Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).

1.1. മാമോദീസ എന്നാലെന്ത്?

ക്രിസ്തുവിനോട് ചേരുന്നതിനാണ് മാമോദീസ ഏല്‍ക്കുന്നത്. ”ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”. (ഗലാത്യര്‍ 3:27).

ക്രിസ്തുവിനോട് ചേരുക എന്നു പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാത്തിലും പങ്കുചേരുന്നതാണ്. ”യേശു ക്രിസ്തുവിനോട്  ചേരുവാന്‍ സ്നാനമേറ്റവരായ നാമെല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാവുവാന്‍ സ്നാനമേറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അവന്‍റെ മരണത്തെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃത്തോടും ഏകീഭവിക്കും”. (റോമന്‍ 6:3-5) പഴയ മനുഷ്യന്‍ മരിക്കുകയും, ക്രിസ്തുവില്‍ പുതിയ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഇതിനെ പുതിയ നിയമത്തില്‍ വീണ്ടും ജനനം എന്നും വിളിക്കുന്നു. (യോഹ: 3:3-5). നാം ദൈവമക്കളായി വീണ്ടും ജനിക്കുന്നു. അതുവഴി ദൈവരാജ്യത്തിന്‍റെ  പൗരാന്മാരായിത്തീരുന്നു. (ഗലാത്യര്‍ 4:4-7, റോമര്‍ 8:14-17).

1.2. മാമോദീസ എന്തിനുവേണ്ടി?

ക്രിസ്തുവിനോട് ചേരുന്നതിനും അതുവഴി ദൈവമക്കളായി വീണ്ടും ജനിക്കുന്നതിനുമാണ് നാം മാമോദീസ ഏല്‍ക്കുന്നത്.

1.3. ശിശുസ്നാനം എന്തിന്?

വിശ്വാസികളുടെ കുഞ്ഞുങ്ങള്‍ ദൈവത്തിനോട് ചേരുന്നതിനും, അതുവഴി ദൈവമക്കളായി തീരുന്നതിനുമാണ് അവരെ ശൈശവപ്രായത്തില്‍ സ്നാനം കഴിപ്പിക്കുന്നത്. മാമോദീസ വഴി അവര്‍ ക്രിസ്തുവിന്‍റെ ശരീരമായ പരിശുദ്ധ സഭയിലെ അംഗങ്ങളായിത്തീരുന്നു. (എഫെ.5:30, 1.കൊരി 12:13).

”ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടയരുത്; സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെതാണല്ലോ’'. (മത്തായി 19:14) എന്ന് ക്രിസ്തുതന്നെ പറയുന്നതിനാല്‍ ശിശുക്കള്‍ക്ക് മാമോദീസ നല്‍കുന്നതിനു താന്‍ വിലക്കുന്നില്ലെന്ന് വ്യക്താമാണ്.

1.4. മാമോദീസായുടെ മറ്റുപേരുകള്‍ ഏവ?

‘വീണ്ടും ജനനം‘ (യോഹ: 3:3-5), പുതിയ സൃഷ്ടി (2.കൊരി 5:17), മുദ്ര (സീല്‍) (2.കൊരി 1:21-22), (എഫെ 1:14); 4.30; വെളിപാട് 7:3) പരിശുദ്ധാത്മാവിന്‍ നവീകരണം (തീമോത്തിയോസ് : 3:6-7).

1.5. നടത്തേണ്ടത് എപ്പോള്‍?

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് മാമോദീസ നടത്തുന്ന രീതിയാണ് നാലാം നൂറ്റാണ്ടില്‍ മുതല്‍ സഭയില്‍ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് മിക്ക സഭകളിലും, വിശുദ്ധ കുര്‍ബാനക്കു ശേഷമാന് മാമോദീസ നടത്തുന്നത്. എന്നാല്‍ പ്രത്യേക സന്ദര്‍ഭങ്ങളുടെ ഗൗരവമനുസരിച്ചു മാമോദീസ നല്‍കുവാന്‍ വൈദികന് അനുവാദമുണ്ട്.

2. ഒരു കുഞ്ഞു ജനിച്ചശേഷം എന്നാണ് മാമോദീസ നല്‍കേണ്ടത്? 

അമ്പത്തിയാറു ദിവസം കഴിഞ്ഞു മാമോദീസ നല്‍കുന്ന രീതിയാണ് ദീര്‍ഘകാലമായി നിലവിലുള്ളത്. മാതാവിന്‍റെ ശരീരാവസ്ഥ, കുഞ്ഞിന്‍റെ ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ഈ രീതി സ്വീകരിച്ചത്. പുരാതന കനോനുകളില്‍ ഇതേപ്പറ്റി ഏതെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. വിദേശ മലയാളികളുടെ കുഞ്ഞുങ്ങളെ അമ്പത്തിയാറു ദിവസങ്ങള്‍ക്ക് മുമ്പോ ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷമോ, മാമോദീസ കഴിപ്പിക്കുന്നത് ഇന്ന് സാധാരണയായി കഴിഞ്ഞിരിക്കുന്നു. യാഹൂദന്മാര്‍ക്കിടയില്‍ പ്രസവത്തിനു ശേഷം ആണ്‍കുഞ്ഞു എങ്കില്‍ നാല്പതു ദിവസവും പെണ്‍കുഞ്ഞു എങ്കില്‍ എണ്‍പത് ദിവസവും മാതാവിനെ അശുദ്ധയായി കണക്കാക്കിയിരിക്കുന്നു. ഇതിനു ‘ശുദ്ധീകരണകാലം‘. (ലൂക്കോസ് 2:22) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള ചില ആചാരങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ ഇടയില്‍ ഉണ്ടായിരുന്നു.

3. മാമോദീസായ്ക്കുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെ?

കുഞ്ഞിന്‍റെ മാതാപിതാക്കള്‍, തലതൊടുന്നയാള്‍ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ വരെ കുമ്പസരിച്ചു വിശുദ്ധ കുര്‍ബാന അനുഭവിക്കണം. ഒന്ന് മുതല്‍ മൂന്നു ദിവസം വരെ ഉപവസിക്കുന്നതും നല്ലതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇടവക വികാരിയെ കണ്ട് വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ് അഭികാമ്യം. വലിയ ഇടവകളില്‍, കഴിയുന്നത്ര, ഞായറാഴ്ച മാമോദീസ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാതെയിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ധൂപപ്രാര്‍ത്ഥന, വിവാഹം, പള്ളിക്കമ്മിറ്റി തുടങ്ങി പല കാര്യങ്ങളും വൈദികന് ഞായറാഴ്ചകളില്‍ നടത്തേണ്ടതിനാല്‍ ധൃതിയില്‍ മാമോദീസ നടത്തി, അതിന്‍റെ ഗൗരവവും, അര്‍ത്ഥവും നഷ്ടമാകാതിരിക്കുവാന്‍ ഇത് സഹായിക്കും.

4. മാമോദീസ നടത്തുവാന്‍ അനുവാദമില്ലാത്ത ദിവസങ്ങള്‍ ഏതൊക്കെ? എന്തുകൊണ്ട്?

വലിയനോമ്പില്‍, പാതിനോമ്പിനും ഈസ്റ്ററിനും ഇടയില്‍ മാമോദീസ നടത്താറില്ല. ഈ സമയത്ത് മാമോദീസ മുറി അടച്ചിടുന്ന രീതി ആദിമ സഭയിലുണ്ടായിരിനു. മാമോദീസ, കര്‍ത്താവിന്‍റെ  ഉയിര്‍പ്പിലുള്ള പങ്കാളിത്തം ആകയാല്‍ ഉയിര്‍പ്പ് പെരുന്നാള്‍, സ്നാനത്തിനു ഏറ്റവും അനുയോജ്യമായ ദിവസമാണെന്ന് പൊതുവെ ചിന്തിച്ചിരിക്കുന്നു. വിശ്വാസ ബോധനം നടത്തിയിരുന്ന സ്നാനാത്ഥികള്‍ക്ക് സാധാരണ ഉയിര്‍പ്പ് പെരുന്നാളിലാണ് മാമോദീസ നല്‍കിയിരിക്കുന്നത്. വലിയ നോമ്പ് സ്നാനാത്ഥികളുടെ പരിശീലനത്തിന്‍റെ അവസാന ഘട്ടമായിരിന്നു. പാതി നോമ്പ് കഴിഞ്ഞാല്‍ തീവ്രമായ പരിശീലനം നല്‍കിയിരിന്നു. മാമോദീസയ്ക്കുള്ള ഒരുക്കമെന്ന നിലയിലാണ് പാതിനോമ്പും ഈസ്റ്ററിനും ഇടവയില്‍ മാമോദീസ മുറി അടച്ചിട്ടിരിക്കുന്നത്.

5. മാമോദീസായില്‍ സ്നാനാത്ഥികള്‍ക്ക്   നല്‍കിവരുന്ന പേരുകള്‍ക്കുള്ള മാനദണ്ഡം എന്താണ്?

ക്രിസ്തീയ പേരുകള്‍ നല്‍കിവരുന്ന രീതിയാണ് എല്ലാ സഭകളും അവലംബിച്ചിരിക്കുന്നത്. സഹദേന്മാരുടെയും വിശുദ്ധന്മാരുടേയും, ഓര്‍മ്മ ദിവസങ്ങളിലോ, അവരുടെ കബറട ദേവാലയങ്ങളിലോ മാമോദീസ നടത്തുമ്പോള്‍ അവരുടെ പേരുകള്‍ നല്‍കുന്നതും സാധാരണമാണ്. പേര് ‘ഐഡന്റിറ്റിറി’യുടെ സൂചനയാണ്. പുതിയ ‘ഐഡന്റിറ്റിറി’ സ്നാനമേല്‍ക്കുന്നയാളിനു ലഭ്യമായിരിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് പേര് നല്‍കുന്നത്. മലങ്കര നസ്രാണികളുടെ ഇടവയില്‍ വല്യപ്പന്‍, വല്യമ്മ എന്നിവരുടെ പേരുകളാണ് സാധാരണ നൽകുന്നത്. തലമുറകളുടെ തുടര്‍ച്ച എന്ന അര്‍ത്ഥം ഇതിനു നല്‍കാവുന്നതാണ്.

6. തലതൊടുന്നയാള്‍ ആവശ്യമുണ്ടോ? 

പുറജാതിക്കാരനായ ഒരാള്‍ മാമോദീസ ഏല്‍ക്കുവാന്‍ ആഗ്രഹിച്ചാല്‍, ഒരു സഭാംഗം അയാളെ ബിഷപ്പിന്‍റെ അടുക്കല്‍ കൊണ്ടു വന്നു, സാക്ഷ്യം നല്‍കേണ്ടതുണ്ടായിരിന്നു. അയാള്‍ക്ക് ‘സ്പോണ്‍സര്‍’ എന്നും ‘വഴികാട്ടി’ എന്നും പേരുണ്ടായിരുന്നു. മാമോദീസ ഏല്‍ക്കാനുള്ള ആളിനെ സ്നാനര്‍ത്ഥിയായി സ്വീകാരിച്ചിരുന്നു. അയാളുടെ വിശ്വാസ പരിശീലത്തിനു മേല്‍നോട്ടം വഹിക്കുന്ന ചുമതല മേല്‍പ്പറഞ്ഞ വിശ്വസിക്കായിരിന്നു. ഇതില്‍ നിന്നാണ് തല തൊട്ടപ്പന്‍/അമ്മ (ഗോഡ്ഫാദര്‍, ഗോഡ് മദര്‍) എന്ന സ്ഥാനമുണ്ടാവുന്നത്. ശിശുക്കളുടെ കാര്യത്തില്‍ വിശ്വാസ ബോധത്തിന്‍റെ  ഉത്തരവാദിത്തം തലതൊടുന്നയാള്‍ ഏറ്റെക്കുന്നു. കൂട്ടുകുടുംബം സംവിധാനത്തില്‍ പിതാമഹന്‍, പിതാമഹി എന്നിവരായിരിന്നു കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനകളും വിശ്വാസത്തിന്‍റെ ആദ്യ പാഠങ്ങളും പഠിപ്പിച്ചിരുന്നത്.

7. തലതൊടാനുള്ള അവകാശം ആര്‍ക്ക്? മറ്റു സഭാംഗങ്ങളെ അനുവദിക്കുമോ? 

സഭാവിശ്വാസികള്‍ക്കു മാത്രമേ തലതൊടന്‍ അവകാശമുള്ളൂ. അതായത് സിറിയൻ ഓര്‍ത്തഡോക്സ്‌ സഭയില്‍ വിശുദ്ധ കുര്‍ബാന അനുഭവിക്കുവാന്‍ യോഗ്യതയുള്ള ആളിന് മാത്രമേ, കുഞ്ഞിനു തല തൊടന്‍ യോഗ്യതയുള്ളൂ. മറ്റു സഭാംഗങ്ങളെ തലതൊടന്‍ അനുവദിക്കുകയില്ല. എന്നാല്‍ പിതാമഹന്‍ മതാമഹന്‍ തുടങ്ങിയവര്‍ ഇതര സഭാംഗങ്ങളാണെങ്കില്‍ അവരുടെ പേരുകള്‍ നല്‍കാവുന്നതാണ്. എന്നാല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ കൈകളില്‍ കുഞ്ഞിനെ വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനകളും, പ്രഖ്യാപങ്ങളും നടത്തുന്നയാൾ സഭാംഗമായിരിക്കണം.

8. മുതിര്‍ന്നവരുടെ മാമോദീസായുടെ തയ്യാറെടുപ്പുകള്‍, നിയമ നടപടികള്‍, നടപടി ക്രമം ഏവ?

മാമോദീസ സ്വീകരിക്കുന്നവര്‍ കൂറെ ആഴ്ചകള്‍ക്കോ, ദിവസങ്ങള്‍ക്കോ മുമ്പ് വൈദികനെ സമീപിച്ചു തയ്യാറെടുപ്പുകള്‍ ആരംഭിക്കണം. അടിസ്ഥാന സത്യ വിശ്വാസങ്ങളും, പ്രാര്‍ത്ഥനകളും പഠിക്കണം. മാമോദീസക്ക് മുമ്പ് മൂന്നു ദിവസമെങ്കിലും ഉപവസിക്കണം. മാമോദീസക്ക് മുമ്പായി വിശുദ്ധ കുമ്പസാരം നടത്തണം.

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, താന്‍ പ്രേരണകൂടാതെ സ്വമേധയാ വിശ്വാസം സ്വീകരിക്കുന്നുവന്നു മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിനല്‍കുന്നതും, അത് നോട്ടറി പബ്ലിളിക്ക് സാക്ഷ്യപ്പെടുതുന്നതും നന്നായിരിക്കും.

ഞായറാഴ്ച പരസ്യമായി സ്നാനമേല്‍ക്കുന്നതിന് പ്രയാസമുണ്ടെങ്കില്‍ ഇടദിവസം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് നടത്താവുന്നതാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ മാമോദീസയില്‍ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്, എന്നാല്‍ ആഭരണങ്ങള്‍ മാറ്റി, മുടി അഴിച്ചിട്ടു സ്നാനമേല്‍ക്കുവാന്‍ നിര്‍ദ്ദേശിക്കണം. മാമോദീസ തൊട്ടിക്ക് മുകളില്‍, തല കുനിച്ചു നില്‍കുമ്പോള്‍ തലയില്‍ വെള്ളം കോരിയൊഴിച്ച് സ്നാനം നല്‍കണം, മൂറോന്‍ അഭിഷേകം നെറ്റിയിലും, കൈപ്പത്തിയിലും കുരിശടയാളം വരച്ചു നടത്തേണ്ടതാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകകളുടെ ദേഹത്ത് കാര്‍മ്മികന്‍ അഭിഷേകം ചെയ്യുന്നതിനെ ഡിഡാസ്ക്കാലിയ വിലക്കുന്നുണ്ട്.

സാധാരണ മാമോദീസ തന്നെയാണ് മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കുന്നത്. തലതൊട്ടപ്പന്‍, തല തൊട്ടപ്പമ്മ എന്നിവ ആവിശ്യമാണ്. എന്നാല്‍ ‘സാത്താനെ ഉപേക്ഷിക്കുന്നു’ മിശിഹായെ സ്വീകരിക്കുന്നു’ എന്നീ പ്രഖ്യാപനങ്ങള്‍ സ്നാനാര്‍ത്ഥി തന്നെ ഏറ്റുപറയണം. തല്‍സമയം, തല തൊട്ടപ്പന്‍ കൈകളില്‍ പിടിക്കേണ്ട ആവിശ്യമില്ല.

9. മൂന്നു തരത്തില്‍ സ്നാനാര്‍ത്ഥിയെ മുദ്രയിടുന്നു. എന്തുകൊണ്ട്? അർത്ഥം എന്ത്?

9.1 മൂന്നാമത്തെ മുദ്ര തൈലം കൂടാതെയാണ് നല്‍കുന്നത്. ഒരാളെ സ്നാനാര്‍ത്ഥിയായി സ്വീകരിക്കുമ്പോള്‍ ബിഷപ്പ് തലയില്‍ കൈവച്ച്, നെറ്റിയില്‍ മുദ്രയിട്ടിരിക്കുന്നു. സ്നാനാര്‍ത്ഥിയായി സ്വീകരിക്കുന്നതിന്‍റെ സൂചനയാണിത്. തുടര്‍ന്ന് പൈശാചിക ശക്തികളില്‍ നിന്നും സ്നാനാര്‍ത്ഥി വിമുക്തനായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. സ്നാനാര്‍ത്ഥി സാത്താനെ ഉപേക്ഷിക്കുകയും, മിശിഹായെ സ്വീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനു സമര്‍പ്പിക്കുമ്പോള്‍, സഭ കുഞ്ഞിനെ സ്വീകരിച്ചു ‘മിശിഹായുടെ മുദ്ര’ നല്‍കി സ്നാനത്തിനായി ഒരുക്കുന്നു എന്ന അര്‍ത്ഥം നല്‍കാവുന്നതാണ്.

9.2 രണ്ടാമത്തെ മുദ്ര സൈത്ത് കൊണ്ട് നെറ്റിയില്‍ നല്‍കുന്നു. മാമോദീസായ്ക്ക് മുമ്പ് പ്രാര്‍ത്ഥിച്ച ഒലിവു എണ്ണ (സൈത്ത്) കൊണ്ടും, മാമോദീസക്കു ശേഷം വിശുദ്ധ മൂറോന്‍ തൈലം കൊണ്ട് നെറ്റിയിലും, ദേഹത്തും അഭിഷേകം ചെയ്യുന്ന രീതി അതിപുരാതനമാണ്. സൈത്തുകൊണ്ട് നെറ്റിയില്‍ അഭിഷേകം നല്‍കുന്നത്, ‘മ്ശിഹായെ സ്വീകരിക്കുന്നു’ എന്ന പ്രഖ്യാപത്തിനും വിശ്വാസ പ്രമാണത്തിനും ശേഷമാണ്. ഇതിന്‍റെ അര്‍ത്ഥത്തെപ്പറ്റി തല്‍സമയത്തുള്ള പ്രാര്‍ത്ഥനയില്‍ സൂചനയുണ്ട്. ‘വീണ്ടും ജനനത്തില്‍ പുത്രസ്വീകാരത്തിനു അര്‍ഹനായിത്തീരുവാന്‍ വേണ്ടി, സന്തോഷതൈലത്താല്‍, പിതാവിന്‍റെയും, പുത്രന്റെയും ജീവനുള്ള  പരിശുദ്ധ റൂഹായുടെയും നാമത്തില്‍, നിത്യജീവനായി (ഇന്നാർ) മുദ്രകുത്തപ്പെടുന്നു’.

മാമോദീസായ്ക്കുള്ള ഒരുക്കമായിട്ടാണ് ഈ അഭിഷേകം നൽകുന്നത്. ”സന്തോഷ തൈലം ”(സങ്കീ 45:7) ക്രിസ്തുവിന്‍റെ അഭിഷേകത്തിന്‍റെ സൂചനയാണ്. സൈത്ത് കൊണ്ടുള്ള അഭിഷേകം വഴി, സ്നാനാര്‍ത്ഥി സാക്ഷാല്‍ ഒലിവായി (സൈത്ത്) ക്രിസ്തുവിനോട്‌ ചേര്‍ക്കപ്പെടുന്നു (റോമന്‍ 11:17).

പാരമ്പര്യമനുസരിച്ചു മലങ്കരയില്‍ നെറ്റിയില്‍ തൈലം കൊണ്ട് മുദ്രയിടുക മാത്രം ചെയ്യുന്നു. എന്നാല്‍ അന്തിയോഖ്യ സഭയുള്‍പ്പെടെ സൈത്ത് കൊണ്ട് ദേഹം മുഴുവന്‍ അഭിഷേകം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

9.3 മൂന്നാമത്തെ മുദ്ര വിശുദ്ധ മൂറോന്‍ കൊണ്ട് നല്‍കുന്നു. തുടര്‍ന്ന് മാമോദീസയേറ്റയാളിന്‍റെ  ശരീരം മുഴുവനും അഭിഷേകം ചെയ്യുന്നു. മ്ശിഹായുടെ പരിമള വാസനയും സത്യ വിശ്വാസത്തിന്‍റെ അടയാളവും മുദ്രയും, വിശുദ്ധാത്മനല്‍വരത്തിന്‍റെ  പൂര്‍ത്തീകരണവുമായ വിശുദ്ധ മൂറോനാല്‍ മുദ്രകുത്തപ്പെടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് നെറ്റിയില്‍ മുദ്രയിടുന്നത്. യേശു ക്രിസ്തുവിന്‍റെ അടയാളം നെറ്റിയില്‍ വരയ്ക്കുന്നു. വിശുദ്ധ മാമോദീസയില്‍ പരിശുദ്ധത്മാവിനെ പ്രാപിച്ചതിന്‍റെ  അടയാളമാണിത്.

10. മാമോദീസായ്ക്കു ശേഷം വെള്ള വസ്ത്രം ധരിക്കുന്നതിന്റെ കാരണം എന്ത്?

മാമോദീസായില്‍ പ്രാപിച്ച പുതുക്കത്തിന്‍റെയും, പാപമോചനത്തിന്‍റെയും, വിശുദ്ധിയുടെയും അടയാളമാണ് വെള്ള വസ്ത്രം, അന്ധകാരത്തില്‍ നിന്നും വിടുതല്‍ പ്രാപിച്ചു ‘പ്രകാശ വസ്ത്രം’ ധരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.

11. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ മാമോദീസായ്ക്ക് ഉണ്ടെങ്കില്‍ ഏത് ക്രമത്തിലാണ് മാമോദീസ നല്‍കുന്നത്?

പ്രായമനുസരിച്ച് ആണ്‍കുട്ടികളെയും തുടര്‍ന്ന് പെണ്‍കുട്ടികളെയും സ്നാനപ്പെടുത്തുന്നു. എല്ലാവര്‍ക്കുമായി ഒരുമിച്ചു വെള്ളം വാഴ്ത്താമെങ്കിലും, വാഴ്ത്തിയ വെള്ളം പാത്രത്തില്‍ പകര്‍ന്നു വെച്ച്, ഓരോ കുട്ടിക്കും പ്രത്യേകം വെള്ളം ഉപയോഗിക്കണം. ഒരു കുട്ടിയെ മാമോദീസാമുക്കിയ ശേഷം, ആ വെള്ളം തുറന്നു വിട്ടതിനു ശേഷം, വാഴ്ത്തിയ വെള്ളം മാമോദീസാ തൊട്ടിയില്‍ ഒഴിച്ചു അടുത്ത കുട്ടിയെ മുക്കണം.

‘സകലവും ഉചിതമായ ക്രമമായും നടക്കട്ടെ’ (1.കൊരിന്ത്യര്‍ 14:39) എന്ന് വിശുദ്ധ പൗലോസ്‌ പറയുന്നതുപോലെ പ്രായക്രമം പിന്തുടരേണ്ടതാണ്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ ക്രമത്തില്‍ ആണല്ലോ? ആ മാതൃകയാണ് മാമോദീസായിലും പിന്തുടരുന്നത്.

12. കുഞ്ഞിനെ എടുത്തു കൊണ്ട് നില്‍ക്കേണ്ടത് തല തൊടുന്നയാള്‍ തന്നെയാണോ? എങ്ങനെ പിടിക്കണം?

തല തൊടുന്നയാള്‍ കൈകളില്‍ എടുത്തുകൊണ്ട് നില്‍ക്കുന്ന രീതിയാണ് സാധാരണയുള്ളത്. എന്നാല്‍ കുഞ്ഞ് കരയുന്നുവെങ്കില്‍ അമ്മയോ, മറ്റു സ്ത്രീകളോ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സാത്താനെ ഉപേക്ഷിക്കുന്നു, മിശിഹായെ സ്വീകരിക്കുന്നു എന്നീ  പ്രഖ്യാപനങ്ങളുടെ  സമയത്ത്, തല തൊടുന്ന ആള്‍ കുഞ്ഞിന്റെ കൈകളില്‍ പിടിച്ചുകൊണ്ട് വേണം ഏറ്റുചൊല്ലാന്‍. ഏതാനും മാസങ്ങള്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ കൈകളില്‍ എടുത്തു കൊണ്ട് നില്‍ക്കണം. വെള്ളം വാഴ്വിന്‍റെ  സമയത്ത് മാത്രം കുഞ്ഞിന്‍റെ വസ്ത്രങ്ങള്‍ മാറ്റിയാല്‍ മതിയാവും.

13. ഇടവകപ്പള്ളിയല്ലാതെ മറ്റു പള്ളികളില്‍ വച്ച് മാമോദീസ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

മാമോദീസ നടക്കുന്ന പള്ളിയിലെ വികാരിയോട് നേരത്തെ സംസാരിച്ചു സമയം, കാര്‍മ്മികന്‍ തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടാക്കണം. ഇടവക വികാരി മുഖേന ഇത് ചെയ്യുന്നതാണ്‌ യുക്തം. ഇടവക വികാരിയില്‍ നിന്നും എഴുത്തും വാങ്ങിയിരിക്കണം.

14. സാധാരണ മാമോദീസ ക്രമത്തില്‍ നിന്നും ഒഴിവു നല്‍കിയിരിക്കുന്നത് ആര്‍ക്കൊക്കെ?

സാധാരണ മാമോദീസ ക്രമത്തില്‍ നിന്ന് ഒഴിവു നൽകിയിരിക്കുന്നത് കുഞ്ഞ് അതീവ രോഗാവസ്ഥയിലാണെങ്കില്‍ മാത്രാണ്. വീട്ടിലോ, ആശുപത്രിയിലോ വച്ച് പുതിയ ബേസിനില്‍ വെള്ളം വാഴ്ത്തി മാമോദീസ നല്‍കാവുന്നതാണ്. സന്ദര്‍ഭത്തിന്‍റെ  ഗൗരവമനുസരിച്ച് ഗീതങ്ങള്‍ പ്രൊമിയോന്‍ – സെദറ എന്നിവ ഒഴിവാക്കാവുന്നതാണ്.

മൂറോന്‍ അഭിഷേകം നല്‍കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, കുഞ്ഞു ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ ദേവാലയത്തില്‍ വെച്ച്, അഭിഷേകവും വിശുദ്ധ കുര്‍ബാനയും നല്‍കാവുന്നതാണ്‌. സന്ദര്‍ഭത്തിന്‍റെ  ഗൗരവമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കാര്‍മ്മികന് അനുവാദമുണ്ട്.

15. മാമോദീസായില്‍ ഒന്നിലധികം വൈദികര്‍ പങ്കെടുക്കുമ്പോള്‍ ഒരാള്‍ പ്രാരംഭ പ്രാര്‍ത്ഥനകളും മറ്റും നടത്തുകയും അപരന്‍ വെള്ളം വാഴ്ത്തുകയും മറ്റും ചെയ്യാമോ?

ഒരിക്കലും പാടില്ല. വിശുദ്ധ കുര്‍ബാനയില്‍ ഒരു വൈദികന്‍ തുയോബോ മുതല്‍ അവസാനം വരെയുള്ള കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നതുപോലെ മാമോദീസായില്‍ ഓരോന്നും ക്രമമായി ചെയ്യുക. എന്നാല്‍ ഒന്നിലധികം വൈദികര്‍ ഉണ്ടെങ്കില്‍, നെറ്റിയില്‍ മുദ്ര സൈത്ത് കൊണ്ടുള്ള മുദ്ര എന്നിവ ഓരോരുത്തരായി ചെയ്യാവുന്നതാണ്.

16. മാമോദീസായില്‍ സൗകര്യാര്‍ത്ഥം വെള്ളം നേരത്തെ വാഴ്ത്തി വച്ച് ഉപയോഗിക്കാമോ?  

ഇതും അനുവദനീയമല്ല. ആരംഭം മുതലുള്ള ഓരോ കര്‍മ്മങ്ങളും അവയുടെ ക്രമമനുസരിച്ചു ചെയ്യണം. കഴിഞ്ഞ തലമുറയില്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍, അജ്ഞതയും അലംഭാവവും നിമിത്തം സംഭവിച്ചതാണ്.

 

ഈ വിഷയത്തെപ്പറ്റി വന്ദ്യ ബാർ യൂഹാനോൻ റമ്പാച്ചന്റെ ലേഖനം തഴെ കൊടുക്കുന്നു.

വിശുദ്ധ മാമോദിസ: ശൈശവ പ്രായത്തിൽ ദൈവത്തിന്റെ കൃപയാൽ.

ആമുഖം.

 ക്രിസ്തീയ സഭയിൽ അനിഷേധ്യമായ ഒരു അനുഷ്ടാനമാണ് വിശുദ്ധ മാമോദിസ. ഇത് ഒരു കൗദാശിക മർമ്മമാണ് (റോസ്സോനോയോ) ആയതിനാൽ ഇത് നിർബന്ധമാണോ അല്ലയോ എന്നതിൽ ആർക്കും തർക്കമില്ല. ഇതിന്റെ സ്വീകരണത്തിൽ വിവിധ സഭാ വിഭാഗങ്ങൾ തമ്മിലുള്ള വിയോജിപ്പ് അതിന്റെ കൗദാശിക നിർവ്വഹണ രീതിയിലും (mode of administration) സ്ഥാനാർത്ഥിയുടെ പക്വതയെ കുറിച്ചും, കൂദാശ നൽകുന്ന ശുശ്രൂഷകന്റെ കൈവയ്പ്പിന്റെ ആധികാരികതയെയും കുറിച്ചുമാണ്.  ക്രൈസ്തവ സഭകളിൽ വിശുദ്ധ സ്നാനത്തിൻ്റെ മൂന്ന് രീതികളുണ്ട് അവ; മുങ്ങൽ (immersion), ഒഴിക്കൽ (pouring), തളിക്കൽ (sprinkling) എന്നിവയാണ്, ഇവ മൂന്നും സുറിയാനി ഓർത്തഡോക്സ്‌ സഭയിൽ നിലനിൽക്കുന്നുണ്ട്. കൂദാശയുടെ നിർവഹണ സാഹചര്യം അനുസരിച്ച് പൗരണിക സഭകൾ എല്ലാം തന്നെ ഇവ മൂന്നും പിന്തുടരുന്നു എന്നു പറയാൻ കഴിയും. സഭകളിൽ ഈ കൂദാശ്ശയുമായി ബന്ധപ്പെട്ട മറ്റൊരു വിയോജിപ്പ് എന്നത് ശിശുസ്നാനം (pedobaptism) ആണോ വിശ്വാസം ഏറ്റുപറഞ്ഞുള്ള സ്നാനം (credobaptism) ആണോ അംഗീകാര്യം എന്നതിൽ ആണ്. ഈ തർക്കം പൗരാണിക സഭകളും പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിൽ ആണ്. എല്ലാ പൗരാണിക സഭകളും വിശ്വാസികളുടെ കുട്ടികൾക്കായി 'ശിശുസ്നാനം' പിന്തുടരുമ്പോൾ, ക്രിസ്തു യേശുവിൽ പുതുവിശ്വാസികളായ സ്ഥാനാർത്ഥികൾക്കായി 'ഏറ്റുപറച്ചിൽ സ്നാനം' അനുവദിക്കുന്നു. അതിനാൽ, സ്നാനത്തിൻ്റെ ആവശ്യകത എന്താണ്, അതിന്റെ യോഗ്യത മനുഷ്യൻ്റെ ഏറ്റുപറച്ചിലിൽ ആണോ അതോ ദൈവകൃപയാണോ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തർക്കങ്ങൾ എല്ലാം നിലനിൽക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയും. അതിൻ്റെ ഉത്തരം കണ്ടെത്തുന്നതിന്, ആദ്യം നാം തിരുവെഴുത്തുകളിലേക്കും രണ്ടാമതായി തിരുവെഴുത്തുകളിൽ നിന്നുള്ള പഠിപ്പിക്കലുകൾ ആദിമ സഭയിൽ എങ്ങനെ പ്രയോഗിച്ചുവെന്നും ഈ വിഷയത്തിൽ ആദിമ സഭാ പിതാക്കന്മാരുടെ നിലപാട് എന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.

തിരുവിഴുത്തുകളിൻ പ്രകാരം.

വിശുദ്ധ ലിഖിതങ്ങൾ പരിശോധിക്കുമ്പോൾ ഇപ്രകാരം കാണുന്നു, "പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമോദിസ നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20). ഇതാണ് വിശുദ്ധ മാമോദിസയെ സംബന്ധിച്ച് ഉള്ള പ്രധാന കല്പന. വിശുദ്ധ മാമോദിസ ഏൽക്കേണ്ടത് വിശുദ്ധ തൃത്വ നാമത്തിൽ ആണ് അല്ലാതെ ഉള്ള മാമോദിസ അംഗീകരിക്കാൻ സുറിയാനി സഭ തയ്യാർ അല്ല. ഈ വിശുദ്ധ മാമോദിസ വിശ്വാസം ഏറ്റു പറഞ്ഞ പ്രായപൂർത്തിയായ വ്യക്തികൾക്കും, വിശ്വാസം സ്വീകരിക്കുന്ന ഒരു കുടുംബം മുഴുവനും, വിശ്വാസികളുടെ കുഞ്ഞുങ്ങൾക്കും പരിശുദ്ധ ശ്ലീഹന്മാർ നൽകിയിട്ടുള്ളത് അപ്പോസ്തോല പ്രവർത്തികളിൽ നമുക്ക് ദർശിക്കാൻ കഴിയും.

പഴയനിയമ കാലത്ത് എട്ടുദിവസം പ്രായം ഉള്ളപ്പോൾ കുഞ്ഞുങ്ങൾ പരിച്ഛേദന എന്ന കൂദാശ സ്വീകരിച്ചിരുന്നതായി വേദശാസ്ത്രജ്ഞനായ മാർസെൽ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു;  “പരിച്ഛേദന എന്നത് കൃപയുടെ ഉടമ്പടിയുടെ മുദ്രയായിരുന്നു. അതിനാൽ, ദൈവത്തിൻ്റെ കൽപ്പനപ്രകാരം കുട്ടികൾ പരിച്ഛേദന ചെയ്യപ്പെട്ടെങ്കിൽ, അത് അവരുടെ പിതാക്കന്മാരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ അവരെയും ദൈവം ഉൾപ്പെടുത്തിയതുകൊണ്ടാണ്." എന്താണ് ഇതിൽ നിന്നും അർത്ഥമാക്കുന്നത്, ദൈവവുമായുള്ള വിശ്വാസികളായ മാതാപിതാക്കളുടെ ഉടമ്പടി ബന്ധം അവരുടെ കുട്ടികളെ ദൈവത്തിൻ്റെ ഉടമ്പടിയുമായി സംയോജിപ്പിക്കാൻ പ്രാപ്തരാക്കുകയും കൃപയുടെ ഉടമ്പടിയുടെ മുദ്ര സ്വീകരിക്കാൻ അവരെ ദൈവം യോഗ്യരാക്കുകയും ചെയ്തുവെന്ന് വിശദീകരിക്കാൻ മാർസെൽ ശ്രമിക്കുന്നു. പഴയനിയമ സഭയുമായി പുതിയ നിയമസഭയ്ക്ക് കൗദാശിക കാര്യങ്ങളിൽ സമാനതകൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു, കാരണം "രണ്ട് നിയമങ്ങൾക്കു കീഴിലും സഭ ഒന്നാണ്." കുഞ്ഞുങ്ങൾ പരിഛേദന വഴി എബ്രായ സഭയിൽ അംഗങ്ങളായിത്തീർന്നു, അതുപോലെ ക്രിസ്ത്യൻ സഭയിൽ കുട്ടികൾ മാമോദിസ വഴി അംഗങ്ങൾ ആകുന്നു.  കാരണം സ്ഥാനാർത്ഥിയുടെ യോഗ്യതയല്ല, മറിച്ച് വിശ്വാസികളുടെ മക്കൾക്ക് മുന്നമേ ലഭിച്ച കൃപയുടെ പ്രതീകമായും മുദ്രയായും മാമോദീസ സ്വീകരിക്കാൻ അവരെ പ്രാപ്തമാക്കിയത് ദൈവ സ്നേഹം മാത്രമാണ്.

പെന്തക്കോസ്ത് നാളിൽ, പരിശുദ്ധാത്മാവിനെ അഗ്നി നാവുകളായി സ്വീകരിച്ച ഉടൻ, പത്രോസ് അവിടെ കൂടിയിരുന്ന ജനങ്ങളോട് ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38).  ഈ പ്രസ്‌താവനയ്‌ക്കുശേഷം അവൻ തുടരുന്നു, "ഈ വാഗ്‌ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്‌ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്‌ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്‌. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 39). വിശുദ്ധ മാമ്മോദീസ വിശ്വാസികളുടെ മക്കൾ ഉൾപ്പെടുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതിൽ ദൈവവചന പ്രകാരം സംശയിക്കേണ്ട കാര്യം ഒട്ടുമില്ല.

മാമോദിസ സ്വീകരിക്കുന്നതിന്റെ യഥാർത്ഥത്തിൽ ഉള്ള കാരണം എന്താണ് എന്നു നമുക്ക് നോക്കാം. പരിശുദ്ധ പൗലോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, "അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.

കര്‍ത്താവ്‌ കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍. പരിച്ഛേദിതര്‍ക്കു മാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹത്തിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്‌. എങ്ങനെയാണ തു പരിഗണിക്കപ്പെട്ടത്‌? അവന്‍ പരിച്ഛേദിതനായിരുന്നപ്പോഴോ? അപരിച്ഛേദിതനായിരുന്നപ്പോഴോ? പരിച്ഛേദിതനായിരുന്നപ്പോഴല്ല, അപരിച്ഛേദിതനായിരുന്നപ്പോള്‍.

അപരിച്ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭി ച്ചനീതിയുടെ മുദ്രയായി പരിച്ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത്‌ പരിച്ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത്‌ അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു.

മാത്രമല്ല, അതുവഴി അവന്‍ പരിച്ഛേദിതരുടെ, പരിച്ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടിചെയ്‌തവരുടെ പിതാവായി." (റോമാ 4 : 7-12).   പാപങ്ങൾ ദൈവം കണക്കിടാത്ത അല്ലെങ്കിൽ പാപങ്ങൾ ദൈവം മോചിച്ച മനുഷ്യൻ ഭാഗ്യവാൻ ആണെന്നുള്ള ദാവീദിന്റെ സങ്കീർത്തനങ്ങൾ ആണ് പൗലോസ് ആദ്യം പറയുന്നത്. തുടർന്ന് എങ്ങനെ ആണ് പാപമോചനം എന്ന ഈ ഭാഗ്യം അബ്രഹാമിനു ലഭിച്ചത് എന്നു ശ്ലീഹ ചോദിക്കുന്നു. അബ്രഹാമിന്റെ വിശ്വാസം ആണ് അവനു നീതി ആയിട്ട് പരിഗണിച്ചത് എന്നു അവൻ പറയുന്നു. അതായത്  പാപമോചനം ലഭിച്ച വ്യക്തിയുടെ അവസ്ഥ ആണ് നീതി. പക്ഷേ ഈ നീതി അഥവാ പാപമോചനം ലഭിച്ചത്  പരിഛേദന എന്ന പ്രവർത്തിയിൽ കൂടി ആണോ അതോ അപരിഛേദിതൻ ആയിരുന്നപ്പോൾ അബ്രഹാമിൽ ഉണ്ടായിരുന്ന വിശ്വാസം മൂലമോ എന്നു ശ്ലീഹ ചോദിക്കുന്നു. അപരിച്ഛേദിതൻ ആയിരുന്നപ്പോൾ ഉള്ള വിശ്വാസം മൂലം ആയിരുന്നു എന്ന് മറുപടിയും പറഞ്ഞു. പിന്നീട് അത് വിശദമായി പഠിപ്പിക്കുന്നു, അബ്രഹാം പിതാവിന് ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു അഥവാ ദൈവത്തെ വിശ്വസിക്കുവാൻ തക്കവിധം ഉള്ള ഒരു ഹൃദയം ദൈവം അബ്രഹാമിനു കൊടുത്തു. ഇത് അബ്രഹാമിന്റെ കഴിവൊ പ്രവർത്തിയോ അല്ല. ഇതിനാണ് ദൈവ കൃപ എന്ന് പറയുന്നത്. ദൈവം തന്റെ രക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഹൃദയത്തിൽ തന്നിൽ വിശ്വാസം ഉണ്ടാകുവാൻ വിധത്തിൽ ഒരു മുറിവ് ഉണ്ടാക്കുന്നു. ഈ മുറിവിനെ  ഹൃദയ പരിച്ഛേദന അഥവാ മാനസാന്തിരം എന്നു പറയുന്നു. ഈ ഹൃദയത്തിലെ മുറിവ് ആണ് ദൈവത്തിൽ വിശ്വാസം ഉണ്ടാകുവാൻ ഉള്ള പ്രാപ്തി നൽകുന്നത്. അതുകൊണ്ട് ദൈവകൃപ എന്നത് ദൈവം തന്ന ഈ ഹൃദയത്തിലെ മുറിവ് ആണ്. ഈ ഹൃദയ മുറിവ് ന്റെ പ്രതീകവും മുദ്രയും ആയി ആണ് ശരീരത്തിൽ ഒരു മുറിവ് ഉണ്ടാക്കുന്ന പരിച്ഛേദന എന്ന പഴയ നിയമ കൂദാശ. ഇത് വഴി ഇസ്രായേൽ മക്കൾ സഭയിൽ അംഗമായി തീർന്നു.

ഈ കൃപയുടെ മർമ്മം പഠിപ്പിച്ച ശേഷം ശ്ലീഹാ ഒരു കാര്യം കൂടി പറയുന്നു, വിശ്വാസികളുടെ പിതാവായ അബ്രഹാം പരിച്ഛേദന ഏറ്റവരുടെ മാത്രം പിതാവ് അല്ല അത് സ്വീകരിക്കിന്നതിനു മുമ്പ് ദൈവം അവന്റെ ഹൃദയത്തിൽ കൃപയാൽ നൽകിയ വിശ്വാസം അനുഗമിക്കുന്ന പരിച്ഛേദന ഇല്ലാത്തവരുടെയും പിതാവ് ആണ്. കാരണം കൃപയാൽ ഉള്ള വിശ്വാസത്തിന്റെ അടയാളം പഴയ നിയമത്തിൽ പരിച്ഛേദന ആയിരുന്നു, പുതിയ നിയമസഭയിൽ ഇത് വിശുദ്ധ മാമോദിസ ആണ്. അതുകൊണ്ട് പഴയ നിയമ പ്രകാരം പരിഛേദന ഏറ്റവർക്കും പുതിയ നിയമസഭയിൽ മാമോദിസ ഏറ്റവർക്കും അബ്രഹാം പിതാവാണ്. ചുരുക്കി പറഞ്ഞാൽ അബ്രഹാം ആരെ വിശ്വസിച്ചുവോ അതേ ദൈവത്തെ നമ്മളും വിശ്വസിക്കുന്നു. ഈ വിശ്വാസം നമ്മുടെ പ്രവർത്തിയാൽ അല്ല മറിച്ചു ദൈവ കൃപയാൽ ആണ്. അതുകൊണ്ട് നമ്മുടെ ഹൃദയത്തിൽ മുന്നമേ ദൈവം ഉളവാക്കിയ കൃപയാൽ ഉള്ള വിശ്വാസം എന്ന ആന്തരീക മാമോദിസയുടെ പ്രതീകവും മുദ്രയുമായി യേശു തമ്പുരാൻ വിശുദ്ധ മാമോദിസ നമുക്ക് ഭരമേൽപ്പിച്ചു. പഴയ നിയമ സഭയിൽ  ഒരു കുഞ്ഞിന്റെ  ഹൃദയത്തിൽ ദൈവം കൃപയാൽ നൽകിയ വിശ്വാസം മൂലം അതിന്റെ പ്രതീകവും മുദ്രയും ആയി പരിഛേദന ഏറ്റത് പോലെ പുതിയ നിയമസഭയിൽ കൃപയാൽ ലഭിച്ച വിശ്വാസത്തിന്റെ പ്രതീകവും മുദ്രയും ആയി കുഞ്ഞുങ്ങൾക്കും മാമോദിസ നൽകുന്നു. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌." (എഫേസോസ്‌ 2 : 8). നമ്മുടെ ഹൃദയത്തിൽ ദൈവം കൃപയാൽ ഉളവാക്കിയ ഈ വിശ്വാസം ആണ് നമുക്ക് നീതി ആയിട്ട് കണക്കാക്കിയത്. അതുകൊണ്ട് തന്നെ മാമോദിസ നമ്മെ നീതിമാൻ എന്നു മുദ്ര കുത്തുന്നു. നീതി എന്നതോ പാപമോചനം ആകുന്നു, അങ്ങനെ വിശുദ്ധ മാമോദിസ പാപമോചനം നൽകുന്നു.

സഭാപാരമ്പര്യത്തിൽ.

ശിശുസ്നാനത്തിൻ്റെ സ്ഥിരീകരണം തിരുവെഴുത്തുകളിൽ മാത്രമല്ല, നൂറ്റാണ്ടിൻ്റെ ആരംഭം മുതലുള്ള സഭയുടെ ഉപദേശങ്ങളുടെയും സിദ്ധാന്ധങ്ങളുടെയും ചരിത്രത്തിൽ നിന്നും കൂടി പ്രാപ്യമാണ്.  ഈ തെളിവുകളിൽ ആദ്യത്തേത്, ഏകദേശം 215 എ.ഡിയിൽ റോമിൽ വെച്ച് ഹിപ്പോളിറ്റസ് രചിച്ചതാണെന്ന് കരുതുന്ന അപ്പസ്തോലിക പാരമ്പര്യം  ആണ്. അതിൻ്റെ പതിനാറ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അധ്യായങ്ങളിൽ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ നടന്ന വിശുദ്ധ മാമോദിസ ചടങ്ങുകൾ വിശദീകരിക്കുന്നു.  വിശുദ്ധ മാമോദിസയിൽ ശിശുക്കളുടെ പങ്കിനെക്കുറിച്ച് പരാമർശിച്ച ഒരേയൊരു പരാമർശം "ആദ്യം വിശുദ്ധ മാമോദിസ ഏൽക്കേണ്ടത് ചെറിയ കുട്ടികളായിരിക്കണം" എന്നാണ്.  വിശുദ്ധ മാമ്മോദീസ സ്വീകരിക്കുന്ന കുട്ടികൾ തങ്ങൾക്ക് കഴിയുമെങ്കിൽ സ്വയം സംസാരിക്കണമെന്നും അല്ലെങ്കിൽ കുടുംബത്തിൽ നിന്നുള്ള മറ്റൊരാൾ അവർക്കുവേണ്ടി സംസാരിക്കാൻ അനുവദിക്കണമെന്നും ഈ രേഖ പറയുന്നു.  വിശുദ്ധ പൊതു സുന്നഹദോസ്സിൽ അംഗങ്ങളായിരുന്ന 'മൂന്ന് കപ്പഡോഷ്യൻ പിതാക്കന്മാരിൽ' ഒരാളായ ഗ്രിഗറി നാസിയാൻസെൻസ് തൻ്റെ നാൽപതാം പ്രസംഗത്തിൽ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് നൽകിയ ഉപദേശമിപ്രകാരമായിരുന്നു, "നിങ്ങൾക്ക് ഒരു ശിശുവുണ്ടോ?  പാപത്തിന് ഒരു അവസരവും ലഭിക്കാൻ ആ കുഞ്ഞിനെ അനുവദിക്കരുത്, ആയതിനു അവൻ്റെ കുട്ടിക്കാലം മുതൽ അവൻ വിശുദ്ധീകരിക്കപ്പെടട്ടെ;  അവൻ്റെ ഏറ്റവും ഇളം പ്രായം മുതൽ അവനെ ദൈവാത്മാവിനാൽ പ്രതിഷ്ഠിക്കട്ടെ."  ശിശുസ്നാനത്തിൻ്റെ ഏറ്റവും സ്വീകാര്യമായ ഒരു തെളിവാണിത്, കാരണം ഈ തത്വം പഠിപ്പിച്ച സഭാ പിതാവ് അവിഭക്ത ക്രൈസ്തവലോകത്തിൽ പരക്കെ സ്വീകാര്യനായ വ്യക്തിയായിരുന്നു.

നാം മുൻപ് കണ്ടു വിശുദ്ധ മാമോദിസ എന്നത് ദൈവകൃപയാൽ മുന്നമേ ഉളവായ ആന്തരീക മാമോദിസയുടെ പ്രതീകവും, മുദ്രയും ആണ് എന്നുള്ളത്. പരിശുദ്ധ പിതാക്കന്മാർ അടിവരയിട്ട് ഇത് പഠിപ്പിക്കുകയും തന്മൂലമവർ ശിശുകൾക്ക് സ്നാനം നൽകുകയും ചെയ്തു.  നമ്മുടെ സഭ ഇത് ഇന്നായോളം നിലനിർത്തി പിന്തുടർന്ന് പോരുന്നതിൽ നമുക്ക് അഭിമാനിക്കാം. ഓരോ വിശുദ്ധ കുർബാന പൂർത്തിയാക്കപ്പെട്ടു മടങ്ങുമ്പോഴും വിശ്വാസികളെ ആശീർവദിച്ചു കൊണ്ട് പുരോഹിതർ പറയുന്ന സമാധാന വക്കുകളിൽ, " നമ്മുടെ കർത്താവിന്റെ വിശുദ്ധ സ്ലീബയാൽ രക്ഷിക്കപ്പെട്ടവരും, പരിശുദ്ധ മാമോദിസയുടെ റൂശ്മായാൽ മുദ്രയിടപ്പെട്ടവരുമേ" എന്നാണ് നമ്മെ വിളിക്കുന്നത്. ക്രിസ്തു കുരിശിൽ വഹിച്ച മുറിവുകളും മരണവും സംസ്കാരവും എല്ലാം ആണ് നമ്മുക്കു രക്ഷ നൽകുന്ന ദൈവകൃപ, ഈ കൃപയാകുന്ന കുരിശിലെ മരണവും, സംസ്കാരവും എല്ലാം നമ്മുടെ ഹൃദയത്തിൽ ദൈവം ഉളവാക്കുമ്പോൾ ആണ് നമ്മിൽ ദൈവവിശ്വാസം ഉളവാകുന്നത്.  ആയതിനാൽ ഈ ക്രിസ്തുവിന്റെ പീഡയും മരണവും കബറടക്കവും എല്ലാം വിശുദ്ധ മാമോദിസയെന്ന പ്രതീകവും മുദ്രയും വഴി വിശ്വസിയുടെ ജീവിതത്തിലും ഉളവാകുന്നു. തൽഫലമായി മാമോദിസയിലൂടെ വിശ്വാസി ക്രിസ്തുവിൽ മരിച്ചു അടക്കപെട്ടു ഉയിർപ്പിക്കപ്പെട്ടു ക്രിസ്തുവിന്റെ ശരീരം ധരിച്ച് ക്രിസ്തുവിൽ ആയി തീരുന്നു. ആയതിനാൽ ഒരുവൻ ഒരുവൻ മാമോദിസ സ്വീകരിച്ചു ക്രിസ്തുവിൽ ആകുമ്പോൾ പഴയത് കഴിഞ്ഞു പോയി പുതിയ സൃഷ്ടി ആയി തീരുന്നു.

സുറിയാനി സഭയിൽ ഒരു ശിശു ഇപ്രകാരം പുതിയ സൃഷ്ടി ആകുമ്പോൾ അവനും ഒരു 'ക്രിസ്തു' അഥവാ 'അഭിഷേകമുള്ളവൻ' ആയി മാറുന്നു. അതുകൊണ്ട് മാമോദിസ സ്വീകരിച്ചവർക്ക് യേശു ക്രിസ്തുവിൽ ഉള്ള അതേ അഭിഷേകം, വിശുദ്ധ റൂഹയുടെ രാജകീയ പൗരോഹിത്യ അഭിഷേകം ലഭ്യമാകുന്നുണ്ട്. ഇതു മൂലം ആണ് 'വെള്ളത്താലും ആത്മാവാലും' എന്നു വിശുദ്ധ മാമോദിസ അറിയപ്പെടുന്നത്. ഈ പ്രാപിച്ച ആന്തരീക അഭിഷേകത്തിന്റെ പ്രതീകവും മുദ്രയും ആയിട്ടു  വിശുദ്ധ മൂറോൻ അഭിഷേകവും നല്കപ്പെടുന്നു. ആദിമ സഭയിൽ ഇത് ശ്ലീഹന്മാരുടെ കൈവയ്പ്പിനാൽ നൽകപ്പെട്ടുരുന്നതിനാൽ സുറിയാനി സഭയുടെ ശ്ലൈഹിക അവകാശിയും പിൻഗാമിയും ആയുള്ള പരിശുദ്ധ പാത്രിയാർക്കീസ് ബാവ തന്റെ കൈവയ്പ്പിനാൽ ശുദ്ധീകരിച്ചു നൽകുന്ന വിശുദ്ധ മൂറോൻ ആണ് അഭിഷേക തൈലം ആയിട്ട് ഉപയോഗിക്കുന്നത്. അതായത് പരിശുദ്ധ ശ്ലീഹന്മാരുടെ കൈവയ്പ്പ് പരിശുദ്ധ ബാവായാൽ തയ്യാർ ആക്കപ്പെട്ട അഭിഷേക തൈലം വഴി വിശ്വാസികളിൽ എത്തുന്നു.  ഇങ്ങനെ ഒരു വിശ്വാസി ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ അനുഭവിക്കുവൻ യോഗ്യത നേടുകയും അത് പ്രാപിക്കുകയും ചെയ്യുന്നു. മൂന്ന് രഹസ്യങ്ങൾ ഒരേ ദിവസം ഇങ്ങനെ സ്വീകരിക്കുന്നു, വിശുദ്ധ മാമോദിസ, വിശുദ്ധ മൂറോൻ, വിശുദ്ധ കുർബാന എന്നിവ തന്നെ.

മാമോദിസ ഏൽക്കാത്ത വിശ്വാസികൾക്ക് ആദിമ സഭ രോഗികൾക്കുള്ള തൈലാഭിഷേകം നൽകിയിരുന്നോ?

ചുരുക്കം ചില ആദിമ സഭാപിതാക്കന്മാർ സ്നാനമേൽക്കാത്ത വിശ്വാസികളെ അവർ മരണകരമായ സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ അവർക്ക് രോഗികൾക്കുള്ള വിശുദ്ധ തൈലാഭിഷേകം നൽകുന്നതിനെ പിന്തുണച്ചു:

മിലാനിലെ വിശുദ്ധ ആംബ്രോസ് (A.D 339-397) തന്റെ "ഡി ഓഫീസ്" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണാസന്നനിലയിലാണെങ്കിൽ, സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് രോഗികളുടെ അഭിഷേകം നൽകാം." വീണ്ടും,  യെരുശലേമിലെ വിശുദ്ധ കൂറിലോസ് (A.D 315-386) ഇപ്രകാരം പറയുന്നു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണത്തോട് അടുക്കുകയും സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരെ രോഗികൾക്കുള്ള തൈലം കൊണ്ടു അഭിഷേകം ചെയ്യുക, അവർ രക്ഷിക്കപ്പെടും" (കാറ്റക്കിസം 7.8). സ്വർണ്ണനാവുകാരനായ മോർ യുഹാനോൻ ക്രിസോസ്റ്റമോസ് (A.D 347-407) വിശുദ്ധ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ (ഹോമിലീസ് 82.4) ഇപ്രകാരം പ്രഖ്യാപിച്ചു, "സ്നാനം സ്വീകരിക്കാത്ത ഒരാൾ മരണാസന്നനായിരിക്കുകയും സ്നാനം സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ കൂദാശ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, രോഗികളുടെ അഭിഷേകം അവർക്ക് നൽകാം. അവർ രക്ഷിക്കപ്പെട്ടേക്കാം"

മേല്പറഞ്ഞ ഉദാഹരണങ്ങൾ തെളിയിക്കുന്നത്, രോഗികളുടെ അഭിഷേകത്തിന് വിശുദ്ധ മാമോദീസ ഒരു മുൻവ്യവസ്ഥയായി പൊതുവെ കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, മരണത്തോട് അടുക്കുന്നത് പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളിൽ ചില ഒഴിവു കഴിവുകൾ ഉണ്ടായിരുന്നു എന്നാണ്.  അടിയന്തിര സാഹചര്യങ്ങളിൽ സ്നാനപ്പെടാത്തവരെങ്കിലും വിശ്വാസികൾ ആയ രോഗികളെ അഭിഷേകം ചെയ്യുന്ന ആദ്യകാല പരിശുദ്ധ സഭയുടെ സമ്പ്രദായം, വിശുദ്ധ അപ്പോസ്തലന്മാർ രോഗികളുടെ സ്നാനാവസ്ഥ പരിഗണിക്കാതെ അവരെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നതിനെക്കുറിച്ചു മർക്കോസിന്റെ സുവിശേഷത്തിൽ 6:13 ലുള്ള വിവരണത്താൽ സ്വാധീനിക്കപ്പെട്ടുണ്ടായതാണെന്നു ഞാൻ കരുതുന്നു.

ഈ ആദിമ സഭാപിതാക്കന്മാരുടെ വീക്ഷണങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ കാണിക്കേണ്ട അനുകമ്പയുടെയും രക്ഷയുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. ഒപ്പം ആദിമ ക്രിസ്ത്യൻ സഭ എല്ലാ വിശ്വാസികളിടെയും ആത്മീയ ക്ഷേമം ഉറപ്പാക്കാൻ സഭയുടെ പാരമ്പര്യങ്ങളെയോ വിശ്വാസികൾ ആയ രോഗികളുടെ മാമോദീസാ പദവിയോ സഭാ അംഗത്വമോ പരിഗണിക്കാതെ അവരെ കൃപാപൂർവ്വം സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് തെളിയിക്കുന്നു.

കാര്യങ്ങൾ ഇപ്രകാരം ആണെങ്കിൽ, സഭാ വ്യത്യാസം കാണിക്കാതെ വിശ്വാസപൂർവ്വം ആവിശ്യപ്പെടുന്ന ഒരു ക്രിസ്തീയ വിശ്വാസിക്ക് പ്രത്യേകിച്ച് അയാൾ ഒരു ഹോസ്പിറ്റലിൽ മരണാസന്നനായിരിക്കുമ്പോൾ ആ കൂദാശ നൽകുന്നത് ഉത്തമമല്ലേ? ഒരു പക്ഷേ രോഗിയ്ക്കുവേണ്ടി വിശ്വാസപൂർവ്വം അപേക്ഷിക്കുന്ന ബന്ധുക്കളെ നമ്മൾ എപ്രകാരം സമീപിക്കണം.

ഓർക്കുക, ഭൂമിയിൽ മനുഷ്യപുത്രന് പാപങ്ങൾ മോചിക്കുവാൻ അധികാരം ഉണ്ടെന്നു എല്ലാവർക്കും മനസ്സിലാകുന്നതിനു വേണ്ടി ബന്ധുക്കളുടെ വിശ്വാസം കണ്ടു കർത്താവ് തളർവത രോഗിയുടെ പാപങ്ങൾ ക്ഷമിക്കുകയും സൗഖ്യം നൽകുകയും ചെയ്തു.

ആ മനുഷ്യപുത്രന്റെ പട്ടക്കാർ അതേ മനോഭാവം ഉള്ളവരാകണം എന്നു അവൻ ആഗ്രഹിക്കുന്നില്ലേ.

ഉപസംഹാരം.

വിശുദ്ധ മാമോദിസ എന്ന വിഷയം ഒന്നോ രണ്ടോ പേജിൽ എഴുതി പൂർത്തിയാക്കുവാൻ സാധിക്കുന്ന ഒരു വിഷയമല്ല. വളരെ ആഴമേറിയ ഈ വിഷയത്തിൽ ശിശുസ്നാനം ദൈവിക പദ്ധതിയാണെന്നുള്ളത് വ്യക്തമാക്കുവാനാണ് ഈ ലേഖനം ശ്രദ്ധിച്ചിട്ടുള്ളത്. കൃപയാലാണ് വിശ്വാസം എന്നുള്ള സത്യം ഉൾക്കൊള്ളാൻ നമ്മൾ ബോധമണ്ഡലം തയ്യാർ ആകേണ്ടത് ഉണ്ട്. യെരുശ്ശലെമിലെ അപ്പോസ്തൊലിക സുന്നഹദോസ്സിൽ വിശുദ്ധ പത്രോസ് അത് വ്യക്തമാക്കി പറഞ്ഞു, "അവരെപ്പോലെതന്നെ നാമും രക്‌ഷപ്രാപിക്കുന്നത്‌ കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു."

(അപ്പൊ. പ്രവ 15 : 11). അതായത്, പുറജാതികൾ ആയിരുന്ന നമ്മളും സ്വജാതികൾ ആയിരുന്ന യഹൂദരും രക്ഷ പ്രാപിച്ചത് ദൈവകൃപയാൽ ആണ് എന്നു അർത്ഥം. ആയതിനാൽ, വിശുദ്ധ മാമോദിസ നൽകേണ്ടത് ഏൽക്കുന്ന വ്യക്തിയുടെ  കഴിവിന്റെ അടിസ്ഥാനത്തിൽ അല്ല മറിച്ചു ദൈവം അവനോട്‌ കാണിച്ച കൃപയാൽ അവനിൽ ഉളവായ വിശ്വാസം മൂലം ആണ് . പക്വത ഉള്ളവൻ എങ്കിൽ വിശ്വാസം ഏറ്റ് പറഞ്ഞു മാമോദിസ സ്വീകരിക്കട്ടെ, വിശ്വസിയുടെ കുടുംബത്തിൽ നിന്നുള്ള ശിശുവെങ്കിൽ കുടുംബത്തിൽ ഒരാൾ ശിശുവിന്റെ ഹൃദയത്തിൽ മറവായിരിക്കുന്ന കൃപയാൽ ഉള്ള വിശ്വാസം ഏറ്റു പറഞ്ഞു കൊണ്ട് ശിശുവിനു സ്നാനം ഏൽക്കാന്  അവസരം ഒരുക്കട്ടെ. ഏറ്റു പറയുന്ന വ്യക്തി ശിശുവിനെ ആത്മീയ പരിശീലനം കൊടുക്കാൻ നിയോഗിക്കപെടുകയും ചെയ്യട്ടെ. നമ്മുടെ സുറിയാനി സഭയിൽ ഈ അപ്പോസ്ത്തോലിക പാരമ്പര്യം എന്നാളും നിലനിൽക്കട്ടെ.

 

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • അതിഭക്ഷണം
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ഊറാറ
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • കുരിയാക്കോസ് സഹദാ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • നോമ്പ്.
  • പെന്തക്കോസ്തി പെരുന്നാൾ
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • വിശുദ്ധ ബൈബിൾ.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • എന്റെ ജനം
  • ധ്യാനം
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • മാനിന്റെ സവിശേഷതകൾ.
  • കടമറ്റത്ത് കത്തനാർ.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • നോമ്പ് എടുക്കുന്നുണ്ടോ?
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • സംഗീതം എന്ന ഔഷധം. Music Therapy
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • കെരൂബുകൾ. (Cherubs).
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • സൈകാമോർ
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഊറീമും തുമ്മീമും. (Urim and Thummim).
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved