Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.

ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടതയില്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 32:1-2).

പാപം. (sin).

പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്റെ അടിസ്ഥാനകാരണം. മനുഷ്യന്റെ വിട്ടുവീഴ്ചയില്ലാത്ത വഷളത്തവും ല്ലേച്ഛപ്രവൃത്തികളും പാപം എന്ന പ്രയോഗം ഉൾക്കൊള്ളുന്നു. ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന പാപവാസനയിൽ നിന്നു ഹീനമായ പ്രവൃത്തികൾ പൊട്ടിപ്പുറപ്പെടുമ്പോഴാണ് മനസ്സാക്ഷിക്കുത്ത് സഹിക്കാനാവാതെ മനുഷ്യൻ ഏറ്റുപറയുന്നത്. ‘ഞാൻ പാപം ചെയ്തു പോയി’, ‘ഞാൻ പാപി’ എന്നെല്ലാം.

പാപത്തിന്റെ നിർവ്വചനം:

പാപത്തെക്കുറിക്കുന്ന മൂലപദങ്ങളിൽനിന്നും പാപത്തിന്റെ ഒരു നിർവ്വചനം രൂപപ്പെടുത്തിയെടുക്കുക എളുപ്പമല്ല. എന്നാൽ ഓരോപദത്തിലും പാപത്തിന്റെ ഓരോ സവിശേഷഭാവം പ്രകടമാകുന്നുണ്ട്. പാപം എല്ലാംതന്നെ ദൈവത്തിനെതിരെയുള്ളതാണ്. ദാവീദ് പറയുകയാണ്; “നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു”. (സങ്കീ, 51:4). റോമർ 8:7-ൽ ദൈവത്തോട് ശത്രുത്വം എന്നു പറയുന്നുണ്ട്. ചുരുക്കത്തിൽ ദൈവകല്പന ലംഘിക്കുന്നതാണ് പാപം. തിന്മചെയ്യുന്നതിനെയും, തിന്മയ്ക്ക് അധിഷ്ഠാനമായി ദൈവവുമായി മനുഷ്യന് നഷ്ടപ്പെട്ടുപോയ ബന്ധത്തെയും പാപം വിവക്ഷിക്കുന്നു. നീതിമാനും പരിശുദ്ധനുമായ ദൈവത്തോടടുക്കാതവണ്ണം പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. പാപത്തെ വ്യക്തമാക്കുന്ന ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്.

1. ഗർവ്വമുള്ള കണ്ണും അഹങ്കാര ഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ. (സദൃ 21:4).

2. ഭോഷന്റെ നിരൂപണം പാപം തന്നേ. (സദൃ 24:9).

3. വിശ്വാസത്തിൽനിന്നും ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. (റോമ 14:23).

4. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു. (യാക്കോ 2:9)

5. നന്മചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവനു അതു പാപം തന്നേ. (യാക്കോ 4:17).

6. പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ. (1.യോഹ 3:4).

7. ഏതു അനീതിയും പാപം ആകുന്നു. (1.യോഹ 5:17).

പാപത്തിന്റെ ഉത്ഭവം:

ആദാമിന്റെയും ഹവ്വയുടെയും വീഴ്ചയ്ക്കുമുമ്പുതന്നെ പാപം ഉണ്ടായിരുന്നു. (ഉല്പ 3:1; യോഹ 8:44; 2.പത്രോ, 2:4; 1.യോഹ, 3:8; യൂദാ, 6). പ്രപഞ്ചത്തിൽ പാപമുണ്ടായ വിധത്തെക്കുറിച്ചു വിവരിക്കാതെ പാപത്തെക്കുറിച്ചും പാപം മനുഷ്യജീവിതത്തിൽ ഉണ്ടായതിനെക്കുറിച്ചുമാണ് ബൈബിൾ വിശദമാക്കുന്നത്. ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പരീക്ഷയും മനുഷ്യന്റെ വീഴ്ചയും വർണ്ണിക്കുന്നു. പ്രസ്തുത വിവരണത്തിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാവുന്നതാണ്.

1. ദൈവം പാപത്തിനു കാരണഭൂതനല്ല. സർപ്പം പാപം ചെയ്യുവാൻ നിർദ്ദേശിക്കുകയും ഹവ്വ അംഗീകരിക്കുകയും ചെയ്തു. (യാക്കോ 1:13-15).

2. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ വൃക്ഷഫലം തിന്നരുതെന്ന ദൈവകല്പനയുടെ നീതിയെക്കുറിച്ചുള്ള സംശയത്തോടുകൂടി പാപം ഹവ്വയിൽ തലപൊക്കി.

3. ദൈവകല്പനയുടെ നേർക്കുള്ള പ്രത്യക്ഷവും മനഃപൂർവ്വവുമായ അനുസരണക്കേടായിരുന്നു ഈ സംശയത്തിൽ നിന്നുണ്ടായ പാപകരമായ പ്രവൃത്തി.

4. ആദാമിന്റെയും ഹവ്വയുടെയും പാപം നഗ്നതയുടെ ലജ്ജയെക്കുറിച്ചുള്ള പ്രത്യക്ഷബോധത്തിലേക്കും തൽഫലമായി ദൈവത്തിൽ നിന്നോടി ഒളിക്കുവാനുള്ള ശ്രമത്തിലേക്കും നയിച്ചു.

5. പാപത്തെ തുടർന്നു സർപ്പവും, സ്ത്രീയും, പുരുഷനും ദൈവശാപത്തിനു വിധേയരായി. തോട്ടത്തിൽ നിന്നും ദൈവകൂട്ടായ്മയിൽ നിന്നും അവർ പുറത്തായി. മനുഷ്യവർഗ്ഗം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു.

ഏകന്റെ ലംഘനം:

ദൈവം മനുഷ്യജാതിയെ മുഴുവനും ഉളവാക്കിയതു ഏകനിൽ നിന്നാണ്. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു”. (അ.പ്ര 17:26). ഏകന്റെ ഭാഗധേയം മനുഷ്യവർഗ്ഗത്തിനു മുഴുവൻ ബാധകമായി. “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു”. (റോമ 5:12). ഏകന്റെ ലംഘനം മനുഷ്യവർഗ്ഗത്തിന്റെ ഭാവിചരിത്രം മുഴുവൻ ഘനീഭൂതമായി ഉൾക്കൊള്ളുന്നു. “ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും”. (റോമ 5:17). “മനുഷ്യൻമൂലം മരണമുണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും”. (1.കൊരി 15:21,22). പാപത്തെ ആദാമിന്റെ ലംഘനം (റോമ, 5:14), ഏകന്റെ ലംഘനം (റോമ 5:15), ഏകന്റെ പാപം (റോമ 5:16), ഏകലംഘനം (റോമ 5:18) എന്നിങ്ങനെ പറയുന്നു. ‘എല്ലാവരും പാപം ചെയ്കയാൽ’ എന്നതുകൊണ്ടു ആദാമിന്റെ പാപത്തിൽ എല്ലാവരുടെയും പാപം പരാമർശിക്കപ്പെടുന്നു. ആദാം പാപം ചെയ്തതുകൊണ്ടു എല്ലാ മനുഷ്യരും പാപികളായി എന്നല്ല, മനുഷ്യർ എല്ലാവരും പാപികളാകയാൽ ആദാമും ആദ്യമനുഷ്യൻ എന്ന നിലയ്ക്കു പാപം ചെയ്തു എന്നത്രേ. ആദാമിൽ എല്ലാവരും മരിക്കുന്നുവെങ്കിൽ അത് ആദാമിൽ എല്ലാവരും പാപം ചെയ്തതുകൊണ്ടു മാത്രം. പ്രകൃത്യാ മനുഷ്യൻ ആദാമിൽ ഒന്നാണ്. എന്നാൽ കർത്താവായ യേശുവിലൂടെയുളള നിത്യജീവനെ വിശ്വാസത്താൽ സ്വീകരിക്കുന്നതിലൂടെ മനുഷ്യർ ക്രിസ്തുവിൽ ഒന്നായിത്തീരുന്നു. ആദാമിൽ എല്ലാവരും പാപികളായിത്തീർന്നു. എന്നാൽ ഒടുക്കത്തെ ആദാമായ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടുന്നു. ഒരുവൻ ഒരിക്കലെന്നേയ്ക്കുമായി എല്ലാവർക്കുംവേണ്ടി പാപം ചെയ്തു. ഒടുക്കത്തെ ആദാം (ക്രിസ്തു) മനുഷ്യവർഗ്ഗത്തെ മുഴുവൻ പാപത്തിൽനിന്നു വീണ്ടെടുക്കുന്നു. അങ്ങനെ മനുഷ്യവർഗ്ഗത്തിന്റെ ചരിത്രം മുഴുവൻ രണ്ടുഭമണ പഥങ്ങളിലൂടെ നീങ്ങുന്നു.

1. പാപം – ശിക്ഷ – മരണം (ഒന്നാമത്തെ ആദാമിൽ)

2. നീതി – നീതീകരണം – ജീവൻ (ഒടുക്കത്തെ ആദാമിൽ)

പാപത്തിന്റെ വ്യാപ്തി:

മനുഷ്യാത്മാവിന്റെ മണ്ഡലത്തിലാണ് പാപം ഉണ്ടായതെങ്കിലും അതിന്റെ അനന്തരഫലം ഭൗതിക പ്രപഞ്ചത്തെ മുഴുവൻ ബാധിച്ചു. സർവ്വസൃഷ്ടിയും പാപഫലമായി ശാപത്തിൻ കീഴിലായി. “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു. (റോമ, 8:20). മനുഷ്യന്റെ പാപം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. (ഉല്പ, 3:18). സസ്യങ്ങളും (ഉല്പ, 3:17,18; യെശ, 55:13), മൃഗങ്ങളും (ഉല്പ, 9:1-3; യെശ, 11:6-9), മനുഷ്യരും (സങ്കീ, 8:4,5; ഉല്പ, 3:31; സഭാ, 7:20) ശാപത്തിന്നു വിധേയരായി. ആദാമിന്റെയും ഹവ്വയുടെയും വീഴ്ച അവരിൽ നിന്നുണ്ടായ സന്തതികളെ എല്ലാം ബാധിച്ചു. അങ്ങനെ എല്ലാമനുഷ്യരും പാപം ചെയ്തു (റോമ, 3:10, 31) ദൈവമുമ്പിൽ കുറ്റക്കാരും (റോമ 3:19), അനുസരണക്കേടിന്റെ മക്കളും (എഫെ 2:2), കോപത്തിന്റെ മക്കളും (എഫെ 2:3) ആയി ദൈവത്തിൽ നിന്നകന്നു (എഫെ 4:18), കപടവും വഞ്ചനയും നിറഞ്ഞു (യിര, 17:9), ബലഹീനരും അഭക്തരും ആയി (റോമ, 5:5), അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചു (എഫെ 2:1). പാപം ആത്മഹത്യയിൽ ആരംഭിച്ചു (ആദാം), ഭ്രാതൃഹത്യയിൽ വളർന്നു (കയീൻ), ദൈവഹത്യയിൽ (ക്രിസ്തുവിന്റെ ക്രൂശീകരണം) പരമകാഷ്ഠയിലെത്തി.

ആദാമിന്റെ വീഴ്ച ആദാമിൽ ഒന്നായിരിക്കുന്ന മനുഷ്യവർഗ്ഗത്തെ മുഴുവൻ പിടിയിലമർത്തി. ദുഷ്ടതയുടെ ആധിക്യം കാരണം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു (ഉല്പ, 6). ജലപ്രളയശേഷം രക്തപാതകം ഒഴിവാക്കുന്നതിനു വധശിക്ഷ ഏർപ്പെടുത്തി. (ഉല്പ, 9:6). ദൈവത്തിന്റെ നേർക്കുള്ള മൽസരം ഇല്ലാതാക്കുവാൻ വേണ്ടി ബാബേൽ ഗോപുരനിർമ്മാണം തടഞ്ഞു. തുടർന്ന് അബ്രാഹാമിനും സന്തതിക്കും വാഗ്ദാനം നൽകി ദൈവത്തിന്റെ പ്രത്യേക വെളിപ്പാടിന് പാത്രമാക്കി. അനിയന്ത്രിതമായ പാപത്തിലും ദുഷ്ടതയിലും ജീവിക്കുന്നവർക്കുള്ള ശിക്ഷാവിധി അനന്തര തലമുറകളെ ഓർപ്പിക്കാൻ വേണ്ടി ഈ കാലയളവിൽ സൊദോമിനെയും ഗൊമോറയെയും അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. യാക്കോബിന്റെയും പുത്രന്മാരുടെയും ജീവിതത്തിൽ ഉണ്ടായ പാപം തിരുവെഴു ൾത്തുകൾ വ്യക്തമാക്കിയിട്ടുണ്ട്. യിസ്രായേൽ മക്കളെ മിസയീമ്യ അടിമത്തത്തിൽനിന്ന് വീണ്ടെടുത്തതു പാപത്തിന്റെ ശക്തിയിൽ നിന്നുള്ള വീണ്ടെടുപ്പിനു നിഴലാണ്. ആ വീണ്ടെടുപ്പിന്റെ രാത്രിയിൽപ്പോലും പ്രായശ്ചിത്തമരണത്തിലൂടെ മാത്രമാണ് യിസ്രായേൽ വീണ്ടടുക്കപ്പെട്ടതെന്നു അവർക്കു കാട്ടിക്കൊടുത്തു. (പുറ, 12). ചെങ്കടലിൽ നിന്ന് യിസ്രായേൽമക്കളെ രക്ഷിച്ച ദൈവത്തിന്റെ രക്ഷാശക്തിയെ കണ്ട ജനം ദൈവത്തോടു മത്സരിച്ചു. (പുറ, 17:1-7). ഒരു പ്രത്യേക ജാതിയായി തന്റെ ജനമായിരിക്കുവാനാണ് അവർ വിളിക്കപ്പെട്ടതെന്നു അവരെ ഓർപ്പിച്ചു കൊണ്ടു സീനായിൽ വച്ചു ന്യായപ്രമാണം നൽകി. എന്നാൽ യിസ്രായേലിന്റെ പാപപൂർണ്ണത കാളക്കുട്ടി ആരാധനയിൽ വെളിപ്പെട്ടു. (പുറ, 32). ദൈവജനത്തിനു ഉണ്ടായിരിക്കേണ്ട വിശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുവാൻ വേണ്ടി ആചാരപരമായ അശുദ്ധി, അശുദ്ധിയുള്ള രോഗങ്ങൾ, അശുദ്ധിയുള്ള മാംസം എന്നിവയുടെ വിശദമായ പട്ടികകൾ അവർക്കു നൽകി. (ലേവ്യ, 11:15; ആവ, 14:21). കനാനിൽ പ്രവേശിച്ചതു മുതൽ ബാബിലോന്യ പ്രവാസം വരെയുള്ള അവരുടെ പാപത്തെ വിശ്വാസത്യാഗം എന്നാണ് വിളിക്കുന്നത്. (ന്യായാ, 2:1-5). ദാവീദും മറ്റും ചെയ്ത പാപം മേച്ഛമെന്നേ പറയേണ്ടു. സാമൂഹിക പീഡ, വിഗ്രഹാരാധന എന്നിവ വർദ്ധിച്ചു. ബാബിലോന്യ പ്രവാസത്തിലൂടെ അവരുടെ വിഗ്രഹാരാധനയ്ക്ക് അല്പം ശമനം വന്നെങ്കിലും അവരുടെ നിർബ്ബന്ധബുദ്ധിയും, കഠിനഹൃദയവും വീണ്ടും വെളിപ്പെട്ടു. (മലാ, 1:6-2:17; 3:7-15). മനുഷ്യന്റെ വഷളത്തം അദമ്യമാണ്. അതിന്റെ തേർവാഴ്ച എല്ലാ മണ്ഡലങ്ങളിലും ദൃശ്യമാണ്. ഈ ദുഷ്ടത പൂർണ്ണാവസ്ഥയിലെത്തിയത് ക്രിസ്തുവിന്റെ ക്രൂശീകരണത്തിലത്രേ.

പാപവാസന: പാപം ചെയ്യാനുളള വാസന മനുഷ്യനു സഹജമാണ്. “അവർ വഷളന്മാരായി മേച്ഛത പ്രവർത്തിക്കുന്നു, നന്മചെയ്യുന്നവൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണാൻ യഹോവ സ്വർഗ്ഗത്തിൽ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.” (സങ്കീ, 14:1-3). സ്വേച്ഛയാ ചെയ്യുന്ന ഒരു ലംഘനം മാത്രമല്ല പാപം. പാപേച്ഛ ഓരോന്നും പ്രസ്തുത ഇച്ഛയെക്കാൾ രൂഢമുലമായ ഒന്നിൽനിന്നു പുറപ്പെടുകയാണ്. പാപപൂർണ്ണമായ ഹൃദയത്തിൽ നിന്നാണ് പാപപ്രവൃത്തികളുടെ ഉത്ഭവം. (മർക്കൊ 7:20-23; സദൃ 4:23; 23:7). പാപവാസനയോടു കൂടെയാണ് എല്ലാവരും ഭൂമിയിൽ ജനിക്കുന്നത്. അത് ആദാമിന്റെ പാപത്തിൽ എല്ലാവർക്കുമുള്ള ഏകത്വം സ്പഷ്ടമാക്കുന്നു. “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു”. (സങ്കീ 51:5). “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു.” (യോഹ 3:6). പാപത്താൽ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യപ്രകൃതിയെയാണ് പൗലൊസ് അപ്പൊസ്തലൻ ജഡം എന്നു വിളിക്കുന്നത്. (റോമ 8:5-7). ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു. (റോമ 8:7). മനുഷ്യന്റെ വീഴ്ചയുടെ ഫലങ്ങളിൽനിന്നു മുക്തമായ ഒരു മണ്ഡലവും മനുഷ്യജീവിതത്തിലില്ല. തന്മൂലം ദൈവത്തിന്റെ സന്നിധിയിലും ന്യായപ്രമാണത്തിന്റെ മുമ്പിലും മനുഷ്യന്റെ നീതീകരണത്തിനു സഹായകമായ ഒരടിസ്ഥാനവും അവന്റെ ജീവിതത്തിൽ ചൂണ്ടിക്കാണിക്കാനില്ല.

പാപവാസനയെ ചൂണ്ടിക്കാണിക്കുന്ന മറ്റു പ്രയോഗങ്ങളാണ് വഷളത്തം, ദുഷ്ടത, അരിഷ്ടത എന്നിവ. ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും വഷളരും മേച്ഛരും (മ്ലാനമായ ഇച്ഛയോടുകൂടിയവർ) കൊള്ളരുതാത്തവരുമാണ്. ഈ അവസ്ഥയെ മനുഷ്യന്റെ നഷ്ടാവസ്ഥ എന്നു പറയും. നഷ്ടാവസ്ഥയെ സംബന്ധിക്കുന്ന നാലു കാര്യങ്ങളുണ്ട്.

1. തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിൻ കീഴടച്ചു കളഞ്ഞു. (ഗലാ 3:22). ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്. മനുഷ്യൻ വ്യക്തിപരമായി പാപം ചെയ്യുന്നു (റോമ 3:23); പാപപ്രകൃതിയെ താലോലിക്കുന്നു. ഇപ്രകാരമുള്ള മനുഷ്യനെ പാപാവസ്ഥയിൽ അടച്ചിട്ടിരിക്കുകയാണ്. (റോമ 3:9; 11:32). മനുഷ്യനോട് കരുണ കാണിക്കേണ്ടതിന്നും, തന്റെ കൃപാമഹത്വം പ്രദർശിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു എല്ലാറ്റിനെയും പാപത്തിന്റെ കീഴടച്ചു കളഞ്ഞത്.

2. മനുഷ്യൻ ആത്മീയമായി മരിച്ചു. (എഫെ 2:1). മനുഷ്യന്റെ അനുസരണക്കേടിന്റെ ശിക്ഷ ആത്മീയമരണമാണ്. ആത്മീയമരണത്തിന്റെ അനന്തരഫലമാണ് ശാരീരിക മരണം. പാപം ചെയ്യുന്ന ദേഹി മരിക്കും. (യെഹ, 18:4). പാപത്തിന്റെ ശമ്പളം മരണമാണ്. (റോമ, 6:23).

3. മനുഷ്യൻ ശിക്ഷാവിധിക്ക് വിധേയനായി. (യോഹ, 3:18). ശിക്ഷാവിധിയിൻ കീഴിലായ മനുഷ്യൻ ദൈവക്രോധത്തിനും ശാപത്തിനും പാത്രമായി. (റോമ 1:18; ഗലാ 3:13).

4. പ്രാകൃതമനുഷ്യൻ സാത്താന്റെ അധീനത്തിലാണ്. ഈ ലോകത്തിന്റെ ദൈവമാണാ സാത്താൻ. (2.കൊരി 4:4; 1.യോഹ, 5:19) മനുഷ്യന്റെ അരിഷ്ടാവസ്ഥ ദാരുണം തന്നെ. ഏകന്റെ ലംഘനംമൂലം മനുഷ്യൻ പാപത്തിൻ കീഴടയ്ക്കപ്പെട്ടു, ആത്മീയമായി മരിച്ചു ശിക്ഷയ്ക്കു വിധേയനായി, സാത്താന്റെ അധീനത്തിലായി. എന്നാൽ പാപവാസന എല്ലാവരിലും തുല്യനിലയിലുള്ള ലംഘനത്തിനു കാരണമാകുന്നില്ല. ദൈവം എല്ലാവരെയും അശുദ്ധിക്കും നികൃഷ്ടബുദ്ധിക്കും അപമാനരാഗങ്ങൾക്കും ഏല്പിച്ചു കൊടുത്തിട്ടില്ല. (റോമ 1:24, 26, 28). സ്വാഭാവികമായി നന്മ ചെയ്യുവാനും നീതിപുലർത്തുവാനും അതു വിഘ്നമാകുന്നില്ല. വീണ്ടും ജനനം പ്രാപിക്കാത്തവർക്കും മനസ്സാക്ഷി ഉണ്ട്. ന്യായപ്രമാണത്തിലുള്ളതു അവർ സ്വഭാവത്താൽ ചെയ്യുന്നു. (റോമ 2:14,15).

പാപപ്രവൃത്തികൾ:

അപ്പൊസ്തലനായ പൗലോസ് പാപപ്രവൃത്തികളെ ജഡത്തിന്റെ പ്രവൃത്തികളെന്നു വിളിക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയെ ഭരിക്കുന്ന രണ്ടു ശക്തികളാണ് ആത്മാവും ജഡവും. ജഡം പാപത്തിനു അധിഷ്ഠാനമാണ്. എന്നിൽ വസിക്കുന്ന പാപം (റോമ 7:20) എന്ന പ്രയോഗം ശ്രദ്ധേയമാണ്. പ്രാകൃതമായ ചോദനകളെയും അഭിലാഷങ്ങളെയും ഇളക്കിവിടുന്നത് ജഡമാണ്. ആവ 18:10; മർക്കൊ 7:21-23; റോമ 1:29-32; 1.കൊരി 6:9,10; ഗലാ, 5:19, 21; എഫെ 5:3-5; 2.തിമൊ 3:1-5; വെളി 21:8 എന്നീ ഭാഗങ്ങളിൽ പാപപ്രവൃത്തികളുടെ ഒരു നീണ്ട പട്ടികകാണാം. അവ താഴെ കൊടുക്കുന്നു: അഗ്നി പ്രവേശം ചെയ്യിക്കൽ, അജിതേന്ദ്രിയത്വം, അഞ്ജനം നോക്കൽ, അത്യാഗ്രഹം, അനീതി, അനുസരണമില്ലായ്മ, അവിശ്വാസം, അശുദ്ധി, അസൂയ, അഹങ്കാരം, ആത്മപ്രശംസ (അഹംഭാവം), ആഭിചാരം, ഇണക്കമില്ലായ്മ, ഏഷണി, കനിവില്ലായ്മ, കപടം, കളിവാക്കു (പരിഹാസം), കള്ളം, കുരള, കൊലപാതകം, ക്രൂരത, ക്രോധം, ക്ഷുദ്രപ്രയോഗം, ഗർവം (അഹങ്കാരം), ചതി, ചീത്തത്തരം (അശ്ലീല സംസാരം), ജാരശങ്ക, ധാർഷ്യം, ദുർന്നടപ്പ് (അസന്മാർഗ്ഗികത), ദുരാലോചന, ദുർബുദ്ധി, ദുശ്ചിന്ത, ദുശ്ശീലം, ദുഷ്ടത, ദുഷ്ക്കർമ്മം (ഭോഗാസക്തി), ദുഷ്ക്കാമം, ദൂഷണം, ദൈവദോഷം, ദ്രവ്യാഗ്രഹം, ദ്രോഹം, വന്ദ്വപക്ഷം, നന്ദികേടു, നിഗളം, നിയമലംഘനം, നിഷ്ഠൂരത, പക, പരദൂഷണം, പരസംഗം, പിടിച്ചുപറി, പിണക്കം, പുതുദോഷം സങ്കല്പിക്കൽ, പൊട്ടച്ചൊൽ (വ്യർത്ഥഭാഷണം), പ്രശ്നം നോക്കൽ, ബുദ്ധിഹീനത, ഭിന്നത, ഭീരുത, ഭോഗപ്രിയം, മദ്യപാനം, മന്ത്രവാദം, മുഹൂർത്തം നോക്കൽ, മൂഢത, മോഷണം, ലക്ഷണം പറയൽ, വഞ്ചന, വമ്പു പറയൽ, വാൽസല്യമില്ലായ്മ, വാവിഷ്ഠാണം, വിഗ്രഹാരാധന, വിടക്കുകണ്ണ്, വെറിക്കുത്തു, വെളിച്ചപ്പാട്, വ്യഭിചാരം, ശാഠ്യം, സൽഗുണദോഷം (നന്മയെ വെറുക്കുക), സ്വയംഭോഗം, സ്വവർഗ്ഗസംഭോഗം, സ്വാർത്ഥതല്പരത.

പാപത്തിന്മേൽ ജയം:

പാപത്തിന്റെ സ്വഭാവവും കാഠിന്യവും വ്യക്തമായി ചിത്രീകരിക്കുന്നതോടൊപ്പം അതിന്മേലുളള വിജയത്തെയും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. പാപികളുടെ രക്ഷകനും ദൈവപുത്രനും ഒടുക്കത്ത ആദാവുമായ യേശുക്രിസ്തുവിലുടെയാണ് ഒന്നാമത്തെ ആദാമിലൂടെ വന്ന പാപത്തിന്റെ ദാസ്യത്തിൽനിന്ന് പ്രപഞ്ചം വീണ്ടെടുക്കപ്പെടുന്നത്. കന്യകാജനനം, അനുസരണപൂർണ്ണമായ ജീവിതം, കുശിലെ മരണം, മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, പുനരാഗമനം എന്നിങ്ങനെ തന്റെ ആളത്തത്തിലും പ്രവർത്തനത്തിലും ക്രിസ്തു പാപത്തെ ജയിച്ചു. ആദാമിന്റെ വീഴ്ചയിലൂടെയുണ്ടായ ദോഷങ്ങൾക്ക് പ്രതിശാന്തി ഉണ്ടായി. ദൈവത്തിന്റെ ക്രോധം ശമിക്കുകയും അവന്റെ വിശുദ്ധി സംതൃപ്തമാവുകയും ദൈവതേജസ്സ് സർവ്വ പ്രപഞ്ചത്തിലും നിറയുകയും ചെയ്തു. ദൈവം ക്രിസ്തുവിൽ പാപത്തെ കീഴടക്കി. ക്രിസ്തുവിലും അവൻ പൂർത്തിയാക്കിയ വേലയിലും വിശ്വസിക്കുന്ന ജനം പാപത്തിന്റെ ശിക്ഷാവിധിയിൽ നിന്നു മോചിക്കപ്പെട്ടു കഴിഞ്ഞു. പാപശക്തിയിന്മേലുള്ള വിജയം അവർ അനുഭവിച്ചുകൊണ്ടിരിക്കയാണ്. വിശ്വാസത്താൽ കർത്താവായ യേശുക്രിസ്തുവിനെ സ്വീകരിച്ചവർ ക്രിസ്തുവിനോടുകൂടെ വേർപെടുത്താനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്. “നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.” (റോമ 6:8). കൂടെ ജീവിക്കുക (റോമ 6:8), ഒരുമിച്ച് ജീവിക്കുക (2.കൊരി, 7:3), ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുക (റോമ, 6:6; ഗലാ 2:20), ക്രിസ്തുവിനോടുകൂടെ കഷ്ടമനുഭവിക്കുക (റോമ 8:17), ക്രിസ്തുവിനോടുകൂടെ മരിക്കുക (റോമ 6:8; 2കൊരി 7:3; കൊലൊ 2:20), ക്രിസ്തുവിനോടുകൂടെ കുഴിച്ചിടപ്പെടുക (റോമ 6:4; കൊലൊ 2:12), ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേൽക്കുക (കൊലൊ 2:12; 3:1; എഫെ, 2:6), ക്രിസ്തുവിനു കുട്ടവകാശികളായിരിക്കുക (റോമ 8:17), ക്രിസ്തുവിനോടുകൂടെ വാഴുക (2.തിമൊ 2:12) ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കും. (1.തെസ്സ 4:17). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധന്മാർ പൂർണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും പാപം എന്നേക്കുമായി നീക്കപ്പെടുകയുംചെയ്യും. നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും നിലവിൽ വരും. പിന്നീടൊരിക്കലും പാപത്തിന്റെയും മരണത്തിന്റെയും പേരുപോലും പറയപ്പെടുകയില്ല.

പാപമോചനത്തിനായി വിശുദ്ധ മാമോദീസായും വിശുദ്ധ കുമ്പസാരവുമാണ് പരിശുദ്ധ സഭയിലുള്ളത്. വിശുദ്ധ മാമോദീസായിൽ പാപമോചനത്തിനു പുറമേ വീണ്ടും ജനനവും നടക്കുന്നു. തന്മൂലം വിശുദ്ധ മാമോദിസാ ആവർത്തിക്കപ്പെടാൻ പാടില്ലാത്ത കൂദാശയാണ്. എന്നാൽ വിശുദ്ധ കുമ്പസാരമെന്നത് പാപബോധം വരുമ്പോഴെല്ലാം ചെയ്യേണ്ടതാണ്.

മനുഷ്യന്റെ കുറ്റബോധം പലപ്പോഴും പലവിധ ദോഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്ന ഒരു സത്യമാണ്. അതുമൂലം ഭയവും നിരാശയും മനുഷ്യന്റെ ആത്മീയവും മാനസികവുമായ ശക്തികളെ ക്ഷയിപ്പിക്കുകയും, പലപ്പോഴും മാനസികരോഗങ്ങളും അതുകൂടാതെ ആത്മഹത്യയ്ക്കുപോലും കാരണമാവുകയും ചെയ്യുന്നു എന്നു പറയുന്നു.

വിശുദ്ധ കുമ്പസാരത്തിന്റെ വേദശാസ്ത്രം സുറിയാനി പാരമ്പര്യത്തിൽ.

▪️ഈ കൂദാശ നീതീകരണത്തിന്റെ ശുശ്രൂഷയാകുന്നു. അതായത്, അപ്രത്യക്ഷമായി ലഭിക്കുന്ന നീതീകാരണത്തിന്റെ പ്രത്യക്ഷ കർമ്മം.

▪️ക്രിസ്തുവിലുള്ള വിശ്വസമാണ് നീതികരണം - പൗലോസ് (Justification by faith).

▪️പ്രവർത്തി കൂടാതെയുള്ള വിശ്വാസം വ്യർത്ഥമാണ്, അതുകൊണ്ട് നീതീകരണം പ്രവർത്തിയാലുമത്രേ - യാക്കോബ്. (Justification by faith as well as by work).

▪️ഓർഡർ ഓഫ് സൽവേഷനിൽ ശുദ്ധീകരണത്തിനു മുമ്പ് ഒരു ആത്മാവ് നീതീകരണം പ്രാപിക്കുന്നതായി Holy scripture വെളിപ്പെടുത്തുന്നു.

▪️വിവിധ കൂദാശകളിൽ നീതീകരണം ആദ്യഘട്ടം ശുശ്രൂഷയായിട്ട് വരുന്നു.
ഉദാഹരണം:

1) മാമോദിസയ്ക്കു മുമ്പുള്ള വിശ്വാസമേറ്റു പറച്ചിൽ.

2) മൂറോന് മുമ്പ് മാമോദിസയിലെ സൈത്ത് പൂശൽ.

3) വിശുദ്ധ കുമ്പസാരത്തിൽ പാപമോചനം പ്രാപിച്ചതിന്റെ പ്രഖ്യാപനത്തിനു മുമ്പുള്ള പാപിയുടെ ഏറ്റു പറച്ചിൽ.

4) വിശുദ്ധ കുർബാനയ്ക്കു മുമ്പുള്ള ഒരുക്ക ശുശ്രൂഷ.

5) പൗരോഹിത്യ നൽവരത്തിലേ ആദ്യഘട്ടം  ശെമ്മാശൻ. അതായത് പൂർണ്ണ പൗരോഹിത്യമേൽക്കാനുള്ള ശുദ്ധീകരണത്തിനു മുമ്പ് സ്ഥാനാർഥി നീതീകരിക്കപ്പെടുന്നു. അതാണ്‌ 'നിർമ്മല ശെമ്മാശൻ' എന്ന് വിളിക്കുന്നത്.

6) കിരീടം വാഴ്വിനു മുമ്പുള്ള മോതിരം വാഴ്വ്. വിവാഹത്തിന്റെ ഒന്നാം ശുശ്രൂഷ നീതീകരണത്തിന്റെ ശുശ്രൂഷയാകുന്നു.

7) രോഗിയെ തൈലം പൂശുന്നതിനു മുമ്പുള്ള ഏറ്റു പറച്ചിൽ. രോഗിയുടെ ബന്ധുക്കൾ കശീശയെ വിളിക്കുന്നതിലൂടെയുള്ള അവരുടെ വിശ്വാസം.

വിശുദ്ധ കുമ്പസാരം എന്നത് ക്രിസ്തു മുഖാന്തിരമുള്ള നീതീകരണം.

സ്വയമേറ്റു പറഞ്ഞാൽ അതിൽ 'വിശ്വാസം' മാത്രമാണുള്ളത്. അതായത് sola fide എന്നുള്ള പ്രൊട്ടസ്റ്റന്റ് പ്രമാണം.

കാനോനിക പുരോഹിതന്റെ മുമ്പാകെയുള്ള ഏറ്റു പറച്ചിൽ എന്നത് നീതീകരണം പ്രവർത്തിയോടുകൂടിയുള്ള വിശ്വാസമാണ്. അതാണ്‌ സുറിയാനി പാരമ്പര്യം.

പൗലോസ് പറയുന്നത് പോലെ,

1.കൊരിന്ത്യർ 11:16 ഇതിനെതിരായി ആരെങ്കിലും തര്‍ക്കിച്ചാല്‍, ഇങ്ങനെയുള്ള പതിവ് ഞങ്ങള്‍ക്കാകട്ടെ, ദൈവത്തിന്‍റെ സഭയ്ക്കാകട്ടെ ഇല്ല. ഇത് ഞാന്‍ നിങ്ങളോട് കല്പിക്കുകയാണ്: ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.

സ്വയം ഏറ്റു പറയരുത് എന്നല്ല, പക്ഷേ അത് പൂർത്തിയാകാൻ പ്രവർത്തി വേണം. ആ പ്രവർത്തി എന്നതാണ് കുമ്പസാര കൂദാശയുടെ അനുഭവം.

ഇതിനെക്കാളെല്ലാം ഉപരി. Sacrament is an assurance of salvation. രക്ഷയുടെ ഉറപ്പ് നമുക്ക് ലഭിക്കണം. കുമ്പസാരം കഴിഞ്ഞുള്ള വൈദികന്റെ പാപമോചന പ്രഖ്യാപനം നമുക്ക് നൽകുന്നത് ഈ assurance of salvation ആണ്.

അനുതാപത്തോടുകൂടെയുള്ള  ഏറ്റുപറച്ചിലാൽ (കുമ്പസാരം) പാപം മോചിക്കപ്പെടുന്നു എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, അത് കർത്താവിനോട് നേരിട്ട് പറഞ്ഞാൽ പോരായോ എന്നും, അല്ലാതെ മറ്റൊരു മനുഷ്യനോട് എന്തിനാണ് പറയുന്നത് എന്നുമാണ് കുമ്പസാരത്തെ എതിർക്കുന്നവർ ചോദിക്കുന്നത്. എന്നാൽ കർത്താവാണ് സഭക്കായി പട്ടക്കാരെയും മേല്പട്ടക്കാരെയും നിയമിച്ചിരിക്കുന്നതെന്ന്  ഇവർ മറന്നുപോകുന്നു. കൂടാതെ 'ഞാൻ' എന്ന അഹംഭാവവും. ഞാൻ എന്തിനു മറ്റുരാളുടെ മുമ്പിൽ തലകുനിച്ചു നിന്ന് എന്റെ പാപം ഏറ്റുപറയണം എന്ന സാത്താനാൽ പ്രേരിതമായ ചിന്ത.

കുമ്പസാരം എന്നത് അതിൻ്റെ തികവോടെ നടത്തിയാൽ അതൊരു നല്ലകാര്യം തന്നെയാണ്. നിർഭാഗ്യവശാൽ ഈ കാലഘട്ടത്തിൽ കുമ്പസാരം വളരെയേറെ ദുർവ്വിനിയോഗം ചെയ്യപ്പെടുന്നുണ്ട്. വർഷത്തിലൊരിക്കൽ കുമ്പസാരിക്കുന്നവരിൽ ഏറെക്കുറെ 90% പേരും വലിയ നോമ്പിലെ അഞ്ച്, ആറ് ആഴ്ചകളിലാണ് കുമ്പസാരിക്കുന്നത്. 400-500 വീടുകളുള്ള ഒരു പള്ളിയിൽ ഈ ചുരുങ്ങിയ ദിവസങ്ങളിൽ ആയിരത്തോളംപേർ കുമ്പസാരിക്കും. നാല്പതാം വെള്ളി, ലാസറിൻ്റെ ശനി തുടങ്ങിയ ദിവസങ്ങളിൽ കുമ്പസാരിക്കുന്നവരുടെ എണ്ണം ഏറ്റവും വർദ്ധിക്കും. തന്മൂലം ഒരാൾക്ക് കുമ്പസാരിക്കാൻ ലഭിക്കുന്ന സമയം ഏകദേശം ഒരു മിനിറ്റ് മാത്രമായിരിക്കും. തന്മൂലം ഇതൊരു ചടങ്ങ് മാത്രമായിത്തീരുന്നു.

മറ്റൊന്നാണ് "കെട്ടുകുമ്പസാരം". വിവാഹത്തിന് മുമ്പ് നടത്തുന്ന ഈ കുമ്പസാരത്തിൽ എത്രപേർ ആത്മാർത്ഥതയോടെ സംബന്ധിക്കുന്നുവെന്ന് കുമ്പസാര പിതാക്കന്മാർക്കറിയാമല്ലോ.

ഇനി മറ്റൊരു വകഭേദമാണ് "കാര്യസാധ്യ കുമ്പസാരം". പള്ളിയിൽ നിന്നും ഒരാവശ്യം സാധിക്കണമെങ്കിൽ കുമ്പസാരിച്ചാലേ നടത്തിക്കൊടുക്കൂ എന്ന അവസ്ഥ വന്നാൽ കുമ്പസാരിക്കുവാൻ വരുന്നവൻ്റെ മനസ്സികാവസ്ഥക്കനുസരിച്ച് അതുമങ്ങ് നടത്തപ്പെടും.

ഇനി, കുമ്പസാര പിതാവിൻ്റെ കാഴ്ചപ്പാടും വലിയൊരു ഘടകം തന്നെയാണ്. ചില പാപങ്ങളൊക്കെ ചിലരുടെ മുമ്പിൽ ഏറ്റുപറഞ്ഞാൽ അത് ബൂമറാങ്ങായി തിരിച്ചടിക്കും. പാപങ്ങൾ ഏറ്റുപറഞ്ഞ് തീരുന്നതിനു മുന്നമേതന്നെ തലയിൽ കൈവച്ച് പ്രാർത്ഥിച്ച് കുമ്പസാരം അവസാനിപ്പിക്കുന്ന പിതാക്കന്മാരുമുണ്ടെന്ന് കേട്ടിട്ടുണ്ട്.

ഹൂദായ കാനോൻ ക്രോഡീകരിക്കുന്ന കാലം വരെ (പതിമൂന്നാം നൂറ്റാണ്ട്) ഇന്നുള്ളതുപോലുള്ള കുമ്പസാരം നമുക്കില്ലായിരുന്നു എന്നതും ഒരു വസ്തുതയാണ്. 1599 ലെ ഉദയംപേരൂർ സുന്നഹദോസോടെ ഉണ്ടായ കാലത്താണ് മലങ്കരയിൽ ഇന്നു കാണുന്നതുപോലെയുള്ള കുമ്പസാരം കടന്നുവന്നത്.

കുമ്പസാരം ഒരിക്കലുമൊരു നിർബന്ധിത കൂദാശയാക്കരുത്. വിശുദ്ധ മാമോദീസാ സ്വീകരിച്ച സഭാംഗങ്ങളുടെ ആത്മീകമോ ഭൗതീകമോ ആയ കാര്യങ്ങൾ പള്ളിയിൽ നിന്നും നടത്തിക്കൊടുക്കുന്നതിന് കുമ്പസാരം ഒരുപാധിയേ ആകരുത്. കുമ്പസാരത്തെക്കുറിച്ചുള്ള ബോധവൽക്കരണമാകാം. എന്നാൽ താൻ കുമ്പസാരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം വ്യക്തികൾക്കായിരിക്കണം. സഭ ആരെയും കുമ്പസാരിക്കുവാനായി നിർബന്ധിക്കരുത്. ആവശ്യമെന്നു തോന്നുമ്പോൾ മാത്രം അവരവർക്ക് ബോധ്യമുള്ള കൈവയ്പ്പുള്ള പുരോഹിതൻ്റെ അടുക്കൽച്ചെന്ന് വിശ്വാസികൾ ആ കൂദാശ സ്വീകരിക്കട്ടെ.

പാപങ്ങളും കുറ്റങ്ങളും കണക്കിടപ്പെടാത്ത സൗഭാഗ്യത്തിന്റെ അവസ്ഥയാണ് നീതീകരണം. വിശുദ്ധ കുമ്പസാരം ആ അവസ്ഥയിലേക്ക് ഉയർത്തുന്നു.

റോമർ 4:7 അന്യായം ക്ഷമിക്കപ്പെട്ടും പാപം മറയ്ക്കപ്പെട്ടും ഇരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. 4:8 തന്‍റെ പാപം ദൈവം അവനോട് കണക്കിടാതിരിക്കുന്ന മനുഷ്യന് ഭാഗ്യം എന്ന്.

പഴയ നിയമ കാലത്തും പുതിയ നിയമ കാലത്തും പാപങ്ങൾ ഏറ്റു പറഞ്ഞു മോചനം പ്രാപിക്കുക എന്നുള്ള ഒരു സമ്പ്രദായം സഭയിൽ നിലനിന്നിരുന്നു.

പഴയനിയമത്തിൽ വിശ്വാസികൾ പുരോഹിതന്റെ സന്നിധിയിൽ തങ്ങളുടെ അകൃത്യങ്ങൾ ഏറ്റു പറയുകയും മോശയുടെ ന്യായപ്രമാണം കല്പിച്ചിരിക്കുന്ന പ്രകാരം പരിഹാരം ചെയ്യുകയും ചെയ്തിരുന്നു.

മനസാന്തരത്തിനുള്ള ജലസ്നാനം പഴയനിയമത്തിൽ പരിചിതമായിരുന്നു. യോഹന്നാൻ സ്‌നാപകൻ യോർദ്ദാനിൽ തന്റെ അടുക്കൽ വന്നു പാപങ്ങൾ ഏറ്റു പറഞ്ഞവർക്ക് മാനസാന്തരത്തിനുള്ള മാമോദീസായും പാപമോചനവും നൽകിയിരുന്നു. അതേ കാലയളവിൽത്തന്നെ യേശുവിന്റെ ശിഷ്യന്മാരും ഇപ്രകാരം മാമോദിസാ നൽകിയിരുന്നു.

അതായത് എബ്രായ പാരമ്പര്യത്തിലുണ്ടായിരുന്നത് യേശു കർത്താവ് കല്പിച്ച് അനുവാദം തന്ന് ഭരമേല്പിച്ചതും പുതിയ നിയമസഭയിൽ നിലനിൽക്കുന്നതുമായ ഒരു  ശുശ്രൂഷയാകുന്നു വിശുദ്ധ കുമ്പസാരം.

യോഹന്നാൻ 20:21 യേശു വീണ്ടും അവരോട്, "നിങ്ങള്‍ക്കു സമാധാനം, എന്‍റെ പിതാവ് എന്നെ അയച്ചതു പോലെ തന്നെ ഞാനും നിങ്ങളെ അയക്കുന്നു" എന്നു പറഞ്ഞു. 20:22 ഇങ്ങനെ പറഞ്ഞശേഷം താന്‍ അവരുടെ മേല്‍ ഊതി. "നിങ്ങള്‍ പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍"
20:23 "ഒരുവന്‍റെ പാപം നിങ്ങള്‍ മോചിച്ചാല്‍, അവന് അവ മോചിക്കപ്പെട്ടിരിക്കും. നിങ്ങള്‍ പിടിച്ചാലോ (മോചിക്കാതിരുന്നാല്‍) അവ പിടിക്കപ്പെട്ടുമിരിക്കും" എന്ന് പറഞ്ഞു.

അപ്പൊ.പ്ര (പ്രക്സീസ്) 19:18  വിശ്വസിച്ചവരില്‍ അനേകര്‍ വന്ന്, അവര്‍ ചെയ്ത കുറ്റങ്ങള്‍ വിവരമായി അറിയിക്കുകയും, ഏറ്റു പറയുകയും ചെയ്തിരുന്നു.

യാക്കോബ് 5:16 നിങ്ങള്‍ക്കു സൗഖ്യം ലഭിക്കേണ്ടതിനായി നിങ്ങളുടെ കുറ്റങ്ങള്‍ പരസ്പരം ഏറ്റു പറയുകയും ഒരുവന്‍ മറ്റൊരുവനുവേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്യുവിന്‍. എന്തെന്നാല്‍ നീതിമാന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്.

മർക്കോസ് 1:4 യോഹന്നാന്‍ വിജന പ്രദേശത്ത് സ്നാനം നടത്തിക്കൊണ്ടും പാപങ്ങളുടെ മോചനത്തിനായുള്ള അനുതാപത്തിന്‍റെ മാമോദീസാ പ്രസംഗിച്ചു കൊണ്ടുമിരുന്നു. 1:5 യഹൂദാ ദേശം മുഴുവനും യറുശലേം വാസികള്‍ എല്ലാവരും അവന്‍റെ അടുക്കലേക്ക് പുറപ്പെട്ടു വരികയും അവരുടെ പാപങ്ങള്‍ ഏറ്റു പറയുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവന്‍ അവര്‍ക്ക് യൂര്‍ദ്ദനാന്‍ നദിയില്‍ മാമോദീസാ നല്‍കിയിരുന്നു.

യാക്കോബ് 5:20 വഴി തെറ്റില്‍ നിന്നും ഒരുവനെ തിരികെ വരുത്തിയവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുകയും, തന്‍റെ പാപങ്ങളുടെ ബഹുലതയെ മായിച്ചു കളയുകയുമാണ് ചെയ്തത് എന്നറിഞ്ഞു കൊള്ളട്ടെ.

സദൃശ്യവാക്യങ്ങൾ 28:13 തന്‍റെ അനീതി സ്വയം മറച്ചുവയ്ക്കുന്നവന്‍, ശോഭിക്കയില്ല. പാപം ഏറ്റു പറയുന്നവനോ, അവ വിട്ടുമാറുന്നു. അവന്‍റെ മേല്‍ ദൈവകരുണയുമുണ്ടാകും.

1.യോഹന്നാൻ 1:9 എന്നാല്‍ നാം, നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കില്‍, നമ്മുടെ പാപങ്ങള്‍ നമ്മോട് ക്ഷമിപ്പാനും സകല അനീതിയില്‍ നിന്നും നമ്മെ വെടിപ്പാക്കുവാനും തക്കവണ്ണം താന്‍ വിശ്വസ്തനും നീതിമാനുമാകുന്നു.

സംഖ്യാപുസ്തകം 5:6 ഒരു പുരുഷനോ സ്ത്രീയോ ദൈവത്തോടു മത്സരിച്ച് മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഏതെങ്കിലും പാപം ചെയ്തു കുറ്റക്കാരായാല്‍ 5:7  ചെയ്തപാപം അവര്‍ ഏറ്റു പറയുകയും അവരുടെ അകൃത്യത്തിനു പ്രതിശാന്തിയായി മുതലും അതിന്‍റെ അഞ്ചിലൊന്നും ചേര്‍ത്തു, തങ്ങള്‍ തെറ്റു ചെയ്തവനു പകരം കൊടുക്കണം. 

മത്തായി 3:6 അവര്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് യോര്‍ദ്ദാന്‍ നദിയില്‍ അവനില്‍ നിന്നു മാമോദീസാ (സ്നാനം) ഏറ്റിരുന്നു.

സങ്കീർത്തനങ്ങൾ 19:12 പിഴകളെ തിരിച്ചറിയുന്നവന്‍ ആര്? രഹസ്യ കാര്യങ്ങളില്‍ നീ എന്നെ കുറ്റമില്ലാത്തവനാക്കിത്തീര്‍ക്കേണമേ. 19:13 ദുഷ്ടമാര്‍ എന്നില്‍ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞിരിപ്പാനും വേണ്ടി അന്യായത്തില്‍ നിന്ന് നിന്‍റെ ദാസനെ തടുക്കേണമേ. 19:14 എന്‍റെ സഹായകനും, എന്‍റെ രക്ഷകനുമായ കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങള്‍ തിരുവിഷ്ട പ്രകാരവും എന്‍റെ ഹൃദയത്തിലെ ധ്യാനം തിരുമുമ്പാകെയും ഇരിക്കണമേ.

അപ്പോസ്തോലിക് ഡിഡാസ്‌കാലിയ:

നിങ്ങൾ സഭയിൽ നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയണം; കുറ്റമുള്ള മനഃസാക്ഷിയോടെ നിങ്ങൾ പൊതു ആരാധനയിൽ സംബന്ധിക്കുവാൻ തുനിയരുത്,...................... ആദ്യമേ നിങ്ങളുടെ പാപങ്ങളെ ഏറ്റു പറയുക.

ത്യോബുത്തോ (തിരിച്ചുവരവ്) പ്രാർത്ഥനകളും ക്രമങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നും ലഭ്യമായി കാണുന്നില്ല.

'മൗദ്യോനുസ്സോ' എന്നാണ് ഏറ്റു പറച്ചിലിനു ഉപയോഗിക്കുന്നത്. എങ്കിലും അവ ശരിക്കും വിശ്വാസം ഏറ്റു പറയുന്നതിനെയാണ് ഉദ്ദേശിക്കുന്നത്.

ത്യോബുത്തോയാണ് കുമ്പസാരത്തെ സൂചിപ്പിക്കുന്നത്.

ഒരുവൻ തിരിച്ചു വരുമ്പോൾ അനുതാപ കാലഘട്ടം പൂർത്തിയാക്കാൻ കാനോൻ പറയുമ്പോൾ അതിന്റെ അർത്ഥം ത്യോബുതോ ക്രമം പൂർത്തിയാക്കാനാണ്. ത്യോബുതോയുടെ  പ്രധാന ഭാഗം എന്നത് കുമ്പസാരമാണ്.

ചിലർ ചോദിക്കുന്നു: "വിശുദ്ധ കുമ്പസാരം ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? കുമ്പസാരം അറിയേണ്ടതെല്ലാം ഒന്ന് വിശദീകരിക്കാമോ?"

വിശുദ്ധ കുമ്പസാരം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. മനുഷ്യൻ ദൈവസൃഷ്ടിയും ദൈവമക്കളുമാകയാൽ അവർ എങ്ങനെ ഈ ലോകത്ത് ജീവിക്കണമെന്നതിന്റെ ഒരു Instruction Manual ആണ് പരിശുദ്ധാത്മനിയോഗത്താൽ എഴുതപ്പെട്ട വിശുദ്ധ വേദപുസ്തകം, ഏതൊരു ഗൃഹോപകരണം വാങ്ങിയാലും അതെങ്ങനെ പ്രവർത്തിപ്പിക്കണമെന്നു പറഞ്ഞുതരുന്ന ഒരു കൈപ്പുസ്തകം പോലെ. എന്നാൽ ആധുനികകാലത്ത് നമ്മൾ പറയുന്ന സാങ്കേതികപദങ്ങളൊന്നും അതിൽ കാണുകയില്ല. കാരണം അത്തരം വാക്കുകളൊന്നും അക്കാലത്ത് ഉപയോഗിച്ചിരുന്നില്ല എന്നതുതന്നെ.

പ്ലവനക്ഷമബലകേന്ദ്രം (Centre of Buoyancy) എന്നോ പ്ലവനതത്വം (Laws of Floatation) എന്നോ വിശുദ്ധ വേദപുസ്തകത്തിൽ കാണാൻ കഴിയില്ല; അത്തരം പദങ്ങളുടെ ആവശ്യവും അവിടെയില്ല. എന്നാൽ ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് നോഹയോട് പെട്ടകം പണിയുവാൻ യഹോവ ആവശ്യപ്പെട്ടത്. കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയിലെ (Naval Architecture) ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുതയാണ് സമുദ്രയാനങ്ങളുടെ (ocean vessels) നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം. നോഹയുടെ പെട്ടകം ഏറ്റവും ശരിയായ അനുപാതത്തിൽ നിർമ്മിക്കപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു, അങ്ങനെ തെളിയിക്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെങ്കിൽപ്പോലും ആധുനിക കാലത്ത് സംശയങ്ങൾ ഉന്നയിക്കുന്നവർക്ക് ശാസ്ത്രീയ തെളിവുകൾ ആവശ്യമാണല്ലോ. ദൈവം രണ്ടു വെളിച്ചത്തെയും ഉണ്ടാക്കി "ഭൂമിയെ പ്രകാശിപ്പിക്കാൻ അവയെ ആകാശവിതാനത്തിൽ നിർത്തി" എന്ന് ഉല്പത്തി 1:17-18 പറയുന്നു. ഇവ ഇങ്ങനെ നിൽക്കുന്നത് പരസ്പരാകകർഷക ശക്തി (gravitational force) മൂലമാണെന്ന് നമുക്കറിയാം. എന്നാൽ അങ്ങനെയൊരു വാക്ക് വിശുദ്ധ വേദപുസ്തകം പറയുന്നില്ല. അത്തരം കാര്യങ്ങൾ കാലത്തികവിൽ (in the fullness of time) മനുഷ്യൻ മനസിലാക്കുന്നതിനുള്ള ദൈവീക പദ്ധതിയുണ്ടായിരുന്നുവെന്നുവേണം കരുതാൻ. അതുപോലെതന്നെയാണ് 'കുമ്പസാരം' എന്ന വാക്കും. കുമ്പസാരമെന്ന് വിശുദ്ധ വേദപുസ്തകം പറയുന്നില്ല; എന്നാൽ അതെന്താണെന്നും അത് ചെയ്യണമെന്നും പറയുന്നു.

കത്തോലിക്കാ - ഓർത്തഡോക്സ് സഭകളിൽ വിശ്വാസികൾ പാപമോചനത്തിനായി അനുഷ്ഠിക്കുന്ന ഒരു കൂദാശയാണ് വിശുദ്ധ കുമ്പസാരം; തങ്ങളുടെ പാപങ്ങൾ പശ്ചാത്താപത്തോടെ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. മിക്ക പ്രൊട്ടസ്റ്റന്റ് സഭകളും ഇതിനെ കൂദാശയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കത്തോലിക്കാ - ഓർത്തഡോക്സ് സഭകളിൽ, അധികാരമുള്ള പുരോഹിതനോട് വ്യക്തികൾ സ്വകാര്യമായി ഇങ്ങനെ നേരിട്ടു കുമ്പസാരിക്കുന്നതിനെ കർണ്ണകുമ്പസാരം (auricular confession - ചെവിയിൽ പറയുന്നത്) എന്ന് പറയും. പ്രൊട്ടസ്റ്റന്റ് സഭകളിൽ പൊതുവായ കുമ്പസാര രീതിയാണ് നിലവിലുള്ളത്.  പാപമോചനത്തിനായി വിശ്വാസിക്കും ദൈവത്തിനും ഇടയിൽ മറ്റൊരാളുടെ ആവശ്യമില്ലെന്ന് അവർ വിശ്വസിക്കുന്നു. പ്രാർത്ഥനയിൽ സ്വകാര്യമായി ദൈവത്തോട് പാപങ്ങൾ ഏറ്റുപറഞ്ഞാൽ മോചനം പ്രാപിക്കാമെന്ന് ആ സഭകൾ പഠിപ്പിക്കുന്നു.

ഉദയംപേരൂർ സുന്നഹദോസിനു മുമ്പ് കേരളക്രിസ്ത്യാനികൾ കുമ്പസാരം എന്നതിന് സമാനമായി ഉപയോഗിച്ചിരുന്നത് ‘പിഴമൂളൽ’ എന്ന മലയാളപദമായിരുന്നു. കത്തോലിക്കാ മാതൃകയിലുള്ള കർണ്ണകുമ്പസാരവും കുമ്പസാരമെന്ന വാക്കും കേരളത്തിൽ നടപ്പായത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. അതിനുമുമ്പ് പൊതുവായി പാപങ്ങൾ ഏറ്റുപറയുന്ന ആദിമകാല രീതിയായിരുന്നു കേരളത്തിൽ നിലവിലുണ്ടായിരുന്നത്. ‘കൺഫെസ്സാർ’ (confessar) എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് കുമ്പസാരം എന്ന മലയാളവാക്ക് ഉണ്ടായത്.

പഴയനിയമ കുമ്പസാരം.

"ഒരുത്തൻ സത്യവാചകം കേട്ടിട്ട്.......... പുരോഹിതൻ അവനുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം". (ലേവ്യർ 5:1-6). "തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിയ്ക്കും" (സദൃശ്യവാക്യങ്ങൾ 28:13). ഇത് രണ്ടും കൂടി ചേർത്തു വായിച്ചാൽ പാപങ്ങളെ ഏറ്റുപറയണമെന്നും അതുപേക്ഷിക്കണമെന്നും പാപിക്കു വേണ്ടി പുരോഹിതൻ പ്രായശ്ചിത്തം കഴിക്കണമെന്നും ബോദ്ധ്യമാകുന്നതാണ്. "താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയണമെന്ന് 5-ാം വാക്യവും പറയുന്നു. പുരോഹിതൻ പ്രായശ്ചിത്തം ചെയ്യുക എന്നു പറഞ്ഞാൽ പാപം ചെയ്തവൻ കൊടുക്കുന്ന യാഗവസ്തു അവനുവേണ്ടി യാഗമായി സമർപ്പിക്കുക എന്നർത്ഥം. ദാവീദ് രാജാവ് ഊരിയാവിന്റെ ഭാര്യയോട് ചെയ്ത പാപത്തിന്റെ ശിക്ഷ മരണമാണ് (ലേവ്യപുസ്തകം 20:10 കാണുക). എന്നാൽ അവൻ “ഞാൻ യഹവയോട് പാപം ചെയ്തു” എന്ന് നാഥാൻ പ്രവാചകനോട് ഏറ്റു പറഞ്ഞപ്പോൾ നാഥാൻ പറയുന്നു, "യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു, നീ മരിക്കയില്ല" എന്ന് (2 ശമൂവേൽ 12:13); അവൻ മരിച്ചതുമില്ല.

മനുഷ്യന് പാപമോചനം നൽകുന്നതിനായി ദൈവം തന്റെ പുരോഹിതന്മാരെ ആക്കിവച്ചിരിക്കുന്നു. സുറിയാനി സഭയുടെ കൈവയ്പ്പുള്ള ഏതു പുരോഹിതനും അതിനുള്ള അധികാരമുണ്ട്. അയോഗ്യനാണെങ്കിൽപ്പോലും മുടക്കപ്പെടാത്ത പുരോഹിതനാണെങ്കിൽ തനിക്കു ലഭിച്ചിരിക്കുന്ന നൽവരങ്ങളാണ് അദ്ദേഹത്തെ അതിന് യോഗ്യനാക്കിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹം നടത്തുന്ന കൂദാശകളുടെ ഫലത്തേക്കുറിച്ച് സംശയിക്കുകയോ സംബന്ധിക്കാതിരിക്കുകയോ ചെയ്യുന്നത് ന്യായമല്ല {മല്പാൻ വട്ടശ്ശേരിൽ ഗീവറുഗീസ്‌ കത്തനാർ (മതോപദേശസാരങ്ങൾ, Dr.Zachariah Mar Theophilos Metropolitan, Kottayam, page 27}. ദൈവം പല കാര്യങ്ങളും ചെയ്യുന്നത് നേരിട്ടല്ല; തന്റെ അഭിഷിക്തൻമാരും ദൂതന്മാരും മുഖാന്തിരമാണ് {പുറപ്പാട് 14:15-27 വായിച്ചാൽ ദൈവം പ്രവർത്തിക്കാൻ എങ്ങനെ മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. അഖിലാണ്ഡത്തെ മുഴുവനും നിർമ്മിച്ചവനായ യഹോവയ്‌ക്ക് കടലിനോട് രണ്ടായി മാറുവാൻ കല്പിച്ചാൽ മതിയായിരുന്നു. എന്നാൽ തന്റെ പ്രവാചകനും ദൂതനും മുഖാന്തിരമാണ് ആ പ്രവൃത്തി ചെയ്തത്. ചില പ്രത്യേക സന്ദർഭങ്ങളിലൊഴികെ (സംഖ്യാപുസ്തകം 16:31-35, യോശുവ 10:11) ദൈവം തന്റെ വിശുദ്ധന്മാരിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു}.

പുതിയനിയമ കുമ്പസാരം.

ഇനി പുതിയനിയമം എന്തു പറയുന്നുവെന്നു നോക്കാം: യോഹന്നാൻ സ്നാപകന്റെ മാനസാന്തര പ്രസംഗം കേട്ട 'യെരൂശലേമ്യരും യഹൂദ്യദേശക്കാരും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്റെ അടുക്കൽ ചെന്ന് തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു' (മത്തായി 3:1-6). അവർ പാപങ്ങളെ ഏറ്റു പറഞ്ഞത് യോഹന്നാനോടാണ്. സഖറിയാ പുരോഹിതന്റെ മകനായ യോഹന്നാൻ ഒരു പുരോഹിതൻകൂടിയാണെന്നറിയുക. പഴയനിയമ പൗരോഹിത്യം ഇവിടെ അവസാനിക്കുന്നു (ലൂക്കോസ് 16:16).

യേശുതമ്പുരാൻ പാപമോചനത്തിനുള്ള തന്റെ അധികാരം ശിഷ്യന്മാർക്ക് ഭരമേല്പിച്ചുകൊണ്ടു പറയുന്നു: "ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നു" (യോഹന്നാൻ 20:23). ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു വാക്യമാണ് മത്തായി 28:20, "ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെയുണ്ട്". എൺപതോ നൂറോ വയസ്സുവരെ ജീവിച്ചിരിക്കാവുന്ന ശിഷ്യന്മാരോട് ലോകാവസാനത്തോളം നിങ്ങളോടു കൂടെയുണ്ട് എന്നു പറഞ്ഞാൽ നിങ്ങളുടെ അടുത്ത തലമുറകളോടു കൂടെയും ഞാനുണ്ട് എന്നർത്ഥം. അതായത് തങ്ങൾക്കു ലഭിച്ച അധികാരങ്ങൾ തലമുറകളിലേക്ക് കൈമാറണം. തന്റെ രണ്ടാമത്തെ വരവുവരെ ഈ അധികാരം കൈമാറ്റപ്പെടുകയും തുടരുകയും വേണം. ശിഷ്യന്മാരുടെ ആ അധികാരം ഭരമേല്പിക്കപ്പെട്ടവരാണ് മഹാപുരോഹിതന്മാർ. അവർ അത് നേരിട്ടും തങ്ങളാൽ നിയോഗിക്കപ്പെട്ട പുരോഹിതന്മാർ വഴിയും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ആദിമകാലങ്ങളിൽ സഭയോട് ചേർന്നിരുന്നവർ തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞിരുന്നു എന്ന് അപ്പൊസ്തോല പ്രവൃത്തികൾ 19:18 പറയുന്നു.

ആദിമസഭയിലെ കുമ്പസാരം.

‘സഭയിൽ നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയണമെന്നും അധമ മനഃസാക്ഷിയോടുകൂടി പ്രാർത്ഥിക്കാൻ പോകരുതെ’ന്നും വിശുദ്ധ ശ്ലീഹന്മാരുടെ ഉപദേശമായ Didache (Διδαχή = ഉപദേശങ്ങൾ) പറയുന്നു {J.B.Lightfoot (translated and edited by), Didache 4:19}. സഭയിൽ നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയണം എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ഇതൊരു പൊതുവായ പാപം ഏറ്റു പറച്ചിലാണെന്ന് പറയുന്നവരുണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെയെങ്കിലും കർണ്ണകുമ്പസാരം വിശുദ്ധ സഭയിൽ നിലവിലില്ലായിരുന്നു എന്നു വേണം കരുതാൻ {Henry Charles Lea, A History of Auricular Confession and Indulgences in the Latin Church, Philadelphia, Lea Brothers & Co, 1896, page 175}. ആദിമ നൂറ്റാണ്ടുകളിൽ വിശുദ്ധ സഭ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്ത് ഇത്തരം കാര്യങ്ങൾക്ക് വ്യക്തമായ രൂപരേഖകൾ ഉണ്ടായിരുന്നില്ലെങ്കിൽ അതൊരു പോരായ്മയായി കാണുവാനും കഴിയുകയില്ല. ഏതായാലും ക്രിസ്തുവർഷം 313-ലെ മിലാൻ വിളംബരത്തോടുകൂടി സ്ഥിതിഗതികൾ മാറുകയും നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടിയെങ്കിലും കർണ്ണകുമ്പസാരം പൊതുവായി നടപ്പാവുകയും ചെയ്തു. ഇക്കാലത്തെ പിതാക്കന്മാർ പറയുന്നത് പുരോഹിതന്റെ മുമ്പിൽ വ്യക്തിപരമായി പാപങ്ങൾ ഏറ്റുപറയുന്ന കർണ്ണ കുമ്പസാരത്തേക്കുറിച്ചാണ്.

വിശുദ്ധ ബസ്സേലിയോസ് ഇപ്രകാരം പറയുന്നു: “കൂദാശകൾ നടത്താൻ ഭരമേല്പിക്കപ്പെട്ടിട്ടുള്ളവരുടെ മുമ്പാകെ നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയെന്നത് ആവശ്യമായ കാര്യമാണ്. മുൻകാലങ്ങളിൽ പശ്ചാത്തപിച്ചിരുന്നവർ വിശുദ്ധന്മാരുടെ മുമ്പാകെ അതേറ്റു പറഞ്ഞിരുന്നു. സുവിശേഷത്തിലും 'അവർ യോഹന്നാൻ സ്നാപകന്റെ മുമ്പാകെ പാപങ്ങൾ ഏറ്റുപറഞ്ഞു' (മത്തായി 3:6) എന്നെഴുതിയിരിക്കുന്നു”. {William.A.Jurgens, The Faith of The Early Fathers Vol 2, The Liturgical Press, Minnesota, 1979, Page 26}.

മിലാനിലെ വിശുദ്ധ അംബ്രോസ് പറയുന്നതിപ്രകാരമാണ്: “തന്റെ വലിയ കൃപ നമുക്ക് നല്കിയവനായ ദൈവം അസാദ്ധ്യമായിരുന്ന സകലത്തേയും സാദ്ധ്യമാക്കിത്തീർത്തു. അതുപോലെ, പശ്ചാത്താപം വഴി പാപമോചനം അസാദ്ധ്യമെന്നു കരുതിയിരുന്നുവെങ്കിലും കർത്താവ് അതിനുള്ള അധികാരം തന്റെ ശിഷ്യന്മാർക്കു നൽകുകയും അവർ അത് പുരോഹിതസ്ഥാനീയർക്ക് കൈമാറുകയും ചെയ്തു”. {Philip Schaff, Nicene and Post-Nicene Fathers, Series II Volume 10, Grand Rapids, Michigan, Page 770}.

വിശുദ്ധ ജോൺ ക്രിസോസ്റ്റം കുറച്ചുകൂടി ശക്തമായ വാക്കുകളിലാണ് അതേപ്പറ്റി പറയുന്നത്. “മാലാഖമാർക്കോ പ്രധാനമാലാഖമാർക്കോ കിട്ടാതിരുന്ന ഒരധികാരം പുരോഹിതന്മാർക്കു ലഭിച്ചു....... അവർ ഭൂമിയിൽ ചെയ്യുന്നത് എന്താണെങ്കിലും, ഒരു ഭൃത്യന്റെ പ്രവർത്തനങ്ങളെ യജമാനൻ അംഗീകരിക്കുന്നതുപോലെ, ദൈവം അത് സ്വർഗ്ഗത്തിൽ സ്ഥിരപ്പെടുത്തുന്നു”. {Philip Schaff, Nicene and Post-Nicene Fathers, Series I Vol.9, Grand Rapids, Michigan, 1889, Page 65}.

സിറിയൻ ഓർത്തഡോക്സ് സഭയിലെ കുമ്പസാരം.

വിശുദ്ധ കുമ്പസാരം ഒരു കൂദാശയാകയാൽ അഭിഷിക്തനായ ഒരു പുരോഹിതൻ കൂടിയേ കഴിയൂ. വിശുദ്ധ സഭയിൽ കൂദാശകൾ നടത്താൻ പുരോഹിതനോ അതിലും ഉയർന്ന സ്ഥാനീയർക്കോ മാത്രമേ അധികാരമുള്ളൂ. അടിയന്തിര സന്ദർഭങ്ങളിൽ ചില പ്രത്യേക അവകാശങ്ങൾ ശെമ്മാശന്മാർക്കും അനുവദിച്ചിട്ടുണ്ട് എന്നത് ഇവിടെ മറക്കുന്നില്ല. "ശെമ്മാശന്മാരിൽ നിന്ന് മാമൂദീസാ കൈക്കൊണ്ടിട്ടുള്ളവരെ.... കശ്ശീശാ അടുത്തില്ലാത്തപ്പോൾ അത്യാവശ്യം പ്രമാണിച്ച് ശെമ്മാശനും മാമൂദീസാ നടത്താമെന്നും ശ്ലീഹന്മാരുടെ ദീയാതക്സീസിൽ എഴുതിയിട്ടുണ്ട്" (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 25) ശെമ്മാശന്മാരെ വിശുദ്ധ കുർബാന കൊടുക്കുന്നതിനും ഹൂദായ കാനോൻ അനുവദിച്ചിട്ടുണ്ട് (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 44).

താൻ പാപം ചെയ്തു എന്ന് ഒരു വിശ്വാസിക്ക് എപ്പോൾ തോന്നുന്നുവോ അപ്പോഴാണ് (പാപബോധം വരുമ്പോൾ) കുമ്പസാരിക്കേണ്ടത്. അതിന് പുരോഹിതന്റെയടുത്ത് സമയം നിശ്ചയിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തണം. 'ആണ്ടു കുമ്പസാരം', 'പൊതുയോഗ കുമ്പസാരം' എന്നെല്ലാം പറഞ്ഞ് ഒരു വിശുദ്ധ കൂദാശയെ വെറുമൊരു അനുഷ്ഠാനക്രിയ മാത്രമാക്കി മാറ്റുന്ന പ്രവണത പുരോഹിതന്മാരിലും അത്മായരിലും കൂടിവരികയാണ്. ശരിയായ ആത്മീയ കാഴ്ചപ്പാടിൽ കുമ്പസാരത്തെ കാണാത്തതാണ് ഇതിനെല്ലാം കാരണം. 1215-ൽ ചേർന്ന കത്തോലിക്കാ സഭയുടെ നാലാം ലാറ്ററൻ സുന്നഹദോസിന്റെ 21-ാം നിശ്ചയം ഇങ്ങനെയാണ്: “കാര്യങ്ങൾ വിവേചിച്ചറിയുവാൻ പ്രായമായ എല്ലാ സ്ത്രീപുരുഷന്മാരായ വിശ്വാസികളും വർഷത്തിലൊരിക്കലെങ്കിലും തങ്ങളുടെ പുരോഹിതന്റെ മുമ്പിൽ പാപങ്ങൾ സത്യസന്ധമായി ഏറ്റുപറയുകയും പുരോഹിതൻ വിധിക്കുന്ന പ്രായശ്ചിത്തങ്ങൾ ചെയ്‌യുകയും വേണം". പോർച്ചുഗീസുകാരുടെ വരവോടെ റോമാവിശ്വാസത്തിന്റെ ഭാഗമായിത്തീർന്ന മലങ്കര സഭയിലും ഈ സംവിധാനം നടപ്പാക്കപ്പെട്ടതാവാം. ഒരുപക്ഷേ റോമാക്കാരുടെ വരവോടെയായിരിക്കാം ശരിയായ കുമ്പസാരം വിശുദ്ധ സഭയിൽ നടപ്പിൽ വന്നതും. വിശ്വാസികളുടെ താല്പര്യമനുസരിച്ച് ആത്മീകനൽവരങ്ങൾ പ്രദാനം ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ശരിയായ നടപടിയാണെന്നു തോന്നുന്നില്ല.

വിശുദ്ധ സഭയുടെ മാർഗ്ഗരേഖയനുസരിച്ച് വിശുദ്ധ കുമ്പസാരത്തിന് ഏഴ് സംഗതികളുണ്ട്.

1. സ്വയപരിശോധന:

തന്നെ സ്വയമായി പരിശോധിക്കുക്കയും ചെയ്തുപോയ പാപങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുക. പാപബോധം വന്നൊരാൾക്ക് ഇത് പ്രയാസമുള്ള കാര്യമല്ല.

2. പശ്ചാത്താപം:

തെറ്റു ചെയ്തതിൽ സത്യമായ പശ്ചാത്താപം ഉണ്ടാവണം. ചെയ്തത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാൽ പശ്ചാത്താപം ഉണ്ടാവുക സ്വാഭാവികമാണ്.

3. തീരുമാനം:

പശ്ചാത്താപം കഴിഞ്ഞാൽ ഇനി പാപം ചെയ്യുകയില്ല എന്ന് തീരുമാനിക്കുക. ഇപ്പോൾ ചെയ്തുപോയ പാപം മാത്രമല്ല, പാപമെന്നു ബോദ്ധ്യപ്പെടുന്ന ഏതു പ്രവൃത്തിയും.

4. ഏറ്റുപറച്ചിൽ:

പലർക്കും തെറ്റു പറ്റുന്നത് ഇവിടെയാണ്. പരിചയമുള്ള പുരോഹിതനോട് എങ്ങനെ ഇതെല്ലാം തുറന്നു പറയും എന്നത് സ്വാഭാവികമായ സംശയമാണ്. ലജ്ജ കൂടാതെ ചെയ്യേണ്ട കാര്യമാണ് ഏറ്റുപറച്ചിൽ. ചെയ്തതെല്ലാം പറഞ്ഞേ മതിയാവൂ. അതുകൊണ്ടാണ് 'സത്യ കുമ്പസാരം' എന്ന് പറയുന്നതുതന്നെ. ലജ്ജ തോന്നുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, ഒരു പാപവും ദൈവത്തിനു മറവായിരിക്കുന്നില്ല (എബ്രായർ 4:13). വിലാപങ്ങൾ 2:19-ൽ പറയുന്നതുപോലെ "നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക". ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം, കുമ്പസാരം പാപങ്ങൾ ഏറ്റുപറയുന്നതും അത് ക്ഷമിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂദാശയാണ്. തെറ്റുകൾ ഏറ്റുപറഞ്ഞിട്ടുള്ള ഒരു പാപിയും മോചനം ലഭിക്കാതെ പോയിട്ടില്ല (ആദിമകാലങ്ങളിൽ ചില അപവാദങ്ങളുണ്ടായിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്). എന്നാൽ ഇതൊരു counselling പ്രക്രിയയല്ല. പാപങ്ങളേക്കാൾ പ്രശ്നങ്ങൾ അവതരിപ്പിക്കുകയെന്നതാണ് കുമ്പസാരമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതിന് അല്ലാത്ത സമയങ്ങൾ ഉപയോഗിക്കാം. ചെയ്തുപോയ തെറ്റുകൾ സത്യസന്ധമായി ഏറ്റുപറയുകയെന്നല്ലാതെ വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു വേദിയല്ല അത്; അതിനൊന്നും പരിഹാരം കണ്ടുപിടിക്കേണ്ട വേദിയുമല്ല. പല വൈദികരും നല്ല കൗൺസിലറന്മാരാണെങ്കിലും ചിലരെങ്കിലും അതിനനുയോജ്യരായി കാണുന്നില്ല. പ്രബോധനം (Counseling) പലർക്കും പ്രാധാന്യമേറിയതാണ്, എന്നാൽ ഏവർക്കും ഒഴിച്ചുകൂടാനാവാത്തതാണ് കുമ്പസാരം (Confession) എന്നതാണ് ഒരു സാധാരണ തത്വം; അതാണ് അതു തമ്മിലുള്ള വ്യത്യാസവും. പ്രശ്നങ്ങൾ നല്ലൊരു കൗൺസിലറുടെ, പുരോഹിതനോ അത്മായനോ ആരുമാകട്ടെ, മുമ്പിലാണ് അവതരിപ്പിക്കേണ്ടത്.

5. പാപമോചനം:

പാപങ്ങൾ ഏറ്റുപറഞ്ഞയാൾക്ക് തനിക്കുള്ള അധികാരമുപയോഗിച്ച് പട്ടക്കാരൻ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധ റൂഹായുടേയും നാമത്തിൽ പാപമോചനം നൽകുന്നു. എന്നാൽ ഈ മോചനത്തിന്റെ പരിധി താൻ പരിശോധിച്ചു കണ്ടുപിടിച്ച പാപങ്ങളേക്കുറിച്ചത്രയും സത്യമായും പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞോ എന്നതിനെ ആശ്രയിച്ചിരിക്കും. എവിടെയെങ്കിലും അലസത വന്നിട്ടുണ്ടെങ്കിൽ അത് സത്യകുമ്പസാരമല്ല എന്നുവരും. അത് കൂടുതൽ പാപാവസ്ഥയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ഒരാൾ തന്റെ മുഴുവൻ പാപങ്ങളും ഏറ്റുപറയുമ്പോൾ ഏതെങ്കിലും പാപം ഓർമ്മയിൽ വരാതിരുന്നിട്ടുണ്ടെങ്കിൽ അതിനുകൂടി പുരോഹിതൻ മോചനം നൽകുന്നു. (മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), മലങ്കര ഓർത്തഡോക്സ് സഭയിലെ കൂദാശക്രമങ്ങൾ, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2008, പേജ് 202).

6. പ്രായശ്ചിത്തം:

പുരോഹിതൻ നിശ്ചയിക്കുന്ന പ്രായശ്ചിത്തം എത്രയും വേഗം, കഴിയുന്നിടത്തോളം വിശുദ്ധ കുർബാനാനുഭവത്തിനു മുമ്പ് ചെയ്യാൻ കഴിയുന്നവ അങ്ങനെ, ചെയ്യേണ്ടതാണ്. പ്രായശ്ചിത്തത്തിന് മുടക്കം വരാൻ പാടില്ല. അത് ഒരു ശിക്ഷയല്ല; ആത്മീയമായി കൂടുതൽ വളരുന്നതിനുള്ള ഒരു നടപടി മാത്രമാണ്. നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷയാണ് കർത്താവ് അനുഭവിച്ച പങ്കപ്പാടുകളും ക്രൂശുമരണവും. (യെശയ്യാവ്‌ 53:5, 1.പത്രോസ് 2:24).

7. വിശുദ്ധ കുർബാനാനുഭവം:

പാപമോചനം ലഭിച്ചയാൾ ഏറ്റവും അടുത്ത വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും തിരുശരീരരക്തങ്ങൾ അനുഭവിക്കുകയും വേണം. അതനുഭവിക്കാനുള്ള യോഗ്യത രഹസ്യങ്ങളുടെ ആഘോഷസമയത്ത് പറയുന്നുണ്ട്. അത് പാലിക്കപ്പെട്ടു എന്ന് ബോദ്ധ്യം വരുത്തേണ്ടത് വിശുദ്ധ കുർബാനയനുഭവിക്കുന്ന വ്യക്തിയാണ്. (ഇത് ഒരു വിഷയമായിത്തന്നെ ഈ പംക്തിയിൽ ഉൾപ്പെടുത്തുന്നുണ്ട്).

സുറിയാനി ഓർത്തഡോക്സ് സഭയുടെ പാരമ്പര്യമനുസരിച്ച് ഒരു വിശ്വാസിക്ക് ഇഷ്ടപ്പെട്ട പുരോഹിതന്റെ അടുക്കൽ കുമ്പസാരിക്കാവുന്നതാണ് (വ.ദി.ശ്രീ.മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്കോപ്പ, മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർത്ഥനക്രമം, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2005, പേജ് 341). അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന പുരോഹിതനെ 'കുമ്പസാര പിതാവ്' എന്ന് വിളിക്കാറുണ്ട്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ അർമ്മീനിയൻ അപ്പൊസ്തോലിക സഭയൊഴിച്ചുള്ള സഭകളിലെല്ലാം കർണ്ണകുമ്പസാരമാണ് നിലവിലുള്ളത്. കുമ്പസാര രഹസ്യം ഒരു പുരോഹിതൻ ഒരിക്കലും വെളിപ്പെടുത്തിക്കൂടാ എന്നാണു നിയമം. ക്ഷമിക്കപ്പെട്ട പാപങ്ങൾക്ക് മേലാൽ യാതോരു സാംഗത്യവുമില്ലെന്നതാണ് അതിനു കാരണം. വീണ്ടും ഇതേ കുറ്റം ഏതെങ്കിലും ലൗകീക അധികാരികളുടെ മുമ്പിൽ എത്തുകയും അവർ അതിനു ശിക്ഷ വിധിക്കുകയും ചെയ്‌താൽ പുരോഹിതൻ കൊടുത്ത പാപക്ഷമയ്ക്ക് അർത്ഥമില്ലെന്നു വരും. ദൈവം ക്ഷമിച്ചതിനെ മനുഷ്യൻ നിർത്തരുതല്ലോ. വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മല്പാൻ പറയുന്നു: "(കുമ്പസാര രഹസ്യം) വെളിപ്പെടുത്തുന്ന പട്ടക്കാരൻ ശിക്ഷാവിധിക്കു യോഗ്യനായിത്തീരുകയും ചെയ്യും". {മല്പാൻ വട്ടശ്ശേരിൽ ഗീവറുഗീസ്‌ കത്തനാർ, മതോപദേശസാരങ്ങൾ, Dr.Zachariah Mar Theophilos Metropolitan (Publisher), Kottayam, page 23-24}.

വിശുദ്ധ കുമ്പസാരത്തെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങളും/ സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

1. പുരോഹിതന്മാര്‍ക്ക് പാപമോചന അധികാരമുണ്ടോ?

ഉണ്ട്. ഇത് വചനാനുസൃതമായി അന്യത്ര തെളിയിച്ചിട്ടുള്ളതാണ്. യോഹന്നാന്‍ 20:22-23. “ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍. ''(ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.)“. പാപമോചന അധികാരം നമ്മുടെ കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാരും അവരില്‍ നിന്ന് പ്രധാനാചാര്യന്മാരും ഏറ്റു. ദൈവത്തിന്‍റെ സ്ഥാനപതികളായ വൈദികരാല്‍ ഇത് നമ്മുടെ സഭയില്‍ നിവര്‍ത്തിക്കപ്പെടുന്നു.

2. അപ്പോസ്തോലന്മാര്‍ ആരെയെങ്കിലും കുമ്പസാരിപ്പിച്ചോ?

ജനങ്ങള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞതായിട്ടും അതുപോലെ അപ്പോസ്തോലന്മാര്‍ പാപമോചനം നൽകിയതായിട്ടും ബൈബിള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. “വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു”. (അപ്പൊ 19:18). “നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു. ഞാന്‍ തന്നെയും ആരോട് ക്ഷമിച്ചുവോ അത് നിങ്ങള്‍ നിമിത്തം മശിഹായുടെ  പ്രതിപുരുഷ സ്ഥാനത്തിലാകുന്നു”. (2.കൊരിന്ത്യര്‍ 2:10).

3. പരസ്യമായി ഏറ്റു പറഞ്ഞു എന്നല്ലേ? രഹസ്യമായി ചെവിയില്‍ ഓതേണ്ട കാര്യമുണ്ടോ?

പരസ്യമായി ഏറ്റു പറഞ്ഞു എന്ന് ഒരു ബൈബിള്‍ വാക്യവും പറയുന്നില്ല. എങ്കില്‍ തന്നെയും, കുമ്പസാരിക്കുന്നത് രഹസ്യമായിരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. പരസ്യമായി സഭയോട് ഏറ്റു പറയാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ എല്ലാവർക്കും പരസ്യമായി ഏറ്റു പറയാന്‍ താല്പര്യമുണ്ടാകില്ല. രഹസ്യപാപങ്ങള്‍ പരസ്യമായി ഏറ്റുപറയാന്‍ എല്ലാരെയും നിര്‍ബന്ധിക്കുക എന്നത് നല്ല കാര്യവുമല്ല. അതുകൊണ്ടാണ് രഹസ്യമായി പട്ടക്കാരനോട് ഏറ്റു പറയുന്ന രീതി ഏര്‍പ്പെടുത്തിയത്.

4. “ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍” (അപ്പൊ 3:19) എന്നല്ലേ പറഞ്ഞത്? അല്ലാതെ കുമ്പസാരിക്കാന്‍ അല്ലല്ലോ?

കുമ്പസാരമെന്ന നിരപ്പിന്റെ കൂദാശ മാമോദീസായേറ്റ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന ഒരാള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞു സ്നാനപ്പെടുന്നു, മാമോദീസായേറ്റ വ്യക്തി പിന്നീട് ചെയ്തുപോയേക്കാവുന്ന പാപങ്ങള്‍ക്ക് വേണ്ടിയാണ് അനുരഞ്ജന കൂദാശയായ കുമ്പസാരം. പത്രോസ് പറയുന്നത് അക്രൈസ്തവരോട് (ക്രിസ്തുവില്‍ വിശ്വസിക്കാത്ത യഹൂദരോട്) ആണ്. അതുകൊണ്ട് ഇവിടെ പത്രോസ് പറയുന്നത് അനുരഞ്ജന കൂദാശക്ക് എതിരല്ല.

5. “നീ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്ക. പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും”. (അപ്പോ 8:22) എന്നല്ലേ പറയുന്നത്? അല്ലാതെ പാപം മോചിച്ചില്ലല്ലോ?

ഇവിടെ അപ്പോസ്തോലന്മാര്‍ കൈ വച്ച് പരിശുദ്ധാത്മാവിനെ നല്‍കുന്നത് ശീമോന്‍ കണ്ടിട്ട് അവര്‍ക്ക് പണം കൊടുത്തു തനിക്കു ഈ വരം ലഭിക്കുവാന്‍ വേണ്ടി അപേക്ഷിക്കുകയാണ്. ഇവിടെ ശീമോന്‍ സ്നാനപ്പെട്ട വ്യക്തിയാണെന്നുള്ളത് സത്യമാണ്. എങ്കില്‍ത്തന്നെയും പാപമോചന അധികാരം പോലെതന്നെ പാപങ്ങള്‍ മോചിക്കാതിരിക്കാനുമുള്ള അധികാരം  അപ്പോസ്തോലന്മാര്‍ക്ക് നല്‍കപ്പെട്ടതാണ്‌. (ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. - യോഹന്നാന്‍ 20:23). ഇവിടെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്ത ശീമോന്റെ പാപങ്ങള്‍ അപ്പോസ്തോലന്മാര്‍ മോചിക്കാതെ അയാളെ ദൈവത്തിനു ഏല്‍പ്പിക്കുന്നു. ഇതുപോലെ പാപം നിറുത്തുന്ന മറ്റൊരു സന്ദര്‍ഭമാണ് അപ്പന്റെ ഭാര്യയോടു കൂടി ശയിച്ച വ്യക്തിയെ പൗലോസ് സഭക്ക് പുറത്താക്കുന്നത് – “നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ, ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു…. ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .” (1.കോരി 5:4,5,13). അനന്യാസിന്റെയും സഫീറയുടെയും സംഭവം ഇതേ ആശയം ഉള്‍ക്കൊള്ളുന്ന മറ്റൊരു സന്ദര്‍ഭമാണ്. (അപ്പൊ 5:1-10).

6. യൂദാ പുരോഹിതന്മാരുടെ അടുക്കല്‍ പാപമേറ്റു പറഞ്ഞു; എന്നാല്‍ അവര്‍ പാപം മോചിച്ചില്ലല്ലോ?

“അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു. അനുതപിച്ചു ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു. ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു. ചെന്ന് കെട്ടിഞാന്നു ചത്തു കളഞ്ഞു”. (മത്താ. 27:3-5). ശ്രദ്ധിക്കുക, ഇവിടെ പുരോഹിതന്മാര്‍ എല്ലാം യഹൂദന്മാരാണ്. യഹൂദ പുരോഹിതര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരല്ല, അവര്‍ക്ക് പാപമോചന അധികാരവും നൽകപ്പെട്ടിട്ടില്ല. ആയതുകൊണ്ട് അവര്‍ പാപം മോചിക്കുകയുമില്ല. പാപമോചന അധികാരം പൂര്‍ണ്ണതയോടെ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനതിനു ശേഷമാണ്.

7. “ഞങ്ങള്‍ കുമ്പസാരിപ്പിച്ചാല്‍ ജനത്തിന്റെ പാപം മോചിക്കപ്പെടും” എന്ന് നെഞ്ചത്ത് കൈവെച്ചു കൊണ്ട് എത്ര മെത്രാന് / പുരോഹിതന് പറയാന് ധൈര്യമുണ്ട്?

ചില നവീന സഹോദരങ്ങള്‍ ചോദിക്കുന്ന  രസകരമായ ചോദ്യമാണ് ഇത്. അപ്പോസ്തോലിക കൈവെപ്പ് ലഭിച്ച ഏതു മെത്രാനും അദ്ദേഹം നിയോഗിക്കുന്ന ഏതു പുരോഹിതനും ഈ ധൈര്യമുണ്ട്. ആ ധൈര്യമുള്ളതുകൊണ്ടാണ് അവര്‍ പരിശുദ്ധ ബലിപീഠത്തിനു മുമ്പില്‍ നിന്ന് ധൈര്യമായി ‘നിന്റെ പാപങ്ങള്‍ക്ക് എന്നില്‍ നിക്ഷിപ്തമായ അധികാരത്താല്‍ മോചനം നല്‍കുന്നു’ എന്ന് പറയുന്നത്. ആ ധൈര്യമുള്ളതുകൊണ്ടാണ് അനേകം വിശ്വാസികള്‍ അവരുടെ അടുത്ത് പാപമോചനതിനുള്ള നിരപ്പിന്റെ ശുശ്രൂഷ കൈക്കൊള്ളുന്നത്; പാപമോചനം പ്രാപിക്കുന്നത്. ഈ അധികാരം അവര്‍ സ്വയമേ പ്രാപിച്ചതല്ല, ദൈവത്തില്‍ നിന്ന് നല്‍കപ്പെട്ടതാണ്‌. യോഹന്നാന്‍ 20:22-23 “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു”. ഒന്നുകൂടി സൂക്ഷിച്ചു വായിക്കുക; “ആരുടെ പാപങ്ങള്‍നിങ്ങള്‍ മോചിക്കുന്നവോ….”. പാപം മോചിക്കുന്നത് കര്‍ത്താവിന്റെ പ്രതിപുരുഷ സ്ഥാനത് നിന്നുകൊണ്ട് പുരോഹിതന്‍ തന്നെയാണ്. ദൈവത്തില്‍ നിന്ന് അന്യമായ ഒരു അധികാരമല്ല ഇത്. അതുകൊണ്ട് നെഞ്ചത്ത് കൈവെച്ചോ അല്ലാതെയോ കൈവെപ്പുള്ള ഏതൊരു പുരോഹിതനും ധൈര്യത്തോടെ പറയും തങ്ങള്‍ മോചിച്ചാല്‍ പാപം മോചിക്കപ്പെടും എന്ന്.

8. പാപിയായ ഒരു പുരോഹിതന് എങ്ങനെ പാപം മോചിക്കാന്‍ കഴിയും? ദൈവത്തിനല്ലാതെ അത് സാധ്യമോ?

കുറ്റവും കുറവുള്ളവരുമായ അപ്പോസ്തോലന്മാര്‍ക്കാണ് പാപമോചന അധികാരം കര്‍ത്താവ്‌ കൊടുത്തത്. അത് അപ്പോസ്തോലന്മാരില്‍നിന്ന് സഭയ്ക്കും അതുവഴി പട്ടക്കാര്‍ക്കും ലഭിക്കുന്നു. കര്‍ത്താവിനാല്‍ നൽകപ്പെട്ടതായതുകൊണ്ട് അവന്റെ വിശുദ്ധിയോടു ചേര്‍ന്നാണ് നല്‍വ്വരം കൊടുക്കപ്പെടുന്നത്. അതിനാല്‍ പുരോഹിതന്‍ പാപിയായിരുന്നാലും കര്‍ത്താവിനാല്‍ നല്‍കപ്പെട്ട അധികാരമായതുകൊണ്ട് അത് അര്‍ത്ഥവത്താകുന്നത്. പുരോഹിതന്‍ കര്‍ത്താവിന്റെ പ്രതിപുരുഷ സ്ഥാനത്തു നിന്നുകൊണ്ടാണ് പാപം മോചിക്കുന്നത്. ഇത് ദൈവത്തെ വെല്ലു വിളിച്ചുകൊണ്ടു നടത്തുന്നതല്ല. പുരോഹിതനിലൂടെ പാപമോചനം നല്‍കുന്നത് ദൈവം തന്നെയാണ്.

9. കുമ്പസാരിപ്പിച്ചാല്‍ പാപം മോചിക്കപ്പെടുമെങ്കില്‍ പാപപരിഹാരത്തിനുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് എന്തിന്?

ഏതൊരു കൂദാശയും പൂര്‍ത്തീകരിക്കപ്പെടുന്നത് വിശുദ്ധ കുർബ്ബാനയിലൂടെയാണ്. പുരോഹിതന്‍ പാപമോചനം നൽകിയെന്നാലും അത് നിവര്‍ത്തിക്കപ്പെടുന്നത് ക്രിസ്തുവിന്റെ ബലിയിലാണ്. നമ്മുടെ സകല പാപങ്ങളും അവന്‍ തന്റെ ശരീരത്തില്‍ പേറി. അതുകൊണ്ട് കുമ്പസാരം പൂര്‍ത്തിയാകുന്നത് കാല്‍വരി യാഗത്തില്‍ ആണ്. വിശുദ്ധ കുര്‍ബ്ബാന എന്നത് കാല്‍വരിയിലെ യാഗത്തിന് അന്യമായ ഒരു ബലിയല്ല. ക്രിസ്തുവിന്റെ അതേ യാഗം തന്നെയാണ് വിശുദ്ധ കുര്‍ബ്ബാന. അതുകൊണ്ടുതന്നെ കുമ്പസാരം പൂര്‍ത്തീകരിക്കപ്പെടുന്നത് വിശുദ്ധ ബലിയിലാണ്; പാപമോചനം പൂര്‍ത്തിയാകുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്.

10. “മോചനമതിനായ് പാപികളേ വരുവിന്‍…” എന്ന് കുര്‍ബാനയ്ക്ക് മുമ്പ് പാടുന്നുണ്ടല്ലോ. കുമ്പസാരിച്ചിട്ടും വീണ്ടും പാപികള്‍ തന്നെയാണോ?

രക്ഷ പൂര്‍ണ്ണമാകുന്നതുവരെ നാം പാപികള്‍ തന്നെയാണ്. കുമ്പസാരിച്ചാലും ദൈവത്തോളം വിശുദ്ധി ആരും പ്രാപിക്കുന്നില്ല. എന്നാല്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതോ ദൈവത്തോളം വിശുദ്ധി പ്രാപിക്കാനും. ഈ കുറവ് മനുഷ്യരില്‍ നിലനില്‍ക്കുന്നു. “നമുക്കു പാപമില്ലെന്നു നാം പറയുന്നുവെങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിലില്ലാതെയായി. നാം പാപം ചെയ്തിട്ടില്ലെന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി”. (1.യോഹ 1:8,10). അതുകൊണ്ടുതന്നെ നാം പാപികളാണെന്ന് സമ്മതിക്കുകയും ദൈവത്തോട് പാപമോചനം യാചിക്കുകയും ചെയ്യുന്നു.

11. കുമ്പസാരം വീണ്ടും പാപം ചെയ്യാനുള്ള ലൈസന്‍സല്ലേ?

അല്ല. തീര്‍ച്ചയായും അങ്ങനെയല്ല. ഒരിക്കല്‍ ഏറ്റു പറഞ്ഞ പാപങ്ങള്‍ വീണ്ടും ചെയ്യാനുള്ള ലൈസന്‍സല്ല കുമ്പസാരം. ഒരാളുടെ ഏറ്റുപറച്ചില്‍ വ്യാജമാണെന്ന് ബോധ്യമായാല്‍ പാപമോചനം കൊടുക്കാതെ ആ വ്യക്തിയുടെ പാപങ്ങള്‍ അയാളില്‍ തന്നെ നിറുത്താനും പുരോഹിതന് അധികാരമുണ്ട്. യോഹന്നാന്‍ 20:23. “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു”. പരീശനെപ്പോലെ ദ്വൈമുഖമുള്ളവര്‍ക്കുള്ള വേദിയല്ല കുമ്പസാരം. യഥാര്‍ത്ഥ അനുതാപത്തോടെ വരുന്ന ചുങ്കക്കാരനെപ്പോലെയുള്ളവര്‍ക്കാള്ളതാണ് അത്. ഒരിക്കല്‍ പാപത്തെ വിട്ടു ഓടി വീണ്ടും അതിലേക്കു തിരിയുന്നവന്‍ ഛര്‍ദ്ദിക്ക് തിരിയുന്ന നായ്ക്ക് തുല്യനാണെന്ന് വചനം പറയുന്നുണ്ടല്ലോ. (2.പത്രോ 2:22). പശ്ചാത്തപിക്കുകയും മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും വേണമെന്നുള്ളത് കുമ്പസാരത്തിന്റെ ആവശ്യവ്യവസ്ഥയാണ്. മാത്രമല്ല, അത്മനവീകരണതെപറ്റി ദൃഡനിശ്ചയം ചെയ്യാനും സംഭവിച്ചു പോയതിനു പരിഹാരം ചെയ്യാനും കുമ്പസാരിച്ച വ്യക്തി ബാധ്യസ്ഥനാണ്.

12. പാപങ്ങള്‍ കേട്ട് പുരോഹിതന്മാര്‍ രസിക്കുകയല്ലേ?

ചില സിനിമകളിലൂടെ കിട്ടുന്ന വികലമായ സന്ദേശമാണ് പുരോഹിതന്മാര്‍ കുമ്പസാരത്തിലൂടെ നിഗൂഡമായ ആനന്ദം കണ്ടെത്തുന്നു എന്നുള്ളത്. അതിനാണ് പുരോഹിതന്മാര്‍ കുമ്പസാരത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്! തികച്ചും തെറ്റിധാരണ മാത്രമാണത്. ഒരാളുടെ പാപം കേട്ടാല്‍ ദൈവത്തിനു ആനന്ദമാണോ അതോ സങ്കടമാണോ തോന്നുക? ദൈവത്തിന്റെ പ്രതിപുരുഷ സ്ഥാനത്തുള്ള പുരോഹിതന്‍ പാപം കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ആനന്ദം തോന്നുക? “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷമുണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കോ 11:10). കുമ്പസാരത്തില്‍ പുരോഹിതന്മാര്‍ സന്തോഷിക്കുന്നു എങ്കില്‍ അത് മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചുള്ള വിചാരംകൊണ്ട് മാത്രമായിരിക്കും.

13. പുരോഹിതന്മാര്‍ കേട്ട പാപങ്ങള്‍ മറ്റൊരാളോട് പറയുമോ?

ഒരു പുരോഹിതനും കുമ്പസാര രഹസ്യം മറ്റൊരാളോട് പറയില്ല. അതെത്ര വലിയ ആത്മബന്ധമുള്ള ആളാണെങ്കിലും. കുമ്പസാര രഹസ്യം പുറത്തു പറയുന്നതിനേക്കാള്‍ മരിക്കാനായിരിക്കും ഒരു പുരോഹിതന്‍ ഇഷ്ടപ്പെടുക. അപ്രകാരം പറഞ്ഞാല്‍ അതയാളെ നിത്യനാശത്തില്‍ എത്തിക്കും എന്ന് അയാള്‍ക്ക്‌ ഉത്തമ ബോധ്യമുണ്ട്. കുമ്പസാര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ പുരോഹിതന് അവയെ തന്റെതന്നെയോ, മറ്റൊരാളുടെയോ ജീവന്‍ രക്ഷിക്കാനോ, ഏതെങ്കിലും ദുരന്തം ഒഴിവാക്കാനോപോലും വെളിപ്പെടുത്താവുന്നതല്ല. കുമ്പസാരത്തില്‍ കേട്ടത് വെളിപ്പെടുത്താന്‍ പുരോഹിതനെ നിര്‍ബ്ബന്ധിക്കാന്‍ ഒരു നിയമത്തിനും അവകാശമില്ല.

14. “തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍”. (യാക്കോ 5:16) പരസ്പരം പാപങ്ങളെ ഏറ്റു പറയണം എന്നല്ലേ? വിശ്വാസികള്‍ തമ്മില്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞാല്‍ പോരെ?

പാപങ്ങള്‍ ഏറ്റു പറയുന്നത് പുരോഹിതനോടാകണം എന്ന നിര്‍ബന്ധം പൗരസ്ത്യ പാരമ്പര്യത്തിലില്ല. പൗരസ്ത്യ പാരമ്പര്യത്തില്‍ ഒരു വിശ്വാസിക്ക് പരിപൂര്‍ണ്ണ വിശ്വാസമുള്ള തന്റെ ആത്മീയ പിതാവിനോടോ / മാതാവിനോടോ ആത്മീയ വഴികാട്ടിയോടോ പാപങ്ങളെ ഏറ്റു പറയാം. ഈ ആത്മീയ വഴികാട്ടി ബിഷപ്പിന്റെ അനുവാദത്തോട്‌ കൂടിയാണ് കുമ്പസാരം കേള്‍ക്കുന്നത്. (ആത്മീയ വഴികാട്ടി ആത്മീയമായി അഭിവൃദ്ധിയുള്ള വ്യക്തിയാണെന്ന് ഉറപ്പുവരുത്താന്‍ ആണിത്). എന്നാല്‍ പാപങ്ങള്‍ കേള്‍ക്കുന്ന ആള്‍ പുരോഹിതനല്ലെങ്കില്‍ അയാള്‍ക്ക്‌ പാപമോചന അധികാരമില്ലാത്തതുകൊണ്ട് പാപം മോചിക്കാന്‍ കഴിയില്ല. അതിനൊരു പുരോഹിതനെ സമീപിക്കാവുന്നതാണ്. എങ്കിലും പുരോഹിതനോട് ഏറ്റു പറയുന്നതാണ് എപ്പോഴും അഭികാമ്യം.

15. എപ്പോഴൊക്കെ കുമ്പസാരിക്കണം?

പാപബോധമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും കുമ്പസാരിക്കാം. ഗൗരവമായ പാപങ്ങള്‍ ചെയ്തു എന്ന ബോധ്യം വന്നാല്‍ കുമ്പസാരം താമസിപ്പിക്കരുത്. എങ്കില്‍ത്തന്നെയും നാല്‍പ്പതു ദിവസം കൂടുമ്പോള്‍ കുമ്പസാരിച്ചു കുര്‍ബാന അനുഭവിക്കുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. ഒരു വിശ്വാസി ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചിരിക്കണം എന്നതാണ് സഭയുടെ നിയമം.

ഉപസംഹാരം:

ഇത്രയും ശ്രേഷ്ഠവും ആഴമേറിയതുമായ  വിശുദ്ധ കുമ്പസാരമെന്ന കൂദാശ പലർക്കും ഒരനുഭവമായി മാറുന്നില്ല. ഒരുപക്ഷേ രജിസ്റ്ററിൽ ഒപ്പുവെക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങായി കാണുന്നതുകൊണ്ടാവാം.

പാപം ചെയ്തത് ഏറ്റുപറഞ്ഞു പട്ടക്കാരൻ കൈവെച്ച് പ്രാർത്ഥിച്ച് അധികാരപൂർവ്വം 'നീ ഏറ്റുപറഞ്ഞു ഉപേക്ഷിച്ച പാപങ്ങൾ നിന്നോട് ക്ഷമിച്ചിരിക്കുന്നു' എന്നു പറഞ്ഞു നമ്മുടെ നെറ്റിമേൽ കുരിശ് വരക്കുമ്പോൾ ലഭിക്കുന്ന അനുഭവവും സ്വീകാര്യതയും എത്രയോ വലുതാണ്.

കുമ്പാസാരം അഹംഭാവം ഇല്ലാതെയാക്കുന്നു. വിനയമുണ്ടാക്കുന്നു. സ്വന്തം പാപങ്ങളെക്കുറിച്ച് ചിന്തിക്കാനും അത് തിരുത്താനും അവസരമുണ്ടാകുന്നു.

ഇടയ്ക്കിടെ കുമ്പാസാരിച്ചാൽ നമ്മുടെയുള്ളിൽ ആധിപത്യമുറപ്പിച്ചിട്ടുള്ള പാപങ്ങൾ ജീവിതത്തിൽ മേലിൽ ഉണ്ടാവാതിരിക്കാൻ സഹായിക്കും.
ദൈവഹിതത്തിന് യോജിച്ച ജീവിതം നയിക്കുവാൻ വിശുദ്ധ കുമ്പസാരം നമ്മെ സഹായിക്കും.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • ശുബ്ക്കോനോ
  • നേരം പുലരും മുമ്പേ
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • വലിയനോമ്പ്
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • കല്ലേറ്
  • ഡിഡാക്കേ
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • മരണത്തെ ആസ്വദിക്കാനാവുക
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ധ്യാനം
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • നോമ്പ്.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • വിശുദ്ധ കുർബാനാനുഭവം
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • എന്താണ് ഗൂദാ?
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ബാറെക്മോര്‍
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • 'ശക്രോ'
  • കാനവിലെ കല്യാണ വീട്.
  • ഊറാറ ചുറ്റിയ കുരിശ്.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • "ഗാഫോർ"
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved