പരിശുദ്ധാത്മാവിന്റെ അഭിഷേകമായ വി.മൂറോനാൽ റൂശ്മാ ചെയ്യപ്പെട്ട നെറ്റിത്തടങ്ങളില്‍, മറ്റൊരു ചിഹ്നവും അനുവദിച്ചിട്ടില്ല. വിജാതിയ ദേവന്മാരുടെയും ദേവതകളുടെയും 'ട്രേഡ്മാര്‍ക്ക്' ആണ് നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍. ഇതിനെ അനുകരിച്ച് പൊട്ടുകുത്തി നടക്കുന്ന 'ക്രിസ്ത്യാനികള്‍' ഓര്‍ക്കുക; നിങ്ങളുടെ നെറ്റിയില്‍ കര്‍ത്താവിന്‍റെ സ്ലീബായുടെ അഭിഷേകമുണ്ട്. കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്. പൊട്ട് ഒരലങ്കാരം മാത്രമാണെന്ന് ആരും ധരിക്കരുത്. അതിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. നെറ്റിയിലും കഴുത്തിലും മൂര്‍ദ്ധാവിലും എല്ലാം തൊടുന്ന പൊട്ടുകള്‍ക്ക് ഓരോ അടയാളങ്ങളാണുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ മറ്റുള്ളവരെ അനുകരിക്കുന്നവരും ദൈവവചനത്തിന് എതിരായ പാപത്തിലാണ്. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അത് നിര്‍ബന്ധിച്ചു" (വെളി:13;16). എന്നാല്‍, കര്‍ത്താവിനോടൊപ്പം ഉള്ളവരെ വചനം വെളിപ്പെടുത്തുന്നു; "അവരുടെ നെറ്റിയില്‍ അവന്‍റെ നാമവും അവന്‍റെ പിതാവിന്‍റെ നാമവും എഴുതിയിട്ടുണ്ട്" (വെളി:14;1). ഇനി ഒന്നു കൂടി ശ്രദ്ധിക്കുക; "ആരെങ്കിലും മൃഗത്തെയോ (സാത്താനും അന്യദേവന്മാരും) അതിന്‍റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്‍റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്‍റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും". (വെളി:14;9,10).
വിശുദ്ധ മൂറോനിൽ കർത്താവിൻ്റെ രക്തത്തിൻ്റെ അംശം ഉണ്ടന്നത് പാരമ്പര്യ വിശ്വാസമാണ്. കർത്താവിനെ കബറടക്കത്തിന് പൊതിഞ്ഞ കേത്താന ശീലയും സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ശിഷ്യന്മാരാണ് ഒലിവെണ്ണയിൽ തിളപ്പിച്ച് മൂറോൻ ആദ്യം ഉണ്ടാക്കിയത് അതിൻ്റെ പകർപ്പ് ചേർത്താണ് ഇന്നും മൂറോൻ കൂദാശ ചെയ്യുന്നത്. യഹൂദരുടെ പാരമ്പര്യം അനുസരിച്ച് ഒരാൾ പുരോഹിതനോ രാജാവോ ആകണമെങ്കിൽ അഭിഷേക തൈലം ആവശ്യമാണ്. പുതിയ നിയമത്തിൽ പുതിയ യിസ്രയേലായ നാം രാജകീയ പുരോഹിത വർഗ്ഗമാകണം എങ്കിൽ, വെളിപ്പാട് പുസ്തകം പറയുന്നത് പോലെ കുഞ്ഞാടിൻ്റെ രക്തത്താൽ മുദ്രയിടണം. അതുകൊണ്ടാണ് സ്ത്രീകൾ പൊട്ട് തൊടാനോ സിന്ദൂരം ചാർത്താനോ അനുവദിക്കാത്ത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.