1. ''നടുങ്ങുവിന്‍ പാപം ചെയ്യാതിരിപ്പിന്‍;നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൗനമായിരിപ്പിന്‍.''Ps4;4
കിടക്ക വിശ്രമത്തിനും ഉറങ്ങാനുമുളളതാണെന്ന് ചിന്തിക്കുന്നു. പകലത്തെ അധ്വാനം കഴിച്ച് സ്വസ്ഥമാകാനുളള, വിശ്രമിക്കാനുളള ഇടമായി അനേകരും കിടക്കയെ കാണുന്നു.
എന്നാല്‍ അതിന് മാത്രമുളളതല്ല കിടക്ക. അതിന് നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാന്‍ കെല്പുണ്ട്. കിടക്കയില്‍ ഒറ്റയ്ക്കാകുമ്പോള്‍, പെട്ടെന്ന് നിദ്ര പുണരാതിരിക്കുമ്പോള്‍ നന്മതിന്മകള്‍ കൂട്ടിമുട്ടുന്ന ഇടം ആയി കിടക്ക മാറാം.
നന്മ ജയിച്ചാല്‍ നന്മകള്‍ ചിന്തിക്കുന്നതിനും ഭാവിയില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിനും മൗനമായി കിടക്കയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാനും ഒക്കെ ഇടയാകും. തിന്മയാണ് ജയിക്കുന്നതെങ്കില്‍ പാപങ്ങള്‍ നമ്മെ പിടിമുറുക്കുന്നതിനും മനസ്സ് അസ്വസ്ഥവും കലുഷിതമാകുവാനും ഇടയാകും.
ചിലരുടെ നാശത്തിന് ആരംഭം കുറിക്കുന്ന ചിന്തകള്‍ ജനിച്ചുവീഴുന്ന ഇടമാകരുത് നമ്മുടെ കിടക്കകള്‍.
''അവന്‍ തന്‍റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു.... ദോഷത്തെ വെറുക്കുന്നതുമില്ല''Ps36;4
നമ്മുടെ കിടക്കയില്‍ ആത്മീക നിലവാരമുളള ചിന്തകളാകുന്ന പുതപ്പനടിയില്‍ നാം ഉറങ്ങുന്നവരൊ, അതൊ പാപത്തിന്‍റെ കറ പുരണ്ട തുണി ചുറ്റി ഉറങ്ങുന്നവരൊ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.
2. രോഗ കിടക്ക.
''ഇരുട്ടില്‍ ഞാന്‍ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.ഞാന്‍ ദ്രവത്വത്തോട് നീ എന്‍റെ അപ്പനെന്നും പുഴുവിനോട് നീ എന്‍റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു''.Job17;13,14
രോഗത്താല്‍ ശരീരം തകര്‍ന്ന ഇയ്യോബിന്‍റെ വാക്കുകള്‍ ആണിത്.മറച്ച് വെച്ചതൊ ഒളിച്ചു ചെയ്യുന്നതൊ ആയ രഹസ്യപാപങ്ങള്‍ ഇല്ലാതിരുന്നിട്ടും തനിക്കെന്തുകൊണ്ട് ഈ വിപത്ത് വന്നു എന്ന് ഇയ്യോബ് വിലപിക്കുകയാണ്. പട്ടുമെത്തയില്‍ കിടന്നവന്‍ ചാരത്തിലായി.വൃത്തിയായി സൂക്ഷിച്ചിരുന്ന ശരീരം പുഴുക്കളുടെ താവളവും പഴുപ്പിന്‍റെ വീടുമായി.
രോഗം കഴിഞ്ഞകാല പാപങ്ങള്‍ നമ്മെ ഓര്‍പ്പിക്കാന്‍ പോന്നതാണെങ്കിലും ഇയ്യോബ് അങ്ങനെ ആയിരുന്നില്ല.താന്‍ ഒരു വിശുദ്ധമനുഷ്യന്‍ ആയിരുന്നു.
നമ്മെപ്പോലെ തന്നെ ഇയ്യോബും രോഗത്തെ ഭയപ്പെട്ടിരുന്നു. ''ഞാന്‍ പേടിച്ചത് തന്നെ എനിക്ക് നേരിട്ടു;ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്ക് ഭവിച്ചു'' എന്ന് താന്‍ പറയുന്നു.3;25 ഭക്തജീവിതം നയിച്ചാല്‍ രോഗം വരില്ല എന്ന നിരര്‍ത്ഥക ചിന്ത നമ്മില്‍ നിന്ന് വേരോടെ പിഴുതെറിയണം എന്നാണ് ഇയ്യോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
രോഗം വിവിധ കാരണങ്ങളാല്‍ വരാം.പ്രകൃതിനിയമം ലംഘിച്ചാല്‍,പാപഫലമായി,ദൈവനാമമഹത്വത്തിനായി,നമ്മുടെ വിശ്വാസദൃഢതയും വിശുദ്ധിയും സാത്താനെ ബോധ്യപ്പെടുത്താനായി ഒക്കെ രോഗങ്ങള്‍ വരാം.
രോഗം പാപത്തില്‍ നിന്ന് നമ്മെ അകറ്റുന്നതിനും വിശുദ്ധിയില്‍ മുന്നേറുന്നതിനും ദൈവത്തെ അധികമായി രുചിച്ചറിയാനും ഇടവരുത്താന്‍ കെല്‍പ്പുളളതാണ്.
''യഹോവ അവനെ രോഗശയ്യയില്‍ താങ്ങും.ദീനത്തില്‍ നീ അവന്‍റെ കിടക്ക എല്ലാം മാറ്റി വിരിക്കുന്നു.യഹോവെ എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കേണമെ.നിന്നോടല്ലൊ ഞാന്‍ പാപം ചെയ്തത് എന്ന് ഞാന്‍ പറഞ്ഞു''Psa41;4
3. യാക്കോബിന്‍റെ കിടക്ക.
''അവന്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ട് അവിടെ രാപാര്‍ത്തു;അവന്‍ ആ സ്ഥലത്തെ കല്ലുകളില്‍ ഒന്ന് എടുത്ത് തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി''Gen28;11
പല തിരിച്ചറിവുകള്‍ യാക്കോബിന് ഈ സ്ഥലത്ത് വെച്ച് കിട്ടി. താന്‍ എവിടെ പോയലും തന്‍റെ ദൈവം കൂടെ ഉണ്ട് എന്ന സത്യം അവന് ആദ്യമായി മനസ്സിലായി.ഈ അറിവ് നമുക്കിന്ന് പുതുമയുളളതല്ല. എന്നാല്‍ യാക്കോബിന് അങ്ങനെ ആയിരുന്നില്ല.
അന്നത്തെ ഉറക്കത്തില്‍ സ്വര്‍ഗ്ഗത്തേയും ഭൂമിയേയും ബന്ധിപ്പിക്കുന്ന ഏണി സ്വപ്നം കണ്ടെണീറ്റ യാക്കോബ് ആ ആവേശത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തു.ദൈവം തനിക്കു കൊടുക്കുന്ന സകലത്തിനും ദശാംശം കൊടുക്കും എന്നതായിരുന്നു ഒരു തീരുമാനം.V22
മറ്റൊരു തീരുമാനം V20-22 ഭാഗത്ത് കാണാം.''ദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്ക് തരികയും എന്നെ അപ്പന്‍റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്ക് ദൈവമായിരിക്കും.''
ആദ്യമായാണ് വീട് വിട്ട് യാക്കോബ് ദൂരയാത്ര ചെയ്യുന്നത്.വീടിന്‍റെ സുരക്ഷയില്‍ നിന്ന് അരക്ഷിതമായ പ്രവാസത്തിലേക്കുളള ആ യാത്രയില്‍ അവന്‍റെ മനസ്സിനെ മദിച്ചിരുന്ന ഭാരങ്ങള്‍ യഹോവയോട് പറയുകയാണ്.
ആ പ്രാര്‍ത്ഥന ദൈവം കേട്ട് ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം അവനെ വളരെ വര്‍ദ്ധിപ്പിച്ച് ക്ഷേമത്തോടെ മടക്കി വരുത്തുയും ചെയ്തു.
അവന്‍റെ പ്രാര്‍ത്ഥനക്ക് ദൈവം ഉത്തരം നല്കിയെങ്കിലും മടക്കയാത്രയില്‍ യാക്കോബ് പറഞ്ഞ വക്ക് പാലിച്ച് ബേഥേലില്‍ എത്തിയത് ദൈവം അവനോട് അരുളി ചെയ്തപ്പോള്‍ മാത്രമാണെന്നു കാണുന്നു.Gen35;1
''നാം അവിശ്വസ്തരായി തീര്‍ന്നാലും ദൈവം വിശ്വസ്തനായി പാര്‍ക്കുന്നു;തന്‍റെ സ്വഭാവം ത്യജിപ്പാന്‍ ദൈവത്തിന് കഴിയില്ലല്ലൊ''2Thimo2;13.
4. ''എന്നെ പ്രയാസപ്പെടുത്തരുത്;
കതെകു അടെച്ചിരിക്കുന്നു;പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു;എഴുന്നേറ്റു തരുവാന്‍ എനിക്ക് കഴികയില്ല എന്ന് അകത്ത് നിന്ന് ഉത്തരം പറഞ്ഞാലും അവന്‍ സ്നേഹിതനാക കൊണ്ടു എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജ കൂടാതെ മുട്ടിക്ക നിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നിടത്തോളം കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.''Lk11;7,8
ആവശ്യക്കാരന് ഔചിത്യം ഇല്ല.പ്രാര്‍ത്ഥനയുടെ വിലയാണ് പ്രസ്തുത ദൃഷ്ടാന്തത്തിലൂടെ യേശു വ്യക്തമാക്കുന്നത്.''പ്രാര്‍ത്ഥനയില്‍ മടുത്തുപോകരുത്'' എന്നതിനെ ''ലജ്ജകൂടാതെ മുട്ടിക്ക നിമിത്തം'' എന്നാണ് ഈ ദൃഷ്ടാന്തത്തില്‍ പറഞ്ഞിരിക്കുന്നത്.
നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നതാണ് അതിന്‍റെ മനോഹരമായ അര്‍ത്ഥം.ഉത്തരം കിട്ടുന്നതുവരെ പ്രാര്‍ത്ഥിക്കുക എന്ന അര്‍ത്ഥവും അതിനുണ്ട്.ഉത്തരം തരാന്‍ തോന്നത്തക്കവണ്ണം ഒരു ആവശ്യബോധം നമ്മുടെ പ്രാര്‍ത്ഥനയില്‍ ദൈവത്തിന് കാണാനാവണം എന്ന അര്‍ത്ഥവും അതിനുണ്ട്.
യേശു പറഞ്ഞ ദൃഷ്ടാന്തത്തില്‍ വാതിലില്‍ ലജ്ജ കൂടാതെ മുട്ടുവാന്‍ കാരണം അവന് ഒരു അടിയന്തരാവശ്യം(Emergency)വന്നിരിക്കുന്നു.അര്‍ദ്ധരാത്രിയില്‍ അവന്‍റെ ഒരു സ്നേഹിതന്‍ വീട്ടില്‍ വന്നു.അവന് വിളമ്പുവാന്‍ ഒന്നുമില്ല.പട്ടിണിക്കിടുന്നത് നാണക്കേടാണ്.വന്നത് സ്നേഹിതനെങ്കിലും വന്ന സമയം അര്‍ദ്ധരാത്രി ആണ്.Lk11;5,6
വീട്ടുകാരനെ വട്ടം ചുറ്റിച്ചത് കയറി വന്ന സ്നേഹിതനല്ല.മറിച്ച് ''അര്‍ദ്ധരാത്രി'' എന്ന സമയം ആണ്.Lk11;5,6
കയറി വന്ന സ്നേഹിതന്‍ ഒരു രോഗമാവാം,സാമ്പത്തിക തകര്‍ച്ചയാവാം,നമ്മെ വലക്കാന്‍ പോന്ന പ്രശ്നങ്ങളാവാം,കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചിലവ് ആവാം,വീട്ട് വാടകയാവാം,ലോണ്‍ തിരിച്ചടവ് ആകാം.
കൈകള്‍ ശൂന്യമായിരിക്കവെ ആ സ്നേഹിതന്‍ കയറി വന്നു എന്നതാണ് പ്രശ്നം.പ്രാര്‍ത്ഥനക്ക് ഇവിടെ അടിയന്തരസ്വഭാവം കൈവരുന്നു.തുറക്കുംവരെ മുട്ടുകയല്ലാതെ വേറെ നിവൃത്തിയില്ല. അതായത് പ്രാര്‍ത്ഥനാവിഷയങ്ങള്‍ എല്ലാം അടിയന്തരസ്വഭാവം ഉളളതാവില്ല. പ്രാര്‍ത്ഥനാശീലം ഇല്ലാത്തവരെ പോലും അടിയന്തരസ്വഭാവം ഉളള പ്രാര്‍ത്ഥനാവിഷയങ്ങളിലേക്ക് ചിലപ്പോള്‍ ദൈവം കൈപിടിച്ച് നടത്തിയെന്ന് വരാം. ഇത്തരം പ്രാര്‍ത്ഥനാനുഭവങ്ങളില്‍ കൂടിയാണ് ആത്മീക ജീവിതം ദൃഢപ്പെടുന്നത്.
5. ഹാമാന്‍റെ ജീവനെടുത്ത കിടക്ക.
''രാജാവ് ഉദ്യാനത്തില്‍ നിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു''Esth7;8
ഇത് കണ്ട രാജാവ് ഹാമാന്‍ രാജ്ഞിയെ ബലാല്ക്കാരം ചെയ്യാനുളള ശ്രമം ആണെന്ന് തെറ്റിദ്ധരിച്ചു.ഇടിവെട്ടിയവന്‍റെമേല്‍ പാമ്പ് കടിച്ചു എന്ന പഴഞ്ചൊല്ല് പോലെയായി.ഹാമാന്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുന്നു.മോല്‍ദ്ദേഖായിക്കായി ഹാമാനുണ്ടാക്കിയ നീളമുളള കഴുമരത്തില്‍ അവനെതന്നെ തൂക്കികളഞ്ഞു.എസ്ഥേരിന്‍റെ കിടക്കമേല്‍ കിടന്നതാണ് ഹാമാന്‍റെ ജീവന്‍ നഷ്ടമായതിന് കാരണം.
യഹൂദരെ കൊന്നൊടുക്കാനുളള ഹാമാന്‍റെ കുബുദ്ധിയെ തന്ത്രപരമായി എസ്ഥേര്‍ പൂട്ടി.ഹാമാനെതിരെ തെളിവ് ഹാജരാക്കിയ എസ്ഥേറിന്‍റെ മുമ്പില്‍ നിന്ന് ക്രോധത്തോടെ രാജാവ് എഴുന്നേറ്റ് പോയെങ്കിലും ഹാമാനെ കൊല്ലാന്‍ നിശ്ചയിച്ചിട്ടില്ലായിരുന്നു.
രാജാവ് വിശ്വസ്ഥന്‍ എന്ന് കരുതിയവനെതിരെ രാജ്ഞി സമര്‍ത്ഥമായി കരുക്കള്‍ നീക്കി രാജാവിനെപ്പോലും വട്ടം ചുറ്റിച്ചിരിക്കയാണ്.പെട്ടെന്ന് ഒരു തീരുമാനം എടുക്കുക ദുഷ്ക്കരം.അതിനാല്‍ മനസ്സ് തണുപ്പിക്കാനാവാം രാജാവ് നേരെ പോയത് ഉദ്യാനത്തിലേക്കാണ്.
എസ്ഥേരിന്‍റെ നീക്കം ഹാമാന് തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചപോലെയായിരുന്നു.കൗശലക്കാരനായ അവന്‍റെ ആവനാഴിയില്‍ കുതന്ത്രത്തിന്‍റെ ഒറ്റ അമ്പും ബാക്കിവെക്കാതെ എസ്ഥേര്‍ അവനെ നിഷ്പ്രഭനാക്കി കളഞ്ഞു.തലച്ചോറ് ആവിയായിപോയ ഹാമാന്‍ ജീവരക്ഷയ്ക്ക് നിന്ന സ്ഥലത്ത് നെടുമ്പാട് വീണ് അപേക്ഷിക്കേണ്ടതിന് പകരം വെപ്രാളത്തില്‍ ചാടി വീണത് രാജ്ഞിയായ എസ്ഥേരിന്‍റെ കിടക്കയില്‍.ആ സമയത്ത് തന്നെ രാജാവും കയറി വന്നു.രാജാവ് കണ്ട കാഴ്ച അവന്‍റെ അന്ത്യം കുറിച്ചു.
ഒരു വംശത്തിന്‍റെ ഘാതകനാവാന്‍ കൊതിച്ചവന്‍ ഉയരത്തില്‍ ചത്തു തൂങ്ങി ആടുന്നു. സ്ഥാനമോഹം, കുതന്ത്രപ്രയോഗം, ഒതുക്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍,നിരപരാധികളെ അപരാധികളെന്ന് മുദ്രകുത്തി കെണി ഒരുക്കുന്നവര്‍ തുടങ്ങിയവരൊക്കെ ഹാമാന്‍റെ ചരിത്രം അറിയുന്നത് നല്ലതാണ്.അന്യരെ എയ്തൊതുക്കാനുളള അമ്പ് അവരുടെ കയ്യില്‍ ഉണ്ടാകും.എന്നാല്‍ സ്വയം അമ്പ് ഏല്ക്കാതിരിക്കാനുളള കവചം ധരിക്കാന്‍ ഇത്തരത്തിലുളളവര്‍ മറക്കും.
6. പിന്മാറ്റത്തിന്‍റെ കിടക്ക.
''രാത്രിസമയത്ത് എന്‍റെ കിടക്കയില്‍ ഞാന്‍ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു;ഞാന്‍ അവനെ അന്വേഷിച്ചു;കണ്ടില്ല താനും.''Song3;1
വിശ്വാസിയും യേശുവും തമ്മിലുളള ബന്ധം കാന്തനോടും കാന്തയോടും ആണ് ഉപമിച്ചിരിക്കുന്നതെന്ന് നാം അറിയുന്നു.വിശുദ്ധിയും യേശുവിനോട് മാത്രം ചേര്‍ന്നു ജീവിക്കുന്നതിനുമായാണ് ആ ദൃഷ്ടാന്തം പറഞ്ഞിരിക്കുന്നത്. യേശുവിനോട് തുല്യമാക്കാവുന്ന ഒന്നും ജീവിതത്തില്‍ ഉണ്ടായിക്കൂടാ എന്ന് വ്യക്തമാക്കുകയാണ്.
എങ്കിലും പലപ്പോഴും ക്രിസ്തുവിനോടുളള ഏകാഗ്രതയും നിര്‍മലതയും വിട്ട് നാം യാന്ത്രികമായ ക്രിസ്തീയജീവിതം നയിക്കുന്നവരാകാറുണ്ട്. ചില സമയങ്ങളില്‍ വളരെയധികം പിന്മാറ്റം നമ്മില്‍ സംഭവിക്കുന്നു.അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ അന്വേഷിക്കുന്ന ചില സാഹചര്യങ്ങളിലേക്ക് ദൈവം നമ്മെ നയിച്ചെന്നുവരും. അതിന് വേണ്ടി പലരൂപത്തിലുളള പ്രയാസങ്ങള്‍ ജീവിതത്തില്‍ വരുത്തിയെന്ന് വരും.സ്വാഭാവികമായി ദൈവത്തെ അന്വേഷിക്കാന്‍ നാം മനസ്സ് വെക്കും. ആ സമയങ്ങളില്‍ ദൈവം നമ്മില്‍ നിന്ന് അകന്നിരിക്കുന്നു എന്ന വിഷമകരമായ തോന്നലിലേക്ക് ദൈവം നമ്മെ നടത്തിയെന്ന് വരാം.
കൂടുതല്‍ ജാഗ്രതയോടെ ദൈവത്തെ അന്വേഷിക്കേണ്ടതിനായും ഇനിയൊരു പിന്മാറ്റം ഉണ്ടാകാതിരിക്കേണ്ടതിനുമായാണ് അത്തരം ഒരു ''ദൈവീക അകല്‍ച്ച'' നമ്മെ അനുഭവിപ്പിക്കുന്നത്. അത്തരം സമയങ്ങളില്‍ നമ്മില്‍ ഒരു തകര്‍ച്ചയുണ്ടാകും. ദാവീദിലൊക്കെ അത്തരം അനുഭവങ്ങള്‍ കാണാം.''എന്‍റെ ഞരക്കം കൊണ്ട് ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്‍റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍ കൊണ്ട് ഞാന്‍ എന്‍റെ കട്ടിലിനെ നനക്കുന്നു.''Ps6;6
ചിന്താവാക്യത്തിലും അകന്നിരിക്കുന്ന പ്രിയനെ ജാഗ്രതയോടെ അന്വേഷിക്കുന്ന പ്രിയയെ കാണുന്നു.3;1-3 വരെ വാക്യങ്ങളില്‍ ''അന്വേഷിച്ചു'' എന്ന വാക്ക് നാല് പ്രാവശ്യവും ''കണ്ടില്ല'' എന്നത് രണ്ട് പ്രാവശ്യവും വായിക്കുന്നു.V4ല്‍ ''കുറെ അങ്ങോട്ട് ചെന്നപ്പോള്‍'' എന്ന് വായിക്കുന്നു.കാണാതായ പ്രിയനെ കണ്ടെത്തും വരെ അന്വേഷിച്ചു. പിന്മാറ്റം നമ്മില്‍ സംഭവിക്കാം.പക്ഷെ യേശുവിന്‍റെ വിത്ത് നമ്മില്‍ ഉണ്ടെങ്കില്‍ പിന്മാറ്റത്തില്‍ തുടരാന്‍ നമുക്കാവില്ല.ഒരു സമയം കഴിയുമ്പോള്‍ തിരിഞ്ഞ് വന്ന് യേശുവിനെ കണ്ടെത്തുവോളം കരഞ്ഞുകൊണ്ട് അന്വേഷിക്കതന്നെ ചെയ്യും.
7. കിടക്കയും ഉറക്കവും നഷ്ടമാക്കരുത്.
''നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുത്;വീട്ടുവാന്‍ നിനക്ക് വകയില്ലാതെ വന്നിട്ട് നിന്‍റെ കീഴില്‍ നിന്ന് നിന്‍റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നത് എന്തിന്?''Prov22;26,27
ആവശ്യമില്ലാത്തിടത്ത് തല വെച്ച് കൊടുക്കരുത് എന്നാണിതിന്‍റെ അര്‍ത്ഥം.തലവെച്ചാല്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനമായി ലഭിക്കും.
അന്യരെ സഹായിക്ക എന്നത് നല്ല മനസ്സും നല്ല കാര്യവുമാണ്.അനുകമ്പയും ദയയും വേണ്ടതുതന്നെയാണ്.പക്ഷെ അത് സ്വയം നാശത്തിലേക്ക് വീഴാനുളള കുഴി കുഴിച്ച് കൊണ്ടാവരുത്.
ജാമ്യം നില്ക്കുന്ന അനേകരുണ്ട്.അതിന് കഴിവുളളവര്‍ ചെയ്തിട്ട് പോലും പരാജയപ്പെട്ട ചരിത്രങ്ങള്‍ അനവധി ആണ്.ആരൊക്കെയൊ എന്തൊക്കെയൊ ചെയ്യുന്നത് കണ്ട് ഞാനും അത് ചെയ്യും എന്ന് നിരൂപിച്ച് ചെയ്ത് കിടപ്പാടം ഉള്‍പ്പടെ സര്‍വ്വവും നഷ്ടമായവര്‍ അനേകരാണ്.
ഏതെങ്കിലും കടപ്പാടുകളുടെ പേരിലൊ ബന്ധങ്ങളുടെ പേരിലൊ സൗഹൃദങ്ങളുടെ പേരിലൊ ഒക്കെ അവരെ തൃപ്തിപ്പെടുത്താനും പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷിപ്പാനും ഒക്കെ ആയിരിക്കാം ജാ
മ്യം നില്ക്കുക.പക്ഷെ അതിന്‍റെ തിക്തഫലം വലുതായിരിക്കും.
ആവോളം നന്മകള്‍ മറ്റുളളവര്‍ക്ക് ചെയ്യണം എന്ന് നമ്മെ പ്രബോധിപ്പിക്കുന്ന ഗ്രന്ഥം ആണ് വിശുദ്ധ വേദപുസ്തകം.
എന്നാല്‍ നാളെ നമുക്ക് വ്യസനഹേതുവാകാന്‍ സാധ്യതയുളള നന്മകളില്‍ നിന്ന് ഒഴിഞ്ഞിരിക്കുന്നതാണ് നല്ലത്.
8. മതിമറന്നുറങ്ങുന്ന കിടക്ക.
''നിങ്ങള്‍ ആനക്കൊമ്പ് കൊണ്ടുളള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍കൂട്ടത്തില്‍ നിന്ന് കുഞ്ഞാടുകളേയും തൊഴുത്തില്‍ നിന്ന് പശുക്കിടാക്കളേയും തിന്നുകയും ചെയ്യുന്നു''.Amos6;4
എന്തുകൊണ്ടാണ് ഇക്കാര്യം ഒരു തെറ്റായി ആമോസ് പ്രവാചകന്‍ പറയുന്നത്?
V6 ന്‍റെ രണ്ടാംഭാഗം വായിക്കുന്നത് ''യോസേഫിന്‍റെ കേടിനെക്കുറിച്ച് വ്യസനിക്കുന്നില്ല'' എന്നാണ്.
ആരാണൊ യിസ്രായേലിന്‍റെ കുറവുകളെക്കുറിച്ച് വ്യസനിക്കയും യഹോവയോട് കരയുകയും ചെയ്യേണ്ടത് അവര്‍ അതൊന്നും ചെയ്യാതെ ആഡംബരങ്ങളില്‍ ഉല്ലസിച്ച് ആറാടുന്നു.ഉത്തരവാദിത്തനിര്‍വ്വഹണം മറന്നിരിക്കുന്നു.അവര്‍ സ്വസുഖങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നവരായി മാറി.അവര്‍ സ്വന്തം കുറവുകളെ ഓര്‍ക്കുന്നില്ലെന്ന് മാത്രമല്ല പാപത്തെ പാല് പോലെ രുചിയോടെ വലിച്ച് കുടിക്കുന്നവരുമായി മാറി.അവര്‍ക്കെതിരെ ന്യായവിധിയുടെ ശബ്ദം പ്രവാചകനിലൂടെ ദൈവം അരുളിചെയ്യുന്നു.
കഴിഞ്ഞുപോകാവുന്നതിലധികം പണം കയ്യിലേക്ക് വരുമ്പോള്‍ , സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ എല്ലാവരും അല്ലെങ്കിലും ചിലരെങ്കിലും പലതും മറന്നുപോകുന്നവരാണ്.മനസ്സ് പണത്തിലേക്കും സൗകര്യങ്ങളിലേക്കും ചാഞ്ഞിട്ട് എന്തിലൊക്കെയൊ ആറാടുന്നവരായി മാറാനുളള സാധ്യത ഉണ്ട്.ചിന്താവാക്യം പറയുന്നത് അവര്‍ കൂടുതല്‍ വിശ്രമിക്കുന്നവരും കൂടുതല്‍ തിന്നുന്നവരുമായി മാറി എന്നാണ്.
ഭൗതികാഭിവൃദ്ധിയില്‍ സ്വയം മറക്കുകയും ഓര്‍ക്കേണ്ടവരെ ഓര്‍ക്കാതിരിക്കയും ചെയ്ത് ആഡംബരങ്ങളില്‍ മതിമറക്കുമ്പോള്‍ ആമോസ് പ്രവാചകന്‍റെ ഈ വാക്കുകള്‍ നമുക്കും കൂടെയുളള ന്യായവിധിദൂത് അണെന്ന് മനസ്സിലാക്കണം.
അഭിവൃദ്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനൊപ്പം കാറ്റുകേറി വീര്‍ക്കുന്ന വെറും ബലൂണുകള്‍ ആയി നാം അധഃപതിക്കരുത്.
09. സംതൃപ്തി നല്കാത്ത കിടക്ക.
''കിടക്ക ഒരുത്തന് നിവിര്‍ന്ന് കിടപ്പാന്‍ നീളം പോരാത്തതും പുതെപ്പു പുതപ്പാന്‍ വീതി പോരാത്തതും ആകുന്നു''Isaiah28;20
ഇതൊരു ആലങ്കാരികപ്രയോഗം ആണ്.യിസ്രായേല്‍ ശത്രുവിന്‍റെ അടിമത്തത്തില്‍ ആയപ്പോഴത്തെ സ്ഥിതിയെ അത് പ്രതിനിധാനം ചെയ്യുന്നു.
നിവിര്‍ന്ന് കിടപ്പാനാവാത്ത കിടക്ക അസ്വസ്ഥത ഉളവാക്കുന്നതാണ്. ഉറക്കനഷ്ടവും മാനസിക വിഷമതകളും അത് ഉണ്ടാക്കും.
യിസ്രായേലിനെ ശത്രു വളയുകയും അവരെ പലപ്പോഴായി ഞെരുക്കുകയും ചെയ്തപ്പോള്‍ അവര്‍ സമാധാനം നഷ്ടമായവരായി. ജീവിതത്തിന്‍റെ സുഖം നഷ്ടമായവരായി. ജീവിതം കൈപ്പു നിറഞ്ഞതായി.ഈവിധ അസ്വസ്ഥതകള്‍ അവരെ കയറിപിടിച്ചത് അവര്‍ ദൈവത്തോട് മത്സരികള്‍ ആയതിനാലായിരുന്നു. മത്സരികള്‍ വരണ്ട ദേശത്ത് പാര്‍ക്കും എന്നത് നാമും അറിഞ്ഞിരിക്കേണ്ടതാണ്.
ചിന്താവാക്യത്തിന്‍റെ മറ്റൊരാശയം പ്രവര്‍ത്തിയാലുളള ആത്മരക്ഷയുടെ പോരായ്മയെ അത് പ്രതിനിധാനം ചെയ്യുന്നു എന്നതാണ്.
ക്രൂശിന്കീഴിലേക്ക് വരാതെ പ്രവര്‍ത്തിയാല്‍ ആത്മരക്ഷ നേടാനുളള പ്രയത്നം ഒരു മനുഷ്യനും സംതൃപ്തി നല്കുന്ന ഒന്നല്ല.അത് ''കിടക്ക ഒരുത്തന് നിവര്‍ന്ന് കിടപ്പാന്‍ നീളം പോരാത്തത് പോലിരിക്കും.കുളിര്‍ മാറാത്ത വീതികുറഞ്ഞ പുതപ്പ് പോലിരിക്കും'' എത്ര ശ്രമിച്ചാലും പ്രവര്‍ത്തിയാല്‍ രക്ഷ സാധ്യമല്ല.
ക്രിസ്തുവിങ്കലേക്ക് വരുന്നവരെ പാകമായ രക്ഷാവസ്ത്രം നല്കി അവരെ അതിനുളളിലാക്കുവാന്‍ ക്രിസ്തു മതിയായവനായിരിക്കുന്നു.
10. പ്രതീകാത്മക ബലപരീക്ഷണ കിടക്ക.
''മനുഷ്യര്‍ തമ്മില്‍ ശണ്ഡ കൂടീട്ട് ഒരുത്തന്‍ മറ്റവനെ കല്ലുകൊണ്ടൊ മുഷ്ടികൊണ്ടൊ കുത്തിയതിനാല്‍ അവന്‍ മരിച്ചുപോകാതെ കിടപ്പിലാകയും പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയില്‍ നടക്കയും ചെയ്താല്‍ കുത്തിയവനെ ശിക്ഷിക്കരുത്;എങ്കിലും അവന്‍ അവന്‍റെ മിനക്കേടിന് വേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം''Exo21;18,19
''തമ്മില്‍ ശണ്ഡ കൂടി'' -രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്.പക്ഷെ കയ്യൂക്കുളളവന്‍ മറ്റവനെ അടിച്ചു താഴയിട്ടു.അവന്‍ കുറെനാള്‍ കിടക്കയിലായി.അതോടെ അടിച്ചവന്‍റെ ജീവിതവും അടികൊണ്ടവന്‍റെ ജീവിതവും പ്രതിസന്ധിയിലായി.
അടികൊണ്ടവന്‍ മരിച്ചുപോയാല്‍ അടിച്ചവന് ശിക്ഷ ഉറപ്പ്.മരിക്കാതെ രക്ഷപ്പെട്ടാല്‍ അടിച്ചവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുമെങ്കിലും അടിയേറ്റവനെ ചികിത്സിപ്പിച്ചെ പറ്റു.അതായത് പണച്ചിലവ് അവന് ഉണ്ടാകുകയാണ്.
ശണ്ഡയിടല്‍ വേഗത്തില്‍ നടന്നു. അതിനെതുടര്‍ന്നുളള പ്രതിസന്ധി വര്‍ഷങ്ങള്‍ നീളുകയാണ്.
രണ്ട്പേര്‍ ഏറ്റുമുട്ടുമ്പോള്‍ ആരാണ് ബലവാന്‍ എന്ന പരീക്ഷണം അവിടെ നടക്കുന്നു.അതിന് സാക്ഷികളായവര്‍ ബലവാന്‍റെ ബലത്തെ വാഴ്ത്തി അവരുടെ വഴിക്ക് പോയി.പക്ഷെ ബലം കൊണ്ട് എന്തു പ്രയോജനം ഉണ്ടായി?അവര്‍ ഇരുവരും ഒരുപോലെ ദൈവത്തിന്‍റെ നിയമകുരുക്കിലായി.അടിയേറ്റവന് പണിയെടുത്ത് തിന്നാനാവില്ല.അടിച്ചവന്‍ പണിയെടുക്കുന്നത് മുഴുവന്‍ അടിയേറ്റവനായി ചിലവഴിക്കേണ്ടിവരുന്നു.
ഇതിനൊരു പ്രതീകാത്മക വശം ഉണ്ട്.ശാരീരികമല്ലാത്ത അനേക ബലപരീക്ഷണങ്ങളും അടിച്ചുവീഴ്ത്തലുകളും ആത്മീക ലോകത്ത് നടക്കുന്നു എന്നത് യാഥാര്‍ത്ഥ്യം ആണ്.പല സഭാവിഭാഗങ്ങളുടേയും പ്രതിനിധികളായ സൈബര്‍ യോദ്ധാക്കള്‍ നവമാധ്യമങ്ങളിലൂടെ പരസ്പരം അടിച്ച് കിടപ്പിലാക്കാനുളള മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്ത് ആത്മീകനേട്ടം ആണ് ഇതുകൊണ്ട് ഉണ്ടായിട്ടുളഴത്? ഇരുകൂട്ടര്‍ക്കും നഷ്ടങ്ങള്‍ അല്ലാതെ എന്ത് ലാഭം? എല്ലാ തരത്തിലുളളവരും വന്നുകൂടുന്ന ചന്തയ്ക്ക് തുല്യമാണ് നവമാധ്യമങ്ങള്‍ എന്ന് നാം അറിയണം. അവിടെ അവിശ്വാസികളുടെ മുമ്പാകെ വിശുദ്ധരുടെ പ്രതീകാത്മക തെരുവുയുദ്ധം അരങ്ങേറുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ സാക്ഷ്യനഷ്ടം ഉണ്ടാകുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
11. നിരപരാധിയുടെ ജീവനെടുത്ത കിടക്ക.
''ബെരോത്യന്‍ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനയും വെയില്‍ മൂത്തപ്പോഴെക്ക് ഈശ്-ബൊശേത്തിന്‍റെ വീട്ടില്‍ ചെന്നെത്തി;അവന്‍ ഉച്ഛസമയത്ത് ആശ്വസിച്ച് കിടക്കയായിരുന്നു''2Sam4;5
ദാവീദിന്‍റെ ശത്രുവായ ശൗലിന്‍റെ മകനാണ് ഈശ്-ബൊശേത്ത്. ദാവീദിനോട് ഈശ്-ബൊശേത്തിന് ശത്രുത ഉണ്ടായിരുന്നില്ല. ശൗലിന്‍റെ മറ്റൊരു മകനായ യോനാഥാനും ദാവീദിനോട് ശത്രുത ഇല്ലായിരുന്നെന്ന് മാത്രമല്ല അവരുടെ സൗഹൃദം ആഴത്തിലുളളതായിരുന്നെന്നും കാണാം.
തലമുറകളോളം പഴക്കമുളള ശത്രുതകള്‍ പല കുടുംബങ്ങളിലും കാണാം. കാരണവന്മാര്‍ തുടങ്ങി വെച്ച ശത്രുത മക്കളിലേക്കും കൊച്ചുമക്കളിലേക്കും പടര്‍ന്നു കയറുന്നു.
കുടുംബങ്ങള്‍ തമ്മിലുളള ശത്രുത മുതലെടുക്കുന്ന, ഇടയില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കുതന്ത്രശാലികളെയും ഇതിനിടയില്‍ കാണാനാവും.
ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബശത്രുതയെ മുതലാക്കാന്‍ ശ്രമിച്ച രണ്ട് വ്യക്തികളാണ് രേഖാബും ബാനയും എന്ന് ചിന്താവാക്യത്തില്‍ നിന്ന് കാണാം.
നട്ടുച്ചയ്ക്ക് ആശ്വസിച്ചു കിടന്ന ഈശ്ബൊശേത്തിനെ കുത്തിക്കൊന്ന് തലവെട്ടിയെടുത്ത് രാത്രി മുഴുവന്‍ അതും കയ്യിലേന്തി ദാവീദിന്‍റെ അടുക്കലെത്തി അവര്‍ പറഞ്ഞത് ''നിനക്ക് പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്‍റെ ശത്രുവിന്‍റെ തല ഇതാ''V7-9
ശത്രുവല്ലാതിരുന്ന ഒരുവനെ പറഞ്ഞ് ശത്രുവെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കയാണ്.ഇതിനെയാണ് കുതന്ത്രം എന്ന് പറയുന്നത്. രണ്ട് പേര്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് അവര്‍ മാത്രം ആവില്ല കാരണം. അവര്‍ക്കിടയിലേക്ക് കയറി വരുന്ന മൂന്നാമതൊരു കൂട്ടം ആളുകള്‍ക്കും അറിഞ്ഞൊ അറിയാതെയൊ പങ്കുണ്ടാകുന്നു. ഈ മൂന്നാമത്തെ കൂട്ടം ആണ് രണ്ട് പേര്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് പിന്നീട് ഇന്ധനം ആകാറ്.
ഇവിടെയാണ് ദാവീദിന്‍റെ വിവേകം കണ്ട് പഠിക്കേണ്ടത്.(4;9-12) അന്ധമായി ശത്രുത വെച്ചു പുലര്‍ത്താതെ ആരാണ് യഥാര്‍ത്ഥ ശത്രു എന്ന് തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതാണ്. രണ്ടുപേരുടെ ശത്രുതക്കിടയിലെ മൂന്നാമതൊരാളായാണ് നാം നില്ക്കുന്നതെങ്കില്‍ അവര്‍ക്കിടയിലെ ശത്രുത വര്‍ദ്ധിപ്പിക്കാനല്ല അവരെ രമ്യതപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ബന്ധങ്ങള്‍ക്കിടയിലെ അനാവശ്യ തെറ്റിദ്ധാരണകളും സംശയങ്ങളും വിട്ടുകളഞ്ഞില്ലെങ്കില്‍ ചിലരുടെ കൈകളിലെ നൂല്‍പ്പാവകളായി നാം മാറും.
12. വൈവാഹിക കിടക്ക.
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളേയും ദൈവം വിധിക്കും.Heb13;4
വൈവാഹിക ജീവിതത്തില്‍ പാലിക്കേണ്ട വിശുദ്ധിയെ ഊന്നിപ്പറയുന്നു.വിവാഹം എല്ലാവര്‍ക്കും മാന്യം എന്നത് ഏകഭാര്യത്വത്തെ കുറിക്കുന്നു. കിടക്ക നിര്‍മ്മലം എന്നതില്‍ ആ കിടക്കയില്‍ അന്യപുരുഷനൊ സ്ത്രീയൊ കടന്നു വരരുത് എന്ന് വിവക്ഷിക്കുന്നു.
ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളേയും ദൈവം വിധിക്കും എന്നത് വിവാഹജീവിതത്തില്‍ വിശുദ്ധി പാലിക്കാത്തവരുടെമേല്‍ വരുന്ന ദൈവീക ന്യായവിധിയെ വ്യക്തമാക്കുന്നു.
വിവാഹജീവിതം നയിക്കുന്നത് നാമെങ്കിലും ആ ജീവിതത്തിന്മേല്‍ ദൈവീക ശ്രദ്ധ എപ്പോഴും ഉണ്ട്. കാരണം വൈവാഹിക ജീവിതം ക്രിസ്തുവും സഭയും തമ്മിലുളള ബന്ധത്തിന്‍റെ നിഴലാണ്. ''ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷന് നിങ്ങളെ നിര്‍മ്മല കന്യകയായി ഏല്പിക്കുവാന്‍ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു'' എന്നാണ് പൗലോസ് പറയുന്നത്.
സഭ എന്നത് ഏകഭാര്യഭര്‍ത്തൃബന്ധത്തിന്‍റെ നിഴലാണ്.അതിന്‍റെ പൊരുളായി ഇന്ന് ഭൂമിയില്‍ വര്‍ത്തിക്കേണ്ടവരാണ് ക്രിസ്തീയ ദമ്പതികള്‍.
സഭയായ കാന്ത ക്രിസ്തു എന്ന ഏകകാന്തനെ വിട്ട് ലൗകികമോഹങ്ങളില്‍ തെന്നി വീണാല്‍ അത് ആത്മീക വ്യഭിചാരമാണ്.James4;4
ചിന്താവാക്യം വിവാഹിതരെയും വിവാഹിതരാകാന്‍ പോകുന്നവരെയും ഉദ്ധേശിച്ച് പറഞ്ഞിട്ടുളളതാണ്. ''ദുര്‍ന്നടപ്പുകാരേയും വ്യഭിചാരികളേയുംദൈവം വിധിക്കും'' എന്നതില്‍ വ്യഭിചാരം വിവാഹാനാന്തര പാപവും ദുര്‍ന്നടപ്പ് വിവാവഹത്തിന് മുമ്പും ഒപ്പം ശേഷവും സംഭവിക്കാവുന്നതും ആണ്.
വൈവാഹിക ജീവിതത്തിന്‍റെ വിശ്വസ്തതയുടെ ഉരകല്ലാണ് ''നിര്‍മലമായ കിടക്ക'' എന്നത് സത്യമായിരിക്കുന്നു.
13. യാക്കോബ് അന്ത്യശ്വാസം വലിച്ച കിടക്ക.
യാക്കോബ് തന്‍റെ പുത്രന്മാരോട് ആജ്ഞാപിച്ച് തീര്‍ന്നശേഷം അവന്‍ കാല്‍ കട്ടിലിന്മേല്‍ എടുത്തുവെച്ചിട്ട് പ്രാണനെ വിട്ടു തന്‍റെ ജനത്തോട് ചേര്‍ന്നു.Gen 49;33
സംഭവബഹുലമായ ഒരു ജീവിതം അവസാനിക്കുന്നു.ജീവിതയുവത്വത്തിന്‍റെ ആദ്യഘട്ടം പിന്നിട്ട ശേഷം വിശ്രമം എന്തെന്നറിയാത്ത ജീവിതമായിരുന്നു യാക്കോബിന്‍റേത്.
ആദ്യമായി വീട് വിട്ടിറങ്ങി ബേഥേലില്‍ രാത്രി വിശ്രമത്തില്‍ കണ്ട ദൈവീകദര്‍ശനത്തിന് ശേഷം നീണ്ട ഇരുപത് വര്‍ഷങ്ങള്‍ പ്രയാസങ്ങളുടേത് ആയിരുന്നു; പകല്‍ വെയിലും രാത്രി ശീതം കൊണ്ടും അവന്‍ ക്ഷയിച്ചു. കണ്ണിന് ഉറക്കം ഇല്ലാതായി. പത്ത് പ്രാവശ്യം ലാബാനാല്‍ ചതിക്കപ്പെട്ടു.Gen31'40,41
പിന്നീട് തിരികെ വരുമ്പോള്‍ ഏശാവ് എതിരേല്പാന്‍ വരുന്നെന്ന് അറിഞ്ഞ് ''യാക്കോബ് ഏറ്റവും ഭ്രമിച്ച് പരവശനായി'' എന്ന് കാണുന്നു.32;7 യബ്ബോക്ക് കടവില്‍ ആരോടെന്ന് അറിയാതെ ഉഷസ്സാകുവോളം മല്ല് പിടിച്ചു.32;24 ശേഖേമില്‍ വെച്ച് മക്കളായ ശിമെയോനും ലേവിയും ചെയ്ത ചെയ്ത്തിന്‍റെ ഫലമായി യാക്കോബ് പറയുന്നത് ''നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കി. ഞാന്‍ ആള്‍ ചുരുക്കം ആണ്. ശേഖേംകാരാല്‍ ഞാന്‍ തോല്പിക്കപ്പെട്ട് എന്‍റെ ഭവനം നശിക്കും'' എന്ന് പറഞ്ഞു.34;30
പിന്നീട് തന്‍റെ ജീവിതം യോസേഫില്‍ കേന്ദ്രീകൃതമായി. അവന് യോസെബിനെ നഷ്ടമാകുന്നു. അതില്‍ അവന്‍റെ ഹൃദയം തകരുന്നു. വസ്ത്രം കീറി രട്ടു ശീല ചുറ്റി ഏറിയ നാള്‍ യോസെഫിനെ ചൊല്ലി കരഞ്ഞു.
പിന്നീട് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം യോസെഫിനെ കണ്ടെത്താന്‍ ഒരു ക്ഷാമം ഉണ്ടാകേണ്ടി വന്നു.അവര്‍ പരസ്പരം കണ്ടെത്തി ഏറെ നേരം കെട്ടിപിടിച്ച് കരഞ്ഞു.നഷ്ടപ്പെട്ടെന്ന് കരുതിയ മകനോട് കൂടെ ശിഷ്ടകാലം ജീവിച്ചു.അവസാനം മക്കളുടെ ഭാവി എന്തെന്ന് പ്രവചിച്ച് നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണന്‍ വിട്ടു. ജീവിതയാത്രയുടെ പല തിരിവുകളില്‍ ജീവിതം കൈവിട്ടുപോയി എന്ന് കരുതിയവനാണ് യാക്കോബ്. എന്നിട്ടും സ്വസ്ഥമായി വാര്‍ദ്ധക്യത്തില്‍ മരിക്കുന്നു.എപ്പോഴൊക്കെയൊ ജീവിതം അവസാനിച്ചു എന്ന് കരുതിയടുത്തുനിന്ന് എത്രയൊ അത്ഭുതകരമായി ദൈവം നമ്മെ മുമ്പോട്ട് കൊണ്ടുപോയിരിക്കുന്നു. ഓര്‍ക്കുക!! നമ്മുടെ ജീവിതത്തിന്‍റെ അവസാന ബിന്ധു ഇടുന്നത് നാം അല്ല. ദൈവം ആണ്.
14. പട്ടുപോയ യിസ്രായേല്‍ നമുക്കു ദൃഷ്ടാന്തം.
യഹോവ ഇപ്രകാരം അരുളിചെയ്യുന്നു;''ഒരു ഇടയന്‍ രണ്ടു കാലൊ ഒരു കാതൊ സിംഹത്തിന്‍റെ വായില്‍ നിന്ന് വലിച്ചെടുക്കുന്നതുപോലെ ശമര്യയില്‍ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്‍ മക്കള്‍ വിടുവിക്കപ്പെടും''.Amos3;12
ഇത് യിസ്രായേലിന്മേല്‍ വന്ന ന്യായവിധിയുടെ നേര്‍ചിത്രം ആണ്.സിംഹബലത്തിന് തുല്യമായിരുന്നു അവരുടെ ശത്രുവിന്‍റെ ബലം.ഒരു ആട്ടിന്‍കുട്ടി സിംഹത്തിന്‍റെ മുമ്പില്‍ അകപ്പെടുന്നതു പോലെ യിസ്രായേല്‍ ശത്രുകൈകളില്‍ ഏല്പിക്കപ്പെട്ടു.ആരും വിടുവിപ്പാന്‍ ഉണ്ടായില്ല.ജനത്തില്‍ വലിയൊരു ഭാഗം പട്ടുപോയി.രണ്ട് കാലൊ ഒരു കാതൊ സിംഹവായില്‍ നിന്ന് വലിച്ചെടുക്കുന്നതുപോലെ എന്നാണ് വായിക്കുന്നത്.അത് മാത്രമെ ബാക്കിയുളളു.മാംസളമായ ഭാഗങ്ങളൊക്കെ തിന്നുതീര്‍ത്തു.യിസ്രായേല്‍ ഒരു ശേഷിപ്പ് മാത്രമായി അവശേഷിച്ച് ബാക്കിയെല്ലാവരും ഇല്ലാതെയായി.അവരിലെ ശക്തന്മാരും ഉന്നതന്മാരും ഒക്കെ പട്ടുപോയി.
Rom2;4,5 ഇവിട് സ്മരണീയം ആണ്.
''അല്ല ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നടത്തുന്നു എന്ന് അറിയാതെ നീ അവന്‍റെ ദയ ക്ഷമ ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശര്യം നിരസിക്കുന്നുവൊ? എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുളള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്ക് തന്നെ കോപം ചരതിച്ചുവെക്കുന്നു.
ഓര്‍ക്കുക!! മാനസാന്തരപ്പെടാത്ത ഹൃദയം ഒരിക്കല്‍ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞ് സഞ്ചരിക്കുന്ന അലറുന്ന സിംഹമായ പിശാചിന്‍റെ കൂര്‍ത്ത പല്ലുകള്‍ക്ക് ഭക്ഷണം ആകും.
നാം പിശാചിനാല്‍ പരിക്കേല്ക്കപ്പെട്ട വിശ്വാസികളായല്ല മറിച്ച് ദൈവത്തിന്‍റെ പരിലാളനങ്ങള്‍ ഏറ്റ് ജീവിക്കേണ്ട ആട്ടിന്‍കൂട്ടങ്ങള്‍ ആകേണ്ടവരാണ്.
15. അന്ത്യവിശ്രമ കിടക്ക.
''നേരായി നടക്കുന്നവരൊക്കെയും താന്താന്‍റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു''Isaiah57;2
പാപം പാരമ്യത്തിലെത്തുമ്പോള്‍ അതിന് നടുവില്‍ നിന്ന് തന്‍റെ ജനത്തെ മാറ്റുക എന്നത് ദൈവീകസ്വഭാവം ആണ്.നോഹയുടെ കാലത്തെ ജലപ്രളയം മതി അത് മനസ്സിലാക്കാന്‍.
ഇവിടെ യിസ്രായേല്‍ വിഗ്രഹാരാധനയില്‍ മുഴുകി.അതുകൊണ്ട് ദൈവം അവരെ അഭിസംബോധന ചെയ്യുന്നത് ''ക്ഷുദ്രക്കാരിയുടെ മക്കളെ,വ്യഭിചാരിയുടേയും വേശ്യയുടേയും സന്തതിയെ'' എന്നിങ്ങനെയാണ്.
അവര്‍ പാറപ്പിളര്‍പ്പുകള്‍ക്ക് താഴെ തോട്ടുവക്കത്തു വെച്ച് കുഞ്ഞുങ്ങളെ അറുത്തു.പൊക്കവും ഉയരവുമുളള മലയില്‍ കിടക്ക വിരിച്ചു.അവിടേക്ക് ബലി കഴിക്കാന്‍ കയറി ചെന്നു.Isaiah 53;3-7
ഈ സാഹചര്യത്തില്‍ നീതിമാന്മാരുടേയും ഭക്തന്മാരുടേയും സ്ഥിതി എന്തായിരുന്നു?
V1,2ല്‍ കാണുന്നത് ''നീതിമാന്‍ നശിക്കുന്നു.ആരും അത് ഗണ്യമാക്കുന്നില്ല.ഭക്തന്മാരും കഴിഞ്ഞു പോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.അവന്‍ സമാധാനത്തിലേക്ക് പ്രവേശിക്കുന്നു.നേരായി നടക്കുന്നവരൊക്കെയും താന്താന്‍റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു''
പാപപെരുക്കത്തിനിടയില്‍ നിന്ന് നീതിമാന്മാരേയും ഭക്തരേയും മരണത്തിലൂടെ ദൈവം മാറ്റി.ചുറ്റുമുളള അഴുക്കുകള്‍ക്കിടയില്‍ നിന്ന് ഭക്തന്മാരെ ദൈവം എടുത്തുകൊണ്ടു.
ലോകത്തിന്‍റെ കണ്ണില്‍ നീതിമാന്മാര്‍ 'നശിക്കുന്നു'.ഭക്തന്മാര്‍ 'കഴിഞ്ഞുപോകുന്നു'.എന്നാല്‍ ദൈവത്തിന്‍റെ കണ്ണില്‍ ''അവന്‍ സമാധാനത്തിലേക്ക് പ്രവേശിക്കുന്നു'.'അവര്‍ താന്താന്‍റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു'.
എന്താണീ കിടക്ക?
അത് ശവക്കുഴി ആണ്.അല്ലെങ്കില്‍ അബ്രഹാമിന്‍റെ മടി ആണ്.അല്ലെങ്കില്‍ സ്തെഫാനൊസ് കണ്ട തുറന്നിരിക്കുന്ന സ്വര്‍ഗ്ഗം ആണ്.അല്ലെങ്കില്‍ യേശു ആത്മാവിനെ ഭരമേല്പിച്ച പിതാവിന്‍റെ തൃക്കൈ ആണ്. ''നീ വിശ്രമിച്ച് കാലാവസാനത്തിങ്കല്‍ നിന്‍റെ ഓഹരി ലഭിപ്പാന്‍ എഴുന്നേറ്റ് വരും'' എന്ന് ദാനിയേലിനോട് അരുളിയ വാക്കുകളും ഇവിടെ ചിന്തനീയം ആണ്.
16. പച്ചയായ കിടക്ക(1)
എന്‍റെ പ്രിയനെ നീ സുന്ദരന്‍,നീ മനോഹരന്‍;നമ്മുടെ കിടക്കയും പച്ചയാകുന്നു.Song1;16
യേശുവുമായുളള നമ്മുടെ സഖിത്വം വര്‍ദ്ധിക്കുന്നത് യേശുവിന്‍റെ ''സൗന്ദര്യം'' നാം എത്രത്തോളം ആസ്വദിക്കുന്നു എന്നതിനനുസരിച്ചാണ്.''യഹോവ നല്ലവനെന്ന് രുചിച്ചറിവിന്‍'' എന്ന തിരുവെഴുത്ത് ഇവിടെ ചിന്തനീയം ആണ്.
യേശുവിനെ ആസ്വദിക്കാന്‍ കഴിയാത്തവര്‍ പല സമയങ്ങളിലായി അവനെ വിട്ടുപോകും.വിരിഞ്ഞ് നില്ക്കയും സൗരഭ്യം പരത്തുകയും ചെയ്യുന്ന പൂവ് നയനമനോഹരവും സുഗന്ധപൂരിതവും ആണെങ്കിലും എല്ലാവരും അതിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നില്ല.
ശിഷ്യരെന്ന് കരുതിയ പലരും യേശുവിനെ വിട്ട് പോയി.പന്തിരുവരോട് നിങ്ങളും പോകുന്നുവൊ എന്ന് യേശു ചോദിച്ചപ്പോള്‍ ഹൃദയസ്പര്‍ശിയായ ഉത്തരം ആണ് പത്രോസ് അതിന് നല്കിയത്; ''കര്‍ത്താവെ ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും?നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്.''
വിട്ടുപോയവര്‍ക്ക് പോകാന്‍ പല ഇടങ്ങളും ഉണ്ട്.എന്നാല്‍ പന്തിരുവര്‍ക്ക് പോകാന്‍ അത്തരം ഇടങ്ങള്‍ ഇല്ല.കാരണം യേശുവിനെപ്പോലെ വേറൊരുവനെ വേറെങ്ങും കാണാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.കേവലം ഉപരിപ്ളവമായി മാത്രം ആണ് നാം യേശുവിനെ അറിയുന്നതെങ്കില്‍ യേശുവിനെപ്പോലെ ആയിരംപേരെ ലോകത്ത് കാണാനാവും.എന്നാല്‍ അറിയുന്തോറും ആഴം വര്‍ദ്ധിക്കുന്ന സാഗരസമനാണ് യേശുവെന്ന് അറിയുമ്പോള്‍ യേശുവിനെ പോലെ യേശു മാത്രമെ ഉളളു എന്ന് നാം അറിയും.
ആ അറിവ് യേശുവിനെ കൂടുതല്‍ അറിയാനുളള ആഗ്രഹത്തിലേക്ക് നമ്മെ നയിക്കും.അപ്പോള്‍ നാമും ആ പ്രിയയെപോലെ ആലങ്കാരികമായി യേശുവിനെ പറ്റി പറയും ''എന്‍റെ പ്രിയനെ നീ സുന്ദരന്‍,നീ മനോഹരന്‍;നമ്മുടെ കിടക്കയും പച്ചയാകുന്നു''.
17. പച്ചയായ കിടക്ക(2)
എന്‍റെ പ്രിയനെ ,നീ സുന്ദരന്‍,നീ മനോഹരന്‍;നമ്മുടെ കിടക്കയും പച്ചയാകുന്നു.Song1;16
23ാം സങ്കീര്‍ത്തനം നാമും ദൈവവും തമ്മിലുളള ബന്ധം ഇടയനും ആടും എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.അവിടെയും കിടക്ക പച്ചയാണെന്ന് കാണാം.''പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു'' എന്ന് വായിക്കുന്നു.പച്ചയായ പുല്പുറം ആടിന് സമൃദ്ധിയാണ്.
യേശു പറഞ്ഞത് താന്‍ വന്നത് ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനും ആണെന്നാണ്.Jn10;10
തന്നില്‍ വിശ്വസിക്കുന്നവനില്‍ നിന്ന് ജീവജലനദികള്‍ ഒഴുകും എന്നും യേശു പറഞ്ഞു.അവിടെയും സമൃദ്ധി കാണാനാവുകയാണ്.
''നമ്മുടെ കിടക്കയും പച്ചയാകുന്നു''.യേശുവിനോട് ചേര്‍ന്ന് അഥവാ ആ കൂട്ടായ്മയില്‍ ആണ് ആത്മീകജീവിതം നയിക്കേണ്ടതെന്ന് എന്നാണ് ഇതിന്‍റെ സാരം.യേശുവില്ലാതെ ഒറ്റയ്ക്ക് ആ കിടക്കയുടെ വിശ്രമം നാം അനുഭവിക്കാന്‍ പാടില്ല.
നിര്‍ഭാഗ്യവശാല്‍ ഇന്ന് അനേക ശുശ്രൂഷകള്‍ നാം ചെയ്യുന്നുണ്ടെങ്കിലും അതില്‍ നമ്മോടൊപ്പം യേശുവിന് എത്രത്തോളം പങ്കുണ്ട് എന്നത് ചിന്തനീയം അല്ലെ? സ്വന്തം ആത്മസംതൃപ്തി ആണ് പലതിലും നമുക്ക് മുഖ്യം.മറ്റുളളവരാല്‍ പ്രശംസ ലഭിക്കാനുളള ഒളിഞ്ഞിരിക്കുന്ന ഒരു ആന്തരീക ദാഹം നമ്മിലില്ലെ? ഇന്നത്തെ ഭാഷയില്‍ Like ഉകളുടെ എണ്ണം എന്നാണ് അതിന്‍റെ നിര്‍വ്വചനം.
ചെയ്യുന്നത് യേശുവിന്‍റെ ശുശ്രൂഷ ആണെങ്കിലും അതില്‍ യേശുവിന് പങ്കില്ലാതിരിക്കുന്ന സ്ഥിതി എത്ര ദയനീയം ആണ്.നാം ആത്മീക ശുശ്രൂഷകള്‍ ഒരുപാട് ചെയ്യുന്നുണ്ടെങ്കിലും അതില്‍ പോലും നാം സ്വാര്‍ത്ഥര്‍ ആണെന്നതാണ് സത്യം. യേശുവിനോട് ചേര്‍ന്ന് യേശുവിന്‍റെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ നമുക്ക് ഇടയാകട്ടെ.
18. മരുഭൂമിയിലെ കിടക്ക.
എന്‍റെ കിടക്കയില്‍ നിന്നെ ഓര്‍ക്കുകയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോള്‍...Psalms63;5
യഹൂദാ മരുഭൂമിയില്‍ വെച്ചാണ് ഈ സങ്കീര്‍ത്തനം ദാവീദ് രചിച്ചതെന്ന് ശീര്‍ഷകത്തില്‍ നിന്ന് മനസ്സിലാക്കാം.
താന്‍ ആയിരുന്ന സ്ഥലത്തെ വെളളമില്ലാതെ ഉണങ്ങി വരണ്ട ദേശം എന്നാണ് പറഞ്ഞിരിക്കുന്നത്V1.അല്പം ജലം നാവില്‍ തൊട്ട് ദേഹദാഹം ശമിപ്പിക്കാന്‍ വല്ലാതെ വാഞ്ചിച്ചുപോകുന്ന ആ സന്ദര്‍ഭത്തില്‍ ദാവീദ് തന്‍റെ ദാഹത്തെ ആത്മദാഹത്തിലേക്ക് വഴിതിരിച്ചുവിടുകയാണ്; ''എന്‍റെ ഉളളം നിനക്കായി ദാഹിക്കുന്നു;എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു''.
ദേഹത്തിന്‍റെ ദാഹത്തിന് തുളളി ജലം കിട്ടാനില്ലല്ലൊ എന്നോര്‍ത്ത് വിഷമിച്ചിരിക്കുന്നതിനെക്കാള്‍ ദാവീദ് ആഗ്രഹിച്ചത് ആത്മാവിലും ദേഹത്തിലും ഒരുപോലെ ദൈവീകസാമീപ്യം അനുഭവിക്കാനാണ്.
അവന്‍ തന്‍റെ കിടക്കയില്‍ കിടന്ന് ദൈവത്തെ ഓര്‍ക്കുകയാണ്.രാത്രിയാമങ്ങളില്‍ ദൈവത്തെ ധ്യാനിക്കയാണ്.
അങ്ങനെ ചെയ്തതുകൊണ്ടുണ്ടായ അത്ഭുത നേട്ടത്തിന്‍റെ വിവരണം V6ല്‍ വായിക്കുന്നു.''എന്‍റെ പ്രാണന് മജ്ജയും മേദസ്സും കൊണ്ടെന്നപോലെ തൃപ്തി വരുന്നു.എന്‍റെ വായ് സന്തോഷമുളള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.നീ എനിക്ക് സഹായമായി തീര്‍ന്നുവല്ലൊ.''
ഇല്ലാത്ത കാര്യങ്ങളോര്‍ത്ത് , നഷ്ടങ്ങളോര്‍ത്ത് വ്യാകുലപ്പെടുന്നതിനെക്കാള്‍ ഏത് സാഹചര്യത്തിലും അനുഭവിക്കാന്‍ കഴിയുന്ന ദൈവീകസാമീപ്യത്തിന് നാം മനസ്സ് വെച്ചാല്‍ ആകുലതകള്‍ കൊണ്ടുളള മാനസികസംഘര്‍ഷങ്ങള്‍ ഒഴിവാകും എന്ന് മാത്രമല്ല ആ സമയത്തും ശരീരവും മനസ്സും ഒരുപോലെ ആരോഗ്യത്തോടെ ദൈവത്താല്‍ കാക്കപ്പെടുകയും ചെയ്യും.
19. തീരുമാനങ്ങളുടെ കിടക്ക.
ഞാന്‍ യഹോവക്ക് ഒരു സ്ഥലം , യാക്കോബിന്‍റെ വല്ലഭന് ഒരു നിവാസം കണ്ടെത്തും വരെ ഞാന്‍ എന്‍റെ കൂടാര വീട്ടില്‍ കടക്കയില്ല;എന്‍റെ ശയ്യമേല്‍ കയറി കിടക്കയുമില്ല.Psalms132;3,4
ഇത് ദാവീദിന്‍റെ ഒരു നേര്‍ച്ചയാണ്.V2
എന്താണ് ഈ നേര്‍ച്ച നേരാനിടയായ സാഹചര്യം?
V1ല്‍ വായിക്കുന്നത് ''യഹോവെ, ദാവീദിനെയും അവന്‍റെ സകല കഷ്ടതയേയും ഓര്‍ക്കണമെ''
ദാവീദ് യഹോവയോട് പറയുന്നത് തന്നെ കഷ്ടങ്ങളില്‍ നിന്ന് വിടുവിച്ചാല്‍ യഹോവക്ക് ഒരു നിവാസം കണ്ടെത്തും വരെ താന്‍ കിടക്കയില്‍ കിടന്ന് വിശ്രമിക്കയില്ല എന്നാണ്.
ദാവീദ് ഒരു സുപ്രഭാതത്തില്‍ ഒരു ആലയം യഹോവക്ക് പണിയണം എന്ന് തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ടതല്ല.യഹോവക്ക് ഒരു നിവാസം പണിയണം എന്ന ആഗ്രഹത്തിലേക്കും തീരുമാനത്തിലേക്കും ദാവീദിനെ എത്തിച്ചത് അവന്‍ കടന്നുപോയ കഷ്ടങ്ങള്‍ ആണ്.
സാധാരണയായി കഷ്ടങ്ങള്‍ നമ്മെ നമ്മിലേക്ക് തന്നെ ചുരുക്കുകയും ബൃഹത്തായ വേലകള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കയും ചെയ്യും.എന്നാല്‍ ദാവീദിന്‍റെ ചരിത്രം തിരിച്ചാണ്.വളരെ ഗൗരവമായ തീരുമാനം ദാവീദ് എടുത്തത് കഷ്ടസമയങ്ങളില്‍ കൂടി കടന്നുപോയപ്പോഴാണ്.
ശാരീരിക പ്രയാസങ്ങളൊ കഠിനസാഹചര്യങ്ങളൊ ബാഹ്യസമ്മര്‍ദ്ദങ്ങളൊ കര്‍ത്താവിന് വേണ്ടിയുളള ബൃഹദ്പദ്ധതികളില്‍നിന്ന് നമ്മെ പിന്തിരിപ്പിച്ചിട്ടില്ലെ?
ദാവീദ് നമ്മുടെ മുമ്പില്‍ ഒരു വെല്ലുവിളിയായി നില്ക്കുന്നു.
ദൈവാലയം പണിതത് ദാവീദല്ല എന്നത് വസ്തുതയാണെങ്കിലും അതിനുളള സ്ഥലവും പണിവാന്‍ ആവശ്യമായ കല്ലുകളും മറ്റ് വസ്തുവകകളും അവന്‍ തന്‍റെ ജീവകാലത്ത് സംഭരിച്ചുവെച്ചു.അത് പണിയേണ്ട ആവശ്യമെ ശലോമോന് വന്നുളളു.
ഇളക്കിയ മണ്ണില്‍ ഇട്ട വിത്തെ പൊട്ടിമുളച്ച് വേര് പടര്‍ത്തി മുകളിലേക്ക് വളരു.ദൈവം നമ്മെ ചില കാഠിന്യങ്ങളിലൂടെ ''ഇളക്കുമ്പോള്‍'' നാം അവിടെ ചില ബൃഹദ്പദ്ധതികളുടെ ''തീരുമാനങ്ങളാകുന്ന വിത്തുകള്‍'' മനസ്സുറപ്പോടെ പാകി പ്രത്യക്ഷമായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നവരാകണം.
20. പ്രലോഭനത്തിന്‍റെ കിടക്ക.
''അവള്‍ അവന്‍റെ വസ്ത്രം പിടിച്ച് എന്നോടുകൂടെ ശയിക്ക എന്ന് പറഞ്ഞു''.Gen39:7,10,12
യോസേഫും പോത്തിഫറിന്‍റെ ഭാര്യയും ചില പ്രതീകങ്ങളായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു.
ജീവകാലം മുഴുവന്‍ ആ സ്ത്രീ യോസേഫിനെ പ്രലോഭിപ്പിച്ചതായി കാണുന്നില്ല. ചില പ്രത്യേക സമയങ്ങളില്‍ ആണ് അത് സംഭവിച്ചത്. പാപത്തിന്‍റെ പ്രലോഭനം സദാസമയവും നമുക്കില്ല. അതിന് ചില സമയങ്ങള്‍ ഉണ്ട്.
യോസേഫിനെ അവള്‍ പ്രലോഭിപ്പിച്ചത് എല്ലാവരും വീട്ടില്‍ ഉളളപ്പോഴല്ല, ഒറ്റയ്ക്കായിരുന്നപ്പോഴാണ്. കൂടുതല്‍ നാം പരീക്ഷിക്കപ്പെടുന്നതും പാപപ്രലോഭനത്താല്‍ വലയം ചെയ്യപ്പെടുന്നതും ഒറ്റയ്ക്കാകുമ്പോഴാണ്. ഏകാന്തവേളകളില്‍ ആത്മനിയന്ത്രണത്തിന്‍റെ ചരട് പൊട്ടാതവണ്ണം സൂക്ഷിക്കേണ്ടതാണ്.
അവള്‍ യോസേഫിന്മേല്‍ കണ്ണ് വെച്ചത് അവന്‍ കോമളനും മനോഹരരൂപനും ആയതുകൊണ്ടാണ്.V7
രക്ഷിക്കപ്പെടുന്ന നിമിഷം മുതല്‍ നാം ആത്മസൗന്ദര്യം ഉളളവരാകുന്നു.നാം വിശുദ്ധരും നിഷ്കളങ്കരും കറ ചുളുക്കം മുതലായത് ഇല്ലാത്തവരും എന്ന് വായിക്കുന്നു.Eph5:26,27 നമ്മെ കാന്ത അഥവാ മണവാട്ടി എന്നും പറഞ്ഞിരിക്കുന്നു. കാന്തയുടെ സൗന്ദര്യം ഉത്തമഗീതത്തില്‍ വര്‍ണ്ണിക്കപ്പെടുന്നത് ഇങ്ങനെയാണ്: ''പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവെ , ഞാന്‍ നിന്‍റെ മുഖം ഒന്ന് കാണട്ടെ;നിന്‍റെ സ്വരം ഒന്ന് കേള്‍ക്കട്ടെ;നിന്‍റെ സ്വരം ഇമ്പമുളളതും മുഖം സൗന്ദര്യമുളളതും ആകുന്നു''.2;14
സൗന്ദര്യപൂര്‍ണ്ണരായിരുന്ന ആദമിനെയും ഹവ്വയെയും ചതിച്ചു വീഴ്ത്തിയതുപോലെ ആത്മസൗന്ദര്യരൂപികളായ നമ്മെ ചതിയില്‍ പെടുത്തി കളങ്കപ്പെടുത്തുക എന്നത് പിശാചിന്‍റെ ലക്ഷ്യം ആണ്.നാം പാപചതിയില്‍ പെട്ട് സൗന്ദര്യം നഷ്ടപ്പെട്ട വിരൂപാത്മാക്കള്‍ ആവാതിരിക്കാന്‍ ഇടയാകട്ടെ.
21. മടിയന്‍റെ കിടക്ക.
''കതകു ചുഴിക്കുറ്റിയില്‍ എന്ന പോലെ മടിയന്‍ തന്‍റെ കിടക്കയില്‍ തിരിയുന്നു''.Pro26;14
അനേക കാര്യങ്ങള്‍ തിരുവെഴുത്ത് മടിയന്മാരെ കുറിച്ച് പറയുന്നുണ്ട്.മടി അഥവാ അലസത ജീവിതത്തെ മുച്ചൂടും മുടിക്കാന്‍ പോന്ന ഒരു നിര്‍ഗുണം ആണ്.അലസന്മാര്‍ ബലഹീനരൊ കഴിവില്ലാത്തവരൊ ആശയങ്ങള്‍ ഇല്ലാത്തവരൊ അല്ല.തുനിഞ്ഞിറങ്ങിയാല്‍ എന്തും നേടിയെടുക്കാന്‍ പ്രാപ്തരായിരിക്കും.പക്ഷെ ചെയ്യില്ല.അനാവശ്യ ഒഴികഴിവുകള്‍ പറഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നത് നാളേക്ക് നാളേക്ക് നീട്ടികൊണ്ടുപോകും.
അലസതയിലേക്ക് നയിക്കുന്ന ഒരു ഘടകം ഭയം ആകാം.''വഴിയില്‍ കേസരി ഉണ്ട്,തെരുക്കളില്‍ സിംഹം ഉണ്ട് എന്നിങ്ങനെ മടിയന്‍ പറയുന്നു''.Pro26;13
സഭാകമ്പം കാരണം കഴിവുളള പലരും ഒന്നും ചെയ്യാതെ മടിപിടിച്ച് ഒന്നുമല്ലാത്തവരായി പോയിട്ടുണ്ട്.അവര്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ചരിത്രം വഴിമാറുമായിരുന്നിരിക്കാം.
''കതകു ചുഴിക്കുറ്റിയില്‍'' --ഒരു കതക് അനേക നാളുകള്‍ തുറക്കാതിരുന്നാല്‍ അതിന്‍റെ ചുഴിക്കുറ്റി തുരുമ്പിച്ച് തുറക്കാനാവാത്തതുപോലെ അലസത മനസ്സിനെ തുടര്‍ച്ചയായി ബാധിച്ചാല്‍ ഒന്നും ചെയ്യാനാവാതെ എന്നേക്കുമായി അത്തരത്തിലുളളവര്‍ മുരടിച്ച് പോകും.
മടിയന്‍ ജീവിതത്തിന്‍റെ സമസ്തമേഖലകളിലും അങ്ങനെ ആയിരിക്കണമെന്നില്ല.ആത്മീകകാര്യങ്ങളില്‍ തികച്ചും മടിയരായവര്‍ അവരുടെ ദൈനംദിന ജീവിതസന്ധാരണ കാര്യങ്ങളില്‍ വളരെ ഉത്സുകരായിരുന്നെന്ന് വരാം.തിരിച്ചും സംഭവിക്കാം.
''ഞാന്‍ മടിയന്‍റെ കണ്ടത്തിന്നരികേയും ബുദ്ധിഹീനന്‍റെ മുന്തിരിതോട്ടത്തിന് സമീപെയും കൂടി പോയി.അവിടെ മുളള് പടര്‍ന്ന് പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്‍റെ കന്മതില്‍ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.ഞാന്‍ അതു നോക്കി വിചാരിക്കയും അത് കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു''. Prov24;30,31.
22. സ്വസ്ഥതയുടെ കിടക്ക.
''അവള്‍ വീട്ടില്‍ വന്നപ്പോള്‍ , മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു''Mark7;30
ഇവള്‍ ഒരു അന്യജാതിക്കാരി സ്ത്രീ ആയിരുന്നു.അവള്‍ക്ക് ഒരു ചെറിയ മകള്‍ ഉണ്ടായിരുന്നു.ആ കുഞ്ഞ് അശുദ്ധാത്മാവ് ബാധിച്ച് വളരെ വിവശയായിരുന്നു.ആ കുഞ്ഞിന് വേണ്ടി യേശുവിനോട് അപേക്ഷിച്ച് തിരികെ വന്ന അമ്മ കണ്ടത് മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയിരിക്കുന്നതുമായാണ്.
എന്തുകൊണ്ടാണ് അവള്‍ കിടക്കമേല്‍ കിടക്കുന്നത് കണ്ടതായി എടുത്തു പറഞ്ഞിരിക്കുന്നത്?
കാരണം കിടക്ക ആ കുഞ്ഞിന് അന്യം ആയിരുന്നു.സ്വസ്ഥമായി കിടക്കാന്‍ അശുദ്ധാത്മാവ് ആ കുഞ്ഞിനെ അനുവദിച്ചിരുന്നില്ല.ആ കുഞ്ഞും അതിന്‍റെ അമ്മയും ഉറക്കം നഷ്ടമായി ജീവിച്ചവരാണ്.മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും അവരെ വല്ലാതെ ബാധിച്ചിരുന്നു.
പരിഹാരത്തിനായി വാതിലുകള്‍ മുട്ടി പരാജയപ്പെട്ട ആ യുവതി വളരെ പ്രതീക്ഷയോടെ യേശുവിനടുക്കല്‍ എത്തി. യേശുവില്‍ നിന്ന് പലവട്ടം നിരാസം നേരിട്ടെങ്കിലും തുടര്‍ച്ചയായി മുട്ടിയും യാചിച്ചും അന്വേഷിച്ചും അവള്‍ അവളുടെ ആവശ്യം നേടിയെടുത്തു.തിരികെ വീട്ടില്‍ വന്ന അവള്‍ തന്‍റെ കുഞ്ഞ് സ്വസ്ഥമായി കട്ടിലില്‍ കിടന്നുറങ്ങുന്നതു കണ്ടു.
വിവിധ കാരണങ്ങളാല്‍ അനേകര്‍ ഉറക്കം നഷ്ടപ്പെട്ട് ജീവിക്കുന്നു എന്നത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യം ആണ്. പുറമെ കാണുന്ന ശാന്തത പൊയ്മുഖം മാത്രം ആണ്. അകത്ത് പ്രശ്നങ്ങള്‍ നീറിപുകയുകയാണ്. വിലകൂടിയ കിടക്കകളില്‍ കിടക്കുമ്പോഴും നിദ്ര നയനത്തിലേക്ക് വിരുന്നെത്താതെ തിരിഞ്ഞും മറിഞ്ഞും രാത്രി തളളിനീക്കുകയാണ് അനേകരും. പരിഹാരം നീളുന്തോറും രോഗങ്ങളാല്‍ നാം ജപ്തി ചെയ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ ആ കുഞ്ഞിന്‍റെ അമ്മ ചെയ്തതെ നമുക്കും ചെയ്യാനുളളു.സ്വസ്ഥ ജീവിതത്തിനായി യേശുവിന് മുമ്പാകെ യാചിച്ചുകൊണ്ടെ ഇരിക്കുക.
23. ഇസബെലിന്‍റെ കിടക്ക.
''ഞാന്‍ അവളെ കിടപ്പിലാക്കും;അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പ് വിട്ട് മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കികളയും''Rev2;22
തുയഥൈര സഭയ്ക്കും ഒപ്പം നമുക്കും ഉളള മുന്നറിയിപ്പ് ആണിത്. ദൈവസഭയ്ക്കകത്ത് ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സഭാനേതൃത്വം അനുവദിക്കുന്നതിനെതിരെയുളള മുന്നറിയിപ്പ് കൂടിയാണിത്.
ദുര്‍ന്നടപ്പ് ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്നാനും ദൈവജനത്തെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഇസബെല്‍ എന്ന സ്ത്രീയെ അനുവദിക്കുന്നു എന്ന ഗൗരവകരമായ കുറ്റം ആണ് ആ സഭയ്ക്കുളളത്.V20
V21ലേക്ക് വരുമ്പോള്‍ വായിക്കുന്നത് ''ഞാന്‍ അവള്‍ക്ക് മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പു വിട്ട് മാനസാന്തരപ്പെടാന്‍ അവള്‍ക്ക് മനസ്സില്ല.''
ഈക്കുട്ടര്‍ക്ക് മാനസാന്തരപ്പെടാന്‍ സമയം കൊടുത്തിരിക്കുന്നത് സഭാനേതൃത്വം അറഞ്ഞിട്ടില്ല എന്നതാണ് ദുഖകരം.മാത്രമല്ല സഭയ്ക്കകത്ത് അവരെ അനുവദിക്കുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ മാനസാന്തരപ്പെടാത്തതിന് കാരണം സഭാനേതൃത്വത്തിന്‍റെ മൗനാനുവാദം ആണെന്ന് കൂടി വരുന്നു.
''അനുവദിക്കുന്നു'' എന്നത് തുറന്നു ശാസിക്കുന്നില്ല എന്നാണര്‍ത്ഥം.തുറന്ന ശാസന ഇല്ലാതിരിക്കുമ്പോള്‍ തെറ്റുകള്‍ പുല്‍നാമ്പുകളായി മുളക്കയും അത് പിന്നീട് പറിച്ച് കളയാനാവാത്ത കളയായി വളരുകയും ചെയ്യുന്നു.
'അനുവദിക്കുന്നു' എന്ന തെറ്റാണ് അവര്‍ ചെയ്യുന്നത്.അവരുടെ പാപങ്ങളില്‍ പങ്കുകാരല്ല.പക്ഷെ 'അനുവദിക്കുന്നു' എന്ന കാരണത്താല്‍ പലരും ഇസബെലിന്‍റെ ഇടപാടുകാരായി മാറുന്ന സ്ഥിതി സംജാതമാകുന്നു. മാത്രമല്ല ഒരു സഭയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉളവാകുന്ന സ്ഥിതിയിലേക്കും കാര്യങ്ങള്‍ വരുന്നു.
അവര്‍ പഠിപ്പിക്കുന്ന ദുരുപദേശത്തിന്‍റെ പാപപരിണിതമായ ശിക്ഷ ''അനുവദിക്കുന്നവര്‍ക്കല്ല'' ഉപദേശം കൈക്കൊണ്ടവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത് എന്നത് ചിന്തനീയം ആണ്. V22 ദൂര്‍ത്തപുത്രന്‍റെ അപ്പന്‍ ദൂര്‍ത്തപുത്രനെ പോകാന്‍ 'അനുവദിച്ചു'. ആ അനുവാദത്തില്‍ അപ്പന്‍ നശിച്ചില്ല. പോയ മകനാണ് നശിച്ചത്. ''അനുവദിക്കുന്നതിലെ'' തെറ്റും ശരിയും വിചിന്തനം ചെയ്യേണ്ടത് തന്നെയെങ്കിലും അനുവദിക്കുന്നവര്‍ക്കല്ല നഷ്ടം സംഭവിക്കുക പിന്നെയൊ ആ അനുവാദത്തിന്‍റെ ആനുകുല്യത്തില്‍ തെറ്റു ചെയ്യുന്നവര്‍ക്കാണ്.
24. മറവാകുന്ന കിടക്ക.
വിളക്കു കത്തിച്ച് പറയിന്‍ കീഴിലൊ കട്ടില്ക്കീഴിലൊ വെക്കുമാറുണ്ടൊ? വിളക്ക് തണ്ടിന്മേലല്ലയൊ വെക്കുന്നത്? Mark4;21
അതിശയോക്തിയോടെയാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.കാരണം വിളക്കു കത്തിച്ച് കട്ടില്ക്കീഴിലും പറയിന്‍കീഴിലും ഒക്കെ വെക്കുന്നത് അസാധാരണ പ്രവര്‍ത്തിയാണ്.നല്ല ബോധമുളളവര്‍ അങ്ങനെ ചെയ്യില്ല.
കത്തിക്കാത്ത വിളക്ക് പറയിന്‍ കീഴിലൊ കട്ടില്ക്കീഴിലൊ വെക്കാം.അതൊരു കുഴപ്പമായി ആരും പറയില്ല.എന്നാല്‍ കത്തിച്ച വിളക്ക് വെച്ചാല്‍ അതിന്‍റെ ശരിയായ സ്ഥാനം അതല്ല എന്ന് കണ്ട് നില്ക്കുന്ന ആരും പറയും.വിളക്കു കത്തുന്നു എന്നതാണ് കാരണം. കത്തി പ്രകാശം കൊടുക്കാന്‍ ആരംഭിച്ചാല്‍ പിന്നെ അതിന്‍റെ സ്ഥാനം വിളക്ക് തണ്ടിന്മേല്‍ ആണ്.കാരണം പ്രകാശത്തിന് മറവുണ്ടാകാന്‍ പാടില്ല എന്നത് പൊതുതത്ത്വം ആണ്.
യേശു നമ്മെക്കുറിച്ച് പറഞ്ഞത് ''നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു;മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല'' .Mat5;14
ചിന്താവാക്യത്തില്‍ കട്ടിലും പറയും ആണ് വെളിച്ചത്തിന് മറവായി വരുന്നതെന്ന് കാണുന്നു. കട്ടില്‍ ആത്മീക അലസതയെ പ്രതിനിധാനം ചെയ്യുകയാണ്. ലജ്ജയും നിന്ദയും അപമാനവും ഭയന്നുളള സുവിശേഷീകരണത്തിലെ അലസത, ആത്മീക വളര്‍ച്ചയ്ക്കുളള അലസത എന്നിവയൊക്കെ അതില്‍ പെടുന്നു.
പറ ധാന്യം അളക്കുന്ന കുട്ടയാണ്.എന്തു തിന്നും എന്ത് കുടിക്കും എന്നിങ്ങനെ നാളെയെക്കുറിച്ചുളള വിചാരങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് പറയിന്‍കീഴ്.മാത്രമല്ല ധനസമൃദ്ധിയെകൂടി അത് പ്രതിനിധാനം ചെയ്യുന്നു.
ലൗകിക ഇമ്പങ്ങള്‍, വര്‍ദ്ധിച്ച ധനം,ചിന്താഭാരങ്ങള്‍ തുടങ്ങിയവയ്ക്ക് കീഴെ നമ്മുടെ ആത്മീക വെളിച്ചം അമര്‍ന്നു പോകാന്‍ ഇടയാവരുത് എന്ന് നമ്മെ ഓര്‍പ്പിക്കയാണ്.
25. അഭിനയ കിടക്ക.
''യോനാദാബ് അവനോട് :നീ രോഗം നടിച്ച് കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണുവാന്‍ നിന്‍റെ അപ്പന്‍ വരുമ്പോള്‍ നീ അവനോട് :എന്‍റെ സഹോദരിയായ താമാര്‍ വന്ന് എന്നെ ഭക്ഷണം കഴിപ്പിക്കേണം.....''2Sam13:5
തിരുവെഴുത്ത് പല അഭിനയവീരരുടെ തനിനിറം അനാവരണം ചെയ്തിട്ടുണ്ട്.ഈ ലോകത്ത് നന്നായി അഭിനയിക്കുന്ന നടന്മാര്‍ക്ക് അവാര്‍ഡുകള്‍ കിട്ടും.എന്നാല്‍ ദൈവത്തിന് മുമ്പില്‍ അഭിനയവും കൊണ്ട് ചെന്നാല്‍ മരണം ആണ് അവാര്‍ഡായി കിട്ടുക.
അനന്യാസും സഫീരയും അഭിനയശ്രമം പരാജയപ്പെട്ട് മരണമടഞ്ഞവരാണ്.
യൂദാസ് ചുംബനം എന്ന അഭിനയത്തിലൂടെ യേശുവിനെ കാണിച്ചുകൊടുത്തെങ്കിലും ചില മണിക്കൂറുകള്‍ക്കുളളില്‍ കെട്ടിതൂങ്ങി ചാകേണ്ട ഗതികേടുണ്ടായി.
ദാവീദ് ബേത്ശേബയോട് അരുതായ്മ ചെയ്തശേഷം അത് ഊരിയാവിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ സ്നേഹം അഭിനയിച്ച് അവനെ വീട്ടില്‍ പറഞ്ഞ് വിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്ന് മാത്രമല്ല ദൈവം അവന്‍റെ അഭിനയത്തിന് ശിക്ഷ നല്കിയത് അവിശുദ്ധ ബന്ധത്തില്‍ അവന് ജനിച്ച കുഞ്ഞിന്‍റെ ജീവനെടുത്തുകൊണ്ടാണ്.
ചിന്താവാക്യത്തിലെ കഥാപാത്രമായ അമ്നോനും അഭിനയവീരനായിരുന്നെങ്കിലും താമസിയാതെ അവന് ലഭിച്ചതും മരണം ആണെന്ന് കാണാം.
മനുഷ്യരുടെ മുമ്പാകെ അഭിനയം വിലപ്പോകുമായിരിക്കാം. എന്നാല്‍ ദൈവമുമ്പില്‍ അതിന് വിലയില്ലെന്ന് മാത്രമല്ല ദൈവം ഏറ്റവും വെറുക്കുന്ന ഒന്നാണതെന്നും ഗൗരവത്തോടെ അറിഞ്ഞിരിക്കണം.
പരീശരെ യേശു പരസ്യമായി ഖണ്ഡിച്ചതും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിനും കാരണം ആത്മീക അഭിനയം അവരുടെ മുഖമുദ്രയായിരുന്നു എന്നതിനാലാണ്.
ഏറ്റവും നികൃഷ്ടമായ കാര്യം ചെയ്യാന്‍ അമ്നോന്‍ അഭിനയം നടിച്ച് കിടക്കയിലേറിയപ്പോള്‍ അതിനാല്‍ തകര്‍ന്നത് നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ആണ്. വിതച്ചത് കൊയ്തെന്ന് പറയുന്നതുപോലെ താമസിയാതെ അവന്‍റെ ജീവിതവും തകര്‍ന്നു. അഭിനയത്തിലൂടെ താത്കാലിക നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാം. എന്നാല്‍ കാലചക്രത്തിന്‍റെ തിരിവിങ്കല്‍ പക്ഷി പറന്നുപോകുന്നതുപോലെ ആ നേട്ടങ്ങള്‍ കൈയില്‍നിന്ന് നഷ്ടമാകും.
26. അര്‍ഹതപ്പെട്ടത് നഷ്ടമാക്കിയ കിടക്ക.
എങ്കിലും അവന്‍ തന്‍റെ പിതാവിന്‍റെ ശയ്യയെ അശുദ്ധമാക്കിയത് കൊണ്ട് അവന്‍റെ ജ്യേഷ്ടാവകാശം യിസ്രായേലിന്‍റെ മകനായ യോസെഫിന്‍റെ പുത്രന്മാര്‍ക്ക് ലഭിച്ചു.1Chroni5;1
ഇത് രൂബെനെക്കുറിച്ചുളള പരാമര്‍ശം ആണ്.രൂബേന്‍ അരുതാത്ത തെറ്റ് ചെയ്തപ്പോള്‍ (Gen 35;22)അതിന്‍റെ വ്യാപ്തി അവനില്‍ മാത്രം അല്ല തലമുറകളിലേക്ക് കൂടി നീണ്ടുചെന്നു.
അകൃത്യം ആര് ചെയ്താലും നാലാം തലമുറ വരെ അത് സന്ദര്‍ശിക്കുമെന്നും, ദൈവകല്പന പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറ വരെ ദയ കാണിക്കും എന്നുളളത് പഴയ നിയമ പ്രമാണം ആണ്. Exo20;5,6 അകൃത്യത്തില്‍ നിന്ന് കൈ പിന്‍വലിച്ച് ദൈവത്തെ ഭയപ്പെട്ട് നന്മ പ്രവര്‍ത്തിക്കേണ്ടതിനായാണ് അത്തരം കല്പനകള്‍ നല്കപ്പെട്ടത്.
രൂബേന്‍ ചെയ്ത പാപത്തിന്‍റെ ഭാരവും നാണക്കേടും അവഹേളനങ്ങളും തലമുറകള്‍ ചുമക്കേണ്ടി വരിക എന്നത് എത്രയൊ അപലപനീയം ആണ്.നാം നന്മതിന്മകള്‍ ചെയ്യുമ്പോള്‍ അതിന്‍റെ സദ്ക്കീര്‍ത്തി ദുഷ്കീര്‍ത്തികള്‍ നമ്മുടെമേല്‍ മാത്രം അല്ല മക്കളേയും അവരുടെ മക്കളേയും ബാധിക്കും എന്ന് നാം അറിഞ്ഞിരിക്കണം.
രൂബേന്‍റെ ജ്യേഷ്ഠാവകാശം ചെന്ന് ചേര്‍ന്നത് യോസേഫിനാണ്.യോസേഫിനെ മരണത്തില്‍ നിന്ന് രക്ഷിച്ച വ്യക്തിയാണ് രൂബേന്‍. Gen37;19-21;29,30. രൂബേന്‍റെ ജീവിതത്തിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തിയാണത്. ഈ നന്മകള്‍ ജീവിതത്തിലുളളപ്പോള്‍ തന്നെ അവന്‍റെ ജീവിതത്തില്‍ സംഭവിച്ച അരുതായ്മ ജ്യേഷ്ടാവകാശത്തെ നഷ്ടമാക്കയും തലമുറകളിലേക്ക് അവഹേളനം എത്താന്‍ ഇടയാക്കുകയും ചെയ്തു.
പാപം എത്ര ഭീകരം.അത് നമ്മിലെ നന്മയുടെ കീര്‍ത്തിയെക്കൂടി വിഴുങ്ങിക്കളയും.
27. അനീതിയുടെ സന്തതികളുടെ കിടക്ക.
കിടക്കമേല്‍ നീതികേട് നിരൂപിച്ച് തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യൊ കഷ്ടം. Micah2;1
ഇവര്‍ സാധാരണക്കാരല്ല.കിടക്കയില്‍ നിരൂപിച്ച നീതികേടിന്‍റെ തിന്മ പുലരുമ്പോള്‍ തന്നെ നടത്തിയെടുക്കാന്‍ അവര്‍ പ്രാപ്തരാണ്. അവര്‍ അന്യന്‍റെ വയലുകളും വീടുകളും കൈക്കലാക്കുന്നു. അവര്‍ മറ്റുളളവരെ പീഡിപ്പിക്കുന്നു.V2 കയ്യൂക്കിന്‍റെ ബലത്തില്‍ കാര്യം നേടുന്ന അനീതിയുടെ സന്തതികളാണവര്‍.
നാബോത്തിന്‍റെ നിലം അന്യായമായി കൈക്കലാക്കിയ ആഹാബിന്‍റെ ചരിത്രം ഇതിന് ദൃഷ്ടാന്തം ആണ്. ആഹാബിന്‍റെ ഭാര്യയായ ഇസേബെലിന്‍റെ കുബുദ്ധിയില്‍ ഇരുട്ടി വെളുത്തപ്പോള്‍ നാബോത്തിന്‍റെ നിലം ആഹാബിന് സ്വന്തം ആയെന്ന് മാത്രമല്ല നിരപരാധിയായ നാബോത്തിനെ കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്തു.
ആത്മീക ലോകത്തും അനീതിയുടെ ദൃഷ്ടാന്തങ്ങള്‍ അനവധി ഉണ്ട്.ബിലെയാമിനെ മോവാബ്യരാജാവായ ബാലാക്ക് വിളിപ്പിച്ചത് യിസ്രായേലിനെ ശപിക്കാനാണെങ്കിലും അവന് അതിന് കഴിഞ്ഞില്ല. അതിന് പകരമായി യിസ്രായേല്‍മക്കളെ മോവാബ്യസ്ത്രീകളുമായി മലിനപ്പെടുത്താന്‍ കഴിയുന്ന ബുദ്ധി അവന്‍ ഉപദേശിച്ചതായി കാണാം. Numb31;15,16. അത് അവന്‍ അനീതിയുടെ കൂലി കൊതിച്ചിട്ടാണെന്ന് പത്രോസ് പറയുന്നു. 2Pet2;15,16
അറിഞ്ഞൊ അറിയാതെയൊ ഇതിന്‍റെ ആധുനിക പതിപ്പുകള്‍ ഇന്നും ആത്മീകലോകത്തില്‍ കളങ്കങ്ങളായി നിലകൊളളുന്നു.ബിലെയാമിന്‍റെ വായില്‍ അനുഗ്രഹവും ഉളളില്‍ കുബുദ്ധിയും ഉണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ അവന്‍ അനുഗ്രഹത്തിന്‍റെ വക്താവും മറവില്‍ നിന്ന് ദുഷ്ടത ഉപദേശിക്കുന്നവനും ആണ്. ഇങ്ങനെയൊക്കെ ആയിരിക്കുന്നവരുടെ പിന്നിലെ ലക്ഷ്യം അനീതിയുടെ കൂലിയാണ്.
28. തവള കയറിയ കിടക്ക.
''തവള കയറി നിന്‍റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്‍റെ ഭൃത്യന്മാരുടെ വീടുകളിലും നിന്‍റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.''Exo8;3,4
ഇത് മിസ്രയീമിന്മേല്‍ വന്ന ദൈവീകന്യായവിധി ആണ്.അവരുടെമേല്‍ അയച്ച പത്ത് ബാധകളില്‍ ഒന്നാണെന്നും കാണാം.മിസ്രയീമ്യര്‍ ആരാധിക്കുന്ന നൈല്‍നദിയിലാണ് ഈ തവളകള്‍ പെറ്റു പെരുകിയത്. ആരാധിച്ചിരുന്ന നദി ഇപ്പോള്‍ അവര്‍ക്ക് ശാപകാരണമായി.
നൈല്‍നദി മിസ്രയീമ്യര്‍ക്ക് ഫലഭൂയിഷ്ടമായ കൃഷിഫലങ്ങള്‍ നല്കിയിരുന്നതാണ്.അവരുടെ സമൃദ്ധിയുടെ ഉറവിടം ആയിരുന്നു ആ നദി.എന്നാല്‍ ഇപ്പോള്‍ അതില്‍നിന്ന് നിന്ന് കൂട്ടത്തോടെ തവളകള്‍ കയറിവരുന്നു.അത് മിസ്രയീമ്യരുടെ സ്വൈരജീവിതം അപ്പാടെ തകര്‍ത്തുകളഞ്ഞു.വീടുകളിലേക്കും ശയനഗൃഹങ്ങളിലേക്കും കട്ടിലിന്മേലും അവ കയറി.അവരുടെ ശരീരത്തിലും കയറി.V4 ഭക്ഷണം ഉണ്ടാക്കാന്‍പോലും കഴിയാത്ത നിലയിലേക്ക് അവ കയറി.
അനുഗ്രഹം ശാപത്തിലേക്ക് വഴി മാറിയാല്‍ അത് എത്ര ഭയങ്കരം എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.
ലഭിച്ചിരിക്കുന്ന നന്മകളും അനുഗ്രഹങ്ങളും ദൈവത്തെ മറക്കാനും ദൈവത്തോട് മറുതലിക്കാനും കാരണമായാല്‍ അതേ നന്മകളും അനുഗ്രഹങ്ങളും നമ്മുക്ക് ശാപകാരണമാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയും എന്നത് ഈ ഭാഗത്ത് നിന്ന് നമുക്ക് ലഭിക്കുന്ന വലിയ മുന്നറിയിപ്പ് ആണ്.
29. എടുക്കപ്പെടുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ കിടക്ക.
''ആ രാത്രിയില്‍ രണ്ട് പേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും.ഒരുത്തനെ കൈക്കൊളളും മറ്റവനെ ഉപേക്ഷിക്കും.''Luke 17;34
ആകസ്മികമായ വേര്‍പാട് ഇവിടെ സംഭവിക്കുകയാണ്. അതിനെ നോഹയുടെ കാലത്തോടും ലോത്തിന്‍റെ കാലത്തോടും ആണ് ഉപമിച്ചിരിക്കുന്നത്.17;26-30
എടുക്കപ്പെട്ടവരും വിടുവിക്കപ്പെട്ടവരും ഒരു പോലെ കിടക്കയില്‍ ആയിരുന്നവരാണ്, ഭൂമിയുടെ മടിത്തട്ടില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരെയും അത് പ്രതിനിധാനം ചെയ്യുന്നു. ഈ ഭൂമി എന്ന കിടക്കയില്‍ ആയിരിക്കുന്നവരില്‍ നിന്ന് രക്ഷിക്കപ്പെട്ടവരെ ദൈവം എടുത്തുകൊളളുമ്പോള്‍ അല്ലാത്തവര്‍ ഇവിടെ കൈവിടപ്പെട്ടവരായി മാറുന്നു.
ഒരു കിടക്കയില്‍ രണ്ട് പേര്‍ ആയിരിക്കുക എന്നത് സൗഹൃദത്തേയും ഒരുമയേയും കാണിക്കുന്നതാണ്. സൗഹൃദം കൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ട്.ഭൂമിയില്‍ മഹത്തായ കാര്യങ്ങള്‍ സൗഹൃദങ്ങളിലൂടെ ചെയ്യാനാവും. സൗഹൃദത്തിലൂടെ സുഹൃത്തുക്കളായവര്‍ മരണത്തില്‍ പോലും ഒന്നായിട്ടുളളവര്‍ ഉണ്ട്. എന്നാല്‍ കര്‍ത്താവിനടുക്കലേക്ക് എടുക്കപ്പെടുന്ന കാര്യത്തില്‍ സൗഹൃദങ്ങളൊന്നും ദൈവം കണക്കിലെടുക്കുന്നില്ല. പുത്രന്‍റെ രക്തത്താല്‍ പാപമോചനം നേടുക എന്നതാണ് അതിന്‍റെ അളവുകോല്‍.
ഈ ലോകത്ത് നമുക്ക് വിശ്വാസികളല്ലാത്ത സൗഹൃദങ്ങളും സുഹൃത്തുക്കളും ഉണ്ടാകുന്നതൊക്കെ നല്ലതു തന്നെ. എന്നാല്‍ ക്രിസ്തുവിന്‍റെ വരവില്‍ അവരും കൂടെ നമ്മോടൊപ്പം എടുക്കപ്പെടാന്‍ തക്കവണ്ണം അവരോട് സുവിശേഷ സന്ദേശം പങ്കുവെക്കാനുളള ഉത്തരവാദിത്തം നമുക്കുണ്ടെന്നത് മറക്കരുത്. ''നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ,നന്മയ്ക്കായി ആത്മീക വര്‍ദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം''Rom15;.
30. കിടക്ക ചുമന്ന് നടന്നവന്‍(1)
''യേശു അവനോട് ; എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്ത് നടക്കുക എന്ന് പറഞ്ഞു'' John5;8
മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ച് കിടന്ന ഒരു മനുഷ്യന്‍റെ കഥയാണിത്.അവനെ കണ്ട യേശു ആദ്യമെ ചോദിക്കുന്നത് സൗഖ്യമാകാന്‍ നിനക്ക് മനസ്സുണ്ടൊ എന്നാണ്.
ആ ചോദ്യം അത്ര ശരിയല്ല എന്ന് നമുക്ക് തോന്നിയേക്കാം. സൗഖ്യം ആര് നല്കിയാലും അത് സ്വീകരിക്കാനാണ് രോഗി എപ്പോഴും തയ്യാറായിരിക്കുക. പിന്നെന്തുകൊണ്ടാണ് യേശു ഇങ്ങനെ ചോദിച്ചത്?
കഴിഞ്ഞ മുപ്പത്തെട്ട് വര്‍ഷമായി അവന്‍ സ്വപ്രയത്നത്തിലൂടെ അവന്‍റെ രോഗത്തിന് സൗഖ്യം നേടാനുളള പരിശ്രമത്തിലാണ്.John5;7 ാം വാക്യത്തില്‍ നിന്ന് അത് മനസ്സിലാക്കാം.
ഇക്കാലമത്രയും അതിനുളള അവന്‍റെ പ്രയത്നം വ്യര്‍ത്ഥമായിത്തീര്‍ന്നു എന്ന് അവന് തന്നെ അറിയാം. എന്നിട്ടും ആ വ്യര്‍ത്ഥപ്രവര്‍ത്തിയെ വിട്ട് കളയാന്‍ അവന്‍ തയ്യാറായിട്ടില്ല. ഇക്കാലമത്രയായിട്ടും ''വ്യര്‍ത്ഥമായ പ്രത്യാശയോടെ'' അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.അതുകൊണ്ട് യേശു അവനോട് ചോദിക്കയാണ് എഞ്ഞാല്‍ സൗഖ്യമാകുവന്‍ നിനക്ക് മനസ്സുണ്ടൊ? അതായത് നിന്‍റെ സ്വപ്രയത്നങ്ങളെ വിട്ട്, സ്വയാശ്രയങ്ങളെ ഉപേക്ഷിച്ച് ഒരു വേള എന്നില്‍ നീ ആശ്രയം വെക്കുമൊ?
പാപമോചനത്തിനായി , നമ്മെ നട്ടം തിരിയിച്ച് കരളുലച്ചു കളയുന്ന കഠിനപ്രശ്നങ്ങളുടെ പരിഹാരത്തിനായി , നമ്മെ അലട്ടുന്ന ചില രോഗങ്ങളുടെ സൗഖ്യത്തിനായി നാം ഇന്നുവരെ ചിലതിലൊക്കെ ആശ്രയിച്ച് പരാജയപ്പെട്ടിട്ടും വ്യര്‍ത്ഥമായ പ്രത്യാശയോടെ ഇന്നും അതുതന്നെ തുടര്‍ന്നുപോകുകയാണൊ?
ഇന്ന് കര്‍ത്താവ് നമ്മോടും ചോദിക്കുന്നത് അല്പസമയം നിന്‍റെ വ്യര്‍ത്ഥ പ്രവര്‍ത്തികളെ ഉപേക്ഷിച്ച്, സ്വയാശ്രയത്തെ ഉപേക്ഷിച്ച് നീ എന്നില്‍ ആശ്രയം വെക്കുമൊ എന്നാണ്.
കര്‍ത്താവിന്‍റെ ശകതി നമ്മില്‍ വെളിപ്പെടുവാന്‍ നാം ഒരുക്കമുളളവരും അതിനായി സമര്‍പ്പിതരാകാനും യേശു നമ്മെ ആഹ്വാനം ചെയ്യുകയാണ്.
31. കിടക്ക ചുമന്ന് നടന്ന പക്ഷവാതക്കാരന്‍
"അവന്‍ പക്ഷവാതക്കാരനോട് :എഴുന്നേറ്റ് , കിടക്ക എടുത്ത് വീട്ടില്‍ പോകുക എന്ന് പറഞ്ഞു".Mat9:5
ആ പക്ഷവാതക്കാരനെ നോക്കി ആദ്യമെ യേശു വിളിച്ചത് 'മകനേ' എന്നാണ്. രോഗികളായവരോട് ഒരു പരിധി കഴിയുമ്പോള്‍ സാധാരണയായി പരിചരിക്കുന്നവര്‍ക്ക് സ്നേഹവും അനുകമ്പയുമൊക്കെ നഷ്ടമാകാറുണ്ട്.(എല്ലാവര്‍ക്കുമല്ല).
പല കാരണങ്ങളാല്‍ വീണുപോയവരോട് നാം സ്നേഹത്തോടെ പറയുന്ന ഒരു വാക്ക് അല്ലെങ്കില്‍ അനുകമ്പയോടെ നല്കുന്ന സാന്ത്വനം അവര്‍ക്കേകുന്ന ആശ്വാസം വലുതായിരിക്കും. വീണുപോയവരെ പുച്ഛിക്കാന്‍ മത്സരിക്കുന്ന ലോകത്തില്‍ നമുക്ക് ക്രിസ്തുവിനെപോലെ ദയാവായ്പിന്‍റെ വാക്കുകള്‍ പറയാന്‍ പഠിക്കാം.
രണ്ടാമത് യേശു പക്ഷവാതക്കാരനോട് പറഞ്ഞ വാക്ക് ''ധൈര്യമായിരിക്ക'' എന്നാണ്. പക്ഷവാതം എന്ന രോഗം ആ മനുഷ്യനെ വല്ലാതെ തളര്‍ത്തികളഞ്ഞു.അവന്‍റെ ധൈര്യത്തെ ക്ഷയിപ്പിച്ചു കളഞ്ഞു.ആ രോഗം അവനെ കീഴടക്കുന്നതിന് മുമ്പ് അവന്‍ ധൈര്യശാലിയായിരുന്ന മനുഷ്യനായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
ചില പ്രത്യേക പ്രയാസങ്ങള്‍ , രോഗങ്ങള്‍ നമ്മെയും ധൈര്യം ക്ഷയിപ്പിച്ചവരായി മാറ്റിയിട്ടുണ്ടൊ? താഴെ വീണ് ചിതറിയ ചില്ല്പാത്രം പോലെ നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളഞ്ഞിട്ടുണ്ടൊ? യേശുവിനടുത്തേക്ക് വരിക. ''ധൈര്യമായിരിക്ക'' ''ഞാന്‍ നിന്നോട് കൂടെയുണ്ട്'' എന്ന ഇമ്പസ്വരം യേശുവില്‍ നിന്ന് നമുക്കും കേള്‍ക്കാനാവും.
മൂന്നാമത് യേശു പക്ഷവാതക്കാരനോട് പറഞ്ഞത് ''നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു'' എന്നാണ്.
അറിയുക! നമ്മുടെ സര്‍വ്വപരാജയങ്ങളുടേയും പ്രശ്നങ്ങളുടേയും കാരണം ദൈവത്തിന് വിരോധമായി നമ്മില്‍ വ്യാപരിക്കുന്ന പാപമാണ്. ഇതാ യേശു ആ പാപത്തിനും ക്രൂശില്‍ ചൊരിഞ്ഞ ചുടുചോരയിലൂടെ പരിഹാരം വരുത്തിയിരിക്കുന്നു നമ്മുടെ സര്‍വ്വപ്രശ്നങ്ങളുടേയും പരിഹാരം ക്രിസ്തുവില്‍ സാധ്യമാണ്. ക്രിസ്തുവില്‍ മാത്രം ആണ് സാധ്യം.