പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസം അനുസരിച്ച് ശുദ്ധമുള്ള ഉയിർപ്പ് പെരുന്നാൾ മുതൽ പെന്തകോസ്തിവരെയുള്ള ദിവസങ്ങളിൽ നാം പാർക്കുന്നതായ ഭവനങ്ങൾ ശുദ്ധീകരിക്കുക പതിവാണ്. സ്വർഗ്ഗീയ കനാനിലേക്ക് തന്റെ മണവാളനോടൊത്ത് യാത്രചെയ്യുവാൻ തയ്യാറായി നിൽക്കുന്ന മണവാട്ടിയുടെ യാത്രാ സന്നദ്ധതയായി പരിശുദ്ധ സഭ ഈ കർമ്മത്തെ വിശേഷിപ്പിക്കുന്നു.
പുറപ്പാട് 12:6-7.
ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽ സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
12:13. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
മേല്പറഞ്ഞ വേദഭാഗം സൂചിപ്പിക്കുന്നതുപോലെ നിന്റെ ഭവനത്തിലേക്ക് സംഹാരകൻ കടക്കാതെ മരണത്തെ ജയിച്ച ജയമേറിയ വിശുദ്ധ സ്ലീബായുടെ അടയാളത്താൽ കൈവെപ്പുള്ള പട്ടക്കാരനാൽ ഈ കർമ്മം സഭ നടത്തിക്കൊടുക്കുന്നു.
ശാസ്ത്രീയമായി ചിന്തിച്ചാലും നാം അധിവസിക്കുന്ന ഭവനത്തിൽ ഉരുത്തിരിയുന്ന നിക്ഷേദാത്മക ഊർജ്ജം (നെഗറ്റീവ് എനർജ്ജി) ഈ കർമ്മം വഴി (അതായത് പ്രാർത്ഥന, സുഗന്ധ ധൂപം, ദീപം തെളിക്കൽ) ക്രിയാത്മക ഊർജ്ജത്തിനു (പോസിറ്റീവ് എനർജ്ജി) വഴിമാറുന്നു. ഈ മാറ്റം കുടുംബ സമാധാനത്തിനും അതു വഴി കുടുംബാംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും അതിലൂടെ ജീവിതാഭിവൃത്തിക്കും കാരണമാകുന്നു.
പ്രവാസ ജീവിതം നയിക്കുന്ന പല സഹോദരങ്ങളും ചിന്തിക്കുന്നത് ഈ വക കാര്യങ്ങളൊക്കെ കേരളത്തിലെ കുടുംബ വീടുകൾക്ക് മാത്രം ബാധകമാണെന്നാണ്. ഇത് വളരെ തെറ്റായ ചിന്താഗതിയാണ്.
സങ്കീർത്തനങ്ങൾ 119:54. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
നീ എവിടെ പാർക്കുകിലും നിന്റെ നാഥനോട് ചേർന്നു വസിക്കിക എന്നതാണ് കാമ്യം. തന്നെയുമല്ല പഴയ നിയമ യിസ്രായേലിന്റെ പ്രയാണകാലത്ത് ക്ഷുദ്രക്കാരായ ജനതതിയെ ഭയന്ന യിസ്രായേൽ മക്കൾക്കായി പ്രവാചക ശ്രേഷ്ഠനായ മോശ രചിച്ച പ്രാർത്ഥനയാണ് നാം നമ്മുടെ ശയന നമസ്കാരത്തിൽ നിത്യവും ഏറ്റുചൊല്ലുന്ന 91-ാം മസ്മൂറ.
സങ്കീർത്തനങ്ങൾ 91:9-12.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
ആകയാൽ നീ അധിവസിക്കുന്നത് കൂടാരമാകിലും കൊട്ടാരമാകിലും ആണ്ടിലൊരിക്കൽ അത് ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. ഇത് സഭയുടെ പാരമ്പര്യമാണ്. നമ്മുടെ ജീവിതാഭിവൃത്തിക്കായി ദൈവം കല്പിച്ചു നൽകിയ കൃപാദാനമാണ്. മറന്നു പോകാതെ ഈ കാലയളവിൽ ഭവന ശുദ്ധീകരണം നടത്തി അനുഗ്രഹം പ്രാപിക്കുക.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.