Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.

'ഒരു പേരിലെന്തിരിക്കുന്നു' എന്നു ഹാസ്യഭാവത്തിൽ പലരും ചോദിക്കാറുണ്ട്. 'വിളിക്കാനൊരു പേരു വേണമെന്നു' പലരും പറായാറുമുണ്ട്. 'ഓയ്, 'ഊയ്' എന്നൊക്കെ വിളിക്കുമ്പോൾ 'കൂയ്' എന്നു വിളികേട്ട് ഓടിവരുന്ന കാട്ടുവാസികളും പണ്ടുണ്ടായിരുന്നതായി പുസ്തകങ്ങളിൽ വായിച്ചിട്ടുമുണ്ട്. ഒരു കുട്ടിയുടെ പേരിന് ചേരുന്ന പേരും അപ്പന്റെയും അമ്മയുടെയും പേരുകളിലെ ചില അക്ഷരങ്ങളെടുത്ത് യാതൊരു അർത്ഥവുമില്ലാത്ത പേരുകളിടുന്നവരുമുണ്ട്. മാത്രമല്ല, ഇന്ന് പട്ടികളുടെയും കുട്ടികളുടെയും പേരുകൾ പോലും ഒരുപോലെയിടുന്നവരുമുണ്ട്. എന്നാൽ പേര് അത്ര നിസ്സാരമല്ല. 

അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനിൽക്കുന്നില്ല. “ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ട് തന്നെ പേർ വിളിച്ചിരിക്കുന്നു”. (സഭാ, 6:10). “ആകാശസൈന്യത്തെ സൃഷ്ടിച്ച ദൈവം അവയെ എല്ലാം പേർചൊല്ലി വിളിച്ചു”. (യെശ, 40:26). എല്ലാ ജീവികൾക്കും പേർ നൽകിയതോടുകൂടിയാണ് സൃഷ്ടിയുടെ പൂർത്തീകരണം വന്നത്. (ഉല്പ, 2:18-23). പേർ ചോദിക്കുന്നത് ആ വ്യക്തിയുടെ അസ്തിത്വത്തെ ചോദിക്കുന്നതിനു തുല്യമാണ്. (1.ശമൂ, 24:21; 2.രാജാ, 14:27; ഇയ്യോ, 18:17; സങ്കീ, 33:4; യെശ, 14:22; സെഫ, 1:14). 

പഴയനിയമത്തിലെ പേരുകളെല്ലാം വ്യക്തിത്വത്തിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്നവയാണ്. ഏശാവ് സഹോദരനായ യാക്കോബിനെക്കുറിച്ചു പറഞ്ഞു. “ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു.” (ഉല്പ, 27:36). സ്വന്തം ഭർത്താവിന്റെ അവിവേകത്തിന് ഒഴിവുകഴിവായി അബീഗയിൽ അയാളുടെ പേരും അർത്ഥവും ചൂണ്ടിക്കാണിച്ചു:  “ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർ പോലെ തന്നെ ആകുന്നു. നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളത്. (1.ശമൂ, 25:25). പേരു മാറ്റുന്നതിൽ സ്വഭാവമാറ്റം പ്രതീക്ഷിക്കപ്പെടുന്നു. യാക്കോബ് യിസ്രായേലായി മാറിയപ്പോൾ സ്വഭാവത്തിനും വ്യതിയാനം വന്നു. ഒരാളിന്റെ പേരിൽ സംസാരിക്കുകയാ പ്രവർത്തിക്കുകയോ ചെയ്യുന്നതു അയാളുടെ പ്രതിനിധിയായി അയാളുടെ അധികാരത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. (1.ശമൂ, 17:45; 25:5,9; 1.രാജാ, 21:8). ഒരു വ്യക്തിയുടെ സ്വഭാവവും നേട്ടങ്ങളും പരക്കെ അറിയപ്പെടുമ്പോൾ അയാൾക്കു കീർത്തി ലഭിക്കുന്നു. ഇതിൽ നിന്നു കീർത്തി, പ്രസിദ്ധി, എന്നീ അർത്ഥങ്ങൾ പേരിനുണ്ടായി.

സുറിയാനി ഓർത്തഡോക്സ് സഭയിൽ കുഞ്ഞുങ്ങൾക്ക് പേരിടുന്നത് വിശുദ്ധ മാമോദീസായുടെ സമയത്താണ്. അതിനു മുമ്പ് എന്തെങ്കിലും പേരു വിളിച്ചാലും അതിനു സഭയിൽ സ്വീകാര്യതയില്ല. എന്നാൽ ആധുനികകാലത്ത് ഇതിനെല്ലാം ആശാസ്യമല്ലാത്ത പല മാറ്റങ്ങളും കാണപ്പെടുന്നുണ്ട്. സാധാരണ ഒരു കുഞ്ഞിന് തന്റെ കുടുംബത്തിലുള്ള ആരുടെയെങ്കിലും പേരായിരിക്കും ഇടുന്നത്. യഹൂദന്മാരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന ഈ രീതി ക്രിസ്ത്യാനികൾ കടംകൊണ്ടതാവാനാണ് സാദ്ധ്യത. യോഹന്നാൻ സ്നാപകന്റെ പേരിടുന്ന സമയത്ത് പേര് 'യോഹന്നാൻ' എന്നു അവന്റെ അമ്മ പറഞ്ഞപ്പോൾ നിന്റെ ചാർച്ചയിൽ ഈ പേരുകാരില്ലല്ലോ എന്നു പറഞ്ഞ് കൂടെയുള്ളവർ ഇടേണ്ട പേരിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കോസ് 1:59-63). യഹൂദന്മാരുടേതിനു സമാനമായ, എന്നാൽ ഒന്നു പരിഷ്കരിച്ച പേരിടീൽ രീതിയാണ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഇടയിലുള്ളത്. 

മാമോദീസാ മുങ്ങുമ്പോൾ കുഞ്ഞിനുവേണ്ടി പ്രായപൂർത്തിയായ ഒരാൾ വിശ്വാസസ്വീകരണം നടത്തുന്നു. അതിന് 'തലതൊടുക' എന്നു പറയും. “മാമോദീസാ പ്രാപിക്കുന്ന സകലർക്കും തലതൊടുന്നയാൾ ഉണ്ടായിരിക്കണം. പുരുഷന് പുരുഷൻ; സ്ത്രീയ്ക്ക് സ്ത്രീ; ഒരാൾക്ക് ഒരാൾ; രണ്ടോ അധികമോ പാടില്ല.” (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 26). ആദ്യത്തെ കുട്ടി ആണാണെങ്കിൽ അവനെ അപ്പന്റെ അപ്പൻ തലതൊടുന്നു; പെണ്ണാണെങ്കിൽ അപ്പന്റെ അമ്മ തലതൊടുന്നു. രണ്ടാമത്തെ ആൺകുട്ടിയെ അമ്മയുടെ അപ്പനും പെൺകുട്ടിയെ അമ്മയുടെ അമ്മയും തലതൊടുന്നു. മൂന്നാമത്തെ കുട്ടി മുതൽ അമ്മാവന്മാർ അമ്മായിമാർ എന്നിവർ തലതൊടുന്നു. തലതൊടുന്ന ഈ ക്രമത്തിലാണ് സാധാരണ പേരിടുന്നതും. പൊതുനടപ്പ് ഇതാണെങ്കിലും കുഞ്ഞുങ്ങളെ ദൈവകാര്യങ്ങൾ പഠിപ്പിക്കുവാനും ആത്മനിറവിൽ നയിക്കുവാനും ആർക്കു സാധിക്കുമോ ആയവരാണ് തലതൊടേണ്ടത്; കുഞ്ഞുമായുള്ള ബന്ധം അതിനൊരു മാനദണ്ഡമല്ല. കുഞ്ഞിന് തലതൊടുന്നവരുടെ പേരു തന്നെ ഇടണമെന്നുമില്ല. 

തലതൊടുക എന്ന് പറഞ്ഞാൽ ആ കുഞ്ഞ് തിരിച്ചറിവാകുന്നതുവരെയുള്ള അതിന്റെ ആത്മീയവളർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നാണർത്ഥം, അത് ആരായിരുന്നാലും. കുഞ്ഞിനുവേണ്ടി ‘സാത്താനെ ഉപേക്ഷിക്കുകയും മശിഹായിൽ വിശ്വസിക്കുകയും’ (മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), മലങ്കര ഓർത്തഡോക്സ് സഭയിലെ കൂദാശക്രമങ്ങൾ, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2008, പേജ് 30). ചെയ്തയാൾക്ക്, ദൈവസന്നിധിയിലാണ് ആ ചുമതല ഏറ്റെടുത്തിരിക്കുന്നത് എന്ന പൂർണ്ണ ബോദ്ധ്യമുണ്ടായിരിക്കണം. തലതൊടുന്നയാൾ കുട്ടിയുടെ ചാർച്ചക്കാരനല്ലെങ്കിൽപ്പോലും വിശ്വാസപരമായി വലിയ ഒരു ബന്ധമാണ് അവിടെ സ്ഥാപിക്കപ്പെടുന്നത്, വിവാഹബന്ധം പോലെ. കുടുംബബന്ധം മൂലം വിവാഹബന്ധത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞിരിക്കുന്നുവോ അതേ തത്വമനുസരിച്ച് തലതൊടൽ ബന്ധത്തിലുള്ളവരും വിവാഹബന്ധത്തിൽ നിന്നും ഒഴിവായിരിക്കണം (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 115). അത്രയ്ക്ക് മൂല്യമുള്ളതും ദൃഢവുമായ ഒരു ബന്ധമാണ് തലതൊടലിലൂടെ ഉണ്ടാവുന്നത്.

പണ്ടുകാലങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥിതിയിൽ വല്യപ്പന്മാർക്കും വല്യമ്മമാർക്കും കുഞ്ഞുങ്ങളുടെ ആത്മീകവളർച്ചയിൽ ഇടപെടുവാൻ കഴിഞ്ഞിരുന്നെങ്കിലും പുതിയ ചുറ്റുപാടുകളിൽ ഇത്തരം കാര്യങ്ങൾ അപ്രസക്തമായി തീർന്നിരിക്കുന്നു. കുഞ്ഞുങ്ങളൊന്നും അവരോടൊപ്പമല്ല വളരുന്നത് എന്നതുതന്നെയാണ് കാരണം. അഥവാ അവരോടൊപ്പമല്ലെങ്കിലും കുടുംബബന്ധങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് വേണ്ട അറിവു പകർന്നുകൊടുക്കാൻ മാതാപിതാക്കൾ ബാദ്ധ്യസ്ഥരാണ്. ദൈവദൂതനോട് മല്ലടിച്ച് അനുഗ്രഹം പിടിച്ചുവാങ്ങിയ യാക്കോബ് തന്റെ ബാല്യകാലം, പതിനഞ്ചു വയസ്സുവരെ, വിശ്വാസികളുടെ പിതാവായ തന്റെ പിതാമഹനൊപ്പമാണ് ജീവിച്ചത് (ഉല്പത്തി 21:5, 25:26, 25:7) എന്നറിയുക. എന്തെല്ലാം വലിയ കാര്യങ്ങൾ - ദൈവം തന്നെ വിളിച്ചതും തനിക്കു തന്ന വാഗ്‌ദത്തവും മറ്റും - ആ വല്യപ്പൻ തന്റെ കൊച്ചുമകനോട് പറഞ്ഞിട്ടുണ്ടായിരിക്കും? കുഞ്ഞുങ്ങൾ വളരേണ്ടത് ഇങ്ങനെയാണ്.

ഓരോ കുഞ്ഞും മാമോദീസാ മുങ്ങുമ്പോൾ നൽകപ്പെടുന്ന പേരാണ് ലോകസ്ഥാപനം മുതൽ സ്വർഗ്ഗത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള (വെളിപാട് 13:8) പുസ്തകത്തിന്റെ പേരേടിൽ എഴുതപ്പെടുന്നത് (ലൂക്കോസ് 10:20). അതുകൊണ്ടുതന്നെ ലോകത്തിൽ അവരെ എന്തു പേരു വിളിച്ചാലും സ്വർഗ്ഗത്തിൽ എഴുതപ്പെട്ട പേര് എന്താണെന്ന് അവർ അറിഞ്ഞിരിക്കണം. ആ പേരു തന്നെയാണ് വിശുദ്ധ കുർബ്ബാനയിലും ഓർക്കാൻ എഴുതി കൊടുക്കേണ്ടത്. അതവരെ പഠിപ്പിക്കുകയെന്നത് മാതാപിതാക്കളുടേയും തലതൊടുന്നവരുടേയും ചുമതലയാണ്. എന്റെ അനുഭവത്തിൽ ഈ തലമുറയിലെ പല കുഞ്ഞുങ്ങൾക്കും അവരുടെ മാമോദീസ പേരറിയില്ല; അതൊരു പോരായ്മ തന്നെയാണ്. വിശുദ്ധ സഭയിലെ കൂദാശകളുടെ ഭാഗമായോ പൗരോഹിത്യ പദവിയിലെ മാറ്റങ്ങൾക്കനുസരണമായോ പേരിൽ വരുന്ന മാറ്റങ്ങൾ സ്വർഗ്ഗത്തിൽ സ്വീകരിക്കപ്പെടും. യാക്കോബ് ഇസ്രായേലായതും (ഉല്പത്തി 32:28) ശീമോൻ, പത്രോസായതും ഇങ്ങനെ കാണാവുന്നതാണ് (യോഹന്നാൻ 1:42).

എല്ലാ മതങ്ങളിലേയും പേരുകൾക്ക് വ്യക്തമായ അർത്ഥങ്ങളുണ്ട്. എന്നാൽ നമ്മുടെ ഇടയിലെ പല ഓമനപ്പേരുകൾക്കും ഒരർത്ഥവുമില്ലാത്തതാണ്. അത്തരം പേരുകൾ ഒരാളെ തിരിച്ചറിയാൻ ഉപകരിക്കുമെങ്കിലും ക്രിസ്ത്യൻ പുരോഹിതന്മാർ അവർ പൗരോഹിത്യം സ്വീകരിക്കുമ്പോളെങ്കിലും ഈ പേരുകൾ മാറ്റി മാമോദീസ സമയത്ത് നൽകപ്പെട്ട പേരുകൾ ഔദ്യോഗികമായി ഉപയോഗിക്കേണ്ടതല്ലേ എന്നൊരു സംശയം ഇവിടെ ഉന്നയിക്കട്ടെ. ഈയിടെയായി ചില സഭകളിലെ മെത്രാന്മാരുടേയും പേരുകൾ ഇതുപോലെയായിത്തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ വളരെയൊന്നും അകലെയല്ലാതെ കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ പേരിട്ട് മാതാപിതാക്കളും, എന്തായാലും കുഴപ്പമില്ലെന്ന മട്ടിൽ പുരോഹിതന്മാരും കാര്യങ്ങൾ നടത്തും. പാരമ്പര്യങ്ങളിൽ ഊറ്റം കൊള്ളുന്നവർ ദുഷ്പ്രവണതകൾ കണ്ടില്ലെന്നു നടിക്കരുത്. പൂർവ്വകാല പിതാക്കന്മാർ കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ അതിന് വ്യക്തമായ അർത്ഥം കല്പിച്ചിരുന്നു. 'നാടോടുമ്പോൾ നടുവേ ഓടു'ന്നത് സ്വന്തം വിശ്വാസത്തെ തിരസ്കരിച്ചും അവഗണിച്ചുകൊണ്ടുമാവരുത്.

ചൂടുവെള്ളവും പച്ചവെള്ളവും ചേർത്താണ് സുറിയാനി സഭയിൽ മാമോദീസ മുക്കുന്നത്. എന്തിനാണിതെന്ന് പലരും ഉന്നയിച്ചിട്ടുള്ള ഒരു സംശയമാണ്. എല്ലാ ഓർത്തഡോക്സ് സഭകളിലും ഈ പാരമ്പര്യമില്ലെങ്കിലും അന്ത്യോഖ്യൻ, മലങ്കര, അർമ്മീനിയൻ സഭകളിൽ ചൂടുവെള്ളവും പച്ചവെള്ളവും കലർത്തിയാണ് മാമോദീസ മുക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ വ്യാഖ്യാനം പല സഭകൾക്കും വ്യത്യസ്തമാണ്. നമ്മുടെ കർത്താവിന്റെ വിലാവിൽ നിന്നൊഴുകിയ രക്തവും വെള്ളവുമായി അർമ്മീനിയൻ സഭ അതിനെ കാണുന്നു. യോർദ്ദാൻ നദിയിൽ ചൂടുറവയും തണുത്ത ഉറവയും ചേരുന്ന ഒരു സ്ഥലത്തായിരുന്നു യേശുതമ്പുരാൻ മാമ്മോദീസാ മുങ്ങിയത് എന്ന് ചില വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ മാമോദീസായ്ക്കായി യേശുതമ്പുരാൻ യോർദ്ദാൻ നദിയിലിറങ്ങിയപ്പോൾ തന്റെ പാദസ്പർശനത്താൽ തീയും വിറകും കൂടാതെ വെള്ളം ചൂടായി എന്ന പരമ്പരാഗത സുറിയാനി വിശ്വാസമാണ് ഓർത്തഡോക്സുകാർക്കുള്ളത് (മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), ആണ്ടുതക്‌സാ, മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ പെരുന്നാൾ ശുശ്രൂഷക്രമം, M.O.C പബ്ലിക്കേഷൻസ്, കോട്ടയം, 2008, പേജ് 186). അതുകൊണ്ടാണ് വിശുദ്ധ മാമോദീസായ്ക്ക് ചൂടുവെള്ളവും പച്ചവെള്ളവും ചേർത്ത് ഉപയോഗിക്കുന്നത്.

വല്യമ്മമാർ പറഞ്ഞുകേട്ടിട്ടുള്ള രസകരമായ ഒരു കഥയും ഇതിനോട് ചേർത്തു വായിക്കാം. ആദാമും ഹവ്വായും പാപം ചെയ്ത് ദൈവത്തിൽ നിന്നകന്നപ്പോൾ തന്നോടൊപ്പം നിന്നാൽ അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് സാത്താൻ അവരോട് പറയുകയും അതനുസരിച്ച് തങ്ങളും തങ്ങളുടെ സന്തതി പരമ്പരകളും സാത്താനോട് ചേർന്നുനിന്നുകൊള്ളാമെന്ന് ഒരുടമ്പടിയുണ്ടാക്കി അതൊരു കല്ലിന്മേലെഴുതുകയും അവരെ രക്ഷിക്കാൻ എന്നെങ്കിലും ദൈവപുത്രൻ വരുമെന്നറിയാമായിരുന്ന സാത്താൻ ആ കല്ല് ഒരിക്കലും ആരും കണ്ടുപിടിക്കാത്തവണ്ണം യോർദ്ദാൻ നദിയിലിടുകയും ചെയ്തു. യേശുതമ്പുരാൻ ആ കല്ലിന്മേൽ നിന്നാണ് മാമോദീസായേറ്റതെന്നും സാത്താന്റെ ബന്ധനത്തിൽ നിന്നും മനുഷ്യകുലം രക്ഷപ്രാപിപ്പാൻ മേല്പറഞ്ഞ ഉടമ്പടി നശിക്കേണ്ടതാവശ്യമാകയാൽ ഇനിയൊരിക്കലും കണ്ടുകിട്ടാതിരിക്കാൻ ആ കല്ല് തന്റെ പാദസ്പർശനത്താൽ ഉരുകിപ്പോയിയെന്നും അങ്ങനെ അവിടെ വെള്ളം ചൂടായിയെന്നും അങ്ങനെ ചൂടും തണുപ്പും ചേർന്ന വെള്ളത്തിലാണ് യേശുതമ്പുരാൻ മാമോദീസാ മുങ്ങിയതെന്നുമാണ് ആ കഥ. അന്നുമുതൽ സാത്താൻ ആ കല്ലന്വേഷിച്ച് സകല ജലാശയങ്ങളിലും ഓടിനടക്കുകയാണത്രേ!

മാമോദീസാ സമയത്ത് കുഞ്ഞിനെ കൈയിലെടുത്തു പിടിക്കുവാൻ ആവശ്യത്തിനു വലിപ്പമുള്ള വെളുത്ത ഒരു ടൗവ്വലും അതേപോലെ സ്നാനത്തിനുശേഷം കുഞ്ഞിനെ കൈകളിൽ സ്വീകരിക്കുവാൻ മറ്റൊരു വെളുത്ത ടൗവ്വലും കരുതിയിരിക്കണം. സ്നാനത്തിനുശേഷം കുഞ്ഞിനെ എടുത്തിരിക്കുന്ന ടൗവ്വൽകൊണ്ടുതന്നെ തലയും ശരീരവും തോർത്താവുന്നതാണ്; മറ്റൊരു തുണികൊണ്ട് തോർത്തുന്നതിനും കുഴപ്പമില്ല. കൂദാശാനന്തരം പുരോഹിതൻ നൽകുന്ന ഉപദേശങ്ങൾക്കനുസരിച്ച് മാതാപിതാക്കളും തലതൊടുന്നയാളും പ്രവർത്തിക്കണം. ആദിമകാലത്ത് മാമ്മോദീസാ മുങ്ങി വിശുദ്ധ സഭയോടു ചേർക്കപ്പെട്ടവരെ വിശുദ്ധർ എന്നാണ് വിളിച്ചിരുന്നത് (1.കൊരിന്ത്യർ 1:2). അതുകൊണ്ടുതന്നെ കർത്താവിന്റെ വിശുദ്ധന്മാരുടെ സഭയിൽ ചേർക്കപ്പെടാൻ ഒരുക്കപ്പെടുകയും സ്വർഗ്ഗത്തിൽ പേരെഴുതപ്പെടുകയും ചെയ്ത കുഞ്ഞിന് ആ പരിരക്ഷ നൽകുവാൻ മുതിർന്നവർ കടപ്പെട്ടവരാണ്. തിരിച്ചറിവാകാത്ത കുഞ്ഞിന്റെ ആത്മീക വളർച്ചയുടെ ഉത്തരവാദിത്വം അവർക്കുള്ളതാകുന്നു.

ചില പ്രദേശങ്ങളിലുള്ള സുറിയാനിക്കാരുടെയിടയിൽ ഇരുപത്തിയെട്ടു കെട്ടുക, അന്നേ ദിവസം കുഞ്ഞിനു പേര് വിളിക്കുക എന്നൊക്കെയുള്ള ചില ചടങ്ങുകൾ നടത്തുന്നതായി കേട്ടിട്ടുണ്ട്. ജനിച്ച് ഇരുപത്തിയെട്ടാം ദിവസം ഒരു കറുത്ത ചരട് കുഞ്ഞുങ്ങളുടെ അരയിൽ കെട്ടുന്നു. അത് സിറിയൻ ഓർത്തഡോക്സ് വിശ്വാസമോ പാരമ്പര്യമോ അല്ല; ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ചില കേരളീയ സമുദായങ്ങൾ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു ചടങ്ങാണത്. അതിന് വിവിധങ്ങളായ വ്യാഖ്യാനങ്ങളുമുണ്ട്. ഒരു കുഞ്ഞ് ജനിക്കുന്നത് അശ്വതി നക്ഷത്രത്തിലാണെങ്കിൽ രേവതി വരെയുള്ള ഇരുപത്തിയേഴു ദിവസം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം വീണ്ടും അശ്വതി വരും. അതിന് 'പക്കപ്പിറന്നാൾ' എന്നു പറയും. എല്ലാ മാസവും ഈ പക്കപ്പിറന്നാൾ ഉണ്ട്. അന്നേ ദിവസം അവർ അവരുടെ ആരാധനാലയങ്ങളിൽ പോയി വഴിപാടു കഴിക്കുന്ന ഒരു രീതിയുണ്ട് (Available at <https://www.youtube.com/watch?v=CJ4iYUZAnm8> as on 30.11.2017). ഇരുപത്തിയെട്ടു കെട്ടുക എന്നാണ് പറയുന്നതെങ്കിലും പെൺകുട്ടികൾക്ക് ഇരുപത്തിയേഴാം ദിവസവും ആൺകുട്ടികൾക്ക് ഇരുപത്തിയൊമ്പതാം ദിവസവുമാണ് ചരടു കെട്ടുന്നത്. ആ ദിവസങ്ങളിൽ അങ്ങനെ ചെയ്യുന്നതും പേരു വിളിക്കുന്നതും ജ്യോതിഷപരമായി ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു. വിശുദ്ധ വേദപുസ്തകം ജ്യോതിഷത്തെ തീർത്തും വർജ്ജിക്കണമെന്നു പറയുമ്പോൾ (ലേവ്യർ 19:26; യെശയ്യാവ്‌ 47:13-15; മീഖാ 5:12) അതിനെ വിശ്വസിക്കുന്നവർക്ക് ജ്യോതിഷത്തിൽ എന്തു കാര്യം? എല്ലാം ദൈവം നടത്തുന്നു എന്നു വിശ്വസിക്കുന്നവർക്ക് ജ്യോതിഷത്തെ എങ്ങനെ സ്വീകരിക്കാൻ കഴിയും? രണ്ടും കൂടി സ്വീകരിക്കുന്നത് കാപട്യമാണ്. ഒരാൾക്ക് ഒരു വിശ്വാസമേ പാടുള്ളൂ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സംഗീതം എന്ന ഔഷധം. Music Therapy
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • എന്താണ് ഗൂദാ?
  • സ്തൗമെൻകാലോസ്.
  • ഏഴാം പോസൂക്കോ
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ത്രിത്വം.
  • Church Fathers Memorial Day
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • കടമറ്റത്ത് കത്തനാർ.
  • പെസഹ അപ്പവും & പാലും
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ഊറാറ ചുറ്റിയ കുരിശ്.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ക്നാനായകാർ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ആരാണു നിന്റെ സുഹൃത്ത്
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ആരാണ് നമ്മുടെ ദൈവം?
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • നോമ്പ്.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • എല്ലാ മഹത്വവും ദൈവത്തിന്
  • നരകം. (Hell)
  • നാശം വിതച്ച ആസക്തികൾ
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • സുറിയാനി സഭയും കൊന്തയും.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • വിശുദ്ധ മദ്ബഹാ.
  • പുതുഞായറാഴ്ച
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കല്ലേറ്
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved