Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വാങ്ങിപ്പോയവർ

വാങ്ങിപ്പോയവർ, നിദ്രപ്രാപിച്ചവർ, മരണമടഞ്ഞവർ, മൃതന്മാർ തുടങ്ങിയ പല പേരുകളും മരിച്ചവരെപ്പറ്റി സുറിയാനി സഭയുടെ ആരാധനാ ക്രമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാങ്ങിപ്പോയവര്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ നീണ്ട ഉറക്കത്തിലാണെന്നും അവര്‍ക്ക് ഭൂമിയില്‍ നടക്കുന്നതൊന്നും കാണണോ കേള്‍ക്കാനോ കഴിയുകയില്ലെന്നും നവീന സഭക്കാര്‍ പഠിപ്പിക്കുന്നു. വാങ്ങിപ്പോയവരെപ്പറ്റി അവര്‍ പഠിപ്പിക്കുന്ന വികലമായ വ്യാഖ്യാനങ്ങളെ വേദപുസ്തകം അടിസ്ഥാനമാക്കി ശരിയാണോ എന്നൊന്ന് പരിശോധിക്കാം.

വാങ്ങിപ്പോയവരെപ്പറ്റിയോ, അവരുടെ അവസ്ഥയെപ്പറ്റിയോ പ്രതിപാദിക്കുന്ന വേദപുസ്തകത്തിലെ ചില സംഭവങ്ങളും, സൂചനകളുമാണ് താഴെ കൊടുത്തിരിക്കുന്നത്‌.

വേദപുസ്തക തെളിവുകള്‍.

1. വാങ്ങിപ്പോയി കർത്താവിനോടുകൂടെ വസിക്കുന്നവർ, കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നവർ.

പൗലോസ്‌ ശ്ലീഹ കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാം ലേഖനം നമുക്ക് ഒന്ന് പരിശോധിക്കാം. 2.കൊരിന്ത്യ 5 :8-9 “ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു”.

ഇവിടെ പൗലോസ്‌ ശ്ലീഹ പറയുന്നത് ശ്രദ്ധേയമാണ്, മരണാനന്തരം എന്താണെന്നു അദ്ദേഹം ഇവിടെ കാട്ടിത്തരുന്നു. ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു – ‘വസിക്കുക‘ എന്നതിന് പുനരുത്ഥാനം വരെയുള്ള നിദ്ര എന്നാണ് പാസ്റ്റര്‍ പറയുന്നത്. അതായതു മരിച്ചവര്‍ ഉറങ്ങുകയാണ് എന്ന് വ്യാഖ്യാനം. മരിച്ചു കര്‍ത്താവിനോടു ചേര്‍ന്ന് അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു എന്ന് പൗലോസ്‌ ശ്ലീഹാ പറയുമ്പോള്‍ നാം എന്താണ് മനസ്സിലാക്കുന്നത്‌? വാങ്ങിപ്പോയവര്‍ പാസ്റ്റര്‍ പറയുന്ന ഉറക്കവും വിശ്രമവും ആണെന്നോ?

അല്ലേ അല്ല… അവര്‍ പ്രാര്‍ത്ഥനകളാലും, സ്തോത്രങ്ങളാലും കര്‍ത്താവിനെ മഹത്വപ്പെടുത്തുക തന്നെയാണ്. ഉറങ്ങിക്കൊണ്ട് ആര്‍ക്കും കര്‍ത്താവിനെ മഹത്വപ്പെടുത്തുവാനോ, പ്രസാദിപ്പിക്കുവാനോ ആവില്ലല്ലോ!

2. വാങ്ങിപ്പോയി കര്‍ത്താവിനോട് കൂടെ ഇരിക്കുന്നവർ.

ഫിലിപ്പ്യര്‍ 1:21-23. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു. എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലയ്ക്കു ഫലം വരുമെങ്കിൽ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ”.

ഈ വാക്യത്തിലും വിട്ടു പിരിഞ്ഞു ക്രിസ്തുവിനോട് ഇരിക്കണം എന്ന് പ്രത്യാശിക്കുന്ന പൗലോസിനെയാണ് കാണുവാന്‍ സാധിക്കുന്നത്‌. ‘ക്രിസ്തുവിനോട് കൂടെ ഇരിപ്പാന്‍’ എന്ന വാക്യത്തിനു, പുനരുത്ഥാനം വരെയുള്ള നിദ്ര എന്നാണോ അര്‍ത്ഥം? ഒരിക്കലുമല്ല. പൗലോസിന്റെ ഈ വലിയ പ്രത്യാശ മരണാനന്തരം ഉടനേയുള്ള ഒരു സജീവാവസ്ഥയുടെ സാക്ഷ്യം കൂടെയാണ്.

