ഒരു യാത്രയുണ്ടാക്കുന്ന മാനസിക - ആഹ്ലാദവും അത് ആത്മാവിന് പ്രദാനം ചെയ്യുന്ന വർദ്ധിതോർജ്ജവും മാനസികമായ വ്യതിയാനവും വിവരണാതീതമാണ്. അപ്രതീക്ഷിതമായ ഒരു യാത്രയ്ക്ക് അവസരം കിട്ടിയാൽ, പ്രത്യേകിച്ച് അതൊരു ഉല്ലാസയാത്രയാണെങ്കിൽ നാമാരും ആ അവസരം നഷ്ടപ്പെടുത്താറുമില്ല. ആസ്വാദനത്തിനും ആനന്ദത്തിനും ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നതുമാണ് നമ്മുടെ പതിവ്. അപ്രകാരം പ്രവാചകന്മാരിൽ പേരുകേട്ട യോനായുടെ ഒരു യാത്ര പ്രവാചകന്റെ ഉൾപ്പെടെ അനേക ജീവിതങ്ങൾക്ക് തികച്ചും വ്യത്യസ്ത രീതിയിൽ പുതുജീവനും ലക്ഷ്യബോധവും നൽകിയതിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടിയിരിക്കുന്നു. തുടർച്ചയെന്നോണം അത് സഭാമക്കളിൽ പലർക്കും ആത്മീയമായ ചെത്തിമിനുക്കലിന് കാരണമായ, അനേകർ ആചരിക്കുന്ന മൂന്ന് നോമ്പിന്റെ ധന്യതയിലേക്ക് നമ്മെ വഴി നടത്തിയെന്നതിലും വെളിവാകുന്ന ദൈവസ്നേഹത്തെ മറന്നുകൂടാ. അനുതാപത്തിന്റെ രണ്ടു നോമ്പുകളിൽ ആദ്യത്തേത് എന്നോ വലിയ നോമ്പിലേക്ക് കൈപിടിച്ച് നടത്തുന്ന ജാലകം എന്നോ വിശേഷിപ്പിക്കാവുന്ന മൂന്ന് ദിനങ്ങൾ. ലോകജാലകവിസ്തൃതി വർദ്ധിക്കുമ്പോൾ ദൈവസാന്നിധ്യം നിർവീര്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതങ്ങളിൽ ഈ നോമ്പിനുള്ള പ്രസക്തി വളരെ വലിയതും പ്രാധാന്യമേറിയതുമാണ്.
പിതാവായ ദൈവത്തിന്റെ വിരൽ ചൂണ്ടപ്പെട്ട നിനുവെയ്ക്ക് പോകുന്നതിന് പകരം യോനാ പ്രവാചകൻ തർശീശിലേക്കുള്ള കപ്പൽ തെരഞ്ഞെടുക്കുന്നു. ദൈവത്തെ ദർശിക്കുവാനും കാട്ടിക്കൊടുക്കുവാനും അവസരം ലഭിക്കുന്ന, യാഥാർഥ-പെരുന്നാൾ വേദിയിലേക്ക് പോകുന്നതിന് പകരം നമ്മിൽ പലരെയും പോലെ അല്പം വ്യക്തിപരമായ ആനന്ദത്തിന്റെ വഴിയാണ് പ്രവാചകനായ യോനായുടെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്നത്. ശീർഷകം സൂചിപ്പിക്കുന്നത് പോലെ 'മൂന്നിനും ചാക്കിനും' ഈ നോമ്പിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങൾക്കും, പ്രവാചകന്റെ പുസ്തകത്തിന്റെ 4 അദ്ധ്യായങ്ങളിലും 48 വാക്യങ്ങളിലും മറഞ്ഞിരിക്കുന്ന സംഭവങ്ങൾക്കുമായുള്ള ബന്ധത്തിന്റെ വ്യാപ്തി വളരെയാണ്. യോനാ 2.1-2 വാക്യങ്ങളിൽ നാം ഇങ്ങനെയാണ് വായിക്കുന്നത്. യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവിളി കേട്ടു. ദൈവത്തിന്റെ ശ്രേഷ്ഠ സൃഷ്ടിയെങ്കിലും മനുഷ്യഹൃദയങ്ങളിൽ ദൈവത്തിനുള്ള സ്ഥാനം വളരെ വികലമായതുകൊണ്ട് ഈ വാക്യങ്ങളിലെ വിവരണം യോനാ പ്രവാചകനിലും നാമോരോരുത്തർക്കുമാണ് കൂടുതൽ യോജിക്കുക എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. പ്രവാചകൻ പശ്ചാത്താപത്തിന്റെയും മാനസാന്തരത്തിന്റെയും അനുഭവത്തിലൂടെ നേടിയെടുത്ത മാനസിക സൗഖ്യം, നിനുവെയിലെ രാജാവ് മുതൽ പിഞ്ചുകുഞ്ഞു വരെ രട്ടിലും വെണ്ണീറിലും ഇരുന്ന് അനുതപിച്ചു നേടിയ അനുഗ്രഹ വ്യാപ്തി എന്നതൊക്കെ നമുക്കും ദൃഷ്ടാന്തങ്ങളായി നൽകപ്പെട്ടവയാകുന്നു. യോനാ പ്രവാചകന്റെ മത്സ്യത്തിന്റെയുള്ളിലെ വാസവും നിശ്ശബ്ദ പ്രാർത്ഥനയും, പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും അഗ്നിയിൽ കൂടുതൽ ഉരുകും വിധം ചാക്ക് അണിയാനുള്ള നിനുവേ വാസികളുടെ സന്നദ്ധത എന്നിവ ശ്രദ്ധേയമാണ്.
നിനുവേ ദേശത്തിന്റെ മാനസാന്തരം ഉറപ്പാക്കിയത് ചാക്കും ചാരവും യോനായുടെ പശ്ചാത്താപവും ആണെന്നതിനാൽ ഇന്നത്തെ സമൂഹത്തിന് അത് നൽകുന്ന ഉത്ബോധനങ്ങൾ അവഗണിക്കാനാകാത്ത വിധം വളരെ പ്രധാനമാണ്. യോനയെ വിഴുങ്ങിയ കടലാനയുടെ താടിയെല്ല് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ളത് പരിശോധിച്ചാൽ ഒരു ഇടത്തരം പള്ളിയുടെ വാതിലിന്റെ വലുപ്പമുണ്ടെന്നാണ് മനസ്സിലാകുന്നത്. മൂന്ന് ദിവസം മത്സ്യത്തിന്റെയുള്ളിൽ കഴിയാനിടയാകുന്ന ഏത് ബാഹ്യവസ്തുവും ദഹിച്ചുപോവുകയോ മനുഷ്യനെങ്കിൽ പരോക്ഷമായി മരണാനന്തിരക്രിയയോ ദഹനപ്രക്രിയയോ ആരംഭിക്കുകയോ ചെയ്യുന്നതിനെ ദൈവം തടയുന്നു. ദൈവപുരുഷന്മാർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതികൾ എത്രയോ നിഗൂഡവും അനിർവ്വചനീയവുമാണ്! ദൈവത്തിന്റെ ഹിതത്തിന് വിരുദ്ധമായി പ്രവാചകൻ പ്രവർത്തിച്ചതിന്റെ പരിണിതഫലം എന്നോണം യോനായുടെ മനസ്സ് തുറന്നുള്ള പ്രാർത്ഥന മത്സ്യത്തിന്റെ ആമാശയത്തിനുള്ളിൽ തന്നെ ആരംഭിക്കുന്നു. മത്സ്യത്തിന്റെ ആമാശയം ഒരു പ്രാർത്ഥനാലയമായി മാറുന്നു. ഫലമോ, ഛർദ്ദിൽ പിടിപ്പെട്ട് മൂന്നാം ദിവസത്തിൽ കരയ്ക്ക് യോനയെ ഛർദ്ദിച്ചിട്ട് തനിക്ക് നൽകിയ ചുമതലയ്ക്ക് ദൈവത്തെ സ്തുതിച്ചിട്ട് മത്സ്യം തിരികെ പോകുന്നു.
മൂന്നുദിനം നീണ്ട യോനായുടെ നിദ്ര, കർത്താവിന്റെ കുരിശുമരണത്തിന് മൂന്ന് ദിവസത്തിന് ശേഷമുള്ള ഉയിർത്തെഴുന്നേല്പിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ സമ്മിശ്ര - അനുഭവങ്ങളിൽക്കൂടി കടന്നുപോയാലും ദൈവത്തെ മറക്കുന്ന മനുഷ്യന്റെ പ്രതീകമായി യോനാ തന്റെ പുസ്തകത്തിന്റെ അന്ത്യത്തിൽ വീണ്ടും കടന്നുവരുന്നു. മത്സ്യവും ആവണക്കും പുഴുവും അടങ്ങുന്ന പ്രകൃതി ദൈവത്തെ അക്ഷരാർഥത്തിൽ അനുസരിച്ചപ്പോൾ മനുഷ്യന്റെ പ്രതിനിധിയായ ദൈവപുരുഷൻ വീണ്ടും അനുസരണക്കേടിന്റെയും പരാതി പറച്ചിലിന്റെയും പര്യായമാകുന്നു. ദൈവസാന്നിദ്ധ്യത്തിൽ നടന്നിട്ടും കുറ്റബോധത്തിൽ എരിഞ്ഞുകൊണ്ട് ദൈവത്തിങ്കലേക്ക് തിരികെ വരുവാൻ മറ്റൊരു ദൈവസൃഷ്ടിയായ മത്സ്യം മുഖാന്തിരമാകേണ്ടി വന്നു. മത്സ്യത്തിന്റെ വയറ്റിലകപ്പെട്ടിട്ടും – ഭക്ഷണമായി ദഹിച്ചുപോകേണ്ടിയിരുന്നിട്ടും – മത്സ്യത്തിന്റെ ഉദരത്തിലെ ദഹിപ്പിക്കാൻ പോന്ന ദ്രവങ്ങളേല്പിച്ച താപശോഷണത്തേക്കാൾ തന്നെ ഗ്രസിച്ച കുറ്റബോധത്തിന്റെ അഗ്നിയിൽ എരിഞ്ഞുകൊണ്ട് ദൈവത്തിങ്കലേക്ക് തിരിച്ചെത്താനും അത് വഴി തെറ്റിന്റെ ആഴങ്ങളിലായിരുന്ന നിനുവേ നിവാസികളെയും പശ്ചാത്താപത്തിലൂടെ ദൈവശബ്ദം കേൾപ്പിപ്പാനും ദൈവസന്നിധിയിൽ നിലനിർത്തുവാനും കഴിഞ്ഞതത്രേ യോനാ പ്രവാചകന്റെ നേട്ടം. ആദ്യന്തികമായി മിണ്ടാപ്രാണികളായ പുഴുവും മത്സ്യവും, ആവണക്കും അനുസരിച്ചപ്പോളും ദൈവത്തെ അടുത്തറിഞ്ഞവനായ പ്രവാചകനെപ്പോലെ തന്നെ ദൈവത്തിന് മുഖം തിരിച്ച് നിൽക്കുന്നവരല്ലേ നാമോരോരുത്തരും? യോനയെപ്പോലെ, തിരിച്ചുപോക്കിലൂടെ, ആ വീഴ്ചയുടെ ആഴമെത്രയെന്ന തിരിച്ചറിവിലൂടെ ആത്മതാപത്തിലാവാനും അതിലൂടെ മാനസിക, ബൗദ്ധിക, ആത്മീയ രൂപാന്തരത്തിനും സ്വയനിയന്ത്രണത്തിനും ഈ നോമ്പ് ഒരു മുഖാന്തിരവും ശ്രേഷ്ഠമായ വലിയനോമ്പിലേക്ക് ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചുവടുവയ്ക്കാൻ വർദ്ധിതോർജ്ജവും ആകേണ്ടതുണ്ട്.
ഏറ്റവും ചെറിയതായ മൂന്നു നോമ്പും ഏറ്റവും വലിയ 50-നോമ്പുമാണ് സഭ കല്പിച്ചിരിക്കുന്ന അനുതാപത്തിന്റെ നോമ്പുകൾ. കുമ്പിടീൽ നടത്തുന്നതിന് ആരാധനയില്ലാത്ത ഒരു ദിനത്തിലും സഭ മുടക്ക് പറഞ്ഞിട്ടില്ല എങ്കിലും ഈ രണ്ട് നോമ്പുകളിലും നിർബന്ധമായും കുമ്പിട്ടു നമസ്കരിക്കണം എന്ന് പിതാക്കന്മാർ നിഷ്കർഷിച്ചിട്ടുമുണ്ട്. കൂടാതെ, ഈ നോമ്പുകളിൽ 40 കുമ്പിട്ട് ഉച്ചനമസ്കാരം നടത്തേണ്ടതുമാണെന്ന് സഭ നിർദ്ദേശിക്കുന്നു. യഹോവയുടെ പ്രവാചകനായിരുന്നിട്ടും യോനാ പ്രാഥമികമായി ഒരു അനുസരണക്കേടിന്റെ ഉദാഹരണമായി, തന്റെ തെറ്റിനെക്കുറിച്ച് ബോദ്ധ്യം വരുവാൻ മത്സ്യത്തിന്റെ വായിലകപ്പെട്ടതും മൂന്നു ദിനങ്ങൾ ഉപവസിച്ചതും വെറും വേദപുസ്തക കഥാശകലങ്ങൾ മാത്രമല്ലെന്നും അവയിൽ മറഞ്ഞിരിക്കുന്ന സന്ദേശത്തെ ഉൾക്കൊള്ളാൻ നമുക്കോരോരുത്തർക്കും കഴിയുക എന്നതാകണം ഈ നോമ്പിന്റെ നേട്ടം. സഭാ ജീവിതത്തിൽ പ്രാധാന്യമേറിയ മൂന്ന് എന്ന സംഖ്യയെ മുൻനിർത്തിയും ലൗകിക ജീവിതത്തിന്റെ കളങ്കങ്ങൾക്കിടയിലും പാപബോധമുണ്ടാകുവാൻ പശ്ചാത്താപത്തിന്റെ ചാക്ക് പുതച്ചുകൊണ്ട് നോമ്പിന്റെ കൃപകളെ വരവേൽക്കുവാനും ഉൾക്കൊള്ളുവാനും ഏവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചരിത്രവീവീഥികളിലൂടെ അല്പം:
മൂന്ന് നോമ്പ് അതിപുരാതനകാലം മുതൽ നിലവിൽ നിൽക്കുന്നതാണെന്ന അനുമാനം ചിലരിലെങ്കിലും ഉണ്ടെങ്കിലും സത്യം അതല്ല. AD 570-നും 580-നും ഇടയിൽ മെസൊപ്പൊട്ടേമിയൻ പ്രദേശത്തു അതിശക്തമായ പ്ലേഗ് പടർന്നുപിടിച്ചു. സസാനിയൻ സാമ്രാജ്യത്തിലെ അനേകം ജനങ്ങൾ അത് മൂലം മരിച്ചുവീണുകൊണ്ടിരുന്നു. എന്നാൽ അധികാരികൾക്ക് അതിനെ തടയാനോ പ്രതിവിധി കണ്ടുപിടിക്കാനോ കഴിയാതെ വന്നു. പ്രത്യേകിച്ച് തലസ്ഥാനമായ സെലൂഷ്യ - സ്റ്റെസിഫോൺ, സമീപത്തുള്ള ആർബിൽ, നിനവേ, ഹക്കാൻ, ബെത്ഗോർമോ, അസൂർ തുടങ്ങിയ നഗരങ്ങളിൽ പ്ലേഗ് ബാധമൂലം അനേകർ കൊല്ലപ്പെട്ടു. ഭയചകിതരായ വിശ്വാസികൾ ഞായറാഴ്ച്ച ദൈവാലയത്തിൽ ഒരുമിച്ചുകൂടി ഈ പരീക്ഷണത്തിനെതിരായി സ്വയം ഉപവാസം പ്രഖ്യാപിച്ചു പ്രാർത്ഥന ആരംഭിച്ചു. ലഭിച്ച ദൈവിക വെളിപ്പാടനുസരിച്ച്, അവർ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു. പ്രാർത്ഥനയുടെ ശക്തിയാൽ മഹാമാരിയുടെ ക്രൗര്യഹസ്തങ്ങൾ പിന്നീട് അവരിലാരുടെയും നേരെ നീണ്ടില്ല. ആ നിമിഷം മുതൽ ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ചയായപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും തിരിച്ചറിഞ്ഞു. ദൈവകൃപയുടെ വെളിപ്പാടെന്നോണം രോഗത്തിൽനിന്ന് രക്ഷ പ്രാപിച്ചതിൽ വിശ്വാസി സമൂഹം ദൈവത്തെ മഹത്വപ്പെടുത്തി. ഇനി ഇതുപോലെയൊരു രോഗബാധ ഉണ്ടാകാതിരിക്കാൻ തുടർന്നുള്ള എല്ലാ വർഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാൻ നിശ്ചയിച്ചു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ മലങ്കരയിൽ ഈ നോമ്പ് ഭക്തിപുരസ്സരം ആചരിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.