ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും. ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്.
ജീവിതത്തിൻ്റെ മഹത്തായ യാത്രയിൽ, സത്യസന്ധത നിങ്ങളുടെ വഴികാട്ടിയാകട്ടെ, സത്യത്തോടും ആത്മാർത്ഥതയോടും കൂടി, നിങ്ങളുടെ സ്വഭാവം മുന്നേറട്ടെ!
നീ നിന്റെ വേരിനെ ശ്രദ്ധിക്കുക. പൂവുകളെ ശ്രദ്ധിക്കേണ്ട. വേരിന് ആരോഗ്യമുണ്ടെങ്കിൽ ചെടി എങ്ങനെ പൂക്കാതിരിക്കും? വേര് നശിച്ചാൽ നീയിപ്പോൾ പൂത്തുനിന്നാലും എത്രകാലം പൂക്കും?
വേര് എന്നത് ഇവിടെ സത്യമാണ്. ജീവിതത്തിൽ സത്യത്തെ മുറുകെ പിടിച്ചാൽ മറ്റെല്ലാം തനിയെ പൂത്തുലയും. സത്യത്തിൽ നിന്നാണ് എല്ലാ നന്മയും, സത്യമാണ് എല്ലാം.
ഒരു കഥ പറയാം; ഒരു പിതാവിന്റെ ജീവിതത്തിലെ അവസാന നിമിഷം. കുടുംബം മുഴുവൻ ചുറ്റും കൂടിനിൽക്കുന്നു. യാത്രചോദിക്കുന്നതു പോലെ ആ കണ്ണുകൾ തുറന്നടഞ്ഞു. മുഴുവൻ മക്കളേയും മാറിമാറി നോക്കി ഒരേയൊരു വാക്ക് ആവർത്തിച്ചു പറയാൻ ശ്രമിക്കുന്നു. എല്ലാരും ആ വാക്കിലേക്ക് കാതുകൂർപ്പിച്ചു. ഒടുക്കത്തെ വാക്കാണ്. അത്രയും പ്രധാനമായ വാക്ക്. പക്ഷേ വാക്ക് ഇതായിരുന്നു: ‘നാരങ്ങ... നാരങ്ങാ മരം...’ ആർക്കും ഒന്നും മനസ്സിലായില്ല. നാരങ്ങ രുചിച്ച് ജീവിതത്തിൽ നിന്ന് പോകാനാണോ? മുറ്റത്തെ മരത്തിൽ നിന്ന് പറിച്ചെടുത്ത മധുരനാരങ്ങയുടെ നീര് ചുണ്ടിലേക്ക് പകർന്നു. ഏതാനും നിമിഷങ്ങളേ ആയുള്ളൂ, അയാൾ എന്നേക്കുമായ് കണ്ണടച്ചു. അച്ഛൻ നട്ടുവളർത്തിയ നാരങ്ങാമരം പ്രിയതരമായ ഓർമ്മയായ് മുറ്റത്ത് പൂത്തുനിന്നു. ഒടുക്കത്തെ നിമിഷവും അച്ഛൻ സ്നേഹിച്ച ആ മരത്തിൽനിന്ന് ഓരോ സീസണിലും നാരങ്ങകൾ പലർക്കായ് ദാനം ചെയ്തു. വർഷങ്ങൾ കടന്നുപോയി. തറവാട് വില്പനയ്ക്ക് വെച്ചു. ആ വീടും ഭൂമിയും മറ്റൊരാളുടെ കയ്യിലെത്തി. അയാളവിടെ പുതിയ കെട്ടിടം പണിയാനുള്ള ജോലികളാരംഭിച്ചു. നാരങ്ങാമരം പിഴുതെടുത്ത് മണ്ണുകുഴിച്ചപ്പോൾ അവിടെ വലിയൊരു പെട്ടി! നിധിയാണ്. സ്വർണ്ണക്കൂമ്പാരങ്ങൾ!
ഒടുക്കത്തെ നിമിഷവും പിതാവ് ആവർത്തിച്ചു പറഞ്ഞ വാക്കിന്റെ പൊരുൾ അങ്ങനെയാണ് മക്കളറിഞ്ഞത്. പക്ഷേ, അപ്പോഴേക്ക് അത് മറ്റൊരാളുടേതായിക്കഴിഞ്ഞിരുന്നു. ഇതുപോലെ മുഴുവൻ നിധിയും അടക്കി വെച്ചൊരു വാക്കിലേക്ക് നമ്മോട് പിന്നെയും പിന്നെയും കൈ ചൂണ്ടുന്നുണ്ട്. സത്യം എന്ന വാക്കാണത്. ഭൂമിയിലേതോ ഒരു കോണിൽ ജനിച്ച് ജീവിച്ച് മരിക്കുന്നതിനിടെ സത്യത്തിനും കുറച്ച് മൂല്യങ്ങൾക്കും കാവലിരിക്കേണ്ട ജോലിയാണ് നമ്മളെ ഏല്പിച്ചത്. കൗതുകങ്ങളുടെ ഒരു കാറ്റത്തും കെടുത്തിക്കളയല്ലേ എന്ന താക്കീതോടെ ഏല്പിച്ച ജോലി. സത്യമാണ് വേര്. ബാക്കിയൊക്കെ പൂക്കളാണ്.
ഒരു കച്ചവടക്കാരനുണ്ടായിരുന്നു. കുറേക്കാലമായി അദ്ദേഹം ചിക്കൻ സ്റ്റാൾ നടത്തുന്നു. ഇടക്കെപ്പോഴോ കടയിലെ തുലാസ് ഒരു പരിശോധനക്ക് കൊടുത്തു. ത്രാസിലെ തൂക്കം 150 ഗ്രാം കുറവായിരുന്നു. നൂറ്റമ്പത് ഗ്രാം കുറവായിട്ടാണ് ഇത്രയും നാൾ അളന്നു കൊടുത്തതെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന് ഉറക്കം കിട്ടാതായി. എങ്ങനെ വീട്ടും ഇത്രയും കാലത്തെ കടം! കടയിൽ അദ്ദേഹം ഒരു ബോർഡ് തൂക്കി: ‘എന്നോട് ക്ഷമിക്കണം. ഇതിനു മുമ്പ് ഈ കടയിൽനിന്ന് നിങ്ങൾ ചിക്കൻ വാങ്ങിയിട്ടുണ്ടെങ്കിൽ അതൊന്ന് ഓർത്തെടുത്ത് എന്നെ അറിയിക്കണം. എത്ര കിലോ വാങ്ങിയിട്ടുണ്ടെങ്കിലും എനിക്കാ വിവരം കിട്ടണം.’ ചുറ്റുവട്ടത്തെ ഓരോ വീട്ടിലും കേറിച്ചോദിച്ചു. സാധ്യതയുള്ളവർക്കെല്ലാം പണം കൊടുത്തു കടം വീട്ടി.
ഒരു സുഹൃത്ത് പറഞ്ഞ അനുഭവമുണ്ട്. അവന്റെ അമ്മയുടെ അമ്മാവൻ ഒരു സ്വർണ്ണമാലയും കൊണ്ട് വീട്ടിൽവന്നു. ആ മാല അമ്മയ്ക്കുള്ളതായിരുന്നു. ‘എന്തിനാ എനിക്കീ മാല. എനിക്ക് മക്കൾ വാങ്ങിത്തരും. വേറെ ആർക്കേലും കൊടുത്തോളൂ.’ അല്ല. ഇതു നിനക്കുള്ളതാണ്. ഇതൊരു പശ്ചാത്താപമാണ്. ചെറിയ കുഞ്ഞായിരിക്കുമ്പോൾ നിന്റെ മാല കാണാതെപോയത് ഓർമ്മയില്ലേ. എന്നോട് ക്ഷമിക്കണം, അന്നത്തെ അവിവേകം കൊണ്ട് ഞാൻ ചെയ്തുപോയതായിരുന്നു. മടികാരണമാണ് ഇത്രയും കാലം നീണ്ടുപോയത്. ഇനിയുമെനിക്ക് മറച്ചുവെക്കാൻ വയ്യ. സത്യത്തിനും എനിക്കുമിടയിൽ ഈ രണ്ടുപവൻ വലിയൊരു തടസ്സമാവും...’ നാല്പത്തഞ്ച് കൊല്ലങ്ങൾക്കുശേഷം ആ രണ്ടു പവൻ ഒരു നെടുവീർപ്പോടെ അയാൾ ഇറങ്ങിനടന്നു.
ആഗ്രഹങ്ങളുടെ അനിയന്ത്രിതമായ പോക്കിലാണ് പൈശാചികത നിഴലിക്കുന്നത്. ആഗ്രഹങ്ങളെ നിയന്ത്രണവിധേയമാക്കുന്നതോടുകൂടി മനുഷ്യമനസ്സിനെയും നിയന്ത്രിക്കാനാകും. ഒരിക്കലും അടങ്ങാത്ത മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പാറി നടക്കുന്ന കൂത്താടിയുടെ അവസ്ഥയാണ് മനുഷ്യമനസ്സിനുള്ളത്. ദുസ്വഭാവങ്ങളുടെ ഹേതുവും ചാഞ്ചാടുന്ന മനുഷ്യമനസ്സാണ്. ആത്മാവിന് ചേക്കേറാന്‍ മാത്രമാണ് മനുഷ്യശരീരം. എന്നാല്‍ ശരീരത്തിന്റെ ആവശ്യങ്ങളെ മാത്രം പരിഗണിച്ച് ആത്മാവിന്റെ ആവശ്യങ്ങളെ പരിഗണിക്കുന്നതില്‍ മനുഷ്യന്‍ സമയം കണ്ടെത്തിയിട്ടുമില്ല. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്ക് ലയിച്ചു ചേരുന്ന അവസ്ഥയും ആത്മാവിന്റെ അനശ്വരതയും മനുഷ്യന്‍ തിരിച്ചറിയാതെ പോകുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.