ജനനപ്പെരുന്നാൾ സന്ധ്യയിൽ/അല്ലെങ്കിൽ അർദ്ധരാത്രിയിൽ ആരാധനയ്ക്കായി പള്ളിയിൽ വരുമ്പോൾ തീജ്വാല ശുശ്രൂഷയിൽ നിക്ഷേപിക്കുന്നതിനായി ഓശാന ദിനത്തിൽ ലഭിച്ച കുരുത്തോലകൾ കൊണ്ടുവരേണ്ടതാണ് എന്ന നിർദ്ദേശം എല്ലാ ദേവാലയങ്ങളിൽ നിന്നും ലഭിക്കാറുള്ളത് പതിവാണല്ലോ. ആ നിർദ്ദേശത്തിന്റെ സാരാംശം, ആ കർമ്മത്തിന്റെ അടിസ്ഥാനം എന്നിവയെ കുറിച്ച് ചിന്തിക്കാം:
തീജ്വാല ശുശൂഷ.
സാധാരണ ദേവാലയങ്ങളുടെ പ്രധാന വാതിലിനോട് ചേർന്ന് കുരിശാകൃതിയിൽ കുഴിച്ചിരിക്കുന്ന കുഴിയിലാണ് തീജ്വാല ശുശൂഷ നടത്തപ്പെടുന്നത്. മുൻവർഷത്തെ കുരുത്തോലകളും നശിപ്പിച്ചുകളയാൻ കഴിയാത്ത പ്രധാനവസ്തുക്കളും ശുശ്രൂഷയുടെ അന്ത്യത്തിൽ ഇവിടെ നിക്ഷേപിക്കപ്പെടുകയും കുന്തുരുക്കത്തോടൊപ്പം എരിഞ്ഞുതീരുകയും ചെയ്യുന്നു. ഈ സമയത്ത് “ഉളവാക സ്തുതി ദൈവത്തിന് വാനിൽ ധരണിയതിൽ ശാന്തി നല്ലൊരു ശരണം നരലോകർക്കും” എന്ന ഗീതം ആവർത്തിച്ച് ചൊല്ലുകയും ചെയ്യുന്നു. തുടർന്ന് 'മോറാനേശുമശിഹാ', 'മാലാഖമാരുടെ സ്തുതിപ്പ്' എന്നീ പ്രാർത്ഥനകളും ചൊല്ലുന്നു. രാത്രിയിലെ തണുപ്പിൽ ക്രിസ്തുവെന്ന രക്ഷകൻ നമുക്ക് നൽകപ്പെടുന്ന ആത്മീയവെളിച്ചത്തെയും ചൂടിനേയും പ്രതീകാത്മകമായി അത് ദ്യോതിപ്പിക്കുന്നു.
പ്രദക്ഷിണം.
ക്രിസ്തുമസ് ദിനത്തിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ആരംഭിച്ച് പള്ളിക്ക് ചുറ്റും നടത്തുന്ന പ്രദക്ഷിണത്തിന് ശേഷമാണ് തീജ്വാല ശുശ്രൂഷ. കിഴക്ക് നിന്നുള്ള വിദ്വാന്മാരുടെയും ഇടയന്മാരുടെയും വരവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കർത്താവിൻ്റെ ജനനത്തിന്റെ വേളയിൽ, മാലാഖമാരും സ്വർഗ്ഗീയ സൈന്യങ്ങളും ദൈവത്തെ സ്തുതിക്കുകയും പാടി കീർത്തിക്കുകയും ചെയ്തത് ഈ പ്രദക്ഷിണസമയത്ത് വിശ്വാസികളുടെ മനസ്സുകളിലേക്ക് കടന്നുവരേണ്ടതാണ്.
സാരാംശം.
ഹോശന്നാ ദിവസം ലഭിച്ച, വാഴ്ത്തപ്പെട്ട കുരുത്തോലകൾ വർഷത്തിന്റെ അന്ത്യത്തിൽ ലോകത്തിന് പ്രകാശമേകുന്ന ലോകരക്ഷകന്റെ ജനനത്തെ സുവിശേഷിക്കുന്നതിനായി എരിഞ്ഞുതീരുന്നു, ലോകരക്ഷകന്റെ യരുശലേമിലേക്കുള്ള മഹത്ത്വപ്രവേശന ദിനത്തിൽ ഭക്തിയോടെ ഉയർത്തിപ്പിടിച്ച കുരുത്തോലകൾ വിശ്വാസിക്ക് അവന്റെ തുടർതീർത്ഥയാത്രയിൽ പ്രകാശത്തിന്റെ പ്രതീകമായി വർത്തിക്കുന്നു. ഇരുളിന്റെ മറവിലായിരുന്ന ആട്ടിടയന്മാർക്കും വിദ്വാന്മാർക്കും അത്ഭുതപ്രകാശം ലഭ്യമാകുന്നു. തണുപ്പിൽ ഊഷ്മളതയും, എരിഞ്ഞുതീരുന്ന കുരുത്തോലകൾ നമ്മുടെ പാപങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നതിനെയും പാപത്തിന്റെ ഇരുളിൽ നിന്ന് രക്ഷ പ്രദാനം ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. ഓശാന ദിവസം ലഭിച്ച, ഭദ്രമായും ഭക്തിയോടെയും സൂക്ഷിക്കുവാൻ നൽകപ്പെട്ട വാഴ്ത്തപ്പെട്ട കുരുത്തോലകൾ ദേവാലയത്തിലെ തണുപ്പിലെ അഗ്നിയിൽ നിക്ഷേപിക്കുകയും, ആട്ടിടയന്മാർക്കും വിദ്വാന്മാർക്കും നേരിട്ട് ദൃശ്യമായ ഉണ്ണിയേശു യൽദോ പെരുന്നാൾ ശുശ്രൂഷയിലൂടെ നമ്മുടെ ഭവനങ്ങളിൽ പുനർജ്ജനിക്കുകയും ചെയ്യുകയുമാകുന്നു, ഓശാന മുതൽ കഴിഞ്ഞുപോയ ദിനങ്ങൾ ഓരോ ഭവനത്തിനും സംരക്ഷണവും ക്രൂശിതനായ ക്രിസ്തുവേശുവിന്റെ ആത്മാവിന്റെ സാന്നിധ്യവും തന്ന് നമ്മോടൊപ്പമായിരുന്ന കുരുത്തോലകൾ നശിപ്പിച്ചുകളയുകയല്ല, എന്നാൽ വീണ്ടും ഓശാന പാടുന്ന ആ മുഹൂർത്തം വരെ, പകരം നമുക്കായി കാലിത്തൊഴുത്തിൽ പിറന്ന യേശുവിനെ നമുക്കായി നൽകപ്പെടുന്ന മുഹൂർത്തം കൂടിയാണ് തീജ്വാല ശുശ്രൂഷയിലൂടെ നമുക്ക് ലഭ്യമാകുന്നത്.
പള്ളിയുടെ പുറത്ത് തെളിക്കപ്പെടുന്ന തീ, കുരുത്തോലയ്ക്കൊപ്പം കത്തിച്ചുകളയപ്പെടുന്ന മറ്റ് പ്രധാന വസ്തുക്കൾ എന്നിവ പ്രതീകാത്മകമായി വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ-അഗ്നിയായി പടർന്നു നമ്മുടെ പാപങ്ങളെ നിർവീര്യമാക്കുന്നു എന്നതാണ് നമ്മുടെ പരമ്പരാഗതമായ വിശ്വാസം. പഴയനിയമത്തിലെ ഹനനയാഗങ്ങളുടെ ഒരു പ്രതീകാത്മക, ആധുനികകാല ആവർത്തനമായും കരുതാവുന്ന പ്രാധാന്യമേറിയതായ ഈ കർമ്മത്തിൽ യൽദൊപ്പെരുന്നാളിൽ പങ്കെടുക്കുന്ന ഏവരും ഈ ശുശ്രൂഷയിലെ അനുഗ്രഹലബ്ധിയെ നഷ്ടപ്പെടുത്തിക്കൂടാ എന്നതും ഓർമ്മിക്കുന്നു. ഉയർത്തിപ്പിടിച്ച കുരുത്തോല തലപ്പുകളുടെ മദ്ധ്യേ യരുശലേമിലേക്ക് എഴുന്നള്ളിയ യേശുതമ്പുരാന്റെ യഥാർത്ഥ അനുയായികളായി ജീവിതത്തിലെ വ്യത്യസ്തങ്ങളായ വെല്ലുവിളികളുടെ കുരിശ് ഏന്തിക്കൊണ്ട് പാപബോധത്തോടെ, പശ്ചാതാപത്തോടെ അവൻ നമുക്കായി ഒരുക്കിയിരിക്കുന്ന സ്വർഗ്ഗത്തിലേക്ക് നടന്നടുക്കാൻ ഏവർക്കും കഴിയട്ടെ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.