3. നമുക്കു ചുറ്റും നിൽക്കുന്ന വാങ്ങിപ്പോയ സാക്ഷികളുടെ വലിയോരു സമൂഹം.

ഇനി നമുക്ക് എബ്രായര്‍ 12:1 ഒന്ന് നോക്കാം. “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക”.

പഴയ നിയമ വിശുദ്ധന്മാരുടെ കാര്യമാണ് ഇവിടെ ‘സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം’ എന്ന് പരാമര്‍ശിച്ചിരിക്കുന്നത്. എബ്രായര്‍ 11-ാം അധ്യായത്തില്‍ പിതാക്കന്മാരുടെ വിശ്വാസത്തെപ്പറ്റി പറഞ്ഞതിന് ശേഷം 12-ാം അധ്യായം ഒന്നാം വാക്യത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ‘സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു’ എന്ന വാക്യത്തില്‍ മരിച്ചുപോയ പിതാക്കന്മാര്‍ ഉറങ്ങുകയാണ്‌ എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്? തീര്‍ച്ചയായും അല്ല. അങ്ങനെയാണെങ്കില്‍ അവരെ നമുക്ക് ചുറ്റും നില്‍ക്കുന്ന സാക്ഷികള്‍ എന്ന് പറയില്ലല്ലോ.

4. മരിച്ചവര്‍ സംസാരിക്കുന്നു.

വി.മത്തായി 17:1-9; വി.മാര്‍കോസ് 9:2-10; വി.ലൂക്കോസ് 9:28-36 മുതലായ വാക്യങ്ങളില്‍ മറുരൂപ മലയിലെ സംഭവങ്ങള്‍ വിവരിക്കുന്നു. മോശയും എലിയാവും പ്രത്യക്ഷപ്പെടുകയും, അവര്‍ യേശുവിനോട് യെരുശലെമില്‍ പ്രാപിക്കുവാനുള്ള കുരിശു മരണത്തെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

നവീന സമൂഹം പറയുന്നത് അനുസരിച്ചാണെങ്കില്‍ മരിച്ചവനായ മോശയും, ദൈവത്താല്‍ എടുക്കപ്പെട്ടവനായ എലിയാവും സംസാരിക്കുവാനോ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുവാനോ തന്നെ പാടില്ല! “ബൈബിള്‍ മാത്രം” എന്ന് പറയുന്ന പുതുസഭക്കാര്‍ക്ക് ഇങ്ങനെ ചിന്തിക്കുവാന്‍ വി.പുസ്തകത്തിലെ ഏതു ഭാഗമാണ് പ്രേരകമായത്? ഇതാണോ സത്യം? മോശയും എലിയാവും വരുവാനുള്ള കാര്യങ്ങളെപ്പറ്റി യേശുവിനോട് സംസാരിക്കുമ്പോള്‍ നാം എന്ത് മനസ്സിലാക്കണം? മോശയും, ഏലിയാവും അത് വരെ നടന്നത് ഒന്നും അറിഞ്ഞിരുന്നില്ല എന്നോ? മോശയും, ഏലിയാവും മാത്രമല്ല, നമുക്ക് ചുറ്റും നില്‍ക്കുന്ന സാക്ഷികളുടെ ഒരു വല്ലിയ സമൂഹം ഇതൊക്കെയും കാണുന്നുണ്ട്, അറിയുന്നുണ്ട്. അത് അവര്‍ സര്‍വ്വജ്ഞാനികള്‍ ആയതുകൊണ്ടല്ല, പ്രത്യുത ദൈവം കൊടുക്കുന്ന കഴിവാണ്.

5. മരിച്ചവര്‍ സംസാരിക്കുന്നു, ഭൂമിയില്‍ നടക്കുന്നത് അറിയുന്നു.

ഇനി നമുക്ക് വി.ലൂക്കോസ് 16:19 -31 വരെയുള്ള വാഖ്യങ്ങളില്‍ ധനവാനേയും, ലാസറിനെയും കുറിച്ച് പറഞ്ഞിരിക്കുന്നത് ഒന്ന് പരിശോധിക്കാം.

വി.ലൂക്കോസ് 16 :22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി”. ഈ ലോക ജീവിതത്തില്‍ നിന്നും വാങ്ങിപ്പോകുന്നവരെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ അബ്രഹാം പിതാവ് അല്ലെങ്ങില്‍ അതുപോലെയുള്ള വിശുദ്ധന്മാരുണ്ടാവും എന്നതിന് ഈ തെളിവ് മതിയാവില്ലേ? സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട് എന്നതിന്റെ സൂചനയാണിത്.

വി.ലൂക്കോസ് 16 :24, 25 “അബ്രാഹാം പിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു”.

