പരിശുദ്ധ അന്ത്യോഖ്യാ സഭയുടെ മൂന്നാം പാത്രിയർക്കീസായിരുന്ന അഗ്നിമയനായ വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയെക്കുറിച്ചും, ചുരുക്കമായെങ്കിലും, നാം അറിഞ്ഞിരിക്കേണ്ടതാണ്.
നമ്മുടെ കർത്താവ് തന്റെ തൃക്കൈകളിലെടുത്ത്, വിനയത്തിനും, ഹൃദയശുദ്ധിക്കും ദൃഷ്ടാന്തമായിക്കാണിച്ച പൈതൽ ഇദ്ദേഹമായിരുന്നു.
യേശു വന്നു വീട്ടിലിരിക്കുമ്പോൾ ഒരു പൈതലിനെ എടുത്ത് അവരുടെ നടുവിൽ നിറുത്തി അവരോട് "എന്റെ നാമത്തിൽ ഈ പൈതലിനെപ്പോലുള്ള ഒരുവനെ കൈക്കൊള്ളുന്നവനാരോ, അവൻ എന്നെയാണ് കൈക്കൊള്ളുന്നത്. എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല, എന്നെ അയച്ചവനെയാണ് കൈക്കൊള്ളുന്നത്". (വി. മർക്കോസ് 9:37) നിങ്ങൾ മനസുതിരിഞ്ഞ് പൈതങ്ങളെപ്പോലെയായിത്തീരുകയില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ലെന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ പൈതലിനെപ്പോലെ തന്നത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനായിരിക്കും" എന്നു കല്പിച്ചു. (വി.മത്തായി 18:3,4)
നമ്മുടെ കർത്താവു മാതൃകയായി തിരഞ്ഞെടുത്ത ഈ പൈതലാണ് പിൽക്കാലത്ത് അന്ത്യോഖ്യയിലെ തൃതീയ പാത്രിയർക്കീസായ മോർ ഇഗ്നാത്തിയോസ് ആയിത്തീർന്നത്. ശ്ലീഹന്മാരിൽ തലവനായ പത്രോസ് ശ്ലീഹാ ക്രി.വ 37 - ൽ അന്ത്യോഖ്യായിൽ തന്റെ സിംഹാസനം സ്ഥാപിച്ച് സഭയുടെ മേലദ്ധ്യക്ഷനായിരുന്ന് ഭരണം നടത്തിയശേഷം റോമിലേക്കു പോകുന്നതിനു മുമ്പ് തന്റെ പിൻഗാമികളായി A.D.60-ൽ വിശുദ്ധ ഏവദ്യോസിനെയും, മോർ ഇഗ്നാത്തിയോസിനെയും വാഴിച്ചാക്കി. റോമിൽ വച്ച് പത്രോസ് A.D 67-ലും, A.D.68-ൽ വിശുദ്ധ ഏവദ്യോസും, സാക്ഷിമരണം പ്രാപിച്ച ശേഷം A.D.68 മുതൽ A.D.107 വരെ ഈ വിശുദ്ധനായിരുന്നു അന്ത്യോഖ്യാ സിംഹാസനാധിപനായിരുന്നത്. എന്നാൽ A.D.107-ൽ റോമൻ ചക്രവർത്തി ട്രാജന്റെ കല്പനയാൽ വിശുദ്ധ പിതാവിനെ അന്ത്യോഖ്യയിൽ വച്ച് ബന്ധനസ്ഥനാക്കുകയും, വിലങ്ങണിയിച്ച് അന്ത്യോഖ്യയിൽ നിന്നും, കടൽ വഴിയും, കരവഴിയും അനേക ദിവസങ്ങൾ യാത്രചെയ്യിച്ച്, കൊടിയ ദണ്ഡനങ്ങൾക്കും, പീഢനങ്ങൾക്കുമൊടുവിൽ, റോമിലെ കൊളോസിയത്തിൽ വിശന്നിരുന്ന സിംഹങ്ങൾക്കു ഭക്ഷണമായി ഇട്ടുകൊടുക്കുകയും, ധീര രക്തസാക്ഷിത്വം പ്രാപിക്കുകയും ചെയ്തു.
പ്രാചീന റോമിലെ ഭരണകർത്താക്കൾ അക്രൈസ്തവരായിരുന്നു. ജനങ്ങൾ ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ല. (റോമർ.1,13) ആദ്യ നൂറ്റാണ്ടുകളിൽ റോം ഭരിച്ചിരുന്ന ചക്രവർത്തിമാർ ക്രിസ്തുവിനെയും, തന്റെ ശ്ലീഹന്മാർ, അപ്പോസ്തോലന്മാർ, പതിനായിരക്കണക്കിന്, അന്ത്യോഖ്യാ സഭാംഗങ്ങളെയെല്ലാം അതിക്രൂരമായി പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തു വന്നിരുന്നു. (കൈസറിനു ശേഷം, നീറോ, ട്രാജൻ, ഡയോക്ലീഷൻ, അദ്രിയാൻ, അന്റണിന്നൂസ്, വലേറിയൻ തുടങ്ങി നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം വരേക്കും ഈ പീഢ തുടർന്നു. കോൺസ്റ്റന്റയിൻ ക്രിസ്തു മതം സ്വീകരിക്കുകയും, A.D.325-ൽ ഒരു സുന്നഹദോസ് കൂടുവാൻ അനുമതി ലഭിക്കുകയും ചെയ്തു. അതാണ് നിഖ്യാ സുന്നഹദോസ്. അന്തോഖ്യാ സഭയുടെ പാത്രിയർക്കീസായിരുന്നു വിശുദ്ധ ഒസ്താത്തോവസായിരുന്നു സുന്നഹദോസ് അദ്ധ്യക്ഷൻ. പീഡമൂലം, കയ്യും, കാലും, കണ്ണും നഷ്ടപ്പെട്ടവരും, ഒളിവിൽ കഴിഞ്ഞിരുന്ന വിശുദ്ധ പിതാക്കന്മാരും ആ സുന്നഹദോസിൽ സംബന്ധിച്ചിരുന്നു). യേശു ജനിച്ചത് ഏഷ്യാ ഭൂഖണ്ഡത്തിൽപ്പെട്ട ബേത്ലഹേമിലായിരുന്നു. തൻ്റെ ഐഹിക പ്രവർത്തനവും പ്രവർത്തന മേഖലകളും യെറുശലേമിലും, കഫർന്ന ഹോമിലും, ബെഥന്യയിലും, യഹൂദിയായിലും, ശമറിയായിലും, ഗലീലിയായിലും പരിസര പ്രദേശങ്ങളിലുമായിരുന്നു. മറ്റുരാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ യേശു യാത്ര ചെയ്തതായോ പ്രവർത്തിച്ചതായോ നാം വായിക്കുന്നില്ല. താൻ ശിഷ്യന്മാരായി തിരഞ്ഞെടുത്തവരും ഗലീലിയാക്കടലിൽ മത്സ്യം പിടിച്ചു ജീവിച്ചിരുന്നവരും അതേ പ്രദേശങ്ങളിലുള്ള സാധാരണക്കാരുമായിരുന്നു. അതിനാൽ തൻ്റെ സഭയും അതേ പ്രദേശത്തുള്ള അന്ത്യോഖ്യയിൽ നിന്നാണ് ആരംഭം കുറിച്ചത്. (അ.പ്ര,14:25,26,) (11;26) അന്ത്യോഖ്യായിൽ ക്രിസ്തുമതം ആരംഭിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴാണ് അന്നറിയപ്പെട്ടിരുന്ന മറ്റു പല രാജ്യങ്ങളിലും തൻ്റെ ശിഷ്യന്മാരും, അപ്പോസ്തോലന്മാരും, അറിയിപ്പുകാരും വഴി സഭ മറ്റു രാജ്യങ്ങളിലേക്കു വ്യാപിച്ചത്. കർത്തൃകല്പന പ്രകാരം പത്രോസ് ശ്ലീഹായാൽ ലോകത്താദ്യമായി സ്ഥാപിതമായ ഏഷ്യയിലെ ഈ അന്ത്യോഖ്യാ സഭയുടെ ഭാഗമാണ് വെളിപാട് 1, 2 അദ്ധ്യായങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്ന ASIA - ആസിയാ - യിലെ 7 കോൺഗ്രിഗേഷൻ. (Refer English Translation from Peshitta version by George.A.Kiraz) എന്നാൽ അതോടൊപ്പംതന്നെ ക്രിസ്തുവിന്റെ അനുയായികൾക്കും വലിയ പീഡയേൽക്കേണ്ടതായും വന്നു.
വിശുദ്ധ പിതാവിന്റെ ലേഖനങ്ങളിൽ അദ്ദേഹം "ദൈവവാഹകൻ" എന്നർത്ഥമുള്ള തിയോഫോറസ്സ് എന്ന യവനായ നാമം സ്വീകരിച്ചതായി പറയുന്നു. സുറിയാനി ഭാഷയിൽ നൂറോനോ എന്ന പദത്തിനും, ഗ്രീക്കുഭാഷയിൽ, ഇഗ്നാത്യോസ് എന്ന പദത്തിനും അഗ്നിമയൻ എന്നാണർത്ഥം. കത്തിജ്വലിക്കുന്ന അഗ്നിക്ക് ലത്തീനിൽ (Ignem) എന്നു പറയുന്നു. മ്‌ശിഹാതമ്പുരാന്റെ ജനനകാലത്ത് റോമ്മാ ചക്രവർത്തിയായിരുന്നത് ആഗസ്റ്റസ് കൈസർ ആയിരുന്നു. ശേഷം ക്രൂരനായ ക്ലോദിയസ് നീറോയുടെ ഭരണകാലത്ത് A.D. 54 മുതൽ 68 വരെ (പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം ഈ കാലത്താണ്) അനേകായിരം ക്രിസ്ത്യാനികളെ പലവിധ ക്രൂരമായ പീഡകളാൽ നിഷ്ക്കരുണം വധിക്കുകയും ചെയ്തു. നീറോയുടെ പൗത്രനായിരുന്നു ട്രാജൻ. ക്രൂരനായ ഈ ഭരണാധികാരി A.D.107-ൽ റോമിൽ നിന്ന് അന്ത്യോഖ്യയിൽ എത്തുകയും അവിടെ നിന്നും ഇഗ്നാത്തിയോസിനെ റോമൻ ജനതയുടെ വിനോദസ്ഥലമായ റോമിലെ കൊളോസിയത്തിൽ വിശക്കുന്ന സിംഹങ്ങളുടെ മമ്പിലേക്ക് എറിഞ്ഞു കൊടുക്കുവാൻ വിധി കല്പക്കുകയും ചെയ്തു. അന്ത്യോഖ്യയിൽ വന്ന് ഈ വിശുദ്ധ പിതാവിനെ ചങ്ങലയ്ക്കിട്ട് ആ കാലത്ത് ആയിരത്തില്പരം മൈലുകൾ കടലുകളും കരകളും താണ്ടി, ക്രൂരമായി മർദ്ദിച്ചുകൊണ്ട് ദീർഘദൂരം യാത്ര ചെയ്യിച്ചാണ് റോമിലെ കൊളോസിയത്തിൽ കൊണ്ടുപോയി സിംഹത്തിനു ഭക്ഷണമാക്കിയത്. റോമൻ ജനതയെ വിനോദിപ്പിക്കുവാൻ ട്രാജൻ ഇപ്രകാരം ചെയതുവെങ്കിൽ ഇതുപോലെയുള്ള ക്രൂരമായ ദണ്ഡനങ്ങളും, പീഡകളും, രക്തസാക്ഷിത്വവുമാണ് സഭയുടെ ഇന്നോളമുള്ള വളർച്ചക്ക് വളവും, വെള്ളവുമായിത്തീർന്നതെന്നതാണു സത്യം.
അന്ത്യോഖ്യാ സഭയുടെ മൂന്നാമത്തെ പാത്രിയർക്കീസ് (A.D.67-107) ആയിരുന്ന മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ധീര രക്തസാക്ഷ്യത്തിനു മുമ്പു നടന്ന സംഭവങ്ങളും, റോമിലേക്കുള്ള യാത്രയും. പുരാതന റോമാ സാമ്രാജ്യഭരണാധികാരികൾ അന്ത്യോഖ്യാ സഭയെ അതിക്രൂരമായി പീഢിപ്പിച്ചു കൊണ്ടിരുന്നവരായിരുന്നു. അതിൽ ക്രിസ്തുവിന്റെ സഭയെ വളരെയധികം പീഡിപ്പിച്ച അവിശ്വാസിയായ ഭരണാധിപന്മാരിൽ പ്രമുഖൻ നീറോ (A.D.54-68) ആയിരുന്നു. റോമാ പട്ടണം ചുട്ടെരിക്കുവാൻ അയാൾ തന്റെ സേവകരോട് ആജ്ഞാപിക്കയും, തദനുസരണം അവർ തീ വെക്കുകയും ആറു ദിവസത്തോളം പട്ടണം കത്തിയെരിഞ്ഞു നശിക്കുകയും ചെയ്തു. ഈ തീവെപ്പ് ക്രിസ്ത്യാനികളുടെമേൽ ആരോപിച്ച് അവരെ പീഢിപ്പിക്കുവാൻ തുടങ്ങി. നീറോ ഈ കാഴ്ച കണ്ടു വീണ വായിച്ചു രസിച്ചു എന്ന് പറയപ്പെടുന്നു. ടാസിറ്റസ് എന്ന ഒരു ദൃക്സാക്ഷി അതേപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ചില ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തുകലിൽ പൊതിഞ്ഞ് കടിച്ചു കീറേണ്ടതിനായി നായ്ക്കളുടെ മുമ്പിൽ ഇട്ടു. മറ്റു ചിലരെ അരക്കിൽ മുക്കിയ വസ്ത്രം ധരിപ്പിച്ചു വൃക്ഷങ്ങളിൽ തൂക്കി രാത്രിയിൽ പന്തം പോലെ കത്തിക്കുകയും ചെയ്തു. മനുഷ്യ സങ്കല്പാതീതമായ വിധം ഭയങ്കരവും ക്രൂരവും, നിന്ദ്യവുമായ കൃത്യങ്ങൾ നീറോ ചെയ്തു. ഈ പീഡ A.D.68 വരെ നീണ്ടു നിന്നു. ഈ കാലഘട്ടത്തിലായിരുന്നു വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം. ക്രൂരനായ നീറോയിക്കു ശേഷം A.D.81 മുതൽ 96 വരെയുള്ള കാലഘട്ടത്തിൽ റോം ഭരിച്ചിരുന്ന ഡൊമീഷ്യന്റെ കാലത്തും, ഈ പീഡകൾ തുടർന്നു. ശേഷം A.D.98 മുതൽ A.D.117 വരെ ഭരണം നടത്തിയ ട്രാജന്റെ കാലത്തായിരുന്നു വിശുദ്ധ ഇഗ്നാത്തിയോസിന്റെ രക്തസാക്ഷിത്വം. അത് എ.ഡി.107-ലായിരുന്നു. ട്രാജൻ പല രാജ്യങ്ങളെയും യുദ്ധത്തിൽ പരാജയപ്പെടുത്തി ദിഗ്‌വിജയം നടത്തി അന്ത്യോഖ്യയിൽ എത്തുകയും, അയാളുടെ ദേവന്മാരെയും, മിഥ്യാമൂർത്തികളെയും എല്ലാവരും നമസ്ക്കരിക്കണമെന്നും, അല്ലാത്തവരെ മൃത്യുവിനിരയാക്കുമെന്നും വിളംബരം ചെയ്തു. എന്നാൽ ക്രിസ്ത്യാനികളുടെ, അന്ത്യോഖ്യ സഭയുടെ തലവനായി മോർ ഇഗ്നാത്തിയോസ് അവിടെയുണ്ടെന്നറിഞ്ഞ് മോർ ഇഗ്നാത്തിയോസിനെ വിസ്തരിക്കുവാൻ അയാൾ കല്പനയായി. തുടർന്ന് ട്രാജൻ പിതാവുമായി ഒരു സംവാദത്തിൽ ഏർപ്പെടുകയും താൻ ക്രിസ്തുവിനെ വഹിച്ചിരിക്കുന്നവനാണെന്നും, തന്റെ വിശ്വാസത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്നറിയിക്കുകയും, കോപിഷ്ടനായ ട്രാജൻ "കുരിശിൽ തറക്കപ്പെട്ടവനെ സർവ്വാംഗം ധരിച്ചിരിക്കുന്നു എന്നുപറയുന്നവനായ ഇഗ്നാത്തിയോസിനെ വിലങ്ങുവച്ചു പട്ടാള അകമ്പടിയോടുകൂടി മഹാ പട്ടണമായ റോമ്മായിലേക്ക് കൊണ്ടുപോകണമെന്നും അവിടെ അവനെ കാട്ടുമൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കണമെന്നും നമ്മുടെ പ്രജകൾ അവനു സംഭവിക്കുന്ന ആപത്തു കണ്ടു ഉല്ലസിക്കണമെന്നും ഞാനിതാ തീർപ്പ് കല്പിക്കുന്നു" എന്നും പറഞ്ഞു.
പരിശുദ്ധ പിതാവാകട്ടെ, ഈ ശിക്ഷാവിധി ശ്രവിച്ച ഉടൻതന്നെ മഹാ സന്തോഷത്തോടെ ഇപ്രകാരം അട്ടഹസിച്ചു പറഞ്ഞു "കർത്താവേ! നിന്റെ സമ്പൂർണ്ണ സ്നേഹത്തിന് എന്നെ സർവഥാ യോഗ്യനാക്കുകയും നിന്റെ ശ്ലീഹായായ പൗലോസിന്റെ ബന്ധങ്ങൾക്ക് എന്നെ അനുവദിച്ച് ഇരുമ്പു ശൃംഖലകളാൽ ഞാൻ ബന്ധിക്കപ്പെടുകയും ചെയ്തതിനായി ഞാൻ നിന്നെ സ്തുതിക്കുന്നു". എന്ന് പറയുകയാണ് ഉണ്ടായത്. പരിശുദ്ധ പിതാവ് ആഹ്ലാദത്തോടെ നിലത്തു മുട്ടുകുത്തി ശൃംഖലകളെ ചുംബിച്ചുകൊണ്ട് അവ സ്വീകരിക്കുകയും സ്വസഭയെ മശിഹയിൽ ഭരമേല്പിച്ച് തന്റെ സഭയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു.
റോമിലേക്കുള്ള യാത്രയും അന്ത്യവും.
വിശുദ്ധ പിതാവ് മഹാ സന്തോഷത്തോടെ സമുചിതമായ ഒരുക്കത്തോടു കൂടി മ്ശിഹായ്ക്കു വേണ്ടി പീഡകളും മരണവും സഹിപ്പാൻ വിലങ്ങ് അണിയപ്പെട്ട് സന്നദ്ധനായി. പിന്നീട് ഒരിക്കലും തന്നെ കാണ്മാൻ സൗകര്യപ്പെടാതെ വരുന്നതിനാൽ അന്ത്യ ദർശനത്തിനായി സ്വജനമാകുന്ന അജഗണം ദുഃഖ പാരവശ്യത്തോടെ തന്റെ ദിവ്യ മുഖത്തേക്ക് നോക്കി. വിശുദ്ധ പിതാവാകട്ടെ മരണശിക്ഷയിൽ നിന്നും മുക്തനാകുന്നതിതിനുവേണ്ടി ആഗ്രഹിക്കുകയോ, അധികൃതസ്ഥാനങ്ങളിൽ അഭ്യർത്ഥിക്കുകയോ ചെയ്തില്ല. വധശിക്ഷ അനുഭവിക്കുന്നതായി റോമിലേക്ക് പുറപ്പെടാൻ അദ്ദേഹം സന്നദ്ധനായി. ട്രാജൻ ചക്രവർത്തിയുടെ കാലത്ത് ഈ ദൃശ്യങ്ങളായ ശിക്ഷകൾ അസാധാരണങ്ങളല്ലായിരുന്നു. റോമിലെ ഫ്ലാവിയൻ രംഗസ്ഥലത്ത് നടത്തിക്കൊണ്ടിരുന്ന വിവിധ വിനോദ വിക്രിയകൾ ഏതൊരു മനുഷ്യനെയും ദുഃഖ സാഗരത്തിൽ നിപതിപ്പിക്കുന്നവയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ വ്യാപ്തിയും അധികാര ദുഷ്പ്രഭുത്വവും, അവയെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. മനുഷ്യർ തമ്മിലും മൃഗങ്ങൾ തമ്മിലും മനുഷ്യരും, മൃഗങ്ങളും തമ്മിലും നടത്തിയ മല്പിടുത്തങ്ങളും പോരാട്ടങ്ങളും ദ്വന്ദയുദ്ധങ്ങളും രക്തച്ചൊരിച്ചിലും, ഭയങ്കര മരണങ്ങളും, പ്രേക്ഷകരായ റോമാ നഗരവാസികൾക്ക് അമിതമായ വിനോദവും, അവാച്യമായ ആനന്ദാനുഭൂതിയും നൽകിയിരുന്നു. വൃദ്ധനായ വിശുദ്ധ പിതാവിനെ നിഗ്രഹിക്കുവാൻ ഇത്രയധികം ദൂരം താണ്ടി റോമിലേക്കയച്ചതിന്റെ കാരണം ഇവയൊക്കെയായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.
വിശുദ്ധ പിതാവിനെ അന്ത്യോഖ്യയിൽ നിന്ന് 16 മൈൽ നടത്തി സിറിയൻ രാജ്യത്തുള്ള സെലൂക്ക്യ തുറമുഖത്തെത്തിക്കുകയും, അവിടെ നിന്ന് റോമിലേക്ക് കപ്പൽ മാർഗ്ഗം യാത്ര തുടരുകയും ചെയ്തു. വിശുദ്ധ പിതാവാകട്ടെ തന്നെ മടിയിലെടുത്തുവച്ച് താലോലിച്ച തന്റെ നാഥന്റെ സവിധത്തിലണയാനുള്ള പാരവശ്യത്താൽ ഏറെ സന്തോഷവനായി കാണപ്പെട്ടു.
വിശുദ്ധ പിതാവിനെ അന്ത്യോഖ്യായിൽ നിന്ന് 16 മൈൽ അകലെയുള്ള സെലൂക്യ തുറമുഖത്ത് കരമാർഗ്ഗംകൊണ്ടു പോയി. അവിടെ നിന്നും കപ്പൽ മാർഗ്ഗം സ്മർണാ തുറമുഖത്ത് എത്തിച്ചു. കാറ്റ് അനുകൂലമല്ലാത്തതിനാൽ അവിടെ താമസിച്ചു. യാത്രയിൽ വിശുദ്ധ പിതാവിനെ ഇരുമ്പു കഷണങ്ങൾ കെട്ടിയ ചാട്ടകൊണ്ട് അടിക്കുകയും, ഇരുമ്പു ചൂണ്ടകളാൽ മാംസം വലിച്ചു കീറുകയും, കൂർത്ത കല്ലുകളാൽ ദേഹമാസകലം ഉരയ്ക്കുകയും, മുറിവുകളിൽ ഉപ്പുനീരൊഴിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഭക്ഷണമോ, വെള്ളമോ ആവശ്യത്തിനു നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ ചുണ്ടുകൾ ഉണങ്ങി വരണ്ടിരുന്നെങ്കിലും, യേശുക്രിസ്തുവിന്റെ മധുരമനോഹര തിരുനാമം അദ്ദേഹം സദാ ഉരുവിട്ടു കൊണ്ടിരുന്നു.
വിവരം അറിഞ്ഞ് വിശുദ്ധ പിതാവിനെക്കണ്ട് അനുഗ്രഹം പ്രാപിപ്പാൻ അനേകം വിശ്വാസികൾ ഓടിക്കൂടി. അദ്ദേഹത്തിന്റെ സ്ഥിതികണ്ട് അവർ അലമുറയിട്ടു നിലവിളിച്ചു. അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്ന വിശുദ്ധ പോളിക്കാർപ്പസും (ആസിയായിലെ സഭകൾ എന്നു പറയുന്ന ASIA മൈനറിൽപ്പെട്ട സ്ഥലങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്നു. Refer. വെളിപ്പാട് അദ്ധ്യായം.1) അവിടെയെത്തി. തന്നെപ്പോലെ അദ്ദേഹത്തിനും യേശുവിനുവേണ്ടി രക്തസാക്ഷിത്വം പ്രാപിപ്പാൻ ഭാഗ്യമുണ്ടാകുമെന്ന് വിശുദ്ധ പിതാവ് അറിയിച്ചു. മുപ്പതു വർഷങ്ങൾക്കുശേഷം വിശുദ്ധ പോളിക്കാർപ്പ് അഗ്നിയിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയായി
വിശുദ്ധ പിതാവിനെ അവിടെ നിന്നും പൗലോസ് ശ്ലീഹായെ കൊണ്ടുപോയതായ ട്‌റോവാസിലേക്കു കൊണ്ടുപോകുകയും, റോമിന് 19 മൈൽ അകലെയുള്ള ഒരു തുറമുഖത്തിറക്കി അവിടെനിന്നും നടത്തി അനേകം റോമൻ കുതിരപ്പട്ടാളക്കാരുടെ അകമ്പടിയാൽ രംഗസ്ഥലത്ത് (Colosseum) എത്തിക്കുകയും, അദ്ദേഹം പ്രതീക്ഷിച്ചിരുന്ന സന്തോഷപ്രദമായ നിമിഷം സമാഗതമാകയും ചെയ്തു. സിംഹങ്ങളുടെ ഗർജ്ജനത്തിൽ അദ്ദേഹം ഒട്ടും സംഭീതനായില്ല. പകരം നശ്വരമായ തന്റെ ശരീരം എപ്പോഴെ ഉപേക്ഷിച്ച് ആത്മീയമായ പരമാനന്ദത്തിലേക്ക് തന്റെ നാഥന്റെ സവിധത്തിലേക്ക് പ്രവേശിക്കുവാൻ അദ്ദേഹം ഒരുങ്ങിക്കഴിഞ്ഞിരുന്നു. ട്രാജൻ ഉയർത്തിയ മരണമാകുന്ന മുള്ളിനെ അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല. ഇനി നിഴലു പോലെയല്ല നേരിട്ട് താൻ ആരുടെ നാമം വഹിച്ചിരിക്കുന്നുവോ, ആരുടെ കൈകളാലാണോ തന്നെ എടുത്ത് മടിയിലിരുത്തി പരിലാളിച്ചത്, ആ തന്റെ കർത്താവായ യേശു ക്രിസ്തുവിനെ തന്റെ കണ്ണുകൾ കൊണ്ട് ഇനി കാണാം; ആ തന്റെ നാഥൻ സ്ഥാപിച്ചു തന്നെ ഇരുത്തിയ വി. സഭയുടെ, അന്ത്യോഖ്യാ സഭയുടെ തലവനായിരുന്ന് തന്റെ ഓട്ടം നന്നായി ഓടി ഏറ്റവും നന്നായി അവസാനിപ്പിക്കുന്നതിലുള്ള മഹാ സന്തോഷം അദ്ദേഹത്തേ ഉന്മേഷഭരിതനാക്കി.
വിശുദ്ധ പിതാവിന്റെ വിശ്വപ്രസിദ്ധമായ അന്തിമ വാക്കുകൾ.
"ഞാൻ ക്രിസ്തുവിന്റെ ഗോതമ്പാണ്. ഗോതമ്പ് പൊടിഞ്ഞ് ധൂളിയായി ദൈവത്തിന്കാഴ്ച്ചയപ്പം ആകുന്നതുപോലെ സ്വർഗ്ഗീയ മേശയിലെ പരിശുദ്ധമായ അപ്പം ഞാനായിത്തീരേണ്ടതിന്ന് ഈ വന്യമൃഗങ്ങൾ അവയുടെ പല്ലുകളാൽ എന്നെ പൊടിക്കേണ്ടിയിരിക്കുന്നു".
പ്രാർത്ഥനാ നിരതനായ അദ്ദേഹത്തിന്റെ അടുത്തേക്ക് പാഞ്ഞു വന്ന സിംഹങ്ങൾ പക്ഷേ തന്റെ തൃപ്പാദങ്ങളുടെ സമീപം മൗനമായിരിക്കയാണുണ്ടായത്. തന്റെ പ്രാർത്ഥന കഴിഞ്ഞതോടെ അദ്ദേഹത്തിന്റെമേൽ അവ ചാടി വീഴുകയും കടിച്ചു കീറുകയുംചെയ്തു. അദ്ദേഹത്തിന്റെ, അസ്ഥികളും, ഹൃദയവും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഹൃദയത്തിൽ തങ്കലിപികളിൽ യേശുവിന്റെ നാമം എഴുതപ്പെട്ടിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധന്റെ തിരുശേഷിപ്പുകൾ സഭ സൂക്ഷിക്കുന്നു. "ഇഗ്നാത്തിയോസിന്റെ രക്തസാക്ഷി മരണം അഥവാ" (Martyrium Ignatie) എന്ന ചെറുപുസ്തകമാണ് അദ്ദേഹത്തേക്കുറിച്ചുള്ള ഏറ്റവും സ്വീകാര്യയോഗ്യമായി പരിഗണിച്ചിരിക്കുന്ന പുസ്തകം.
ഞാൻ ക്രിസ്തുവിനെ ഹൃദയത്തിൽ വഹിക്കുന്നവനാണെന്ന് ക്രൂരനായ ട്രാജൻ ചക്രവർത്തിയോട് അദ്ദേഹം സധൈര്യം പറയുകയുണ്ടായി. അതുകൊണ്ടു മാത്രമല്ല "തിയോഫോറസ്" അഥവാ ക്രിസ്തു വാഹകൻ എന്നത് അദ്ദേഹത്തിന്റെ മറുനാമവുമായിരുന്നു. ഈ കാരണത്താലാണ് വിശുദ്ധ പിതാവ് ക്രിസ്തു വാഹകൻ എന്നറിയപ്പെട്ടിരുന്നത്. തന്റെ രക്ത സാക്ഷിത്വത്തിന്റെ രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടന്നിരുന്നപ്പോൾ അദ്ദേഹം സാധാരണ വസ്ത്രത്തിൽ അവരുടെ സമീപം കാണപ്പെട്ടു. ചിലരെ അദ്ദേഹം ആലിംഗനം ചെയ്തതായും, ചിലരുടെ ശിരസ്സിൽ കൈവച്ചു പ്രാർത്ഥിച്ചതായും, മറ്റു ചിലർ അദ്ദേഹം കഠിനാദ്ധ്വാനത്താൽ വിയർത്തിരിക്കുന്നതായും, ചിലർ വിശുദ്ധനെ കർത്തൃസന്നിദ്ധിയിൽ മഹാ സന്തോഷത്തോടെ നിൽക്കുന്നതായും കണ്ടു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ 7 എഴുത്തുകൾ താഴെപ്പറയുന്നവയാണ്.
1. എഫേസ്യർക്ക്.
2. മാഗ്നേഷ്യർക്ക്.
3. ത്രാലസ്യർക്ക്.
4. റോമർക്ക്.
5. ഫിലദൽഫിയർക്ക്.
6. സ്മർണായിക്ക്.
7. വിശുദ്ധ പോളികാർപ്പിന്.
വെളിപ്പാട് 1 മുതൽ എഴുതപ്പെട്ടിരിക്കുന്ന കർത്താവിന്റെ സഭയായ 7 സഭകളും വി. അന്ത്യോഖ്യാ സഭയും തമ്മിലുള്ള ബന്ധം.
(വിശുദ്ധ പിതാവ് 7 എഴുത്തുകൾ അയച്ച സഭകളും, വെളിപ്പാട് 1-ൽ പറയുന്ന ആസിയായിലെ 7 സഭകളും കാണുക. അന്ത്യോക്യാ സഭയുടെ പ്രവാചകനും, ഉപദേഷ്ടാവുമായിരുന്ന (അ.പ്ര : 13:1-9) പൗലോസ് ശ്ലീഹായുടെയും, ശ്ലീഹന്മരുടെയും പ്രവർത്തനത്താൽ സ്ഥാപിക്കപ്പെട്ടു ശക്തി പ്രാപിപിച്ച സഭകളായിരുന്നു ഇവ. അവർക്ക് വിശുദ്ധ പിതാവ് എഴുത്തുകൾ അയച്ചതിൽ നിന്നും സഭ ആദ്യ നൂറ്റാണ്ടിൽ എവിടെയൊക്കെ ശക്തി പ്രാപിച്ചിരുന്നുവെന്നു കാണുന്നു. അന്ത്യോഖ്യ സഭയുടെ ആരംഭ പ്രവർത്തന കാലത്തുണ്ടായ സഭകളാണിവ. സഭയുടെ വിശുദ്ധ രക്തസാക്ഷിയായ വിശുദ്ധ പോളിക്കാർപ്പസിന് Asia Minor-ൽപ്പെട്ട - ആസിയായിലെ - ഈ 7 സഭകളുടെ ആത്മീയ ഭരണച്ചുമതലയുണ്ടായിരുന്നു).
ഈ 7 സഭകളെക്കുറിച്ച് വെളിപ്പാടിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.
(വെളിപ്പാടു1:4 ആസിയായിലെ ഏഴ് സഭകള്‍ക്കുമായി യോഹന്നാന്‍ എഴുതുന്നത്. താന്‍ ആയിരിക്കുന്നവനും, ആയിരുന്നവനും, വരുവാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസന സന്നിധിയിലുള്ള ഏഴ് ആത്മാക്കളില്‍ നിന്നും .......,
1:7 താന്‍ ഇതാ മേഘാരൂഢനായിവരുന്നു. എല്ലാ കണ്ണുകളും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും. ഭൂമിയിലെ സകല വംശങ്ങളും അവനെക്കുറിച്ചു വിലപിക്കും. അതെ; ആമീന്‍. ........
1:11 അത് (ഇങ്ങനെ) പറഞ്ഞു. നീ കാണുന്നത് പുസ്തകമായി. ആ ഏഴ് സഭകള്‍ക്ക് എഫേസോസ്, സ്മിര്‍ണാ, പെര്‍ഗമോസ്, തേവത്തീരാ, സര്‍ദീസ്, ഫിലദല്‍ഫിയ, ലേവോദോക്യാ എന്നിവക്കു തന്നെ......
1:12 എന്നോട് സംസാരിക്കുന്ന ആ ശബ്ദമാകുന്നവനെ കാണുവാനായി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍,
1:13 ഏഴ് പൊന്‍ നിലവിളക്കുകളും, നിലവിളക്കുകളുടെ നടുവിലായി, വെള്ള നിലയങ്കി ധരിച്ച്, മാറത്ത് പൊന്‍കച്ച കെട്ടിയവനായി, മനുഷ്യപുത്രനോട് സാമ്യമുള്ളവനായവനെയും കണ്ടു).
സഭകൾക്കുള്ള മേൽ എഴുത്തുകളിൽ വിശുദ്ധ പിതാവ് ഏതു പ്രതിസന്ധിയുണ്ടായാലും, ക്രിസ്തുവിന്റെ സഭയുടെ - അന്ത്യോഖ്യാ സഭയുടെ - സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ സഭാംഗങ്ങളോട് അഹ്വാനം ചെയ്യുന്നതായി കാണാവുന്നതാണ്. അന്ത്യോഖ്യ സഭ, "കാതോലികമാണ്" എന്ന് ലോകത്താദ്യമായി പ്രസ്താവിച്ചതും അദ്ദേഹമാണ്. ചിലർ വിവക്ഷിക്കുന്നതുപോലെ കാതോലികം എന്നു പറഞ്ഞാൽ അത് "സാർവ്വത്രികമോ, സാർവ്വലൗകീകമോ" ആയിട്ടല്ല സഭ അർത്ഥമാക്കുന്നത്. സഭ കാതോലികം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് മ്ശിഹാ എവിടെയുണ്ടോ അവിടെ തന്റെ സഭയുണ്ട് എന്നാണ്. കാരണം മ്ശിഹായും, തന്റെ സഭയും ഒരിക്കലും വേർപിരിക്കപ്പെടാൻ പറ്റാത്തവണ്ണം ഒന്നാകുന്നു. അതുകൊണ്ട് മ്ശിഹായുള്ളിടത്ത് തന്റെ സഭയുണ്ട്; തന്റെ സഭയുള്ളിടത്ത് മ്ശിഹായുണ്ട്. (മുകളിൽ വചനാടിസ്ഥാനത്തിൽ ഇത് വിശദമായി പ്രതിപാദിച്ചു). ഇതാണ് സഭ കാതോലികം എന്നപദം കൊണ്ട് നാം അർത്ഥമാക്കുന്നത്. സഭയ്ക്കെതിരെ വരുന്ന നൂതന ഉപദേശികൾക്കും, വേദവിപരീതികൾക്കുമെതിരെ (ഗലാത്യരോട് പൗലോസ് അപ്പോസ്തോലൻ പറയുന്നതുപോലെ ) പോളികാർപ്പിനുള്ള എഴുത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി.
"നൂതനോപദേശങ്ങളുമായി വരുന്ന കപടവേഷധാരികൾ മൂലം നീ ഭഗ്നാശനാകരുത്. കൂടം കൊണ്ട് അടിച്ചാലും നിശ്ചലമായിരിക്കുന്ന അടകല്ലു പോലെ നീ സ്ഥിരനിഷ്ഠനായിരിക്കുക. അടിയേറ്റു വിജയിക്ക എന്നുള്ളതാണ് ഒരു മഹാഭ്യാസിയുടെ കൃത്യം. സകലതിലും ഉപരിയായി ദൈവം നമ്മേ വഹിക്കുന്നതിനു വേണ്ടി നാമും ദൈവത്തെ പ്രതി സഹിക്കേണ്ടതാകുന്നു. ഇപ്പോഴത്തേക്കാൾ കൂടുതൽ ഉത്സാഹ ഭരിതനായിരിക്കുക. കാലങ്ങളെ വിവേചിക്കുക. കാലങ്ങൾക്ക് അതീതനും, കാലരഹിതനും,അദൃശ്യനും, നമുക്കവേണ്ടി ദൃശ്യനായവനും, നമുക്ക് അസ്പർശ്യനും, കഷ്ടതയ്ക്കു അതീതനും, നമുക്കു വേണ്ടി കഷ്ടതയ്ക്കു വിധേയനും, സർവ്വവിധ കഷ്ടതകളും സഹിച്ചവനുമായ കർത്താവിനെ പ്രതീക്ഷിച്ചുകൊൾക".
ഭീഷണിയിലൂടെയും, സമ്മർദ്ദത്തിലൂടെയും, വ്യവഹാരത്തിലൂടെയും, നിയമലംഘനങ്ങളിലൂടെയും, അടിച്ചമർത്തലിലൂടെയും, അധികാര ദുർമ്മോഹത്തിനു വേണ്ടി സഭയുടെ വിശ്വാസസത്യങ്ങൾ നിരന്തരം ലംഘിച്ച് യഥാർത്ഥ സത്യവിശ്വാസികളെ വഴി തെറ്റിക്കുന്നവരെ, സാത്താന്റെ വഴിയിലേക്കു സഭയുടെ മക്കളെ കൊണ്ടെത്തിക്കുവാൻ ശ്രമിക്കുന്ന വേദവിപരീതികളുടെ മാർഗ്ഗമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പദവി ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിന്റെ സഭയെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ വേണ്ടി സ്വജീവൻ ത്യാഗം ചെയ്ത മഹാ വിശുദ്ധനായിരുന്നു അദ്ദേഹം.
‘ഇഗ്നാത്തിയോസ്’ എന്ന വാക്കിന്റെ അർത്ഥം.
(ഡോ.കുറിയാക്കോസ്.എം. എറണാകുളം).
ദൈവവാഹകൻ / ദൈവം വഹിക്കുന്നവൻ എന്നെല്ലാം ചില പുസ്തകങ്ങളിൽ കാണുന്നുണ്ട്. പക്ഷേ, ഇത് ശരിയല്ല എന്ന് പറയുവാൻ ആഗ്രഹിക്കുന്നു.
‘ഇഗ്നാത്തിയോസ്’ എന്ന വാക്കിൽ ‘ദൈവ’വുമില്ല’, 'വഹിക്കലു’മില്ല.
ഇഗ്നാത്തിയോസ് എന്ന പദം Ignite എന്ന ലത്തീൻ പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ് ‘ജ്വലിക്കുക’, ‘കത്തുക’ എന്നെല്ലാമാണ് അർത്ഥം ‘ഇഗ്നാത്തിയോസ്’ എന്ന വാക്കിന് ‘അഗ്നിപോലെ പ്രകാശിക്കുന്നവൻ’ അല്ലെങ്കിൽ ‘ജ്വലിക്കുന്നവൻ’, ‘കത്തി ജ്വലിക്കുന്നവൻ’ എന്നൊക്കെ അർത്ഥം കൊടുക്കാം.
‘നൂറോനോ’ എന്ന സുറിയാനി വിശേഷണം കൊടുക്കുന്നതും ഈ അർത്ഥത്തിലാണ്.
എന്നാൽ 'തെയോഫോറോസ്' എന്ന വാക്കിന്റെ അർത്ഥമാണ് ‘ദൈവവാഹകൻ’ എന്ന് ഓർമ്മിക്കുക. ‘തെയോസ്’ എന്നാൽ ദൈവം, ‘ഫോറോസ്’ എന്നാൽ 'വഹിക്കുന്നത്’ എന്നും.
അന്ത്യോഖ്യായുടെ മൂന്നാമത്തെ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസിനെ ‘ഇഗ്നാത്തിയോസ് തെയോഫോറോസ്’ / ‘ഇഗ്നാത്തിയോസ് നൂറോനോ’ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
ഇഗ്നാത്തിയോസ് എന്ന പേര് അഗ്നിമയനും ദൈവത്തെ വഹിച്ചവനുമായ അന്ത്യോഖ്യാ പാത്രിയർക്കീസിനെയാണ് സൂചിപ്പിക്കുന്നത് എങ്കിലും ആ വാക്കിനു ‘ദൈവത്തെ വഹിക്കുന്നവൻ’ എന്ന് അതിന്റേതായി അർത്ഥമില്ല.
ലേഖകൻ: ഷെവലിയാർ.കെ.ഓ.മാത്യു കോങ്കര, തിരുവല്ല. (റിട്ട.പോലീസ് സൂപ്രണ്ട്).