"കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക. ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." 50-ാം സങ്കീ 15-ാം വാക്യം. നമ്മുടെ ദൈവം ആരാണെന്ന പരിജ്ഞാനം നമുക്ക് ആവശ്യമാണ്.
1) കൂടെയിരിക്കുന്ന ദൈവം.
നീ ചെളിയിൽ വീഴുമ്പോൾ നിന്റെ വലങ്കൈ പിടിക്കുന്നവനാണു ദൈവം. നീ കണ്ണടച്ചുറങ്ങുമ്പോൾ സദാസമയവും നിന്നെ തന്നെ നോക്കി ഇരിക്കുന്നവനാണ് നിന്റെ ദൈവം. നീ കൈകൂപ്പുമ്പോൾ നിന്നെ തൊടുന്ന നല്ല ദൈവം. നീ കണ്ണുനീർ തൂകുമ്പോൾ സ്വർഗ്ഗംവിട്ടു നിന്റെ സമീപേ ഇറങ്ങിവരുന്ന നല്ല ദൈവം. ഉറ്റവർ കൈവിട്ടാലും, ഒറ്റപ്പെടുത്തിയാലും ആരെല്ലാം ഉപേക്ഷിച്ചാലും നിന്റെ പേർ ഉള്ളം കൈയ്യിൽ എഴുതിക്കൊണ്ടു നടക്കുന്ന ഒരു സ്നേഹവാനായ ദൈവമുണ്ട്. ആ ദൈവം ഉള്ളതുകൊണ്ടാണ് നിന്നെ നിന്റെ സ്ഥിതിയെ മാറ്റി ഇന്നത്തെ നിലയിലാക്കി വച്ചിരിക്കുന്നത്. ഈ ദൈവത്തിന്റെ പേരാണ് ഇമ്മാനുവേൽ. അർത്ഥം, 'ദൈവം നമ്മോടുകൂടെ'.
2) മറക്കാത്ത ദൈവം.
എല്ലാവരും ഇന്നു മറവിയുടെ കാലഘട്ടത്തിലാണ്. വന്ന വഴികൾ നാം മറന്നുപോകരുതു. മാതാപിതാക്കളെ മറന്നു പോകുന്നതുകൊണ്ടല്ലേ ഇന്നു അനേകം വൃദ്ധസദനങ്ങൾ? എത്രയോ പേർ സ്വന്തം കുഞ്ഞുങ്ങളെ മറന്നുപോകുന്നു? പെറ്റമ്മയ്ക്കു കുഞ്ഞുങ്ങളെ മറക്കാൻ പറ്റില്ല. എന്നാൽ എത്രയോ പേർ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു ലോകസുഖം തേടി പോകുന്നു? അതിദാരുണമായി കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ എത്രയോ സംഭവങ്ങൾ അനുദിനം പത്രമാധ്യമങ്ങളിൽ കൂടി നാം വായിക്കുന്നു.
"ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നു കളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു. യശയ്യാവു 49:15,16.
ഭൂമിയിലെ അപ്പൻ മാറ്റപ്പെട്ടിരിക്കാം. ഭൂമിയിലുള്ള ഉറ്റവർ നഷ്ടപ്പെട്ടേക്കാം. എന്നാൽ നമ്മെ എപ്പോഴും ഓർക്കുകയും ആർക്കും അടക്കാൻ പറ്റാത്ത വിധത്തിൽ സ്വർഗ്ഗത്തിലെ വാതിൽ തുറന്നുതരികയും ചെയ്യുന്ന ഒരപ്പൻ നമുക്കുണ്ടു എന്ന സത്യം വിസ്മരിച്ചു പോകരുത്.
3) നിന്നെ മാനിക്കുന്ന ദൈവം.
ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ അപമാനപാത്രമാകാൻ ദൈവം നിന്നെ അനുവദിക്കയില്ല. ഒരു വ്യവസ്ഥ മാത്രം. നാം ദൈവത്തെ മാനിക്കണം. മുമ്പേ അവന്റെ രാജ്യവും നീതിയും നാം അന്വേഷിക്കുന്നവരായി മാറുമ്പോൾ സർവ്വവും നമുക്കു ലഭ്യമാകുന്നു. അങ്ങനെയുള്ളവരുടെ മക്കൾ ഇരന്നു നടക്കേണ്ടിവരികയില്ല എന്നു തിരുവചനം പറയുന്നു.
"നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല". 37-ാം സങ്കീർത്തനം 25-ാം വാക്യം. നമ്മേയും നമ്മുടെ തലമുറയേയും മറക്കാത്തൊരു ദൈവമുണ്ട്.
4) അനർത്ഥ ദിവസങ്ങളിൽ നിന്നെ പൊതിഞ്ഞു കാത്തു പരിപാലിക്കുന്ന ദൈവമുണ്ട്.
"അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ടു അവൻ നിന്നെ മറയ്ക്കും. അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും. അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു". 91-ാം സങ്കീർത്തനം 3,4 വാക്യങ്ങൾ. "ഒരു അനർത്ഥവും നിനക്ക് ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല". 91-ാം സങ്കീ 10-ാം വാക്യം.
പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ എത്രയെത്ര ആപത്തുകൾ നൊടിനേരം കൊണ്ടു ഒഴിഞ്ഞു പോകുവാൻ ദൈവം കൃപ തന്നിരിക്കുന്നു. എത്രയെത്ര അസുഖങ്ങളിൽ നിന്നും ദൈവം വിടുതൽ നൽകിയിരിക്കുന്നു. എത്രയെത്ര സന്ദർഭങ്ങളിൽ ഈ ദൈവീക കാവൽ നാം അനുഭവിച്ചിരിക്കുന്നു. സ്വർഗ്ഗത്തിലെ അപ്പൻ പൊതിഞ്ഞു പിടിച്ചതുകൊണ്ടല്ലേ യാതൊരു പരിക്കുമേൽക്കാതെ ഇന്നായിരിക്കുന്ന വിധത്തിൽ നിൽക്കുന്നത്? എത്രയോ വലിയവനാണ് നമ്മുടെ ദൈവം. നേരായ് നടക്കുന്നവർക്കു യാതൊരു നന്മകളും ദൈവം മുടക്കുകയില്ല. ഈ ദൈവത്തിനു വേണ്ടി നമുക്കു എന്തു പ്രതിഫലം നൽകാം. നമ്മുടെ നാവുകളിൽ നിന്നും സ്തോത്രഗാനങ്ങൾ ഉയരട്ടേ.
ദാവിദ് പാടിയ പോലെ നമുക്കും പാടാം. "എൻ മനമേ, യഹോവയെ വാഴ്ത്തുക. എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധ നാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്". 103-ാം സങ്കീർത്തനം 1,2 വാക്യങ്ങൾ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.