Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബാറെക്മോര്‍

'ബാറെക്മോർ' എന്ന സുറിയാനി വാക്കിന് “കര്‍ത്താവേ വാഴ്ത്തണമേ” എന്ന അര്‍ത്ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. “ബാറെക്” എന്നാല്‍ വാഴ്ത്തുക (Bless); “മോര്‍” എന്നാല്‍ കര്‍ത്താവ് (Lord), വലിയവന്‍, പ്രഭു എന്നൊക്കെ അര്‍ത്ഥം. ഈ വാക്ക് ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസ്സിലാക്കിയാല്‍ കുറെക്കൂടി അര്‍ത്ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും.

സാധാരണ നമ്മള്‍ “മോര്‍” എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. എന്നാല്‍, വാസ്തവം അതല്ല. മോര്‍ (Lord) എന്നു മനുഷ്യരെയും വിളിക്കാറുണ്ട്. മെത്രാപ്പോലീത്താമാരുടെ പേരില്‍ മോര്‍ ഉണ്ട്. മോര്‍ എന്ന പ്രയോഗത്തിന്‍റെ സ്ത്രീലിംഗമാണ് മൊര്‍ത്ത് (Lady). വിശുദ്ധ കന്യകമറിയാമിനെ “മൊര്‍ത്ത് മറിയം” എന്നു വിളിക്കുന്നുണ്ടല്ലോ. ആരാധനയില്‍ സാധാരണ “ബാറക്മോര്‍” എന്ന പ്രയോഗത്തില്‍ സംബോധന ചെയ്യുന്നത് ആരാധനയിലെ പ്രധാന കാര്‍മ്മികനെയാണ്. ഒന്നിലധികം കാര്‍മ്മികരുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ “മോര്‍” എന്നു സംബോധന ചെയ്യാറുണ്ട്.

ആര്, ആരോട്, എപ്പോള്‍, ബാറെക്മോര്‍ പറയുന്നു എന്നതാണ് ഓരോ സന്ദര്‍ഭത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാനുള്ളത്. ആരാധനയില്‍ പ്രധാനമായും അഞ്ചു സന്ദര്‍ഭങ്ങളിലാണ് ബാറെക്മോര്‍ പറയുന്നതു. ഓരോ സന്ദര്‍ഭത്തിലും ബാറെക്മോര്‍ പറയുമ്പോള്‍ വിവിധ അര്‍ത്ഥമാണുള്ളത്.

1. “ശുബഹോ ലാബോ…” ഇത്യാദിക്ക് മുമ്പ്.

“പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” (ശുബഹോ ലാബോ…) എന്ന ത്രിത്വസ്തുതി വചനം കാര്‍മ്മികന്‍ പറയുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു.

“പിതാവിനു പുത്രന്‍ മൂലം പരിശുദ്ധാത്മാവിനാല്‍ സ്തുതി” എന്ന നാലാം നൂറ്റാണ്ടിലെ അറിയൂസ് പക്ഷക്കാരുടെ സ്തുതി വചനം പ്രചാരത്തിലായപ്പോള്‍, അതിനു ബദലായി, “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” (ശുബഹോ ലാബോ ലബ്രോ വല്റൂഹോ കാദീശോ) എന്നതാണ് ശരിയായ സ്തുതി വചനം (Orthodox) എന്നു പിതാക്കന്മാര്‍ പഠിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനു ‘സ്തുതി ചൊവ്വാക്കപ്പെട്ട (ഓര്‍ത്തോഡോക്സ്) വിശ്വാസം’ എന്ന പേര് വരാന്‍ കാരണം ഈ സ്തുതിപ്പാണ്. Ortho എന്നാല്‍ നേരായ/ശരിയായ എന്നര്‍ത്ഥം; Doxa എന്നാല്‍ സ്തുതി. നമ്മുടെ എല്ലാ നമസ്ക്കാരങ്ങള്‍ക്ക് മുമ്പിലും ഗീതങ്ങള്‍ക്കിടയിലും വായനകള്‍ക്ക് അവസാനവും ഈ സ്തുതിപ്പ് കാണുവാന്‍ കഴിയും. പൊതുവായുള്ള പ്രാര്‍ത്ഥനകളില്‍ പട്ടക്കാരന്‍ മാത്രം ഈ സ്തുതിപ്പ് ചൊല്ലുന്നു. ഈ സ്തുതി വചനത്തിന് ഇത്രമേല്‍ പ്രാധാന്യമുള്ളതുകൊണ്ട് ഇത് ചൊല്ലുമ്പോഴെല്ലാം പട്ടക്കാരന്‍ ജനത്തിന്റെ നേരെ പടിഞ്ഞാട്ടു തിരിഞ്ഞു കുരിശ് അടയാളം (റൂശ്മ) വരച്ചു ജനത്തെ അനുഗ്രഹിക്കുകയും, ജനം സ്വയം കുരിശ് വരച്ചു അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം അതിനു മുമ്പായി ‘ഗുരോ, ഞങ്ങളെ വാഴ്ത്തണമേ/അനുഗ്രഹിക്കണമേ’ എന്ന അര്‍ത്ഥത്തില്‍ ജനം ബാറെക്മോര്‍ എന്നു പറഞ്ഞിരുന്നത്.

2. കര്‍തൃപ്രാര്‍ത്ഥനയ്ക്ക് മുമ്പ്.

കൗമായില്‍ പട്ടക്കാരന്‍ കര്‍ത്തൃപ്രാര്‍ത്ഥന (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!... ഇത്യാദി) ചൊല്ലുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു. “നാഥാ! അവിടുന്നു ഈ പ്രാര്‍ഥന ചൊല്ലി ഞങ്ങളെ അനുഗ്രഹിക്കണമേ” എന്ന അര്‍ത്ഥമാണ് അതിനുള്ളത്. വിശുദ്ധ കുര്‍ബ്ബാനയില്‍ കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലുന്ന സമയത്ത്, മറ്റൊരു പട്ടക്കാരനോ മെത്രാപ്പോലീത്തായോ സന്നിഹിതനാണെങ്കില്‍, അദ്ദേഹത്തെ പ്രധാന കാര്‍മ്മികന്‍ ആ പ്രാര്‍ത്ഥന ചൊല്ലാന്‍ ബാറക്മോര്‍ പറഞ്ഞു ക്ഷണിക്കാറുണ്ട്. “ആചാര്യാ, അവിടുന്നു ഈ പ്രാര്‍ത്ഥന ചൊല്ലിത്തന്ന് ഞങ്ങളെ അനുഗ്രഹിച്ചാലും” എന്നാവും അപ്പോള്‍ അതിന്റെ അര്‍ത്ഥം.

3. ശുശ്രൂഷകന്‍ അറിയിപ്പ് നല്‍കുന്നതിന് മുമ്പ്.

ശുശ്രൂഷകന്‍ ജനത്തിന് ഒരു അറിയിപ്പ് നല്‍കുന്നതിന് മുമ്പായി ബാറക്മോര്‍ പറയുന്നു. ഉദാഹരണത്തിന്, “ബാറക്മോര്‍, ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം”. “ആചാര്യാ, അങ്ങയുടെ അനുഗ്രഹത്തോടെ/അനുമതിയോടെ ഞാന്‍ ഈ അറിയിപ്പ് നല്‍കട്ടെ” എന്ന് അനുവാദം ചോദിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥം. കാര്‍മ്മികനെ പ്രതിനിധാനം ചെയ്തു കൊണ്ട് കര്‍മ്മികന് പകരമാണ് ശുശ്രൂഷകര്‍ ജനത്തിന് അറിയിപ്പുകള്‍ നല്‍കുന്നതും വേദപുസ്തകത്തില്‍ നിന്നു വായിക്കുന്നതും.

പഴയ നിയമത്തില്‍ നിന്നും പുതിയ നിയമ ലേഖനങ്ങളില്‍ നിന്നും വായിക്കുന്നതിനു മുമ്പും പിമ്പുമായി ബാറക്മോര്‍ പറയുന്നു. മുമ്പ് പറയുന്നതിന്റെ അര്‍ത്ഥം “ആചാര്യാ, അങ്ങയുടെ അനുവാദത്തോടെ ഇത് ഞാന്‍ വായിക്കട്ടെ”. വായിച്ചതിനു ശേഷം പറയുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ മനസ്സിലാക്കാം: “ആചാര്യാ, ഈ വായന നടത്തുവാന്‍ എന്നെ അനുഗ്രഹിച്ചത്തിനു  നന്ദി”.

പുതിയ നിയമ ലേഖനങ്ങളില്‍ നിന്ന് വായിക്കുമ്പോള്‍ “ഹാബീബായ്, ബാറക്മോര്‍”/”അഹായ്, ബാറെക്മോര്‍” എന്ന് പറയുന്ന രീതിയാണ് നമുക്കുള്ളത്. “അഹായ്” എന്നാല്‍ ‘എന്റെ സഹോദരങ്ങളേ’ എന്നും “ഹാബീബായ്” എന്നാല്‍ ‘എന്റെ വാത്സല്യമുള്ളവരേ’ എന്നുമര്‍ത്ഥം. ജനങ്ങളോട് അനുവാദം/അനുഗ്രഹം ചോദിക്കുന്ന ധ്വനിയാണ് മേല്പറഞ്ഞപോലെ വായിക്കുന്ന രീതിക്കുള്ളത്. ഇത് ശരിയല്ല. ഉദാഹരണത്തിന് അപ്പോസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തില്‍ നിന്നാണ് വായന എങ്കില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നതാണ് ശരിയായ രീതി: “പരിശുദ്ധ ശ്ലീഹന്മാരുടെ നടപ്പുകളുടെ പുസ്തകത്തില്‍ നിന്നും ബാറക്മോര്‍”. പിന്നീട് ജനങ്ങളുടെ പ്രതിവാക്യത്തിനു ശേഷം “ഹാബീബായ്” എന്നു ജനങ്ങളെ സംബോധന ചെയ്തു “വായന തുടങ്ങാം. പൗലോസിന്റെ ലേഖനങ്ങളില്‍ നിന്ന് വായിക്കുമ്പോഴും ഇതുപോലെ തന്നെ.

4. അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിനു മുമ്പ്.

വിശുദ്ധ കുര്‍ബാനയില്‍ അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിനു (Words of Institution – താന്‍ ഏല്പിക്കപ്പെട്ട രാത്രിയില്‍ തൃക്കരങ്ങളില്‍ അപ്പം എടുത്ത്... ഇത്യാദി) മുമ്പ് വേറെ പട്ടക്കാരനോ മേല്പട്ടക്കാരനോ സന്നിഹിതനായിരിക്കുമ്പോള്‍ പ്രധാന കാര്‍മ്മികന്‍ “ബാറെക്മോര്‍” പറയുന്നു. “ആചാര്യാ, അവിടുത്തെ അനുവാദത്തോട് കൂടി ഈ പരിശുദ്ധ കര്‍മ്മം ഞാന്‍ നിര്‍വ്വഹിക്കട്ടെ” എന്നാണ് ഇവിടുത്തെ ധ്വനി.

ചില പള്ളികളില്‍ ഇതിനു മുമ്പ് ശുശ്രൂഷക്കാര്‍ / ജനങ്ങള്‍ മുഴുവനും “ബാറെക്മോര്‍” എന്ന് പറയുന്ന രീതിയുണ്ട്. ഇത് സുറിയാനി ക്രമത്തിലില്ലെങ്കിലും ഇതര ഓര്‍ത്തോഡോക്സ് കുര്‍ബാന തക്സാകളിലുണ്ട്. അവിടെ ശെമ്മാശന്‍ കാര്‍മ്മികനോട് “പ്രഭോ അപ്പത്തെ വാഴ്ത്തിയാലും”, “പ്രഭോ കാസായെ വാഴ്ത്ത്തിയാലും” എന്ന് പറയുന്ന രീതിയാണുള്ളത്. അതിന്റെ ചുവടു പിടിച്ചായിരിക്കണം സുറിയാനി പാരമ്പര്യത്തിലും ജനങ്ങള്‍ “ബാറെക്മോര്‍” പറയുന്നത് വന്നത്. ഇവിടെ “ആചാര്യാ, ഞങ്ങളുടെ തലവനായി നിന്നുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി അപ്പത്തെ / കാസായെ വാഴ്ത്തിയാലും” എന്നതാണ് ധ്വനി.

5. പട്ടക്കാരന്റെ കരം ചുംബിക്കുമ്പോള്‍.

ആരാധനയുടെ ഇടയിലും ഒടുവിലും മറ്റ് സന്ദര്‍ഭങ്ങളിലും നാം പട്ടക്കാരന്‍റെ കൈ ചുംബിക്കുന്നു/മുത്തുന്നു. ഈ സമയത്ത് “നാഥാ! എന്നെ അനുഗ്രഹിക്കണമേ” എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ ബാറെക്മോര്‍ പറയുകയും, അതിനു പട്ടക്കാരന്‍ “ദൈവം അനുഗ്രഹിക്കട്ടെ (ആലോഹോ ന് ബാറെക്)” എന്നു മറുപടി പറയുകയും ചെയ്യുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.

Recommended

  • ഉപവാസം
  • ഏഴാം പോസൂക്കോ
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ചോദ്യം
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഫീറോ (Skull cap)
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • പ്രധാന മാലാഖമാർ
  • നരകം. (Hell)
  • ക്നാനായകാർ.
  • ആരാണ് നമ്മുടെ ദൈവം?
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ഷണ്ഡൻ്റെ മാനസാന്തരം.
  • മാവുർബോ
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • അകവും പുറവും
  • ആഹാസിന്റെ ഘടികാരം. (Clock).
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ചെറുതാക്കലല്ല എളുപ്പവഴി.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • "ഗാഫോർ"
  • ബോവൂസോ (Petition or Request)
  • അപ്പൊസ്തലന്മാർ
  • ആദ്യജാതൻ. (Firstborn).
  • ആരാണു നിന്റെ സുഹൃത്ത്
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • സാറാഫുകൾ
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • നാവ് എന്ന തീ
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • കെരൂബുകൾ. (Cherubs).
  • ബസ്ക്യൊമോ.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved