"ബേത്‌ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്". (മിക്കാ 5:2)
അങ്ങു ദൂരേ ആകാശത്തിൽ വട്ടമിട്ടു പറക്കുന്ന പരുന്ത് ഭൂമിയിൽ മണ്ണിൽ കൊത്തി നടക്കുന്ന കോഴിക്കുഞ്ഞിനെ കണ്ട് റാഞ്ചി കൊണ്ടു പോകുന്നു. അനന്തകോടി കണ്ണുകളേക്കാൾ ശക്തിയുള്ള ദൈവത്തിന്റെ കണ്ണ് ചെറുതുകളെ തപ്പി നടക്കുന്നു. ലോകത്തിന്റെ മുമ്പിൽ ചെറുതായവരുടെ ഹൃദയത്തിലേക്ക് നോക്കുന്ന അവന് അവരുടെ ഉള്ളിന്റെ വലിപ്പം കാണാനാകുന്നു. അവൻ ഉറപ്പിക്കുന്നു. എന്റെ വാസസ്ഥലം ഇവിടെയാണ്. ചെറുതായ ബേത്‌ലെഹെമിലെ- അതിലെ ഏറ്റവും ചെറുതായ പുൽതൊഴുത്തിൽ ജനിച്ച രക്ഷകൻ - യേശുക്രിസ്തു. അവന്റെ ശൈലി എപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു - ചെറുതായവരെക്കൊണ്ട് വലിയകാര്യങ്ങൾ ചെയ്യിക്കുക. അങ്ങനെ ദൈവരാജ്യം വളർത്തുക.
വലിയവരായി ജനിക്കുക - അതൊരു കുറ്റമല്ല. എന്നാൽ ചെറിയവരെപ്പോലെ ജീവിക്കുക - എളിമയോടെ ജീവിക്കുക. കാരണം താഴ്ന്ന സ്ഥലത്തേക്കാണ് ജലം ഒഴുകിയെത്തുക.
"അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയു എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു." (യാക്കോബ് 4:6)