എല്ലാവരും യഹൂദന്റെ സാധാരണ ഭക്ഷണമായ പുളിപ്പുള്ള അപ്പവും, വെള്ളം കലർത്തിയ വീഞ്ഞും സാധാരണ ഭക്ഷണ ക്രമമനുസരിച്ച് കഴിക്കുന്നു. തുടർന്ന് ഗൃഹനാഥന്റെ നേതൃത്വത്തിൽ വീട്ടിലുള്ള എല്ലാവരും കത്തിച്ച മെഴുകുതിരികളും ദീപങ്ങളും പിടിച്ച് വീട് മുഴുവൻ പരിശോധിച്ച് (തറയിലുള്ള വിടവ് വരെ പരിശോധിക്കും) പുളിച്ച അപ്പ നുറുക്കുകൾ, പുളിമാവ്, പുളിച്ച അപ്പം ചുടുന്ന പാത്രം, തവി എന്നിവ എല്ലാം വീട്ടിൽ നിന്ന് എടുത്ത് മാറ്റുന്നു. തുടർന്ന് മുറികൾ എല്ലാം അടിച്ചുവാരി വൃത്തിയാക്കുകയും എല്ലാവരും മേശയ്ക്കു ചുറ്റും ഇരുന്ന് ഹല്ലൽ എന്ന സ്തോത്ര ഗീതവും പാടി, മേശപ്പുറത്ത് വച്ചിരിക്കുന്ന പുളിപ്പുള്ള അപ്പം കൂടി ആഘോഷമായി എടുത്ത് മാറ്റുന്നു. പുളിച്ച അപ്പവും അതിന്റെ അംശവും പിറ്റേ ദിവസം രാവിലെ തീയിൽ ദഹിപ്പിക്കുകയും പാത്രങ്ങളും തവികളും ഒരു പ്രത്യേക മുറിയിൽ അടച്ച് സൂക്ഷിക്കുകയും ചെയ്യുന്നു.

ഇപ്രകാരം പുളിപ്പ് നീക്കം ചെയ്‌ത്‌ ശുദ്ധീകരിച്ച ഭവനത്തിൽ മാത്രമെ പെസഹാ നടത്താറുള്ളൂ. ക്രിസ്‌തുവിൻ്റെ കാലത്തെ യഹൂദനെ സംബന്ധിച്ചിടത്തോളം ഇത് പാരമ്പര്യമായി നടത്തി വരുന്നതും, പെസഹാ പെരുന്നാളിൻ്റെ ഭാഗവുമായിട്ടുള്ള ഒരു ചടങ്ങുമാണ്. ആർക്കും ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമോ തർക്കമോ ഇല്ല. അതുകൊണ്ട് തന്നെയായിരിക്കണം സുവിശേഷ ത്തിൽ ഇത് പ്രത്യേകമായി എടുത്ത് പറയാത്തത്. ഈ ചടങ്ങിനേക്കുറിച്ച് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ഇൻ്റർനെറ്റിൽ Removal of Chametz ന്ന് അന്വേഷിച്ചാൽ മതി. യഹൂദർ ഇപ്പോഴും ഇത് ആചരിക്കുന്നതായി കാണുവാൻ കഴിയും.

13-ാം തീയതി അസ്‌തമിച്ച് വരുന്ന രാത്രിയിലെ ഈ പുളിപ്പ് മാറ്റൽ പെസഹായുടെ തുടക്കമാണെന്നും, പുളിപ്പ് മാറ്റി ഒരുക്കിയ ഭവനത്തിലാണ് 14-ാം തീയതി അസ്‌തമിച്ച് വരുന്ന രാത്രി പെസഹാ ആചരിക്കുന്നതെന്നും നമ്മൾ കണ്ടുകഴിഞ്ഞു. 13-ാം തീയതി പകൽ ശിഷ്യന്മാർ യേശുവിനോട് നീ പെസഹാ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്ന് ചോദിച്ചതിൽ ഒരു തെറ്റും ഇല്ല. ഇങ്ങനെ ചോദിച്ചതുകൊണ്ട് മാത്രം 13-ാം തീയതി അസ്‌തമിച്ചു വരുന്ന രാത്രി പെസഹാ ആണെന്ന് ഉറപ്പിക്കുന്നത് അറിവില്ലായ്‌മ എന്നേ പറയാനുള്ളൂ.

കർത്താവ് 13-ാം തീയതി (വ്യാഴാഴ്‌ച) അസ്‌തമിച്ച് വരുന്ന രാത്രി ഈ പുളിപ്പുമാറ്റൽ ചടങ്ങിൽ വച്ചാണ് വിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്. പുളിപ്പ് മാറ്റൽ ചടങ്ങിൽ പുളിപ്പില്ലാത്ത അപ്പം ഉണ്ടാകുവാൻ പാടില്ല. കാരണം പുളിപ്പില്ലാത്ത അപ്പം 14-ാം തീയതി വൈകുന്നേരം മുതൽ 7 ദിവസത്തേക്കാണ് കഴിക്കാൻ കല്‌പനയുള്ളത്. 13-ാം തീയതി അസ്തമിച്ച് വരുന്ന രാത്രി പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കിയാൽ അത് ന്യായപ്രമാണ കല്‌പനയെ ദുർബ്ബലപ്പെടുത്തുന്നതായി മാറും. അതിനാൽ ഏതു വിധത്തിൽ ചിന്തിച്ചാലും കർത്താവ് കുർബ്ബാന സ്ഥാപിച്ചത് പുളിപ്പുള്ള അപ്പം കൊണ്ടാണെന്ന് വ്യക്തമാകുന്നു.

നമ്മളെ സംബന്ധിച്ചിടത്തോളം പെസഹാ കുഞ്ഞാട് ക്രിസ്ത‌ വാകുന്നു. (1 കൊരി:15:7) പെസഹാ വ്യാഴാഴ്‌ച കൗമയായി പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നത് "തൻ്റെ പെസഹായാൽ പെസഹായ്ക്ക് ആടറുക്കുന്നതിനെ അസ്ഥിരപ്പെടുത്തിയവനായ മിശിഹ" എന്നാണ്. എന്താണ് ഇതിന്റെ അർത്ഥം? വെള്ളിയാഴ്‌ച അതായത്‌ 14-ാം തീയതി വൈകുന്നേരം 3 മണി മുതൽ സന്ധ്യവരെയുള്ള സമയത്താണ് പെസഹാ കുഞ്ഞാടിനെ ബലിയർപ്പിക്കേണ്ടത്. എന്നാൽ അതിന് മുൻപ് തന്നെ പഴയനിയമ ബലികളുടെ പൂർത്തീകരണമായ ക്രിസ്‌തുവാകുന്ന യഥാർത്ഥ പെസഹാ കുഞ്ഞാട് ബലിയായി തീരുകയും, പഴയ നിയമപ്രകാരമുള്ള പെസഹാ ബലി ആവശ്യമില്ലാതാക്കി തീർക്കുകയും ആടുകളെ രക്ഷിക്കുകയും ചെയ്തു‌. നമ്മുടെ പിതാക്കന്മാർ എത്ര മനോഹരമായാണ് ഇതെല്ലാം ക്രമീകരിച്ചിരിക്കുന്നത് എന്നറിയുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുവാൻ മാത്രമെ നമുക്ക് കഴിയുകയുള്ളൂ.

ഇനി 1 കൊരി.5:8 ൽ പുളിപ്പില്ലായ്‌മ കൊണ്ട് ഉത്സവം ആചരിക്കുക എന്ന് പറഞ്ഞിരിക്കുന്നതിനേപറ്റി - ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ വിവർത്തനം ചെയ്യപ്പെട്ട പ്‌ശീത്തോ വേദപുസ്‌തകത്തിൽ "ആയതുകൊണ്ട് നാം പഴയ പുളിമാവ് കൊണ്ടല്ല, തിന്മയും, ദുഷ്ടതയുമാകുന്ന പുളിമാവ് കൊണ്ടുമല്ല, വെടിപ്പും ശുദ്ധിയുമാകുന്ന പുളിമാവ് കൊണ്ട് തന്നെ പെരുന്നാൾ ആചരിപ്പിൻ" (വിശുദ്ധ ഗ്രന്ഥം) എന്നാണ്. 10-ാം നൂറ്റാണ്ട് മുതൽ റോമാസഭയിൽ ലത്തീൻ ചിന്തകരുടെ സമ്മർദ്ദത്താൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചു തുടങ്ങിയതുമുതൽ അതിനനുസരണമായ ഒരു പാഠഭേദം തിരുവെഴുത്തിലെ മേൽ വാക്യത്തിലും കടത്തി വിട്ടിട്ടുള്ളതാണ് എന്ന് കാണുവാൻ സാധിക്കും.

പുളിപ്പില്ലാത്ത അപ്പം റോമ സഭയിൽ 10-ാം നൂറ്റാണ്ട് മുതൽ കടന്നുകൂടിയ ഒരു നുഴഞ്ഞുകയറ്റമാണെന്ന് റോമ പണ്ഡിതന്മാർ തന്നെ രഹസ്യമായി സമ്മതിക്കും. ഈ എക്യൂമെനിക്കൽ യുഗത്തിലെങ്കിലും അവർ പുതിയ പുളിപ്പില്ലായ്‌മയെ ഉപേക്ഷിച്ച് നിർമ്മലവും പരിശുദ്ധവുമായ പഴയ പുളിപ്പുള്ള അപ്പത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കാം.

[റഫറൻസ്:- 1. പെസഹാ ഒരു വേദശാസ്ത്രപഠനം (1967), നെടുന്തള്ളിൽ വറുഗീസ് അച്ചൻ. 2. വേദപുസ്‌തക നിഘണ്ടു (1950) Rev.A.C.Clayton. 3. വിശുദ്ധഗ്രന്ഥം]

സംഹാരദൂതൻ കടന്നുപോകും.

പെസഹാ പെരുനാൾ - യഹൂദന്മാരുടെ അതി പ്രധാനമായ പെരുനാൾ - യെഹൂദ പെസഹായിൽ നമ്മുടെ കർത്താവ് വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ക്രിസ്തീയ പെരുനാൾ - യേശുവിന്റെ കഷ്ടാനുഭവത്തിന്റെ ആരംഭം കുറിച്ച സംഭവം - പെസഹാ ആചരണത്തിൽ യെഹൂദന്മാർ ഉൾക്കൊള്ളിച്ചിരുന്ന ചില ആത്മീയ സത്യങ്ങൾ.

1. പത്താമത്തെ ബാധയായ കടിഞ്ഞൂൽ പുത്രന്മാരുടെ സംഹാരത്തിനായി ഇറങ്ങിയ ദൂതൻ യിസ്രായേല്യ ഭവനങ്ങൾ ഒഴിഞ്ഞു കടന്നു പോയതിന്റെ സ്മരണ.

2. ദൈവജനമായ ഇസ്രേലിനോടുള്ള ദൈവകരുതലിന്റെയും കരുണയുടെയും നന്ദി പ്രകാശനം.

3. ഈജിപ്റ്റിലെ അടിമത്വത്തിൽ ഇസ്രായേൽ അനുഭവിച്ച എണ്ണമറ്റ യാതനയുടെയും വേദനയുടെയും അയവിറക്കൽ.

പെസഹായിൽ ഇതെല്ലം അനുസ്മരിക്കപ്പെടുമ്പോഴും 'പെസഹാ' എന്ന  പദത്തിൽ ഉൾപ്പെട്ടിരിക്കുന്ന അർത്ഥമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. 'കടന്നുപോക്ക്‌' (passover) എന്നാണത്. ഈജിപ്തിലെ കുടുംബങ്ങളിലെ ആദ്യ ജാതന്മാരുടെ സംഹാരത്തിനായി ദൈവത്താൽ നിയോഗിതനായ സംഹാരദൂതൻ കുഞ്ഞാടിന്റെ രക്തം മൂലം അടയാളപ്പെടുത്തപ്പെട്ടിരുന്ന യിസ്രേല്യ ഭവനങ്ങളെ "കടന്നുപോയി" എന്ന വലിയ സത്യമാണത്. ഈജിപ്റ്റിൽനിന്ന് ഇസ്രേയൽ വിമോചിതമാകുന്നതിന്റെ തലേസന്ധ്യയിൽ നടന്ന ഒരു ചരിത്ര സംഭവമാണ് പെസഹാ. "എൻ സങ്കടങ്ങൾ സകലവും തീർന്നുപോയി, സംഹാരദൂതൻ എന്നെ കടന്നുപോയി" എന്ന ഒരു പഴയ ഗീതത്തിൽ ഈ സംഭവം ഹൃദയസ്പൃക്കായി വർണ്ണിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ പെസഹായിൽ രണ്ടു വിടുതൽ നടക്കുന്നുണ്ട്. സംഹാരദൂതനിൽ നിന്നുള്ള വിടുതലും, ഫറവോനിൽ നിന്നുള്ള വിടുതലും. രണ്ടു വിടുതലുകൾക്കും നിദാനമാകുന്നത് കുഞ്ഞാടിന്റെ രക്തമാണ്. ദൈവം അരുളി ചെയ്തതുപോലെ വിമോചകനായ മോശ ജനത്തെ അറിയിച്ചു. "യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് കുഞ്ഞാടിനെ അറുക്കേണം. അതിന്റെ രക്തക്കറയെടുത്ത് വീടിന്റെ വാതിലിന്റെ കട്ടിളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം". (പുറ 12:6 ,7) "എന്നാൽ കുറുമ്പടിമേലും കട്ടിളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും. നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കുവാൻ സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല" (പുറ 12:25) കുഞ്ഞാടിന്റെ രക്തം മുഖാന്തിരം രക്ഷയും വിമോചനവും അനുഭവിച്ചതിന്റെ അനുഗ്രഹീത പെരുനാളാണ് പെസഹാ. എബ്രായലേഖന കർത്താവും ഇത് ഉദാഹരിച്ചുകൊണ്ട് ക്രിസ്തീയ സഭയെപ്പറ്റി പറയുന്നു. "രക്തം ചൊരിഞ്ഞിട്ടല്ലാതെ  വിമോചനമില്ല" (എബ്രാ 9:22).

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം.

മലങ്കരയിലെ സുറിയാനി ഓർത്തഡോൿസ്‌ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിന്റെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിന്റെ തിരുവത്താഴത്തിന്റെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.

ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല്പിച്ചുകൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിന്റെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ്പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ്. മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ. തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.

പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാന വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.

കത്തോലിക്കാ സഭയിൽ ഈ പ്രത്യേക അപ്പം ഇണ്ടറി (ഇണ്ട്രി) എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. യേശുവിനെ തറച്ച സ്ലീബായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദന്മാരുടെ രാജാവ്” (INRI) എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം.
വീട്ടിലെ കുരിശുവരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ്മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.

എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ്. എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിന്റെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി യേശു ചെലവഴിച്ച നിമിഷങ്ങളെയും തന്റെ ഓർമ്മയ്ക്കായി അവരെ ഏല്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.

ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കല്പിച്ച്‌ കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിന്റെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്.

കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല. അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടേ.

സംഹാരകനെ തടയുവാൻ ഒരു മാർഗ്ഗമേയുള്ളൂ. ക്രിസ്തു എന്ന നിഷ്കളങ്കവും നിർദ്ദോഷവുമായ കുഞ്ഞാടിന്റെ രക്തം മുഖാന്തിരം നമ്മുടെ ഭവനങ്ങൾ അഭിഷേചിതമാവണം. ക്രിസ്തു നമ്മുടെ കേന്ദ്രബിന്ദുവാകണം. ഈ പെസഹാ, ക്രിസ്തു എന്ന കുഞ്ഞാടിനെ വരവേൽക്കുന്ന, അവന്റെ രക്തത്താൽ ദൈവീക സംരക്ഷണം അനുഭവവേദ്യമാകുന്ന പെരുനാളായി മാറട്ടെ. എല്ലാവർക്കും അനുഗ്രഹീതമായ പെസഹാ പെരുനാൾ ആശംസിക്കുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.

Recommended

  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • തൊഴിലുകൾ. (Occupations).
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • റമ്പാൻ.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • സ്ത്രീധനം. (Dowry).
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • സൈകാമോർ
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • പിച്ചള സർപ്പം.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • ക്രിസ്തു എന്ന നേട്ടം.
  • "കപ്യാര്‍"
  • പെസഹ അപ്പവും & പാലും
  • വലയ വെള്ളിയാഴ്ച
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ബോവൂസോ (Petition or Request)
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ആദ്യജാതൻ. (Firstborn).
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • പ്രധാന മാലാഖമാർ
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • Tablet. തബ്ലൈത്താ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • നീട്ടലും കുറുക്കലും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved