യെരുശലേം ദൈവാലയത്തിൻ്റെ മാതൃകയിലാണ് സുറിയാനി സഭയുടെ പള്ളികൾ പണിയുന്നത്. വിശുദ്ധ മാമോദീസ മുങ്ങാത്തവർ മൊണ്ടളത്തിലും വിശ്വാസികൾ പ്രാകാരത്തിലും നിൽക്കുന്നു. അതിനു മുമ്പിൽ അഴികളും അഴിക്കകവും (വിശുദ്ധ സ്ഥലം). അതിൻ്റെ മുമ്പിൽ 3 പടികൾക്ക് മുകളിൽ വിശുദ്ധ മദ്‌ബഹാ എന്ന അതിവിശുദ്ധസ്ഥലം. ഇതിൻ്റെ അപ്പുറം മറ്റൊരു നിർമ്മിതിയില്ല. അതായത് സ്വർഗ്ഗത്തിനപ്പുറം മറ്റൊന്നില്ല. പണ്ട് പുരോഹിതർ അംശവസ്ത്രം ധരിക്കുന്നത് വിശുദ്ധ മദ്‌ബഹായിൽ മറ ഇട്ടതിനു ശേഷമാണ്. കിഴക്കേ ഭിത്തിയിൽ സൂര്യപ്രകാശം ലഭിക്കുവാൻ വട്ടത്തിലുള്ള ചെറിയ ഒരു ജനാലയല്ലാതെ വലിയ ജനലുകൾ, ചിത്രങ്ങൾ ഇവയൊന്നും വെയ്ക്കുകയില്ലായിരുന്നു. പിൽക്കാലത്ത് വടക്കുവശത്തെ/തെക്കുവശത്തെ ചെറിയ വിശുദ്ധ മദ്ബഹാകളുടെ പുറകിൽ മുറികൾ പണിയുന്ന രീതി വന്നു. എങ്കിലും പലയിടത്തും പള്ളിയുടെ കിഴക്കുവശത്ത് മുറിയും അങ്ങോട്ട് കയറുവാൻ കിഴക്കേ ഭിത്തിയിൽ വാതിലും കാണുന്നു. ഈ മുറിയിൽ നിന്നും പുറത്തേക്കും വാതിലുകളുണ്ട്. ഇത് ആകാമോ? നമ്മുടെ സ്ഥലസൗകര്യം അനുസരിച്ച് ദൈവാലയം പണിയുന്നത് ആകാമോ? ഒരു പള്ളിയുടെ പൂമുഖം എന്നത് പടിഞ്ഞാറു ഭാഗത്തല്ലേ? അപ്പോൾ കിഴക്കുവശത്തെ വാതിൽ പിൻവാതിലല്ലേ? ഒരു ഭവനത്തിലായാലും പിൻവാതിലിലൂടെ അകത്തേക്കു പ്രവേശിക്കുകയോ പുറത്തേക്കു പോകുകയോ ചെയ്യുമോ?
ദാറായിലെ യൂഹാനോൻ (9-ാം നൂറ്റാണ്ട്) എന്ന പിതാവിന്റെ “ഡി.ഒബ്ലാസിയോനെ" എന്ന കൃതിയെ ആസ്പദമാക്കി ജോൺ സാഡെർ രചിച്ചിട്ടുള്ള ഗ്രന്ഥത്തിൽ (Sader, p. 35 - 45) പടിഞ്ഞാറൻ സുറിയാനി ദേവാലയത്തിന്റെ ശില്പകല വിവരിക്കുന്നുണ്ട്. ഇന്ന് മലങ്കരയിൽ പിന്തുടരുന്ന രീതികളിൽ നിന്ന് അല്പവ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിലും കാതലായ മാറ്റങ്ങളില്ല.
മദ്ബഹായും ത്രോണോസും.
"ബലി" എന്നർത്ഥമുള്ള “ദെബ്ഹോ" എന്ന സുറിയാനി വാക്കിൽ നിന്നാണ് "മദ്ബഹാ" എന്ന വാക്കിന്റെ ഉത്ഭവം. ഈ വാക്കിന് ബലിപീഠം എന്ന് അർത്ഥമുണ്ടെങ്കിലും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തെ സൂചിപ്പിക്കുവാനാണ് സാധാരണ ഉപയോഗിക്കുന്നത്. പള്ളിയുടെ കിഴക്കേ അറ്റത്താണ് മദ്ബഹാ സ്ഥിതിചെയ്യുന്നത്. "ക്ദൂശ് കുദ്ശീൻ" എന്നും "ബെസ് കുദ്ശോ" എന്നും പേരു പറയാറുണ്ട്. അവിടേയ്ക്ക് പ്രവേശിക്കുവാൻ പ്രത്യേക വാതിലുണ്ടായിരിക്കണം. വളരെ ശ്രദ്ധയോടെ മാത്രമോ മദ്ബഹായിലേക്ക് പ്രവേശിക്കാവൂ. അത് വരുവാനുള്ള ലോകത്തിന്റെ പ്രതീകമാകയാൽ നാമമാത്ര ക്രിസ്ത്യാനികൾക്ക് ആ സ്വർഗ്ഗീയ സുകൃതലോകത്തിലേക്ക് പ്രവേശനമില്ല (sader, page 45). വൈദികരും, ശെമ്മാശ്ശന്മാരും ചെരിപ്പ് ധരിച്ചുകൊണ്ട് മാത്രമേ മദ്ബഹായിൽ പ്രവേശിക്കാവൂ എന്നും, സ്ത്രീകൾ അവിടേയ്ക്ക് പ്രവേശിക്കരുതെന്നും പിതാക്കന്മാർ പഠിപ്പിക്കുന്നു. (Sader.page 40, 41, Synodicon page 125, കാനോൻpage 40, 41). മ്ബഹായുടെ ഇരുവശങ്ങളിലും അഥവാ ഒരുവശത്തങ്കിലും ശുശ്രൂഷ മുറിയുണ്ടായിരിക്കണം.
ത്രോണോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം തന്നെ "സിംഹാസനം" എന്നാണ്. സുറിയാനിയിൽ ത്രോണോസിനെ കൃത്യമായി സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത് മേശ എന്നർത്ഥമുള്ള "പോത്തൂറോ, പോത്തൂർ ഹായേ" എന്നീ വാക്കുകളാണ്. വൈദികർക്കും ശെമ്മാശ്ശന്മാർക്കും മാത്രമേ അതിന്മേൽ സ്പർശിക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളൂ (Sader. p. 53). വളരെ ശ്രദ്ധയോടും ബഹുമാനത്തോടും മാത്രം ത്രോണോസിനെ സമീപിക്കേണ്ടതാണ്. മദ്ബഹായുടെ നടുവിൽ ത്രോണോസ് ക്രമീകരിക്കേണ്ടതാണ്. സൗകര്യാർത്ഥം അല്പം കിഴക്കോട്ടു മാറ്റി ക്രമീകരിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. കർത്താവിന്റെ സിംഹാസനവും, കബറുമാണ് ത്രോണോസ്. അത് കബറാണെന്നതിനാൽ ത്രോണോസ് ഉയർത്തി ദീർഘ ചതുരാകൃതിയിൽ നിർമ്മിക്കണമെന്ന് മൂശെ ബർകിഫാ പറയുന്നു (ബർകീഫാ. p.16). ക്രിസ്തു ഒരിക്കൽ മാത്രമാണ് കബറടക്കപ്പെട്ടത് എന്നതിനാൽ ഒരു ത്രോണോസ്സിൽ ഒരു ദിവസം ഒരു ബലി മാത്രമേ അർപ്പിക്കുവാൻ അനുവാദമുള്ളൂ. (Bar Salibi, p. 37). ബലിയർപ്പിക്കുന്നത്. ത്രോണോസിൽ വച്ചാണ് എന്നതിനാൽ അത് ബലിപീഠവും കൂടിയാണ്. അതേസമയം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിദ്ധ്യവും അതിന്മേലുണ്ട്. തൂയോബോ ശുശ്രൂഷയുടെ അവസാനം പിതാവ്, പുത്രൻ, പരിശുദ്ധ റൂഹാ എന്നീ മൂന്ന് ആളത്തങ്ങളുടെ പേരിലും ത്രോണോസിന്മേൽ ധൂപം വീശുന്നത് അതുകൊണ്ടാണ്. കല്ലോ, മരമോ ഉപയോഗിച്ചായിരിക്കണം ത്രോണോസ് നിർമ്മിക്കേണ്ടത്.
ത്രോണോസിനു മുമ്പിൽ പട്ടക്കാരനു കയറിനിൽക്കാൻ ഒരു പടിയുണ്ടായിരിക്കണം. "നടക്കല്ല്", "ശ്രേണി" "സ്ഥാനം" എന്നെല്ലാം അർത്ഥമുള്ള "ദർഗ" എന്ന് ഇതിന് പേരു പറയുന്നു. കുർബാന, പട്ടംകൊട മുതലായ ശുശ്രൂഷകളുടെ പ്രധാനഭാഗം ഇതിന്മേൽ നിന്നാണ് നിർവ്വഹിക്കുന്നത്. മേല്പട്ടക്കാർക്കും, വൈദികർക്കും, മാത്രമേ ഇതിന്മേൽ കയറുവാൻ അനുവാദമുള്ളൂ (മാർ സേവേറിയോസ്, 127).
കെസ്ത്രൂമോ.
“കാറ്റാസ്ട്രോമാ” എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ഉത്ഭവിക്കുന്ന വാക്കാണിത്. 'പരന്ന് ഉയർന്ന സ്ഥലം' എന്നാണ് വാച്യാർത്ഥം. മദ്ബഹായ്ക്കും, ഹൈക്കലായ്ക്കും. ഇടയിലുള്ള ഈ സ്ഥലത്തിന് പ്രത്യേകം വാതിലില്ല എന്നാണ് ദാറായിലെ യൂഹാനോൻ പറയുന്നത്. അഴിക്കകം എന്ന് നമ്മുടെ നാട്ടിൽ സാധാരണ പറയാറുള്ള ഭാഗമാണ് കെസ്ത്രൂമോ. ഹൈക്കലായിൽ നിന്നും അല്പം ഉയർന്ന സ്ഥലമാണിത്. ശിശുക്കൾക്ക് നിൽക്കുവാനുള്ള സ്ഥലമാണ്. അവർ മദ്ബഹായിൽ പ്രവേശിക്കുന്ന വിശുദ്ധന്മാർക്കും, താഴെ നിൽക്കുന്ന പാപികൾക്കും ഇടയിലുള്ളവരാണ് എന്ന് യൂഹാനോൻ പറയുന്നു (Sader, p. 25).
തിരശീല.
മദ്ബഹായെ കെസ്ത്രൂമോയിൽ നിന്ന് വേർതിരിക്കുന്നത് തിരശീലകൊണ്ടാണ്. പഴയനിയമ കാലത്തും ശുദ്ധതകളുടെ ശുദ്ധസ്ഥലവും, ശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്ന തിരശീലയുണ്ടായിരുന്നല്ലോ. “മദ്ബഹായിൽ തിരശീലയുടെ സാന്നിദ്ധ്യം, ദൈവവും മാലാഖമാരും തമ്മിലുള്ള അകലത്തെയും വേർതിരിവിനെയും കാണിക്കുന്നു. (മാലാഖമാരുടെ) നിരകൾ തമ്മിലുള്ള വേർതിരിവിന്റെയും പ്രതീകമാണിത്". (Sader, p. 45). സാധാരണ ധൂപാർപ്പണം നടത്തുന്ന യാമങ്ങളിൽ, യാമപ്രാർത്ഥന ആരംഭിക്കുമ്പോൾ മറ തുറക്കുകയും, പ്രർത്ഥനയ്ക്കുശേഷം അടയ്ക്കുകയും ചെയ്യുന്നു. കഷ്ടാനുഭവാഴ്ചയിലെ യാമപ്രാർത്ഥനകൾക്ക് മറ തുറക്കാത്ത പാരമ്പര്യവും, തുറന്നു ധൂപം വയ്ക്കുന്ന പാരമ്പര്യവും, വിവിധ സ്ഥലങ്ങളിൽ നിലവിലുണ്ട്. വിശുദ്ധ കുർബാനയിൽ ഓരോ പ്രാവശ്യവും മറ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ പ്രത്യേക അർത്ഥങ്ങൾ പിതാക്കന്മാർ നൽകുന്നുണ്ട്.
ഹൈക്കലാ.
പള്ളിയുടെ ഏറ്റവും വിസ്തൃതമായ, വിശ്വാസികൾ നിൽക്കുന്ന സ്ഥലമാണിത്. ഈ ഭാഗത്തിന് സൗകര്യമനുസരിച്ച് ഒരു വാതിൽ മാത്രമോ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ടെണ്ണമോ, അതിൽ കൂടുതലോ ഉണ്ടാകാം (sader.p 38).
ബീമാ.
“സിംഹാസനം' എന്നർത്ഥമുള്ള സുറിയാനി പദമാണിത്. ഹൈക്കലായുടെ നടുവിലാണ് ഇതിന്റെ സ്ഥാനം (Sader, p. 43). പ്രധാന പെരുന്നാളുകളിൽ സ്ലീബാ ആഘോഷം നടത്തുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മൂറോൻ കൂദാശയിൽ വൈദികരും, ശെമ്മാശന്മാരും അടങ്ങുന്ന ഒരു സംഘം ബീമായിൽ നിൽക്കണം.
ദൊർത്തോ.
ഈ സുറിയാനി പദത്തിന്റെ അർത്ഥം “മുറ്റം" (court-yard) എന്നാണ്. വേദപഠിതാക്കൾക്കും, പിശാച് ബാധിതർക്കും, അനുതാപികൾക്കും മറ്റും നിൽക്കുവാനുള്ള സ്ഥലമാണിത്. (Sader, p. 38) ഹൈക്കലായ്ക്ക് പുറത്തുവരുന്ന ദൊർത്താ മൂന്നു വശങ്ങളിലുമായോ, പടിഞ്ഞാറു മാത്രമായോ നിർമ്മിക്കാവുന്നതാണ്. മലങ്കരയിൽ ഇതിന് സാധാരണ "പൂമുഖം" എന്നും, "നാടകശാല" എന്നും പറയാറുണ്ട്. നാടകം, മാർഗ്ഗംകളി മുതലായ ക്രിസ്തീയ കലാരൂപങ്ങൾ നടത്തുന്നതിന് ഒരുകാലത്ത് ഈ ഭാഗം ഉപയോഗിച്ചിരുന്നതിൽ നിന്നാകാം ഈ പേരു വന്നത്. പൂമുഖം (മോണ്ടളം) പള്ളിയുടെ ഹൈലായ്ക്ക് പടിഞ്ഞാറുവശത്തായി അല്പം താഴ്ത്തിയാണ് മോണ്ടളം ഉണ്ടാക്കുന്നത്. പള്ളിയുടെ പ്രധാന വാതിലായ പടിഞ്ഞാറു വശത്തുള്ള വലിയ വാതിൽ (ആനവാതിൽ) മോണ്ടളത്തിൽ നിന്നാണ് പള്ളിക്കകത്തേക്ക് തുറക്കുന്നത്. നിഖ്യാ വിശ്വാസപ്രമാണത്തെ തുടർന്ന് വിശ്വാസികൾ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുമ്പോൾ വിശ്വാസം പഠിക്കുന്നവരുടെ ഉപയോഗത്തിനായി വേർതിരിച്ചിരുന്ന പടിഞ്ഞാറെ അറ്റത്തുളള ഭാഗമാണിത്. ഹൈക്കലായുടെ വീതിയിലും നീളത്തിലും നിന്നും കുറവായിരിക്കും ഇതിന്റെ വീതിയും നീളവും. എന്നാൽ പള്ളിയുടെ വീതിയോടൊപ്പം വലുപ്പമുള്ള ഭാഗമാണിത്. ഇപ്പോൾ ഇത് പ്രധാനമായും വിശ്വാസികൾക്ക് പ്രതികൂല കാലാവസ്ഥകളിൽ നിന്നുള്ള ഒരു അഭയസ്ഥാനമായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.