മരിച്ചവര്‍ സംസാരിക്കുകയോ! ഇനി പുതുസഭക്കാര്‍ എന്ത് ചെയ്യും??? മരിച്ചവര്‍ ഒക്കെയും നിദ്രയില്‍ ആണെന്നാണല്ലോ അവരുടെ പഠിപ്പിക്കല്‍! വാങ്ങിപ്പോയവര്‍ സംസാരിക്കും എന്നതിന് പുസ്തകത്തില്‍ ഇനിയും തെളിവുകളുണ്ട്, എന്നാല്‍ മറിച്ച് തെളിയിക്കുവാന്‍ എന്ത് തെളിവാണ് ഇത്തരക്കാരുടെ കയ്യിലുള്ളത്? ഇവിടെ മരിച്ച ലാസര്‍, അബ്രഹാം എന്നിവര്‍ സംസാരിക്കുന്നതായി രേഖപെടുത്തിയിരിക്കുന്നു. ഉറങ്ങുകയാണെങ്കില്‍ ഇവരൊക്കെയും സംസാരിക്കുന്നതെങ്ങനെ? മരിച്ചവര്‍ സംസാരിക്കില്ലെങ്കില്‍ ഇതൊക്കെ പിന്നെ എങ്ങനെ സംഭവിച്ചു?

അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.

ഭൂമിയില്‍ നടന്ന ഈ കാര്യങ്ങള്‍ അബ്രഹാം അറിഞ്ഞിരുന്നോ? അറിഞ്ഞിരുന്നു! മരിച്ചവര്‍ ഭൂമിയില്‍ നടക്കുന്നത് ഒന്നും അറിയുന്നില്ലെങ്ങില്‍ ഭൂമിയില്‍ ധനവാന്‍ നന്മയും, ലാസര്‍ തിന്മയും പ്രപിച്ചതോക്കെയും അബ്രഹാം പിതാവിന് അറിവുണ്ടാകുന്നത് എങ്ങനെയാണ്?

ധനവാന്‍ പറയുന്ന കാര്യങ്ങള്‍ കൂടെ നമ്മള്‍ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.

വി.ലൂക്കോസ് 16:27. “അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്കു അഞ്ചു സഹോദരന്മാരുണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു”.

ശിക്ഷാവിധിയിലായ ധനവാന് സ്വന്തം ആളുകളെപ്പറ്റി ഇത്ര കരുതലുണ്ടാകുകയും , അവര്‍ക്കുവേണ്ടി അബ്രഹാമിനോട് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാക്കന്മാര്‍ എത്രയധികം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കും എന്ന് മനസ്സിലാക്കുവാന്‍ ഒരു ശിശുവിന്റെ ബുദ്ധി മതിയാകും എന്നാണ് ഞങ്ങളുടെ വിശ്വാസം.

6. വാങ്ങിപ്പോയവര്‍ക്ക് കേള്‍ക്കാമോ?

1.പത്രോസ് 3:19 “ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.”

ഇവിടെ ക്രിസ്തു തടവിലുള്ള ആത്മാക്കളോട് പ്രസംഗിക്കുന്നതായും കാണുന്നു. ഇനി പറയുക, കേള്‍ക്കാന്‍ കഴിവില്ലാത്തവരാണോ നമ്മുടെവാങ്ങിപ്പോയ പിതാക്കന്മാര്‍? ഇതൊക്കെയും മരിച്ചവരുടെ സജീവാവസ്ഥയെയാണ് കാണിക്കുന്നത്.

7. സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിന്റെ ദിവസം കണ്ട് സന്തോഷത്തോടെ ഇരിക്കുന്ന അബ്രാഹാം പിതാവ്

വി.യോഹന്നാൻ 8 :56 “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു”.

ഇവിടെ അബ്രഹാം ദൈവത്തിന്റെ മനുഷ്യാവതാരത്തിന് നോക്കിപ്പാര്‍തിരുന്നതായും അവിടുന്ന് മനുഷ്യാവതാരം ചെയ്തു ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് ഒക്കെയും കണ്ടു സന്തോഷിച്ചു എന്ന് എഴുതിയിരിക്കുന്നു.

8. ക്രിസ്തുവിന്റെ മറ്റു പരാമര്‍ശങ്ങള്‍.

ലൂക്കോസ് 23:43. “യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു”. വലതുഭാഗത്തെ കള്ളന് യേശു നല്‍കുന്ന ഒരു വാഗ്ദത്തമാണിത്. മരണന്തരമുള്ള ഒരു സജീവ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സന്ദര്‍ഭം.

വി.യോഹ 8:51 “ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.

സിറിയൻ ഓര്‍ത്തഡോക്സ് ആരാധനയുടെ സുപ്രധാനമായ ഒരു തലം ദൈവസന്നിധിയില്‍ നില്‍ക്കുന്ന പരിശുദ്ധരോടും ദൂതരോടും ചേര്‍ന്നു നാം ആരാധിക്കുന്നു എന്നതത്രേ. ഇവിടെ പരിശുദ്ധര്‍ എന്നതുകൊണ്ട് ക്രിസ്തുവില്‍ വിളിച്ച് വേര്‍തിരിക്കപ്പെട്ട് വിശുദ്ധ മാമോദീസായിലൂടെ ക്രിസ്തുശരീരത്തിന്‍റെ ഭാഗമായി തീര്‍ന്ന് വിശുദ്ധ കുര്‍ബാനാനുഭവത്തിലൂടെ യേശുക്രിസ്തുവില്‍ നിലനില്‍ക്കുന്ന എല്ലാ വിശ്വാസികളും എന്ന അര്‍ത്ഥത്തിലാകുന്നു. ഇവിടെ വിശ്വാസികളുടെ മദ്ധ്യസ്ഥരായ പരിശുദ്ധര്‍ എന്ന പ്രത്യേക അര്‍ത്ഥത്തില്‍ മാത്രമല്ല കര്‍ത്താവില്‍ നിദ്ര പ്രാപിച്ച് ആത്മപ്രകാരം ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ എല്ലാ വിശ്വാസികളും എന്ന വിശാലാര്‍ത്ഥത്തില്‍ വേണം മനസ്സിലാക്കാന്‍. വീണ്ടും, വാങ്ങിപ്പോയ വിശ്വാസികള്‍ മാത്രമല്ല ഇവിടെ ശരീരത്തില്‍ വസിക്കുന്ന വിശ്വാസികളും പരിശുദ്ധ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നു (റോമര്‍ 1:3, 1.കൊരി. 1:2, 2.കൊരി. 1:1, എഫെ. 1:1, ഫിലി. 1:1, കൊലോ. 1:1). ഇങ്ങനെ വാങ്ങിപ്പോയവരും ജീവനോടിരിക്കുന്നവരുമായ എല്ലാ വിശ്വാസികളും ദൈവദൂതരും ചേര്‍ന്ന് ദൈവസന്നിധിയില്‍ നില്‍ക്കുന്നു. ദൈവത്തെ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ആരാധനയില്‍ നിന്ന് അകന്നല്ല ഭൂമിയിലെ ആരാധന, പിന്നെയോ ഒന്നുചേര്‍ന്നാണ്, ഒന്നായാണ്. ദൃശ്യവും അദൃശ്യവുമെന്ന് തിരിച്ച് പിരിച്ചൊരു സങ്കല്പമല്ല; അഖണ്ഡമായൊരു മുഴുവീക്ഷണം നമ്മുടെ ബോധത്തില്‍ ഉറയ്ക്കേണ്ടതുണ്ട്. സ്വര്‍ഗ്ഗവും ഭൂമിയും ഒരു പരിവൃത്തിക്കുള്ളില്‍, വൃത്താകാരത്തിനുള്ളില്‍ ഒന്നായി വരുന്നു; ഒന്നിച്ചു കൂടുന്നു. ഒരു കൂട്ടായ്മയായി, സംയോഗമായി തീരുന്നു. ഇതാണ് സഭയെ സംബന്ധിച്ച സമ്യക്കും സമഗ്രവുമായ ദര്‍ശനം. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരും ശരീരികളും അശരീരികളുമായി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ വിശുദ്ധരും ദൈവത്തെ ആരാധിക്കുന്നു. ഈ സ്വര്‍ഗ്ഗീയാരാധനയില്‍ ദൈവദൂതരുടെ സവിശേഷ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും ശ്രദ്ധേമായും വരുന്നു.
യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരം എന്തിനായിട്ടാകുന്നു? നമ്മെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുവാന്‍ എന്നാകും ഈ ചോദ്യത്തിന് സാധാരണയായി കേള്‍ക്കുന്ന ഉത്തരം. എന്നാല്‍ ഇത് ക്രിസ്തുവിന്‍റെ രക്ഷണ്യപ്രവര്‍ത്തനത്തിലെ ആദ്യതലം മാത്രമേ ആകുന്നുള്ളൂ എന്ന് നാം തിരിച്ചറിയണം. ക്രിസ്തുവിലുള്ള നമ്മുടെ വീണ്ടെടുപ്പിന് സര്‍ഗ്ഗാത്മകവും ധനാത്മകവുമായ മറ്റൊരു തലമുണ്ട്. ക്രിസ്തു അവതരിച്ചത് പാപത്തില്‍ നിന്ന് വീണ്ടെടുത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് നിരപ്പിക്കാനും തിരുസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരുടെ സംഘത്തോട് ചേര്‍ന്ന് അനവരതം അവനെ ആരാധിക്കുന്ന സ്വര്‍ഗ്ഗോന്നതിയിലേക്ക് നമ്മെ ഉപനയിപ്പിക്കാനുമാകുന്നു. പൗരസ്ത്യ ക്രിസ്തീയ സഭകള്‍ ക്രിസ്തീയ രക്ഷയ്ക്ക് ഇപ്രകാരം ഒരു ഊന്നല്‍ നല്‍കുന്നു. മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ഭാഗധേയം ദൈവസന്നിധിയില്‍ നിന്ന് അവനെ സ്തുതിക്കുക എന്നതത്രേ. ഒരു വശത്ത് ഇതൊരു തിരിച്ചുവരവാണ്. പാപം ചെയ്ത് ദൈവസന്നിധിയില്‍ നിന്ന് വീണുപോയ മനുഷ്യന്‍ പൂര്‍വ്വാവസ്ഥയിലേക്ക് യേശുക്രിസ്തുവില്‍ പരിശുദ്ധാത്മ വ്യാപാരത്തിലൂടെ മടങ്ങിവരുന്നു. ഈ മടങ്ങിവരവ് ദൈവസന്നിധിയില്‍ നിലനില്‍ക്കുന്ന ദൈവദൂതന്മാരുടെ സംസര്‍ഗ്ഗത്തിലേക്കുള്ള, കൂട്ടായ്മയിലേക്കുള്ള തിരിച്ചുവരവും കൂടിയാകുന്നു. ദൈവസന്നിധിയില്‍ ദൈവദൂതരോട് ചേര്‍ന്നു നിന്ന് ദൈവത്തെ
ആരാധിക്കുന്ന പുതിയനിയമ സഭയുടെ സുന്ദര ദൃശ്യം വെളിപ്പാട് പുസ്തകത്തിലെ മുഖ്യപ്രമേയങ്ങളില്‍ ഒന്നാകുന്നു. പിതാവാം ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെയും (വെളി. 4:2) അറുക്കപ്പെട്ട കുഞ്ഞാടായ ക്രിസ്തുവിന്‍റെയും (വെളി. 5:6) അഗ്നിയായി, ദീപമായ് ജ്വലിച്ചു നില്‍ക്കുന്ന പരിശുദ്ധാത്മാവിന്‍റെയും (വെളി. 4:5, 5:6) മുമ്പാകെ വീണ മീട്ടി ദൈവത്തെ സ്തുതിച്ചും ധൂപമര്‍പ്പിച്ചും മദ്ധ്യസ്ഥതയണച്ചും നില്‍ക്കുന്ന പുരോഹിതഗണങ്ങള്‍ (മൂപ്പന്മാര്‍ = കാശീശേ = പ്രസ്ബിറ്ററോയ്) (വെളി. 5:8), ദൈവവചനവും സുവിശേഷവും; നിമിത്തം അറുക്കപ്പെട്ട സാക്ഷിമരണം പ്രാപിച്ച സഹദേന്മാര്‍ (വെളി. 6:9), സകല ജാതികളിലും, ഗോത്രങ്ങളിലും, വംശങ്ങളിലും, ഭാഷകളില്‍ നിന്നുമുള്ള ശുഭ്രവസ്ത്രധാരികളായ എണ്ണമറ്റ മഹാപുരുഷാരം (വെളി. 7:9). ഈ വിശുദ്ധ സംഘത്തോട് ചേര്‍ന്ന് കലര്‍ന്ന് നിന്ന് ദൈവത്തെ സ്തുതിക്കുന്ന പതിനായിരം പതിനായിരവും ആയിരം ആയിരവുമായ ദൈവദൂതര്‍ (വെളി. 5:11, 7:11); ഈ ബൃഹത് സംഘത്തോട് ചേര്‍ന്നുനിന്ന് ആരാധിപ്പാന്‍ ക്ഷണിച്ചുകൊണ്ടുള്ള സ്വര്‍ഗ്ഗീയ ശബ്ദം ഇവിടെയായിരിക്കുന്ന സഭ കേള്‍ക്കുന്നു, “ഇവിടെ കയറി വരിക” (വെളി. 4:1). ആരാധന ഒരു കയറ്റമാകുന്നു, ദൃശ്യലോകത്തുള്ള വിശുദ്ധരുടെ ദൈവസന്നിധിയിലേക്കുള്ള കയറ്റം (വെളി. 4:1); അതേസമയം ഒരു ഇറക്കവുമാകുന്നു. അദൃശ്യലോകത്തെ ദൈവനഗരമായ സ്വര്‍ഗ്ഗീയ യെരുശലേമിന്‍റെ ഇറക്കം; ഇത് സൂചിപ്പിച്ചുകൊണ്ടുള്ള സ്വര്‍ഗ്ഗീയ ശബ്ദവും കേള്‍ക്കാം, “ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം” (വെളി. 21:2, 3). ഇങ്ങനെ സ്വര്‍ഗ്ഗവും ഭൂമിയും സ്വര്‍ഗ്ഗവാസികളും ഭൂവാസികളുമായ സഭ ഇപ്പോള്‍, ഇവിടെ ആരാധനയില്‍ ഒന്നിക്കുകയായി. ഈ പ്രവിശാലവും സമഗ്രവുമായ ലോകവീക്ഷണത്തില്‍ വേണം ദൈവദൂതരോട് ചേര്‍ന്ന് ദൈവസന്നിധിയില്‍ നിന്ന് ആരാധിക്കുന്ന സഭയുടെ സങ്കല്‍പ്പം രൂപപ്പെടുത്തിയെടുക്കാന്‍ എന്നു സാരം. ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തില്‍ ആരാധനാ സങ്കല്‍പ്പവും സഭാസങ്കല്‍പ്പവും ഇഴചേര്‍ന്നു വരുന്നു എന്നതിന് മറ്റൊരു ദൃഷ്ടാന്തമായും ഇതിനെ വിലയിരുത്താം എന്നതത്രേ.

മുന്‍പറഞ്ഞപ്രകാരം ദൈവദൂതരോട് ചേര്‍ന്ന് സഭ ആരാധിക്കുന്നു എന്ന് നമ്മുടെ നമസ്കാരങ്ങളിലും ശുശ്രൂഷകളിലും, വിശുദ്ധ കുര്‍ബാനയിലുമുള്ള പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ച് കാണാം. ഏതാനും മാതൃകകള്‍ ചുവടെ ചേര്‍ക്കുന്നു.

(1) രാത്രി നമസ്കാരം പ്രാരംഭ പ്രാര്‍ത്ഥന ഇങ്ങനെ തുടങ്ങുന്നു, “ഉറക്കമില്ലാത്ത ഉണര്‍വ്വുള്ളവനായ എന്‍റെ കര്‍ത്താവേ!...”. അവസാന വാചകം ഇവിടെ ഉദ്ധരിക്കാം. “പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ളോവേ! സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിന്നെ സ്തുതിക്കുന്നവരായ സ്വര്‍ഗ്ഗീയ മാലാഖമാരുടെ തേജസ്സുള്ള (മഹത്വമുള്ള) വൃന്ദങ്ങളോടൊരുമിച്ച് വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമെ”.

(2) വിശുദ്ധ കുര്‍ബാനയില്‍ ഒരു സെദ്റാ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ ചൊല്ലുന്നു, “ഭൂമിയിലെ നിന്ദ്യ പൂഴിയായ എന്നെ നിന്‍റെ ദൈവിക രഹസ്യങ്ങളുടെ തിരുനിവാസ സ്ഥാനത്ത് പ്രവേശിക്കുവാന്‍ കരുണയോടെ നീ അര്‍ഹനാക്കി തീര്‍ക്കുകയും നിന്‍റെ ശ്രേഷ്ഠതയുടെ മഹാവിശുദ്ധ സ്ഥലമാകുന്ന മഹോന്നതങ്ങളിലേക്ക് എന്നെ ഉയര്‍ത്തുകയും നിന്നെ സ്തുതിക്കുന്നവരായ ക്രോബകളുടെയും നിനക്ക് ‘പരിശുദ്ധന്‍’ എന്ന് പാടുന്ന സെറാഫുകളുടെയും ഗണത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ദൈവമേ! നിന്നെ ഞാന്‍ സ്തോത്രം ചെയ്യുന്നു”.

(3) വീണ്ടും, വിശുദ്ധ കുര്‍ബാനയില്‍ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്ന ത്രിത്വസ്തുതി വളരെ പ്രധാനമാണല്ലോ. ഇതിനായി ദൈവജനത്തെ ഒരുക്കിക്കൊണ്ട് കാര്‍മ്മികന്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന മാര്‍ ക്സൊസ്തോസിന്‍റെ ക്രമത്തില്‍ ഇങ്ങനെ കാണുന്നു: “കര്‍ത്താവേ! അദൃശ്യസംഘങ്ങളോടും സംഖ്യാതീതമായ കൂട്ടങ്ങളോടും ആത്മീയമായി ചേര്‍ന്നുകൊണ്ട് വിശ്വാസികളായ നിന്‍റെ ജനം മുഴുവനും സെറാഫുകളെപ്പോലെ ‘പരിശുദ്ധന്‍’ എന്ന് പാടി ഉച്ചസ്വരത്തില്‍ നിന്നെ മഹത്വപ്പെടുത്തുന്നു.”

(4) ദൈവദൂതരുടെ സ്വര്‍ഗ്ഗീയ ആരാധനയിലേക്ക് കടന്നുചെല്ലാനും അവരുടെ കീര്‍ത്തനശബ്ദം കേള്‍പ്പാനും ആ ആരാധനയില്‍ പങ്കുചേരാനും കൃപ ലഭിച്ച പരിശുദ്ധര്‍ അവരുടെ അനുഭവം പ്രാര്‍ത്ഥനകളിലൂടെ തന്നെ പങ്കുവെയ്ക്കുന്നതായി കാണാം. ഉദാഹരണമായി നമ്മുടെ നമസ്കാരത്തില്‍ രഹസ്യപ്രാര്‍ത്ഥന ഞായര്‍ രാത്രി ഒന്നാം കൗമയില്‍ ഇങ്ങനെ ചൊല്ലുന്നു: “എന്‍റെ കര്‍ത്താവേ! നിന്‍റെ പെരുമയെ ആഘോഷിക്കുന്ന മേലുള്ള സൈന്യങ്ങളുടെ ഭയങ്കരമായ ആര്‍പ്പ് എന്‍റെ ആത്മചെവികള്‍ കൊണ്ട് കേള്‍പ്പാന്‍ ഈ സമയത്ത് കൃപയോടെ എന്നെ യോഗ്യനാക്കേണമെ. കര്‍ത്താവായ യേശുമശിഹാ! ഈ സമയത്ത് നിന്‍റെ പരിശുദ്ധന്മാരുടെ ബോധത്തിന് കേള്‍ക്കപ്പെടാവുന്ന സംഗീതത്തെയും പുകഴ്ചയെയും കേള്‍പ്പാന്‍ എനിക്ക് സംഗതിയാക്കേണമെ. കര്‍ത്താവായ യേശുമശിഹാ! പ്രാര്‍ത്ഥനാസമയത്ത് പ്രത്യക്ഷപ്പെടുന്ന അഗ്നിമയരെ കാണുന്നതിനും അവരില്‍ നിന്നു വീശുന്ന സുഗന്ധവാസനയേറ്റ് ആനന്ദിക്കുന്നതിനും കൃപയോടെ എന്നെ യോഗ്യനാക്കേണമെ.” ഇതേ പ്രാര്‍ത്ഥന തന്നെ രഹസ്യ പ്രാര്‍ത്ഥന ശനി രാത്രി നാലാം കൗമയിലും ഇതേപടി ആവര്‍ത്തിക്കുന്നു.

(5) ആരാധനയില്‍ ദൈവദൂതരുടെ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും സംബന്ധിച്ച് നാം ചിന്തിക്കുകയായിരുന്നു മുന്‍ ഖണ്ഡികകളില്‍. കര്‍ത്താവിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠവും കൂടി ഇവിടെ നാം ചേര്‍ത്ത് ചിന്തിക്കേണ്ടതുണ്ട്. യേശുതമ്പുരാന്‍റെ ജീവിതത്തില്‍ രണ്ട് നിര്‍ണ്ണായക നിമിഷങ്ങളില്‍ ദൈവദൂതരുടെ സാന്നിദ്ധ്യം സുവിശേഷങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുന്നു. ഒന്നാമത്തേത് പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭം ആണ്. ഏറ്റം ഒടുവില്‍ വിശുദ്ധ മത്തായി ശ്ലീഹാ രേഖപ്പെടുത്തുന്നത്, “അപ്പോള്‍ പിശാച് അവനെ വിട്ടുപോയി, ദൂതര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു” (മത്തായി 4:11). പിശാചുമായുള്ള പോരാട്ടത്തിനൊടുവില്‍ ദൈവദൂതരുടെ സാന്നിദ്ധ്യം ഉണ്ടായതായി ഇവിടെ കാണുന്നു. അതോടൊപ്പം നാല്‍പത് നാള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഏകാന്തതയില്‍ കഴിഞ്ഞ പശ്ചാത്തലവും നാം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രാര്‍ത്ഥനയും പോരാട്ടവും സാന്ത്വനിപ്പിക്കുന്ന ദൈവദൂതസാന്നിധ്യവും ചേര്‍ന്നിണങ്ങി വരുന്ന നിമിഷങ്ങള്‍ ജീവിതത്തെ സ്വച്ഛവും സുന്ദരവുമാക്കുന്നു. ഗത്സമന തോട്ടത്തിലും ഈ അനുഭവം ആവര്‍ത്തിക്കുന്നു. പശ്ചാത്തലം ഏകാന്തതയില്‍ പ്രാര്‍ത്ഥനയും ദൈവസംസര്‍ഗ്ഗവും തന്നെ. പോരാട്ടം തന്നെ സന്ദര്‍ഭം. എന്നാല്‍ പോരാട്ടം പിശാചിനു പകരം ആള്‍രൂപം പൂണ്ട പൈശാചിക ശക്തികളോടായിരുന്നു. സുവിശേഷകനായ ലൂക്കോസ് രേഖപ്പെടുത്തുന്നു, “യേശുവിനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി”. (ലൂക്കോസ് 22:43). 1.കോരി. 13:1-ല്‍ ദൈവദൂതരുടെ ഭാഷ സംബന്ധിച്ച് പൗലോസ് അപ്പോസ്തോലന്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ.

(6) “ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍; അവര്‍ ദൈവത്തെ കാണും” എന്ന കര്‍ത്താവിന്‍റെ വചനവും (മത്തായി 5:8) “ശുദ്ധീകരണം കൂടാതെ കര്‍ത്താവിനെ കാണുകയില്ല” (എബ്രാ. 12:14) എന്ന് അപ്പോസ്തോലന്‍ പങ്കുവെയ്ക്കുന്നതും ഈ സന്ദര്‍ഭം മുന്‍പറഞ്ഞു വരുന്ന ചിന്തകളോട് ചേര്‍ത്ത് വെയ്ക്കാം. ഹൃദയം നിര്‍മ്മലീകരിക്കപ്പെടുമ്പോള്‍ അത് സ്വച്ഛസ്ഫടിക സമാനമായി തീരുന്നു. ബോധം ഏറെയേറെ തെളിവാര്‍ന്ന് വരുന്നു. ആന്തരേന്ദ്രിയങ്ങളെല്ലാം വെളിവായി പ്രകാശിതമാവുന്നു. ബോധം ബോധാതീതത്തിലേക്ക് ഉള്‍പ്രവേശിക്കുന്നു. അഥവാ ബോധാതീതം ബോധത്തില്‍ കണ്ണാടിയിലെന്നപോലെ തെളിയുന്നു. ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയുന്നു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരെ കാണുന്നു. അവരുടെ കീര്‍ത്തനാലാപം കേള്‍ക്കുന്നു (യെശ. 6:5, യെഹ. 3:12). ക്രിസ്തീയ ജീവിതത്തിന്‍റെ ആത്യന്തികമായ ഭാഗധേയം സ്വച്ഛവും ശുദ്ധവും സ്വതന്ത്രവുമായ ജീവിതം വഴി ബോധാതീതത്തെ ബോധത്തിലുറപ്പിക്കാനാവുന്നതും കാലാതീതത്തെ ഇക്കാലാനുഭവമായി രുചിച്ചറിയാനാവുന്നതും കാലസമ്പൂര്‍ണ്ണതയില്‍ മുഖാമുഖമാവുന്നിടം വരെ വളര്‍ന്നുയരുന്നതുമാകുന്നു. ദൈവസന്നിധിയില്‍ ദൈവദൂതരോട് ചേര്‍ന്നും കലര്‍ന്നുമുള്ള നമ്മുടെ ആദ്ധ്യാത്മിക ജീവിതം വര്‍ത്തമാനവും ഭാവിയും എന്നും ഇഹവും പരവും എന്നുമുള്ള അന്തരം നേര്‍ത്തുനേര്‍ത്തില്ലാതെയായി നിത്യതയിലേക്ക് പ്രവേശിച്ച് അതിന്‍റെ പൂര്‍ണ്ണതയിലേക്ക് നീങ്ങുകയായി. വിശ്വാസം അനുഭവമായും അനുഭവം ബോധ്യമായും ബോധ്യം ജീവിത ദര്‍ശനമായും പരിവര്‍ത്തനം വന്നുറയ്ക്കും വരെ അനുഷ്ഠാനം നിഷ്ഠയോടെ തുടരാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • അപ്പോക്രിഫാ.
  • നസ്രാണിപ്പട
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • അമാലോക്യരെ തോല്പിപ്പിൻ
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മാർഗം കളി
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • കഴുത മറന്നുപോയ സത്യം
  • ഏഴാം പോസൂക്കോ
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ഏഴിന്റെ പ്രാധാന്യം
  • വിശുദ്ധ മദ്ബഹാ.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • സ്ത്രീധനം. (Dowry).
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • മൂന്നും ചാക്കും നോമ്പും.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • പ്രധാന മാലാഖമാർ
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ആദ്യജാതൻ. (Firstborn).
  • നോമ്പ് എടുക്കുന്നുണ്ടോ?
  • രഹസ്യവും കുർബാനയും.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved