നോമ്പ് കാലമാകുമ്പോൾ പലപ്പോഴും നോമ്പ് ദിവസങ്ങൾ സംബന്ധിച്ച് ചർച്ചകളും തർക്കങ്ങളുമൊക്കെ (പണ്ഡിതന്മാർക്കിടയില്പോലും) നടക്കാറുണ്ട്. പലരും അവരുടേതായ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുകയും തർക്കിച്ചും വാദിച്ചും ജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തങ്ങൾ ശീലിച്ചു വന്നത് മാത്രമാണ് ശരിയെന്ന തരത്തിൽ അവരുടെ ശീലം മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ ആരാണ് ഇതൊക്കെ ക്രമീകരിച്ചു തന്നതെന്ന സത്യം പലർക്കുമറിയുകയുമില്ല, അറിയാൻ ശ്രമിക്കുകയുമില്ല. മാത്രമല്ല, ചില കാര്യങ്ങൾ പറയുമ്പോഴും ചൂണ്ടിക്കാട്ടുമ്പോഴും ചിലർ അസ്വീകാര്യരായി മുദ്രകുത്തപ്പെടാം. എന്നാൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോയെന്ന് പരിശോധിക്കുവാൻ പോലും തയ്യാറാകാതെയുള്ള അസ്വീകാര്യത ശരിയല്ല. മനനം ചെയ്യുവാൻ കഴിവുള്ളവർ ചെയ്യുന്നില്ലെങ്കിൽ അവർ തീർച്ചയായും തെറ്റായ ചിന്തകളുടെ അടിമത്വത്തിലാണ് എന്നതാണ് അതിന്റെ അർത്ഥം.
പൗലോസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഒരു ലേഖനത്തിലെ കുറച്ചു ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
ക്രിസ്തീയ സമൂഹത്തിന്റെ സംരക്ഷണത്തിനും ആത്മീയ വളർച്ചക്കും വേണ്ടി, അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും സമയമായി, സഭ മുഴുവൻ ഒരുമിച്ചു ദൈവ മുമ്പാകെ വരുവാനുള്ള സമയമാണ് നോമ്പ്. ഞായറാഴ്ച എല്ലാ ക്രിസ്ത്യാനികളും കുർബാന അനുഭവിക്കേണ്ട ദിവസമാണ്. പക്ഷേ ഇന്ന് ഒരു ചെറിയ ശതമാനം പേര് പോലും അങ്ങനെ എല്ലാ ഞായറാഴ്ചയും കുർബാന അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ തന്നെയാണ് സഭയിലെ നോമ്പുകളുടെ ആചരണവും. നമ്മുടെ സഭയിൽ ഇപ്പോഴത്തെ ക്രമീകരണമനുസരിച്ച് അഞ്ചു നോമ്പുകളും, പിന്നെ എല്ലാ ആഴ്ചയിലും ബുധനും വെള്ളിയുമുള്ള നോമ്പുകളുമാണുള്ളത്. നോമ്പ് ദിവസങ്ങളിൽ മൽസ്യ-മാംസ വർജ്ജനം മാത്രമല്ല, ഭക്ഷണവും പാനീയവും കൂടാതെ സന്ധ്യവരെയോ, സാധ്യമല്ലെങ്കിൽ 3 മണിവരെയോ ഉപവസിക്കുക എന്നുള്ളതാണ് സഭ അനുശാസിക്കുന്നത്. അത് ജോലിക്കാരായ അൽമായാർക്ക് പലപ്പോഴും പ്രയാസമാണെന്നുള്ളത് നിസ്തർക്കം തന്നെ.
ഇത് ദയറാക്കാരെ ഉദ്ദേശിച്ചുള്ള ക്രമീകരണമാണ്. യഥാർത്ഥത്തിൽ പഴയ പതിവനുസരിച്ചു യൽദോ നോമ്പ് 40 ദിവസമാണ്. അതുപോലെ ശ്ലീഹാ നോമ്പ് പെന്തക്കോസ്തിയുടെ പിറ്റേദിവസം മുതൽ ജൂൺ 29 വരെയുള്ള ദിവസങ്ങളാണ്. ഒരു സംവത്സരത്തിന്റെ പകുതിയിലധികം നോമ്പ് നോക്കുക എന്നുള്ളത് ദയറക്കാരെ ഉദ്ദേശിച്ചുണ്ടാക്കിയ ക്രമമാണ്.
വിവാഹ ബന്ധത്തെപ്പറ്റിയുള്ള നിരോധനം കാനോനുകളിൽ കാണുന്നത് വിശുദ്ധ കുർബാനയുള്ള ദിവസങ്ങളുടെ തലേ രാത്രികളെപ്പറ്റി മാത്രമാണ്. നോമ്പിൽ വിവാഹ ബന്ധത്തിൽനിന്ന് ഒഴിഞ്ഞിരിക്കണമെന്ന് പരിശുദ്ധ വലിയ നോമ്പിന്റെ കാനോനുകളിലും കാണുന്നത്, പിൽക്കാലത്തുണ്ടാക്കിയ നിയമങ്ങളിൽ മാത്രമാണ്.
സഭയുടെ പാരമ്പര്യമനുസരിച്ച് ഏറ്റവും പഴയ നോമ്പുകൾ ബുധനും വെള്ളിയുമുള്ളതാണ്. അത് കഴിഞ്ഞാൽ പഴക്കം കൂടുതലുള്ളത് വലിയ നോമ്പിനാണ്. അപ്പോസ്തോലിക കാനോൻ 69 ഇങ്ങനെ പറയുന്നു:
"ഏതെങ്കിലും ഒരു എപ്പിസ്കോപ്പയോ, കശീശായോ, ശെമ്മാശ്ശനോ, കോറൂയോയോ, മ്സമ്റോനോയോ ഉയിർത്തെഴുന്നേല്പിന്റെ പരിശുദ്ധ 40 ദിവസത്തെ നോമ്പോ, ആഴ്ചവട്ടത്തിലെ നാലാം ദിവസമോ (ബുധനാഴ്ച) ഒരുക്ക ദിവസമോ (വെള്ളിയാഴ്ച) നോമ്പായി അനുഷ്ഠിക്കാതിരുന്നാൽ, ഏതെങ്കിലും ശാരീരികരോഗം മൂലമല്ലെങ്കിൽ, അയാളെ സ്ഥാനത്തു നിന്നും നീക്കണം. അത്മായക്കാരനാണെങ്കിൽ മുടക്കണം".
ഡോ.പൗലോസ് മോർ ഗ്രീഗോറിയോസ്. (എഡിറ്റോറിയൽ, പുരോഹിതൻ ത്രൈമാസിക, മെയ്-ജൂലൈ, 1988).
ഒരാൾക്ക് വ്യക്തിപരമായി എത്രദിവസം വേണമെങ്കിലും നോമ്പാചരിക്കാം. അതിൽ ആരും ആരെയും തടയുന്നില്ല. എന്നാൽ 1946 ൽ ആഗോള സുന്നഹദോസ് കൂടി തീരുമാനിച്ച ക്രമീകരണമാണ് സഭയുടെ ഔദ്യോഗിക ക്രമീകരണം. യൽദോ നോമ്പ് 25 ദിവസമായി ആദ്യം ക്രമീകരിച്ചതും പിന്നീട് ആളുകളുടെ സൗകര്യാർത്ഥം അത് കുറച്ചതും കാലാകാലങ്ങളിലെ സുന്നഹദോസുകളാണ്. ഇനി അങ്ങനെയല്ല, എല്ലാം പഴമ മാത്രമാണ് ആചരിക്കുന്നതെങ്കിൽ, ഏറ്റവും പഴയ രീതിയായി 40 ദിവസം നോമ്പ് നോക്കണം. അപ്പോൾ പറയും ഞങ്ങൾ ഇടക്കാലത്തെ സുന്നഹദോസിൻ്റെ തീരുമാനം നോക്കിക്കോളാം എന്ന്. ആദ്യകാലങ്ങളിൽ 40 ദിവസം, പിന്നീട് 25 പിന്നീട് 1946-ൽ അത് 10 ദിവസമാക്കി. ഇത് സഭയുടെ പൊതു ക്രമീകരണം. യൽദോ നോമ്പ്, ആളുകൾ കൃത്യമായി എടുക്കാൻ ശ്രമിക്കണമെന്ന് സഭ ആവശ്യപ്പെടുന്നതാണ് 10 ദിവസം. സൗകര്യമുള്ളവർക്ക് നാല്പത് ദിവസമോ 25 ദിവസമോ എത്ര വേണമെങ്കിലും നോമ്പെടുക്കാം. ഇതൊന്നും നോക്കാത്ത ആളുകൾ 10 ദിവസം നോമ്പ് കൃത്യമായി നോക്കണം, അതാണ് സഭ നിഷ്കർഷിക്കുന്നത്. 25 നോമ്പെന്നത് നോമ്പിൻ്റെ ഔദ്യോഗിക പേരല്ല, നോമ്പിന്റെ ദിവസക്കണക്കനുസരിച്ച് പറയുന്ന ഒരു നാടൻ പ്രയോഗമാണ്, യഥാർത്ഥത്തിൽ ഈ നോമ്പിൻ്റെ പേര് യൽദോ നോമ്പെന്നാണ്.
ചിലരുടെയൊക്കെ വർത്തമാനങ്ങൾ കേട്ടാൽ തോന്നും ഈ നോമ്പൊക്കെ കണ്ടുപിടിച്ചത് ഇവിടെ കേരളത്തിലുള്ള ആരോ ആണെന്ന്. സുറിയാനി ഓർത്തഡോക്സ് വിശ്വാസ പാരമ്പര്യത്തിന്റെ കാവലാളുകൾ തങ്ങളാണെന്നാണ് ചിലരുടെ വിചാരം. പാരമ്പര്യങ്ങളും വിശ്വാസങ്ങളും, ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ സുറിയാനി സഭയുടെ പിതാക്കന്മാരാണ് മലങ്കരയിലേക്ക് കൊണ്ടുവന്നത്. അതാണ് ഇന്നും ഇവിടെ പാലിക്കുന്നത്.
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോമ്പ് ദിനങ്ങൾ സംബന്ധിച്ച് അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ 1952 ഡിസംബർ 2-ന് മലങ്കരയിൽ ലഭിച്ച 620-ാം നമ്പർ കല്പനയുടെ സ്കാൻ ചെയ്ത കോപ്പി ചുവടെ ചേർത്തിരിക്കുന്നു. അതിൽ വലിയ നോമ്പ് ദിവസങ്ങൾ സംബന്ധിച്ച് ചേർത്തിരുന്ന കാര്യങ്ങൾ പിന്നീട് മാറ്റിയിട്ടുണ്ട്.
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോമ്പുകളെ സംബന്ധിച്ച് 1946-ൽ ഹോംസിൽ കൂടിയ സുന്നഹദോസിന്റെ തീരുമാനപ്രകാരമുള്ള കല്പനയുടെ ശരിപ്പകർപ്പ് താഴെ കൊടുത്തിരിക്കുന്നു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പന.
സർവശക്തനായി സാരാംശസമ്പൂർണ്ണനായിരിക്കുന്ന അനാദ്യന്ത നിത്യന്റെ തിരുനാമത്തിൽ ബലഹീനനായ ഒന്നാമത്തെ അഫ്രേമാകുന്ന അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്റെ
ഇഗ്നാത്തിയോസ് പാത്രിയർക്കീസ്
(മുദ്ര)
ദിവ്യപരിപാലനത്താൽ സുരക്ഷിതങ്ങളായിരിക്കുന്ന എല്ലാ ഇടവകകളിലുമുള്ള നമ്മുടെ സഹോദരന്മാരായ ശ്രേഷ്ഠ മെത്രാപ്പോലീത്തന്മാർക്കും നമ്മുടെ മക്കളായ ബഹുമാനപ്പെട്ട ഇടവക ഭരണക്കാർക്കും, കോറെപ്പിസ്ക്കോപ്പന്മാർക്കും, ദയറാക്കാർക്കും കശ്ശീശ്ശന്മാർക്കും, ശെമ്മാശന്മാർക്കും, തലവന്മാർക്കും പ്രമാണികൾക്കും സത്യവിശ്വാസമുള്ള സുറിയാനിക്കാരായ നമ്മുടെ സർവജനത്തിന്നും ശ്ലൈഹിക വാഴവും, നമ്മുടെ കർത്താവിൽ സമാധാനവും ഉണ്ടായിരിക്കട്ടെ.
തിരഞ്ഞെടുക്കപ്പെട്ടതായ തന്റെ സഭയെ സുഭിക്ഷങ്ങളായ പുൽമാലികളിൽ മേയിപ്പാൻ, അതായത്, ദൈവമഹത്വം വ്യാപിക്കുമാറ്, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി, ആത്മിക ജീവിതത്തിൽ അതിനെ (സഭയെ) ഭരിപ്പാൻ, ദൈവേഷ്ടത്താലും തന്റെ അദൃശ്യ നിശ്ചയത്താലും, പത്രോസിനടുത്ത സിംഹാസനത്തിന്ന് നാം ചുമതലക്കാരനായിത്തീർന്നപ്പോൾ, പരിശുദ്ധ സഭയുടെ കാര്യങ്ങളിൽ താല്പര്യം വയ്ക്കേണ്ടത് ധർമ്മമെന്ന് നമുക്കു തോന്നി. വിവിധ കാരണങ്ങളാൽ സംഭവിച്ചവയായി നമ്മുടെ ഈ തലമുറയുടെ കാലോചിത വ്യത്യാസങ്ങളേയും, വൈദികന്മാരും, വിശ്വാസികളും (അയ്മേനികളും) ആയ നമ്മുടെ മക്കളിൽനിന്ന് കൂടെക്കൂടെ നമുക്ക് വന്നുകൊണ്ടിരിക്കുന്ന അനേക അപേക്ഷകളേയും നാം കണ്ടപ്പോൾ; നമ്മുടെ ജനത്തെ ദൈവഭക്തിയുടെ മാർഗ്ഗങ്ങളിലേക്ക് വഴിനടത്തുവാനും, സഭയുടെ പ്രമാണങ്ങൾക്കും നിയമങ്ങൾക്കും കീഴ്പ്പെട്ടിരിപ്പാൻ അതിനെ (ജനത്തെ) പഠിപ്പിക്കാനും തക്കവണ്ണം, നമ്മുടെ ജനത്തിന്റെ ആത്മിക നന്മയ്ക്കായി പരിശ്രമിക്കാൻ നാം ജാഗരൂകരായിരിക്കെ, അനേകർ നോമ്പാകുന്ന നുകം, തങ്ങൾക്ക് ഭാരമായി തോന്നിയിട്ട് അനല്പകാലങ്ങളായി തങ്ങളുടെ ആത്മാക്കളെക്കുറിച്ചുള്ള ചിന്തകളിൽ ഉദാസീനരായി, അന്യോന്യം ദൃഷ്ടാന്തമെടുത്തുകൊണ്ട് തങ്ങളുടെ ചുമലിൽനിന്നു അല്പാല്പമായി അതിനെ നീക്കിക്കളയുവാൻ തുടങ്ങത്തക്കവണ്ണം പരിശുദ്ധ നോമ്പിന്റെ അനുഷ്ഠാനങ്ങളെ നിവർത്തിക്കുന്നതിൽ സംഭവിക്കുന്ന പ്രയാസങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുകയും, പ്രത്യക്ഷത്തിൽ അറിയപ്പെടുകയും ചെയ്താൽ നോമ്പിന്റെ പ്രമാണം അഴിഞ്ഞുപോകുമെന്ന് നാം ഭയക്കത്തക്കനിലയിലായിത്തീർന്നു. ഇതു ഹേതുവാൽ, ഹോംസ് പട്ടണത്തിൽ പരിശുദ്ധ സുന്നഹദോസ് നാം വിളിച്ചുകൂട്ടി നമ്മുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇടവകകളുടെ മേല്പട്ടക്കാരായ ബഹുമാന്യരും നമ്മുടെ കർത്താവിൽ പ്രിയപ്പെട്ടവരുമായ നമ്മുടെ സഹോദരങ്ങളുമായി നാം ആലോചന നടത്തി പരിശുദ്ധ റൂഹായുടെ നടത്തിപ്പിനായി ഞങ്ങൾ അഭ്യർത്ഥിച്ചതിന്നു ശേഷം നോമ്പിനെ സംബന്ധിച്ച് കാനോനികമായി ഞങ്ങൾ ആലോചിച്ചു. നോമ്പിന്റെ സ്ഥാപനം ദൈവീകവും അതിന്റെ നിബന്ധന സഭാ സംബന്ധവുമാകുന്നു. അത് ദൈവഭക്തിക്കും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി പരിശുദ്ധ സഭയാൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളിൽ ഒന്നാകുന്നു. അത്യാവശ്യ കാരണങ്ങളാൽ അതിന്റെ ദൈർഘ്യത്തെ ചുരുക്കേണ്ടത് ആവശ്യമാണെന്നു ഞങ്ങൾ ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഇനിയും നമ്മുടെ കർത്താവായ യേശുമിശിഹാ തന്റെ സത്യവിശ്വാസിനിയായ പരിശുദ്ധ സഭമേൽ നമുക്ക് നൽകിയിരിക്കുന്ന ശ്ലൈഹികാധികാരത്താൽ നാം തീരുമാനിച്ച് ആജ്ഞാപിക്കുന്നതാവിത്:- രക്ഷാകരമായ 'യൽദോ' (ജനന) നോമ്പ് ഇനിമേലാൽ പത്തു ദിവസങ്ങളും, അതിന്റെ ആരംഭം ധനുമാസം പതിനഞ്ചാം തീയതി പ്രഭാതത്തിലും; ശ്ലീഹന്മാരുടെ നോമ്പ്, മിഥുനമാസം 26-ാം തീയതി പ്രഭാതം മുതൽ മൂന്നുദിവസവും; ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ നോമ്പ് ചിങ്ങം പത്താം തീയതി പ്രഭാതത്തിൽ ആരംഭിച്ച് അഞ്ചുദിവസവും ആയിരിക്കും. മേൽ വിവരിച്ച നോമ്പുകളെ സംബന്ധിച്ച്. ഹൂദായ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പഴയ നിബന്ധനയെ നമ്മുടെ ഈ ശ്ലൈഹിക കല്പനയാൽ നാം ഭേദപ്പെടുത്തിയിരിക്കുന്നു. നാം നിശ്ചയിച്ച് ക്രമപ്പെടുത്തിയിരിക്കുന്ന ഈ നിയമങ്ങൾ (ഇനിമേലാൽ) പ്രമാണാനാനുസൃതമായ നിയമമായിരിക്കണമെന്നും സഭ മുഴുവനും അവയ നിവർത്തിയ്ക്കണമെന്നും നാം ആജ്ഞാപിക്കുന്നു.
നിങ്ങളെല്ലാവരോടും കർശനമായി നാം ആജ്ഞാപിക്കുന്നത്: ബഹുമാന്യരായ മേല്പട്ടക്കാരുടെ ഏകാഭിപ്രായത്തോടുകൂടെ പ്രമാണാനുസരണം നാം ക്രമപ്പെടുത്തിയ ഈ വ്യവസ്ഥയെ നിങ്ങളെല്ലാവരും പാലിച്ചുകൊള്ളണം. ഈ നോമ്പുകളെ നിങ്ങളെല്ലാവരും - വലിയവരും ചെറിയവരും ദൈവത്തിന്റെ സഭയാൽ കല്പിക്കപ്പെട്ടിരിക്കുന്നതുപോലെ ആചരിച്ചുകൊള്ളണം. നമുക്ക് നിങ്ങളോടുള്ള പൈതൃക കാരുണ്യത്തേയും ശ്ലൈഹിക താല്പര്യത്തേയും നിങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മറ്റു നോമ്പുകൾ - അതായത്; ബുധനാഴ്ച, വെള്ളിയാഴ്ച, നിനുവേ നോമ്പ്, വലിയ നോമ്പ്, എന്നിവ പഴയ വ്യവസ്ഥയിൽത്തന്നെ നിങ്ങൾ ആചരിച്ചുകൊള്ളണമെന്ന് നാം പ്രത്യേകം ആജ്ഞാപിക്കുന്നു. ഇനി മേലാൽ വലിയനോമ്പിന്റെ ആജ്ഞയെ സ്വന്തം ഇഷ്ടപ്രകാരം ലംഘിച്ച് കാലുവെക്കുവാൻ ഒരുവനും അനുവാദമില്ല. എന്തുകൊണ്ടെന്നാൽ നാം നമ്മുടെ അധികാരത്താൽത്തന്നെ, നിയമാനുസാരമുള്ള പ്രതിബന്ധങ്ങളുള്ളവർക്ക് - അതായത് - വൃദ്ധന്മാർക്കും രോഗികൾക്കും മറ്റും ഓരോരുവനും അവനവന്റെ ആവശ്യാനുസരണം വേണ്ടതു ചെയ്തുകൊണ്ട്, നമ്മുടെ ആണ്ടുതോറുമുള്ള പ്രസ്താവനകളാൽ അനുവാദം തന്നിട്ടുണ്ട്, ഇനിയും തരുന്നതുമാണ്. ഈ നടപടിയാൽ എല്ലാവനും, നമ്മുടെ പിതൃസ്നേഹത്തേയും, സഭയുടെ വ്യവസ്ഥകൾ, കല്പനകൾ എന്നിവ ആചരിക്കുന്നതിന്നുള്ള നമ്മുടെ താല്പര്യത്തേയും ഗ്രഹിക്കുമാറാകട്ടെ - സഭയുടെ അനുവാദത്തോടുകൂടിയല്ലാതെ ഒരുവനും പെരുമാറാതിരിയ്ക്കത്തക്കവണ്ണം, സഭാമക്കൾ ഏവരേയും നിയമവലയത്തിലേയ്ക്ക് പ്രവേശിപ്പിക്കണമെന്നും അങ്ങനെ സഭയുടെ നിയമത്തേയും വ്യവസ്ഥയേയും ലംഘിച്ചുകൊണ്ട് ചെയ്യുന്ന പാപങ്ങളുടെ അഗാധത്തിൽ നിന്ന് അവർ വിമുക്തരാകണമെന്നും, നോമ്പിനെ സംബന്ധിച്ച് വിശ്വാസികളുടെ ഇടയിൽ ഇപ്പോൾ കാണപ്പെടുന്ന അനാസ്ഥ നിശ്ശേഷം നീങ്ങിപ്പോകണമെന്നും നാം ആഗ്രഹിക്കുന്നു. ഈ നടപടിയിൽ ദൈവം അനുകൂലപ്പെടുകയും, ദൈവഭക്തന്മാരെല്ലാവരും സന്തോഷിക്കുകയും സഭയുടെ ഇടയന്മാരും ആചാര്യന്മാരും ആശ്വാസചിത്തരായി ഭവിക്കുകയും ചെയ്യാൻ ഇടയാകട്ടെ.
നിങ്ങളെ കാത്തുകൊള്ളുവാനും, സത്യത്തിന്റെ തൂണാകുന്ന വിശുദ്ധ സഭയാൽ നിങ്ങളുടെ ആത്മാക്കളുടെ രക്ഷ നിങ്ങൾ പ്രാപിക്കുവാൻ തക്കവണ്ണം; അതിന്റെ ആജ്ഞകളേയും പ്രമാണങ്ങളേയും കാത്തുകൊള്ളുവാൻ നിങ്ങളെ ശക്തിപ്പെടുത്തുവാനും നാം ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടാകട്ടെ.
ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവാ! ഇത്യാദി.......
സിറിയായിലെ ഹോംസ് പട്ടണത്തിലുള്ള നമ്മുടെ പാത്രിയർക്കാ വാഴ്ചയുടെ പതിന്നാലാം സംവത്സരമാകുന്ന
ക്രിസ്താബ്ദം 1946 - ധനുമാസം 7-ാം നു എഴുതപ്പെട്ടു.
(ശരി തർജ്ജമ)
(ഒപ്പ്).
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.