Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ശ്ലോമ്മോ ല്കുൽകൂൻ.

സമാധാനം, സമാധാനം, സമാധാനം. വളരെ കാലങ്ങളായിട്ട് സോഷ്യൽ മീഡിയ വഴി നാം കേൾക്കുന്ന ഒരു വാക്കാണ് 'സമാധാനം' എന്നത്. പ്രത്യേകിച്ച് സുറിയാനി ഓർത്തഡോക്സ് സഭയെ സംബന്ധിച്ച് അതിലെ വിശ്വാസികളായ നമ്മൾക്ക് സമാധാനത്തിന് യാതൊരു കുറവുമില്ല. ഓരോ വിശുദ്ധ കുർബാനയിലൂടെയും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ സമാധാനത്തിലൂടെ സുറിയാനിക്കാരായ നമ്മൾ മനസമാധാനത്തോടെ ജീവിച്ചു പോകുന്നു. ആ സമാധാനം കാണുമ്പോൾ മറ്റ് സഭയിലുള്ള പലരും അസൂയകൊണ്ട് പറയുന്നതായിരിക്കും 'നമുക്കൊരുമിച്ചാൽ സമാധാനം' കിട്ടുമെന്ന്. അത്തരക്കാരുടെ വാക്കു കേട്ടാൽ, 'അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി' എന്ന അവസ്ഥയാകും പിന്നീട്. നമ്മുടെ വിശ്വസത്തെപ്പറ്റി ആഴമായി മനസ്സിലാക്കിയിട്ടുള്ളവർ ഏത് രാജ്യത്തുപോയാലും വിശ്വാസം വിട്ട് പോകില്ല. 

എന്തുകൊണ്ട് നാം സിറിയൻ ഓർത്തഡോക്സ് വിശ്വാസിയായി ജീവിക്കണം? 

സുറിയാനി സഭയുടെ വിശ്വാസം ത്യജിച്ച് ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഓഫറുകളടങ്ങിയ ധാരാളം കാര്യങ്ങളുണ്ട്. പക്ഷേ ആരും അതിന് തുനിയുമെന്നു തോന്നുന്നില്ല. 

സഭാ തർക്കം കാരണം ഒരു പരിധിവരെ ക്രൈസ്തവർക്ക് ഇതര മതസ്ഥരുടെ മുമ്പിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നാമത് ചില സഭകൾക്ക് മറ്റുള്ളവരുടെയിടയിൽ ഇന്ന് അത്ര വിലയും നിലയുമൊന്നുമില്ല. സമൂഹത്തിൽ ഇതര ക്രൈസ്തവരിൽ നിന്നും അങ്ങനെതന്നെ. പൊതു സമൂഹത്തിൽ നിന്നും, കേസ്, വഴക്ക്, പള്ളി തർക്കം എന്നിവ നിമിത്തം അവമതി മാത്രം കിട്ടുന്ന ഒരു കാലഘട്ടംമാണിത്. പണവും, പത്രാസ്സുമുണ്ടെന്നും ബാവാക്കക്ഷിയെന്നും പാത്രിയർക്കീസ് പക്ഷമെന്നും, യാക്കോബായ പക്ഷമെന്നുമൊക്കെ മറ്റുള്ളവരാൽ വിളിക്കപ്പെടുകയും പുശ്ചിക്കപ്പെടുകയും (പുച്ഛം പുച്ഛിക്കുന്നവർക്കു മാത്രം) ചെയ്താലും, സുറിയാനി സഭയുടെ സത്യവിശ്വാസികൾ മരണംവരെ ആ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കും.

ഈ സഭയിൽ നിന്നും മാറ്റപ്പെടാത്ത ഒരു ശ്രേഷ്ഠ പൈതൃകമുണ്ട്. അത് ക്രിസ്താനുകരണ മാർഗ്ഗമാണ്. അതിന്റെ നോമ്പും നമസ്കാരങ്ങളും പ്രാർത്ഥനകളുമാണ്, സുറിയാനി സഭയ്ക്ക് ലഭിച്ച പൗരോഹിത്യ നൽവ്വരമാണ്, അതിന്റെ ഉറവിടം വിശുദ്ധ പത്രോസിനാൽ അന്ത്യോഖ്യായിൽ നിന്നാണ്. പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അങ്ങനെ ലഭിച്ചവയാണ്. പ്രത്യേകിച്ച് തുർക്കിയിലെ തുറബ്ദീൻ, കർക്കുമ ദയറാ, ഇറാക്കിലെ മാർ മത്തായി ദയറാ മുതലായ ശീമയിലെ സുറിയാനി ഓർത്തഡോക്സ്  ദയറാകളിൽ ജീവിച്ച ഒരു പ്രത്യേക ജീവിതചര്യയുടെ ഉടമസ്ഥരായ പിതാക്കന്മാർ, റമ്പാന്മാർ എന്നിവർ. അവരിൽ ചിലർ ഈ മലയാള മണ്ണിൽ വന്ന് ജീവിച്ച് ഇവിടുത്തെ മണ്ണിൽ ലയിച്ച് ചേർന്നിട്ടുമുണ്ട്, ചിലർ തിരിച്ചു പോയിട്ടുമുണ്ട്. ഉദാഹരണം: വടക്കൻ പറവൂർ മാർ ഗ്രിഗോറിയോസ് ജലീൽ ബാവാ, കോതമംഗലം മാർ ബസ്സേലിയോസ് യൽദോ ബാവാ, മുളന്തുരുത്തി മാർ ഈവാനിയോസ് ഹിദായത്തുള്ള, മാർ കൂറിലോസ് യൂയാക്കിം. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ (ഓമല്ലർ ബാവാ) വരെ എത്രയെത്ര ഉദാഹരണങ്ങൾ. ഇവരിൽ നിന്നും ഇതേ ജീവിതവൃത്തിയും മാതൃകകളും സ്വീകരിച്ച അറിയപ്പെടുന്നതും, പെടാത്തതുമായ നാട്ടുകാരായ മെത്രാച്ചന്മാർ, റമ്പാച്ചന്മാർ, അവരിൽ കാട്ടുമങ്ങട്ട് മാർ കൂറിലോസ് ബാവായും, പരുമല തിരുമേനിയും, ആലുവായിലെ മാർ അത്താനാസിയോസ് വലിയ തിരുമേനിയും, കൊച്ചുപറമ്പിൽ മാർ കൂറിലോസ് തിരുമേനിയും എടുത്തു പറയണ്ടവർ തന്നേ.

  എന്താണ് ഈ ജീവിതചര്യയുടെ പ്രത്യേകത?

ശീമക്കാരൻ യൂയാക്കിം മാർ കൂറിലോസിൽ നിന്നും പരുമല തിരുമേനി സ്വായത്തമാതിയതിൽനിന്നു തുടങ്ങാം. കുറഞ്ഞത് എഴുനേരം പ്രാർത്ഥന, ഞായറാഴ്ചയും മാറാനായ പെരുനാൾ ദിനങ്ങളിൽ ഒഴികെ സാധിച്ചാൽ സന്ധ്യവരെയും ഉപവാസം. (ഈസ്റ്റർ മുതൽ പെന്തക്കോസ്തി വരെ ഉപവാസമില്ല). നിരന്തര പ്രാർത്ഥനകൾ, കുമ്പിടീൽ, വേദപുസ്തക പാരായണം. രാത്രിയിൽ പലരും കിടക്കയിൽ പോലും കിടക്കില്ല, ഇരുന്ന് മാത്രം മയങ്ങും, സ്വന്തമായി സമ്പാദ്യമില്ല, ലഭിക്കുന്ന സാധനകൾ ദാനം ചെയ്യും. സുറിയാനി ഭാഷാ പഠനംതൊട്ട് ആത്മീയ അഭ്യസനം ആരംഭിക്കും, നിത്യ പ്രാർത്ഥനയും, പെരുനാൾ നമസ്കാരം (പെങ്കീസാ) കൂദാശ ക്രമങ്ങളും ഒപ്പം സുറിയാനി വേദപുസ്തകവും വായിക്കാൻ പഠിച്ചാൽ ഈ വിശ്വാസമാകുന്ന വെളിച്ച ലോകത്തേക്കുള്ള പ്രവേശനമായി. മനസ്സുകൊണ്ട് ലോകത്തെ ചവിട്ടി കാൽകീഴിലാക്കി കഷ്ടതയുടെ മുൾമെത്തയിലൂടെ ഈ ഏതാനും ദിവ്യന്മാരുടെ യാത്രയാണ് കേരളത്തിലെ സുറിയാനി സഭയെ ഏറ്റവും സമ്പന്നമാക്കിയിരുന്നത്. അവർക്ക് ലഭിച്ചിരുന്ന ആദരവും അവരോടുള്ള ഭയവുമായിരുന്നു ഈ സഭയുടെ മുതൽക്കൂട്ട്. ഈ ചങ്ങലയുടെ കണ്ണി മാർ ബസ്സേലിയോസ് പൗലോസ് ദ്വിതിയൻ ബാവാ, യാക്കോബ് മാർ തീമോത്തിയോസ് (തൃക്കോതമംഗലം) യാക്കോബ് മാർ യൂലിയോസ് (മഞ്ഞിനിക്കര) വരെ ഏറ്റക്കുറച്ചിലോടെ എങ്കിലും പലരും കണ്ടു. വായിച്ചറിവുള്ളവർക്കറിയാം പരുമല തിരുമേനിയുടെ ലോകവിരക്തി. അവർ ശ്രേഷ്ഠരും പ്രാർത്ഥനാ നിഷ്ഠരുമായിരുന്നു.

അവരിലെ ഒരു അവസാന കണ്ണിയായിരുന്നു മലേക്കുരിശിൽ ജീവിച്ചിരിക്കുന്ന വന്ദ്യ ഫിനഹാസ് റമ്പാച്ചൻ. ഏതാണ്ട് 19-ാം നൂറ്റാണ്ടുവരെ തുറബ്ദീനിൽ ജീവിച്ചിരുന്ന സന്യാസിമാരുടെ അതേ മാതൃകയായ ആ വന്ദ്യദേഹത്തെ ആരും അത്ഭുതപൂർവ്വം നോക്കിനിന്നു പോകുമായിരുന്നു. ആദിമ നൂറ്റാണ്ടിലെ താപസ്സശ്രേഷ്ഠരെപ്പറ്റി വായിച്ചും പ്രാർത്ഥിച്ചുമുള്ള അറിവേ നമുക്കുള്ളൂ. 

ഇതേ മാതൃകയിലുള്ള മെത്രാന്മാരുടെയും റമ്പാച്ചന്മാരുടെയും കൂടെ ദയറാകളിലും, അരമനകളിലും കുറെക്കാലം താമസിച്ച് സുറിയാനി ഭാഷയും, ആരാധനയും ജീവിതചര്യയും കുറെയെങ്കിലും സ്വായത്തമാക്കി വന്ന്, വിവാഹം കഴിച്ച് കുടുംബവും പള്ളിയുമായി കഴിയുന്നവരായിരുന്നു സുറിയാനി സഭയുടെ

പഴയ തലമുറയിലെ ഒരുകൂട്ടം പട്ടക്കാർ. മല്പാന്മാരിൽ നിന്നും നേരിട്ട് പഠിക്കുക അതായിരുന്നു സെമിനാരി വിദ്യാഭ്യാസം. ഇന്നത്തെപ്പോലെ പ്രൊട്ടസ്റ്റന്റ് തിയോളജി പഠിക്കേണ്ടായിരുന്നു. ഇന്നും സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ് മല്പാന്മാരുടെ അടുത്തു പോയിട്ടാണ് തക്സാ തഴുകാൻ പഠിക്കുന്നതും. അക്കാലത്ത് കഴിവുള്ളവർ സെക്കുലർ വിദ്യാഭ്യാസവും നേടും. ചിലർ സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കും. അവർക്ക് അഭിമാനിക്കാൻ ഈ 'വന്ദ്യ ഗുരുക്കന്മാർ' എന്ന ഉപനിധി എന്നുമുണ്ടായിരുന്നു. സഭയിൽ കലഹങ്ങൾ പണ്ടു കാലം മുതലേ ഉണ്ടായിരുന്നു. പക്ഷേ, ഒപ്പം പരിശുദ്ധാത്മാവ് യോഗിവര്യരിലൂടെ  സ്പഷ്ടമായി പ്രവർത്തിച്ചിരുന്നു. സഭ നിലനിന്നിരുന്നു. വിശ്വാസികൾ ദൈവാശ്രയ ബോധത്തോടെ ധൈര്യപൂർവ്വം ജീവിച്ചിരുന്നു.

ആരാണ് വ്യാജ സമാധാനകാംക്ഷികൾ?

'ആട്ടിൻ തോലിട്ട ചെന്നായയാണ്' ഇത്തരത്തിലുള്ള വ്യാജ സമാധനക്കരാറുണ്ടാക്കുന്നത്. നമുക്കറിയാം, പലപ്പോഴും വിജയിക്കുന്നവനും തോൽക്കുന്നവനും തമ്മിൽ ആർക്കാണ് സമാധാനം ലഭിക്കുന്നത് എന്ന് ചോദിച്ചാൽ വിജയിക്കുന്നവനാണ് സന്തോഷമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇവിടത്തെ സ്ഥിതി മറിച്ചാണ്. തോറ്റവൻ സമാധാനത്തോടെ കഴിയുന്നു, വിജയിച്ചവൻ സമാധാനം വേണമെന്ന് മുറവിളിയിടുന്നു. എന്താണാവോ അതിനു പിന്നിലുള്ള വികാരം?  ഈ പ്ലാവില കണ്ട് കുഞ്ഞാടുകൾ പോകില്ല. അറവുശാലയിലായിരിക്കും ആ പോക്കിന്റെ അന്ത്യമെന്ന് അവർക്കറിയാം. കേസ് തോറ്റാലും വിശ്വാസം തോൽക്കില്ല. ഇതിലും വലിയ പ്രതിസന്ധികളിലൂടെയാണ് സുറിയാനി സഭ വളർന്നത്. അതുകൊണ്ട് തോറ്റവരേ, നിങ്ങൾ ഭയപ്പെടേണ്ട, നിങ്ങളെ വിജയിപ്പിക്കുന്ന ഒരു ദൈവം നിങ്ങളോടൊപ്പമുണ്ട്. പക്ഷേ, വിജയിച്ചവർക്ക് എന്തോ ഒരു ഭയപ്പാടുണ്ട്. അതുകൊണ്ടാണ് അവർ 'സമാധാനം വേണം' എന്ന് മുറവിളി കൂട്ടുന്നത്. ശരിയായ കൈവയ്പ്പുള്ളവരെ കൂടെ കൂട്ടിയാൽ വ്യാജ കൈവയ്പ്പും ശരിയാകുമെന്ന ധാരണയാണ് ഒരു കാരണം. 

യോജിപ്പിന് വേണ്ടിയുള്ള യാചിപ്പ്.

ഏതൊരു മനുഷ്യന്റെയും സന്തോഷം എന്നു പറയുന്നത് വിജയമാണ്. തമ്മിൽ മത്സരിച്ച് ആരു വിജയിക്കുന്നുവോ അവന്റെ മുഖത്ത് സന്തോഷവും, തമ്മിൽ മത്സരിക്കുമ്പോൾ തോൽക്കുന്നവന്റെ മുഖത്ത് ദുഃഖവുമാണ് സാധാരണയായി മനുഷ്യസഹജമായി കാണുന്നൊരു രീതി. എന്നാൽ ഇവിടെ (മലങ്കരയിലെ) സ്ഥിതി ഏറെ വ്യത്യസ്തമാണ്. യോജിക്കണം, യോജിക്കണമെന്ന് വിജയിച്ചവർ ഘോരഘോരം പ്രസംഗിക്കുകയും അവരുടെ അംഗസംഖ്യ കൂട്ടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വെമ്പൽ കൊള്ളുന്നു. തോറ്റവരാകട്ടെ, ഏത് വലിയ തോൽവിയിലും സുറിയാനി സഭയുടെ സത്യവിശ്വാസത്തെ മുറുകെ പിടിക്കുകയും അതിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുക മൂലം അവർക്ക് സമാധാനവും സന്തോഷവും ഏറെയാണ്. യോജിപ്പിന് അവർക്ക് താല്പര്യമില്ല. ജയിച്ചവർക്കാകട്ടെ, ഒരു വിശ്വാസിയെപ്പോലും ലഭിക്കുന്നില്ല എന്നുള്ളതുകൊണ്ട് 'യോജിപ്പേ..., യോജിപ്പേ...' എന്ന് 'പേയിളകി' മുറവിളിയുമായി അലഞ്ഞു നടക്കുന്നു. ജയിച്ചവൻ യോജിക്കുവാൻ വാശിപിടിക്കുന്നതിന്റെ പുറകിൽ എന്തോ രഹസ്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ മക്കളേ, നിങ്ങൾ ചതിയിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക. 'മണ്ണും ചാരി നിൽക്കുന്നവൻ പണ്ണുംകൊണ്ടു പോകും'. ജാഗ്രതൈ!

മുടക്കു മാറ്റാൻ എന്തും മുടക്കും.

മുടക്ക് തങ്ങൾ അംഗീകരിക്കില്ലെന്ന് പറയുകയും, മുടക്കിയവരെ മുടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. എന്നാൽ തങ്ങൾ മുടക്കപ്പെടുകയല്ല 'മഹറം' (ശപിച്ചു തള്ളപ്പെട്ടവർ) ചെയ്യപ്പെട്ട് മാറ്റപ്പെടുകയാണ് ചെയ്തത് എന്നുള്ള സത്യംപോലും മറന്നുപോകുന്നു. അഥവാ വിശ്വാസികളിൽ നിന്ന് ആ സത്യം മറച്ചുവെക്കുന്നു. മഹറം ചെയ്യപ്പെട്ട കല്പനകൾ മലങ്കരയിലേക്ക് വന്നപ്പോഴാണ് തങ്ങൾക്ക് പറ്റിയ മഹാ വലിയ തിരിച്ചടിയെപ്പറ്റി അവർ ചിന്തിക്കുവാൻ തുടങ്ങിയത്. 'മുടക്കു മാറ്റാൻ എന്തെങ്കിലും മുടക്കിയാൽ സാധിക്കുമോ' എന്നുള്ള വഴി ആലോചിച്ചു ഒരു വിഭാഗം തലപുകയുമ്പോൾ, എന്തു മുടക്കിയായാലും മുടക്ക് മാറുകയില്ലന്നും, ഇനി ആഗോള സുന്നഹദോസ് കൂടി മാത്രമേ മഹറം ചൊല്ലിയത് മാറ്റുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുമ്പോൾ തങ്ങളുടെ ഉള്ളിലുണ്ടാകുന്ന ഭയപ്പാട് വളരെ വലിയതാണ്. പലരും പുറമെ കാണിക്കുന്നല്ലേന്നേയുള്ളൂ. കഴുത കരയുന്നതെന്തുകൊണ്ടാണെന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ടെല്ലോ? രഹസ്യമായും പരസ്യമായും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മുടക്ക് കല്പന പിൻവലിപ്പിക്കുവാൻ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ച് കാലാകാലങ്ങളായി അണിയറയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്, ഇപ്പോഴും നടക്കുന്നു. പക്ഷേ നാളിതുവരെ അതിന് യാതൊരു പ്രയോജനവും കാണുന്നില്ലെന്നതാണ് സങ്കടം. മുന്തിരി പുളിയാണോ മധുരമാണോ എന്നു രുചിച്ചു നോക്കുവാനാണുപോലും കുരങ്ങ് ഇപ്പോഴും കൈപൊക്കി ചാടുന്നത്.

പുതിയ തന്ത്രങ്ങൾ മെനഞ്ഞ് എങ്ങനെയെങ്കിലും മുടക്ക് പിൻവലിക്കുവാനായിട്ട്  ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തിനവർ ശ്രമിക്കുന്നു എന്ന് ചോദിച്ചാൽ, അതിനൊറ്റ ഉത്രമേയുള്ളൂ. അവരുടെ ആരാധനക്രമങ്ങളിലും ഭരണഘടനയിലും സകല ശുശ്രൂഷ ക്രമങ്ങളിലും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ നാമധേയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാലും, അതെടുത്തു മാറ്റിയാൽ തങ്ങൾ ഒരു പുതിയ സഭയാകുമെന്നുള്ള ചിന്തയാലും, നൂറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു എന്ന് വീമ്പിളക്കുന്ന സകലതും നഷ്ടപ്പെട്ടുപോകും എന്നുള്ള ഭയത്താലും, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സ്ഥാനത്തെ നിലനിർത്തിക്കൊണ്ടു പോകുവാൻ തങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ തന്നെ വിശ്വാസികളുടെ ഇടയിൽ പലപ്പോഴും ആശയക്കുഴപ്പമുള്ള കാര്യങ്ങളാണിതൊക്കെ. എ.ഡി.345-ൽ ക്നായിതോമായും ഒപ്പം വന്നവരും ആരാധനാ ക്രമങ്ങൾ കൊണ്ടുവരുന്നതുവരെ ഇവിടെ ഒരു ചുക്കുമില്ലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാലറിയാം. ഇപ്പോഴുള്ള ക്രമങ്ങളൊക്കെ സുറിയാനി പിതാക്കന്മാർ മലങ്കരയിൽ വന്നപ്പോൾ കൊണ്ടുവന്നതാണ്. സുറിയാനി സഭയുടെ മല്പാന്മാരായിരുന്ന പാമ്പാക്കുടയിലുള്ള കോനാട്ട് (അവരുടെ പിൻതലമുറക്കാർ സഭമാറിപ്പോയി) ഗ്രന്ഥപ്പുരയിലെ പുരാതന പുസ്തകങ്ങളും (ആ പുസ്തകങ്ങളൊന്നും കേരളത്തിൽ ഉണ്ടക്കിയതോ മുമ്പുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നതോ ആയ ക്രമങ്ങളല്ല) നിലവിലുളള ക്രമങ്ങളുടെ മുമ്പിലുള്ള പാത്രിയർക്കീസ് ബാവാമാരുടെ കല്പനയും തെളിവാണ്.

രണ്ടും ഒരേ സഭയാണെന്നു കാണിക്കാൻ സുറിയാനി സഭയുടെ പേര് തിരുച്ചു മറിച്ചും എഴുതിയാൽ, അതെഴുതുന്നവന് സ്വയം പൊട്ടനാകാം എന്നല്ലാതെ മറ്റ് കാര്യമില്ല. സഭയുടെ പേരെഴുതുന്നതാണ് ഏറ്റവും വലിയ കോമഡി. 'സുറിയാനി' എന്ന വാക്ക് സഭയുടെ പേരിന് പുറകിൽ ചേർക്കും, വിദേശത്തെ പള്ളികൾക്ക് (ഇന്ത്യൻ) രാജ്യത്തിന്റെ പേര് ചേർക്കും, പൈതൃകം കാണിക്കാൻ യാക്കോബായ (ഭരണഘടന പ്രകാരം പിശകായി) എന്നും പറയും. അസ്സോസിയേഷന്റെ പേരോ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ. ശരിക്കും ആരാ സുറിയാനി ക്രിസ്ത്യാനി എന്നുപോലും അവർക്കറിയില്ല. കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലിന്റെ അവസ്ഥയാ. മുട്ട വിരിയും, പക്ഷേ കാക്കക്കുഞ്ഞ് പിറക്കില്ല. (അസോസിയേഷയന്റെ എംബ്ലം ആ സഭയുടെ, എംബ്ലത്തിൽ നിന്നും വ്യത്യാസം). അല്ലെങ്കിലും എംബ്ലം എന്താണെന്നോ, അതിന്റെ അർത്ഥം എനിതാണെന്നോ അവർക്കറിയില്ല.

സഭാ തലവന്റെ പേര് എഴുതുന്നത് കണ്ടാൽ അതിലും വലിയൊരു കോമഡിയാ. സ്ഥാനപ്പേര് ആദ്യം ചേർക്കും, ക്രിസ്തുവിൽ ജനിപ്പിച്ച ശ്ലീഹായുടെ പേര് പുറകെ (രണ്ടാമത്) ചേർക്കും. തുബ്ദേനിൽ മറ്റൊരു സഭയുടെ അപ്പന്റെ പേര് ആദ്യം വായിക്കും. മൊത്തത്തിൽ പല പേരും പല എംബ്ലവും എല്ലാം വ്യത്യസ്തമായി ഉപയോഗിക്കുന്ന കേരളത്തിലെ ഒരു ലോക്കൽ സഭയുടെ അംഗമാണെന്ന് പറയാൻ വിദേശത്തു പോകുന്ന തലമുറയിലെ കുട്ടികൾക്കൊരു ലജ്ജ. അടിച്ചുമാറ്റിയതുകൊണ്ട് ആളാകാൻ നോക്കിയാൽ ഇട്ടാവട്ടത്തുള്ള പൊട്ടന്മാരെ വെട്ടിലാക്കാമെന്നല്ലാതെ മറ്റൊരു ഗുണവുമില്ല.

'മുടക്കു മാറ്റൂ' എന്ന നിലവിളിക്ക് നാളിതുവരെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ചെവി കൊടുക്കുന്നതുമില്ല. അതുകൊണ്ട് "മുടക്കു മാറ്റിയാൽ ഞങ്ങൾ സമാധന ചർച്ചയ്ക്ക് വരാമെന്ന്" ഒരു വൈദികൻ പറയുന്നത് കുറെ കാലം മുമ്പ് ചാനലിൽ കണ്ടു. ഇവിടെ സമാധാനക്കുറവില്ല എന്ന് നമുക്കറിയാം, അവർക്കുമറിയാം. ഇനി 'സമാധാനം' എന്ന് പറയുന്ന 'സാമാനവുമായി' ആരും ഇങ്ങോട്ട് വലിഞ്ഞു കയറി വരാതിരിക്കുന്നതാ നല്ലത്. അതും (മുടക്ക്) മഹറം പിൻവലിപ്പിക്കാൻ നടക്കുന്നവരെ സംബന്ധിച്ച് എഴുതാൻ ഏറെയുണ്ട്. അവരുടെ കൂട്ടത്തിലുള്ള വരുംതലമുറയിലെ ആളുകൾ അവരോട് തന്നെ ഈ കാര്യങ്ങളെല്ലാം ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ബ... ബ... ബ... എന്നു പറയുന്നതല്ലാതെ കൃത്യമായ ഒരുത്തരം കൊടുക്കുവാൻ അവർക്കും സാധിക്കുകയില്ലന്ന അവസ്ഥയാണ്. 

യുവതലമുറ പഠനാവശ്യത്തിനും, ജോലിക്കും, സ്ഥിരതാമസത്തിനുമൊക്കെയായി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടെ 'സിറിയൻ ഓർത്തഡോക്സ് ചർച്ച്' എന്ന് കാണുമ്പോൾ തങ്ങൾ കേരളത്തിലെ ഒരു ചെറിയ സഭയുടെ അംഗമാണെന്ന് തിരിച്ചറിഞ്ഞ് ആഗോള സഭയുടെ അംഗങ്ങളാകുവാൻ വഴി തേടുന്നതും കാണുവാനായിട്ട് സാധിക്കും. 'കൈവെപ്പും', 'കയ്യിലിരിപ്പും' രണ്ടാണെന്ന് പുതുതലമുറ മനസ്സിലാക്കിക്കഴിഞ്ഞു. അതിനാൽത്തന്നെ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പൗരോഹിത്യ പിന്തുടർച്ചയിൽ തന്നെ അടിയുറച്ചു നിൽക്കുവാൻ ഇതര സഭകളിലെ ആളുകൾ പോലും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ട് ചിലർ തങ്ങളുടെ വിശ്വാസികളോട് തന്നെ ആഹ്വാനം ചെയ്യുന്നു, പരിശുദ്ധ പാത്രിയർക്കീസ് ബാവയെ ഭരണഘടന പ്രകാരവും ആത്മീയ മേലധ്യക്ഷനായിട്ടും നമ്മളും അംഗീകരിക്കുന്നുണ്ടെന്ന്. ആരും നമ്മുടെ വിശ്വാസത്തിൽ നിന്ന് മാറിപ്പോകരുതെന്ന്. വിദേശ രാജ്യങ്ങളിലേക്ക് പോയിട്ടുള്ളവർക്ക് 'വൺ പോയിന്റ് കോണ്ടാക്ട് സംവിധാനം' എന്ന പേരിൽ 385/2022 എന്ന നമ്പരിൽ ഒരു ഇണ്ടാസ് ഇറക്കി അവരുടെ പള്ളികളിൽ വായിച്ചു. "യുവതലമുറയെ അന്വേഷിച്ചു ചെല്ലേണ്ടുന്ന സഭ എന്ന തലത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു". (കല്പനയിലെ രണ്ടാം ഖണ്ഡികയിൽ എഴുതിയിരിക്കുന്നു). വിശ്വാസികളെ ചാക്കിട്ട് പിടിക്കാനുള്ള പരിപാടിയാ. വിദേശത്ത് ചെന്ന് കേരളത്തിലെ ഒരു കൊച്ചു സഭയുടെ ഭാഗമാണെന്ന് പറഞ്ഞാൽ ആരറിയാനാ? ഒന്നുകിൽ സുറിയാനി സഭയുടെ പേര് പറയണം, അല്ലെങ്കിൽ കത്തോലിക്കാ സഭയുടെ പേര് പറയണം. അല്ലാതെ ഏതാണ് 120 വർഷം മാത്രം പാരമ്പര്യം അവകാശപ്പെടുന്ന സഭയിലെ അംഗമാണെന്നു പറഞ്ഞാൽ, ഏത് സഭ, എന്ത് സഭ എന്നൊക്കെ വിശദമായി പറയേണ്ടിവരും. ആരാ ഇക്കാലത്ത് ഇതൊക്കെ പറഞ്ഞ് നാണംകെടാൻ നിൽക്കുന്നത്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. അതായത് രണ്ടും രണ്ടു സഭയാണെന്ന് സമ്മതിച്ചല്ലോ, അതുമതി. അപ്പോൾ യോജിക്കണെമെന്ന് പറയരുത്. ഭരണ രീതിയിൽ വ്യത്യസമുള്ള രണ്ടു സഭകൾ. അപ്പോഴും സത്യം മനസ്സിലാക്കി യുവതലമുറ പരിശുദ്ധ പാത്രിയർക്കീസ് ബാവ തലവനായ സഭയിലേക്ക് ചേരുവാനും കടന്നുവരുവാനും ആഗ്രഹം പ്രകടിപ്പിക്കുകയും, ഇന്ത്യ വിട്ടു പോകുന്നവർ പരിശുദ്ധ പാത്രിയർക്കീസ് ബാവയാൽ ഭരിക്കപ്പെടുന്ന ഇടവകകളിൽ അംഗത്വം എടുക്കുകയും ചെയ്യുന്നു.

'ഒരേ ആരാധന' എന്ന പരസ്യം. 

സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമങ്ങളും കൂദാശ ക്രമങ്ങളും മോഷ്ടിക്കപ്പെട്ടതിനുശേഷം, മോഷ്ടിച്ചുകൊണ്ടു പോയവർ എല്ലാ വിശ്വാസികളെയും പറഞ്ഞു പറ്റിക്കുന്ന ഒരു വാക്കാണ് "ഒരേ തരത്തിലുള്ള ആരാധന, ഒരേ കൂദാശ" എന്ന്. ഇത്രയും തൊണ്ടകീറി വിളിച്ചു പറഞ്ഞിട്ടും സുറിയാനി സഭയുടെ വിശ്വാസികളാരും തന്നെ ആ 'ഒരേ ആരാധനയിലേക്ക്' ചേർന്നു നിൽക്കുവാൻ താല്പര്യപ്പെടുന്നില്ലന്നതും അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം സുറിയാനി സഭയുടെ മക്കൾക്കറിയാം ഒരേ ആരാധന എന്നു പറഞ്ഞ് കൈവെപ്പില്ലാത്തവർ ചൊല്ലിയാൽ അതിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം നടക്കുകയില്ലെന്നും, നമ്മുടെ കർത്താവിൽനിന്നും പരിശുദ്ധ പത്രോസിനാൽ സ്ഥാപിക്കപ്പെട്ട സഭയിൽ നിന്നും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസത്തിന്മേൽ ഭാഗ്യമോടെ വാണരുളുന്ന അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയോട് ചേർന്ന് തങ്ങൾ നിൽക്കുന്നു എന്നുള്ള വിശ്വാസത്തിൽ നിൽക്കുമ്പോൾ അവർ യാതൊരു കാരണവശാലും അതേ പാത്രിയർക്കീസിനാൽ മഹറം ചൊല്ലപ്പെട്ട് വേർപെടുത്തിയതു കാരണം ആ സഭയിലേക്കു പോകുവാൻ ഒരുനാളും താല്പര്യം പ്രകടിപ്പിക്കുകയില്ല. 

വിജയിച്ചവർ പറയുന്നവർ ഒരേ ആരാധനയായതിനാൽ അവരോടൊപ്പം ചേരൂ... എന്ന്. അതായത് ഇപ്പോഴത്തെ ചില മൊബൈൽ കമ്പനികൾ ഓഫറുകൾ പ്രഖ്യാപിക്കുന്നത് പോലെ നമ്പർ പോർട്ടബിൾ. നമ്പർ മാറാതെ തന്നെ കണക്ഷൻ മാറുന്ന ഒരു പ്രത്യേകതരം സൗകര്യം. അതായത് സഭ മാറിയാൽ മതി, വിശ്വാസം ഒന്നുതന്നെ എന്നുള്ള പഠിപ്പിക്കൽ. എന്നാൽ സുറിയാനി സഭയുടെ മക്കൾക്ക് അറിയാം ഈ പറഞ്ഞത് എന്താണെന്ന്. ഭാര്യ പഴയ സൂസമ്മ തന്നെയാണെങ്കിലും സർവീസ് ഇനി മുതൽ റോസമ്മയുടേതാണെന്ന്. ഇത് പറഞ്ഞാൽ അവർ പോകുകയില്ല.

കൈയ്യേറ്റം, പിടിച്ചുപറി, മോഷണം.

കയ്യേറ്റം പിടിച്ചു മോഷണം തുടങ്ങിയ പ്രവർത്തികളാൽ സുറിയാനി സഭയുടെ വിശ്വാസികൾ തങ്ങളുടെ പൂർവികർ ഏത് വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാനായിട്ട് ആധാരം രജിസ്റ്റർ ചെയ്ത് സ്ഥലം വാങ്ങിയിട്ടുള്ള പല ദൈവാലയങ്ങളും വസ്തുവകകളും മറ്റൊരു വിഭാഗം യാതൊരു ഉളുപ്പുമില്ലാതെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിക്കുന്നു. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന പുരാതനമായ പല ദൈവാലയങ്ങളുടെയും ആധാരം എടുത്തു നോക്കിയാൽ അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് പരിശുദ്ധ പാത്രിയർക്കീസ് ബാവയാൽ നയിക്കപ്പെടുന്ന അന്ത്യോക്യൻ സുറിയാനി സഭയുടെ പേർക്ക് എഴുതി കൊടുത്തിട്ടുള്ളതാണെന്ന്. എന്നാൽ ആ സഭയുമായിട്ട് ബന്ധമില്ലാത്ത മറ്റൊരു കൂട്ടർ ഈ ദേവാലയങ്ങളും സ്വത്ത് വകകളും അവരുടേതാണെന്ന് വാദിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യവഹാരം നടത്തുന്നു. ഇന്ന് നിലവിലുള്ള സുറിയാനി സഭയുടെ പല പള്ളികളും ഒരു വിഭാഗം കയ്യടക്കി വെച്ചിരിക്കുകയാണ്. അവർ പറയുന്ന ന്യായം ദേവാലയങ്ങൾ എല്ലാം അവരുടെ ആണെന്ന് എന്നാൽ ഏത് വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാൻ ആഗ്രഹിക്കുന്നുവോ ആ വിശ്വാസത്തിൽ തന്നെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ അധ്വാനത്തിന്റെ കഷ്ടപ്പാടുകൾ ഒക്കെയും മനസ്സിലാക്കി അവർ അധ്വാനിച്ച് വീയർപ്പൊഴുക്കിക്കൊണ്ട് പണിത ദേവാലയങ്ങൾക്ക് നഷ്ടമായി എങ്കിലും സ്വത്തല്ല, വിശ്വാസമാണ് വലുത് എന്നുള്ള നിശ്ചയദാർഢ്യത്തിൽ വിശ്വാസത്തിൽ അടിയുറച്ചുകൊണ്ട് ഇന്നും ജീവിക്കുന്ന കുറെ ജനങ്ങൾ. ഒരു പള്ളി നഷ്ടമാകുമ്പോൾ പകരം ഒൻപതു വെച്ച് പള്ളികൾ ഉണ്ടാക്കുകയും, അതിൽ ആരാധന നടത്തുകയും, കൈവെപ്പുള്ള പട്ടക്കാരൻ കൂദാശകൾ നിർവഹിക്കപ്പെടുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിൽ മറ്റാരും മനംനൊന്തിട്ട് കാര്യമില്ല. 

അതുപോലെതന്നെ എടുത്തു പറയേണ്ട മറ്റൊരു വസ്തുതയുണ്ട്, ചിലർ ചേർന്ന് വസ്തുവകകൾ വാങ്ങി ഒരു ദേവാലയം പണിഞ്ഞ് ദേവാലയം കൂദാശ ചെയ്ത് ഒരു (അടിച്ചേല്പിക്കപ്പെട്ട) ഭരണഘടനയുടെ കീഴിലുള്ള മേല്പട്ടക്കാരെ കൊണ്ടുവന്ന അത് കൂദാശ ചെയ്തു കഴിയുമ്പോൾ ആ പള്ളി പിന്നെ (വാങ്ങിയ ജനത്തിന്റെ) അവരുടേതല്ലാതാകുന്നു. അത് അവരുടെ സഭയുടേതാകുന്നു. അതായത് നിങ്ങൾ അധ്വാനിച്ച് കഷ്ടപ്പെട്ട് നിങ്ങൾ ഉണ്ടാക്കിയത് മൊത്തവും മറ്റൊരുത്തൻ അധികാരം സ്ഥാപിച്ച് ചുളുവിൽ അടിച്ചെടുത്തു  ഭരിക്കുന്നു. സുറിയാനി സഭയെ സംബന്ധിച്ച് അങ്ങനെയല്ല, ഇടവക എന്നത് ഇടവക വിശ്വാസികൾക്ക്. അവരുടെ ആത്മീയ കാര്യങ്ങൾ നടത്തുവാൻ വേണ്ടി മേല്പട്ടക്കാരൻ ഒരു വൈദികനെ അവർക്ക് അയച്ചുകൊടുക്കുന്നു എന്നുമാത്രം. അവിടെ തോന്നിയതുപോലെ പിരിവുകളില്ല, മറ്റ് അനാവശ്യമായ ചെലവുകൾ ഒന്നുമില്ല. മാമോദിസായിക്കോ വിവാഹങ്ങൾക്കോ മറ്റ് കൂദാശകൾക്കോ ആത്മീയ  കാര്യങ്ങൾക്കൊന്നും അനാവശ്യമായ നിർബന്ധിത പിരിവുകളും ഒന്നുമില്ല. തിരുമേനിമാർക്കുപോലും നാലക്കമുള്ള കൈമുത്ത് ആരും കൊടുക്കാറില്ല. അപ്പവും ഫിഷ് മോളിയും കൂട്ടി അന്നം കഴിക്കുന്ന തരതിതിൽ അരമനകളിൽ ആഢംബര ജീവിതമില്ല. എന്നാൽ മറുവിഭാഗത്തിന് ദേവാലയങ്ങൾ ആകട്ടെ നിർബന്ധമായ പിരിവുകളും. ഒരു പള്ളിയിൽ നിന്ന് മാറി അതേ സഭയുടെ വിശ്വാസത്തിലുള്ള അടുത്ത പള്ളിയിൽ ചെന്ന് ചേർന്നാൽ പോലും അവിടെ 'ന്യൂ അഡ്മിഷൻ' എന്ന് പറഞ്ഞ് സംഭാവനയായി വലിയ തുകയും. അതുപോലെതന്നെ ഓരോ കൂദാശകൾക്കും നിർബന്ധിത പിരിവുകളും. ഓരോ പെരുന്നാളുകൾക്ക് നിർബന്ധിത പിരിവുകളും കൊണ്ട് ജനം വലയുകയാണ്. വിയർപ്പിന്റെ വിലയറിയാത്തവരോട് എന്തു പറയാനാ. കുർബാനപ്പണമെന്നപേരിലും പിരിവാ. അവരും ചിന്തിക്കുന്നു സുറിയാനി സഭയുടെ ഭാഗമായിരുന്നെങ്കിൽ എന്ന്. ആരാധനയും, പാരമ്പര്യങ്ങളും, വിശുദ്ധ മൂറോനും, കൂദാശകളും കൈവെപ്പുള്ള പട്ടക്കാരിൽ നിന്നും സ്വീകരിക്കുവാൻ ആഗ്രഹമുള്ളവർക്ക് മാതൃ സഭയുടെ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവ് അനായാസമാണ്.

നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടേ.

Recommended

  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • മോർ ബാലായി.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ക്രിസ്താനി നടക്കേണ്ട രീതി
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ക്നാനായകാർ.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • വിശുദ്ധ മദ്ബഹാ.
  • കല്ലട വല്യപ്പൂപ്പൻ.
  • തിരുശേഷിപ്പുകളപ്പറ്റി
  • മാർഗം കളി
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ഊറാറ ചുറ്റിയ കുരിശ്.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • കൊഹനേ ഞായർ.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • "മാനവ സേവ മാധവ സേവ"
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • മാനിന്റെ സവിശേഷതകൾ.
  • ധ്യാനം
  • പന്ത്രണ്ട് മാസങ്ങൾ
  • അപ്പോക്രിഫാ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ഏഴാം പോസൂക്കോ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ചെറുതായവരെ കരുതുക.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved