കാലത്തിനൊത്ത് മാറുന്ന കോലം. ആരാധന ഗാനങ്ങൾ ആരുടെയും കഴിവ് തെളിയിക്കുവാനുള്ളതല്ല. കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് സുറിയാനി സഭയുടെ മഹത്തായ ഈണങ്ങൾ. അതിൽ വെള്ളം ചേർക്കുന്ന പരിപാടി മാറ്റപ്പെടണം. വിശ്വാസത്തിലും പാരമ്പര്യത്തിലുമൊക്കെ നാം അറിഞ്ഞോ അറിയാതെയോ ചെയ്തു ശീലച്ചതൊക്കെ തിരുത്തപ്പെടണം. പ്രത്യേകിച്ചും ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ. ആസ്വാദകരുടെ സുഖത്തിനനുസരിച്ച് മാറ്റം വരുത്തിയാൽ, ആരാധകരുടെ ഭക്തിക്കുവേണ്ടി ക്രമീകരിച്ചിട്ടുള്ള ഈണങ്ങൾ നഷ്ടമാകും. സത്യത്തിൽ പല കലകളും ഈ അവസ്ഥയിലാ. പണ്ട് സിനിമ 3 മണിക്കൂറായിരുന്നു. പിന്നെ 2.30 മണിക്കൂറാക്കി. ഇപ്പോൾ രണ്ടിൽ താഴെ മണിക്കൂറായി കുറഞ്ഞു. റീൽസ്, യൂട്യൂബ് വന്നതോടുകൂടി ടി.വി.ചാനലുകളുടെ കാണികൾ വലിയൊരു ശതമാനം കുറഞ്ഞു. കഥാപ്രസംഗം, ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, വില്ലടിച്ചാൻ പാട്ട്, പൂപ്പട, കാക്കാരിശ്ശി നാടകം, കഥകളി തുടങ്ങിയ അനേകം വർഷങ്ങളുടെ അഭ്യാസനം വേണ്ടി വരുന്ന കലകളൊക്കെ അപൂർവ്വമായി. മിമിക്സ് പരേഡ് എന്ന പരിപാടി വന്നതോടുകൂടി മറ്റ് പല പരിപാടികൾക്കും ആസ്വാദകരില്ലാതായി. ഗാനമേള, നാടകം എന്നിവ മാത്രമായി പിന്നീട്. സംസ്ഥാന അവാർഡ് കിട്ടിയ രണ്ടു മണിക്കൂർ നാടകം കാണാൻപോലും അധികമാരുമില്ല. പുരാണ കഥകളാണെങ്കിൽ ആരും കാണില്ല. 5 മിനിറ്റുകൊണ്ട് അവസാനിക്കുന്ന തെരുവു നാടകത്തിനും, മാജിക്കിനും ആരും വഴിയരികിൽ വായി നോക്കി നിൽക്കാറില്ല. അല്ലെങ്കിൽത്തന്നെ സ്വന്തം വാഹനത്തിലും സ്കൂൾ ബസിലുമൊക്കെ യാത്ര ചെയ്ത് വീട്ടിലെത്താൻ ശ്രമിക്കുന്നവർക്ക് ഇതിനൊന്നും സമയം കിട്ടാറുമില്ല. ഉപ്പുമുതൽ കർപ്പൂരം വരെ ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ തിരക്കും കുറഞ്ഞു. കാരണം, മൊബൈലിൽ ആപ്പുണ്ട്, ഓർഡർ കൊടുത്താൽ എല്ലാം വീട്ടുപടിയ്ക്കൽ എത്തും. ഗാനമേളയുടെ അവസ്ഥ മറ്റൊന്നാണ്. പഴയ പാട്ടുകളോ, ഭക്തി ഗാനങ്ങളോ ഇപ്പോൾ ആർക്കും വേണ്ട. അടിപൊളി ഹിന്ദി, തമിഴ് തുടങ്ങിയ ഗാനങ്ങൾ പാടിയാൽ അതിലെ സംഗീതം ഇഷ്ടമാണെങ്കിലും ആരും അതും ആസ്വദിക്കാറില്ല, പകരം അതിന്റെ താളത്തിനൊത്ത് തുള്ളലും, കൂവലും കൂത്താട്ടവും മാത്രം. അതുപോലെ ക്വയറും ശുഷ്കിച്ചു.
എന്തായാലും പറയാനുള്ളത് തുറന്നു പറയണമെല്ലോ. ഈ സാഹചര്യത്തിലാണ് പള്ളി ക്വയറിനെപ്പറ്റി നമ്മൾ കൂടുതലായി ചിന്തിക്കേക്കേണ്ടത്. തുള്ളലും, ചാട്ടവും, കൈയടിയും, കൂവലുമുള്ള ഗാനങ്ങൾ കൺവൻഷൻ പന്തലുകളിൽ പാടി ആസ്വദിക്കുന്നവർ അതിലെ ഗാനത്തെപ്പറ്റി ചിന്തിക്കാതെ എന്തൊക്കെയോ കാണിക്കുന്നു.
പല സഭകളുള്ള കേരളത്തിലാകട്ടെ, ഒരു സഭയുടെ ഗാനാലാപന രീതി മറ്റൊരു സഭയുടെ ഗായകസംഘങ്ങൾ അനുകരിക്കുന്നതുമൂലം സ്വന്തം സഭയുടെ ലിറ്റർജി നഷ്ടമാകുന്നു. ക്വയർ എന്നതൊരു പെർഫോമൻസ് വേദിയായി ചിന്തിക്കുമ്പോഴാണ് അനുകരണം എന്ന ചിന്ത വരുന്നത്. ചിലർ കർണ്ണാടക സംഗീതത്തിലുള്ള അറിവ് കാണിക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചിലരാകട്ടെ പാശ്ചാത്യ സംഗീതത്തിലെ തങ്ങളുടെ അറിവ് പ്രകടിപ്പിക്കുന്നു. ഈ രണ്ടു സംഗീത ശാഖയുമായി നേരിട്ട് ബന്ധമില്ലാത്ത സുറിയാനി സംഗീതം ഇതിനിടയിൽപ്പെട്ട് ഞെരുങ്ങി മരിക്കുന്നു. ദൈവം ചിരിക്കുന്നു. സുറിയാനി സംഗീതത്തെ കർണ്ണാടക രാഗത്തിലാക്കി മുണ്ടുടുപ്പിക്കുന്നു, കർണ്ണാടക സംഗീതത്തെ ഫോർ പാർട്ടുകളും കോഡുകളും കൊണ്ട് അലങ്കരിച്ച് ബർമൂഡയും ടീ ഷർട്ടും ധരിപ്പിക്കുന്നു. പാശ്ചാത്യ സംഗീതത്തെ പോപ്പും, റാപ്പും, സൂപ്പും, സോപ്പും, ചീപ്പുമൊക്കെ ചേർത്ത് അവിയൽ പരുവത്തിലാക്കി മ്യൂസിക് ബാന്റെന്ന പേരിൽ അവതരിപ്പിക്കുന്നു. എന്തായാലും ഈ കോമഡികളൊന്നും ആസ്വദിക്കാൻ പാവം വിശ്വാസികൾക്ക് അറിയില്ലെന്നതും ഒരാശ്വാസമാണ്.
ഓരോ സഭകളിലും ഓരോ തരത്തിലുള്ള ആരാധനാസംഗീത ശൈലിയാണുള്ളത്. ഒരു സഭയുടെ ശൈലി അനുകരിച്ച് സ്വന്തം തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഫ്ലോപ്പിയും, പെൻഡ്രൈവും, കാർഡുമൊക്കെ മാറിയിട്ട് പകരം ഇപ്പോൾ, ലാപ്ടോപ്പും, മൊബൈലും, സോഫ്റ്റ്വയറുമാണ് പല പള്ളികളിലും ആരാധന നിയന്ത്രിക്കുന്നത്. എങ്കിലും കീബോർഡിസ്റ്റിന്റെ ജാഡയും അഭിനയവും സഹിക്കാൻ ശേഷിയില്ലാത്തവർക്ക് മേല്പറഞ്ഞ പ്രീ-റെക്കോഡ് സാധനങ്ങൾ വലിയൊരു അനുഗ്രഹമാണ്. പിയാനിസ്റ്റിന് കൊടുക്കാതെ പൈസാ പിശുക്കി ചെലവാക്കുന്ന പള്ളികളിൽ ഫ്ലോപ്പി പാട്ട് തുടരണം. നല്ല ലാഭമാ.
നമ്മുടെ വീടുകളിൽ പ്രാർത്ഥന യോഗങ്ങൾ നടക്കുമ്പോൾ പാടുന്ന പാട്ടുകൾ ആരും ഈണം മാറ്റി പാടുകയില്ല. യേശു എൻ അടിസ്ഥാനം... എന്ന പാട്ട് അനുഗ്രഹത്തിൻ അധിപതിയേ... എന്ന പാട്ടിൻ്റെ ഈണത്തിൽ പാടുകയില്ല. ജനഗണമന.... എന്ന ദേശീയ ഗാനത്തിൻ്റെ വരികൾ ഈണം മാറ്റി പാടുകയില്ല. പിന്നെ എങ്ങനെ സുറിയാനി സഭയുടെ കുർബ്ബാനയിൽ പിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്ന പഴയ ഈണങ്ങൾ മാറ്റി വേറെ ഈണത്തിൽ പാടും. പാശ്ചാത്യ സംഗീതത്തിലെ 'ഫോർ പാർട്ടർസ്' എന്ന പാരമ്പര്യം പോലും സുറിയാനി സഭയുടെ ഗാനാലാപനത്തിലില്ല. ചില പള്ളികളിലെങ്കിലും ഫോർ പാർട്ടസ് രീതി എങ്ങനെ നമ്മുടെ ആരാധനയിൽ കടന്നുകൂടിയെന്നും അറിയില്ല. അതുപോലെ പിയാനോ കോഡുകളുടെ അതിപ്രസരവും പ്രയോഗവും മൂഡ് മാറ്റലും വേറെ മൂഡ് കേറ്റലുമൊന്നും ആദ്യ നൂറ്റാണ്ടു മുതലുള്ള സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ പാരമ്പര്യത്തിലില്ല. അന്ന് കോഡു പോയിട്ട് പിയാനോ പോലുമില്ല. സ്കെയിലും കോഡുമൊക്കെ നൂറ്റാണ്ടുകൾക്ക് ശേഷം ഉടലെടുത്തതാണെന്ന് സഭകളുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. കീബോർഡ് ഒരു മൂലയ്ക്കിരിക്കട്ടെ. വളരെ അത്യാവശ്യമെങ്കിൽ മാത്രം, എല്ലാവരും ഒരേ ശ്രുതിയിൽ പാടി തുടങ്ങാൻ വേണ്ടി മാത്രം ഒരു കോഡ് മാത്രം കൊടുത്താൽ ആ ശ്രുതിയിൽ എല്ലാവരും ചേർന്നു പാടിയാൽ മതി. കോഡുകൾ ഓരോ വരികൾക്കും മാറി മാറി കീബോർഡ് വായിക്കുന്നവനിലേക്കോ മറ്റ് മാസ്മരിക ലോകത്തേക്ക് ആരുടെയും മനസ്സിനെ കൊണ്ടുപോകാൻ ശ്രമിക്കണ്ട. ഒരിക്കൽ കേട്ട പാട്ടുകളുടെ ഈണം മറന്നുപോകാതിരിക്കാനാണ് നമ്മൾ അവയെ റെക്കോർഡ് ചെയ്തും നൊട്ടേഷൻ ചെയ്തുമൊക്കെ വെക്കുന്നത്. അത്തരം നൊട്ടേഷൻ ബുക്കുകളൊക്കെ നോക്കി അതിന്റെ ഈണം മനസിലാക്കിയതിന്ശേഷം എല്ലാവരും അത് പാടി പഠിക്കുകയും ആരാധനയിൽ അത് എല്ലാവരും ഒരുപോലെ പാടുകയും വേണം. അല്ലാതെ നൊട്ടേഷൻ ബുക്ക് വാങ്ങിച്ച് അത് നോക്കി ലൈവായി കീബോർഡ് വായിച്ച് ഗായകസംഘത്തിൽ പെർഫോമൻസ് കാണിക്കുവാനാകരുത്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന കോഡുകളിൽ ആദ്യത്തെ ഒരു കോഡു മാത്രം വായിച്ചാലും ശ്രുതി മനസിലാക്കാനും പാടാനും സാധിക്കും.
കാർമ്മികന്റെ ശബ്ദം എത്ര മോശമായാലും ആ ശ്രുതിയിൽ ജനങ്ങളും പാടിയാൽ മതി. അല്ലാതെ കീബോർഡിൽ കുറച്ചു പീ..പീ...പീ... വായിച്ച് ഓരോ നാലു വരികൾ കഴിയുമ്പോഴും ആരാധനാ ഗാനത്തിന്റെശാന്ത സുന്ദരമായ ഒഴുക്കിനെ തടഞ്ഞു നിർത്തി വീണ്ടും രണ്ടോ മൂന്നോ ടോൺ മാറി പീ...പീ...പീ... വായിച്ച് ആരാധന ഒരു പെർഫോമൻസ് വേദിയാക്കരുത്. പീ... പീ... പീ... വായനയുടെ നീളം എത്രയാണെന്ന് അറിയാത്തതുകൊണ്ട് ജനങ്ങൾ മൗനം പാലിക്കും. കറണ്ട് പോയാൽ ഗായകസംഘവും മൗനം. മൈക്കില്ലെങ്കിൽ ചിലർക്ക് തൊണ്ടയിലൂടെ ശബ്ദം വരില്ലത്രേ. ഒരുപക്ഷേ, 'അണ്ണാക്കിൽ പിരിവെട്ടി' എന്ന് പറയുന്നത് ഈ അവസ്ഥയെപ്പറ്റിയായിരിക്കും. അങ്ങനെ പള്ളി ശാന്തം. ഗായകസംഘമെന്നത് ജനത്തിന്റെ വായടപ്പിക്കാനുള്ളതാകരുത്. കീബോർഡിന്റെ ശബ്ദം വളരെ ചെറിയ രീതിയിൽ മതി. പറ്റിയാൽ ഗായകസംഘത്തിന് മാത്രം കേൾക്കാൻ പാകത്തിന് ഒരു ശ്രുതി വായിച്ചാൽ മതി. പാടി തുടങ്ങാനുള്ള ഒരു ശ്രുതി ഏതാണെന്ന് മനസിലാക്കി അത് എഴുതി വെച്ചാൽ ആ കോഡ് മാത്രം ചെറിയ ശബ്ദത്തിൽ ഒന്നു വായിച്ചാൽ മതി. ഇത് വളരെ നിസ്സാരമായി ആർക്കും അത് ചെയ്യാവുന്നതേയുള്ളൂ. മല മറിക്കുന്ന കാര്യമൊന്നുമില്ല. അല്ലാതെ ആരാധനാ ഗാനങ്ങളിൽ കസർത്തു കാണിക്കാൻവേണ്ടി ഹാർമ്മണിയുണ്ടാക്കുന്നവനെ പള്ളി മണിയെടുത്ത് തലയ്ക്കടിക്കണം. ആരാധന സംഗീതത്തെ 'സ്കെയിലുകൊണ്ട് അളന്ന്, കോഡെന്ന കോടാലികൊണ്ട് വെട്ടിമുറിച്ച്, താളത്തിന്റെ ഓളത്തിൽ മുക്കി കൊല്ലരുത്'.
സുറിയാനി പാട്ടുകൾ 'ഗൂദാ'കളായി പാടുന്ന രീതിയാണുള്ളത്. എന്നാൽ കേരളത്തിലെ സ്ഥിതിയാണ് ദുഃഖകരം. ഏത് സഭക്കാരന്റെ രീതികളും സുറിയാനിക്കാരൻ അനുകരിക്കും. അതിന്റെ ഫലമോ, സുറിയാനി സഭയുടെ ആരാധനയുടെ തനിമ തന്നെ നഷ്ടപ്പെടും. കുക്കിലിയോൻ പാട്ടുകൾ എല്ലാം വളരെ വേഗത്തിൽ പാടുന്നു. പണ്ട് സാവധാനത്തിൽ പാടുമ്പോൾ അതിന് ഒരു ഭക്തിയുള്ള മൂഡുണ്ടായിരുന്നു. കുറച്ചുനാൾ കഴിയുമ്പോൾ പുതിയ ഈണങ്ങളാണ് യഥാർത്ഥ പഴയ ഈണങ്ങളെന്നു ജനം പറയും.
ആരാധനാ ഗാനങ്ങൾക്ക് ആംഗ്ലക്കൻ, സി.എസ്.എെ തുടങ്ങിയ സഭകളിൽ അവരുടേതായ രീതിയുണ്ട്. ഫോർ പാർട്ടസ് ഹാർമ്മണിയാണ് പ്രധാനം. കീബോർഡ്, ഓർഗൻ, പിയാനോ തുടങ്ങിയ ഏതെങ്കിലുമൊരു സംഗീതോപകരണവും കാണും. അവർക്ക് ഗായകസംഘം നിർബന്ധമാണ്.
മാർത്തോമാ സഭയിൽ അവരുടെ രീതി മറ്റൊരു തരത്തിലാണ്. അതായത്, കൺവൻഷൻ ഗാനങ്ങൾ, ക്രിസ്തീയ കീർത്തനങ്ങളിലെ ഗാനങ്ങൾ തുടങ്ങിയവ സംഗീതോപകരണങ്ങളുടെ അകമ്പടിയോടുകൂടി താളമേളത്തോടെ ഹാർമ്മണിയും, വെസ്റ്റേണും ഈസ്റ്റേണും അതിന്റേതായ രീതിയുിൽ അവതരിപ്പിക്കുന്നു. എന്നാൽ ആരാധനയിലാകട്ടെ, സുറിയാനി സഭയുടെ ചുവടുപിടിച്ച് ക്രമീകരിച്ചിരിക്കുന്നതിനാൽ കോഡുകളുടെ അകമ്പടി മാത്രം ഉപയോഗിച്ച് ജനങ്ങൾ ഭയഭക്തിയോടെ എഴുന്നേറ്റു നിന്ന് ആരാധിക്കുന്നു. ഇവിടെ കാർമ്മകന്റെ ശ്രുതി ഏതാണോ അതിനാണ് പ്രാധാന്യം. അവർക്കും ഗായകസംഘം നിർബന്ധമാണ്.
കത്തോലിക്കാ സഭയിൽ അവരുടെ രീതി. പല പാരമ്പര്യങ്ങളുള്ള കത്തോലിക്കാ റീത്തുകളിൽ ആരാധനയും വിവിധ തരത്തിലുള്ളതാണ്. ചിലർ ലാറ്റിൽ രീതി, ചിലർ രൂപതകളുടെ വ്യത്യാസത്തിലുള്ള ഈണങ്ങൾ കർണ്ണാടക സംഗീത ശൈലിയിലുള്ള രാഗ-താള-ലയത്തിൽ പാടും. യുഗ്മഗാനാലാപന ശൈലിയുമുണ്ട്. ഗായകസംഘം വേണമെന്ന ശാഠ്യമില്ല. മാത്രമല്ല, അവരുടെ വൈദികരും കന്യാസ്ത്രീകളും മനോഹരമായി പാടാറുമുണ്ട്.
പല പ്രൊട്ടസ്റ്റന്റ് സഭകളിലും വ്യത്യസ്ത രീതികളിലാണ് പാടുന്നത്. വർഷിപ്പ് ഗാനങ്ങളും ആരാധനാ ഗാനങ്ങളും പാടുമ്പോൾ കീബോർഡ്, ഗിറ്റാർ, ഡ്രംസ് തുടങ്ങിയ പല ഉപകരണങ്ങളും ഉപയോഗിക്കും. ചുരുങ്ങിയ പക്ഷം ഒരു ഡ്രം പോലുമില്ലാതെ അവർക്ക് ആരാധനയില്ല. കൈയടിച്ച് എല്ലാവരും ചേർന്നു പാടും. ഗായകസംഘം ചിലപ്പോൾ കാണുമെങ്കിലും ഒരാൾ ലീഡ് ചെയ്ത് പാടുന്നുണ്ടായിരിക്കും.
ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്നറിയപ്പെടുന്ന കേരളത്തിലെ ഓർത്തഡോക്സ് സഭയിലെ ആരാധനയിലെ രീതിയും വ്യത്യസ്തമാണ്. പൂർണ്ണമായും അന്ത്യോഖ്യൻ സഭയുടെ ആരാധനാ രീതികളും സുറിയാനി ഈണങ്ങളും പിൻതുടരുന്ന ഈ സഭയിൽ ഗായകസംഘത്തിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഒരു പ്രത്യേക ശാഖ തന്നെയുണ്ട്. ആ സഭയുടെ പള്ളികളിൽ പാട്ടുകൾ പാടുന്നതിന് ഗായകസംഘങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുകയും വർഷാവർഷം അത് പുതുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന പ്രൈവറ്റ് ഗായകസംഘങ്ങൾക്കും പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കും. കൂദാശകളിലെ പാട്ടുകൾ പാടുന്നത് ആ സഭയിൽ മാമോദീസാ സ്വീകരിച്ച സഭാംഗങ്ങൾ തന്നയായിരിക്കണമെന്ന് നിർബന്ധവുമുണ്ട്. സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്കാറയിലെ അതേ നിറങ്ങൾ അല്പസ്വല്പം വ്യത്യാസം വരുത്തി അവർ ഉപയോഗിക്കുന്നു. താളത്തിലൊതുങ്ങി നിൽക്കാത്ത ചാന്റുകളായ സുറിയാനി സംഗീതത്തെ എല്ലാവർക്കും ഏകീകൃതമായി പാടുവാൻ വേണ്ടി താളത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയതിന്റെ ഭാഗമായി വന്നുകൂടിയ വ്യത്യാസങ്ങളുമുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ വന്ന (മാറ്റിയതാണ്) മാറ്റമാണ്. എങ്കിലും ഒട്ടുമിക്ക എല്ലാ പാട്ടുകളിലും അവരുടെ സ്വന്തം ശൈലിയിലുള്ള ആലാപന രീതിയുണ്ട്. സഭയുടെ 'ശ്രുതി' എന്ന സംഗീത വിഭാഗം കുർബാന പാട്ടുകൾ ഫോർ പാർട്ട്സ് ഹാർമ്മണിയിൽ നൊട്ടേഷൻ ചെയ്തിട്ടുമുണ്ട്.
മേല്പറഞ്ഞ ഓരോ സഭകളിലും ആരാധന ഗാനത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരാണ്. ഏതാണ് വലുത്, ചെറുത്. ഏതാണ് നല്ലത്, മോശം എന്നൊന്നും നമ്മൾ വിലയിടേണ്ട. അവരവരുടെ സഭ അനുവദിക്കുന്ന സ്വാതന്ത്ര്യം അവരവർ ഉപയോഗിക്കട്ടെ. അതിലെ ശരിയും തെറ്റും അളക്കാൻ നമ്മളാരുമല്ല, നമ്മളെ അതിന് ആരും ക്ഷണിച്ചിട്ടുമില്ല. പക്ഷേ, ഒരു കാര്യം പ്രത്യേകം നമ്മൾ ഓർത്തിരിക്കണം. ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ ശൈലി. പഴക്കംകൊണ്ടും, ഈണം കൊണ്ടും ആലാപന ശൈലികൊണ്ടും അതിന്റെ സൗന്ദര്യം അതിശ്രേഷ്ഠമാണ്. എക്കാറയെന്നത് നമ്മുടെ നിധിയാണ്. മറ്റൊരു സഭകളുടെയും രീതികൾ അനുകരിച്ചു ആ നിധിയെ നഷ്ടപ്പെടുകയും ചെയ്യാതെ അടുത്ത തലമുറയിലേക്ക് കൈമാറുക എന്ന ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് മനസിലാക്കണം.
ദേവാലയത്തിലെ ശബ്ദ പരിധി നിശ്ചയിക്കുക. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്തവരുടെ കൂട്ടായ്മയാണ് ദൈവാലയത്തിലെ ആരാധന. കർത്താവ് പെസഹാ ഒരുക്കി തൻ്റെ 12 ശിഷ്യന്മാർ മാത്രമായി തിരുവത്താഴം ഭക്ഷിച്ചു. ദൈവവചനം സ്വീകരിച്ചു കർത്താവ് പിതാവിൻ്റെ അടുക്കൽനിന്നു വന്നു എന്നു വിശ്വസിച്ച ശിഷ്യന്മാർക്കുവേണ്ടി അപേക്ഷിക്കുന്നു, ലോകത്തിനുവേണ്ടി അല്ല അപേക്ഷിക്കുന്നു എന്ന് വി.യോഹന്നാൻ 17:9-ൽ എഴുതിയിരിക്കുന്നു. വിശ്വസിച്ചവർ എല്ലാവരും ഏകമനസ്സോടെ ശലോമോൻ്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു. മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല. (അപ്പൊ.പ്ര 5:12). ഈ സാഹര്യത്തിൽ ദൈവാലത്തിനു പുറത്തേക്കു വെച്ചിരിക്കുന്ന സൗണ്ട് ബോക്സ് എല്ലാ പള്ളികളിൽനിന്നും മാറ്റി, തൻ്റെ സ്വന്തജനം ഒരുമിച്ച് ദൈവത്തെ ആരാധിക്കുന്ന വിശുദ്ധ കുർബ്ബാന പുറത്തുള്ളവർ കേൾക്കുന്ന സാഹചര്യം ഒഴിവാക്കുന്നതല്ലേ ഉചിതം? സുവിശേഷം എല്ലാവരും കേൾക്കണം. എന്നാൽ ആരാധന വിശ്വാസികൾക്കു മാത്രമുള്ളത്. വിശ്വാസപ്രമാണം വായിക്കുമ്പോൾ ശുശ്രൂഷകൻ ധൂപയുമായി പള്ളിക്കകത്ത് പടിഞ്ഞാറുവരെ വന്നു കഴിഞ്ഞാൽ വിശുദ്ധ മാമോദീസ സ്വീകരിക്കാത്തവർ പുറത്തായി. പിന്നീടുള്ള ആരാധന എന്തിന് മൈക്കിലൂടെ ഉച്ചത്തിൽ പുറത്തേക്ക് കേൾപ്പിക്കണം? അതുപോലെതന്നെ കോളർ മൈക്ക്, ആടുന്ന മൈക്ക്, ഓടുന്ന മൈക്ക്, തൂക്കിയിടുന്ന മൈക്ക്, അണ്ണാക്കിലൊട്ടിക്കുന്ന മൈക്ക് തുടങ്ങിയ സാമാനങ്ങളെല്ലാം മാന്യമായ തരത്തിൽ ഉപയോഗിച്ചില്ലെങ്കിൽ അവ ആരാധന അലങ്കോലമാക്കാൻ ഉപകരിക്കും. അവ കൂടാതെ ഡിലേയും, റിലേയും, മിക്സറും, വൂഫറും, മോണിറ്ററും, കൂടാതെ മൈക്ക് ഓപ്പറേറ്ററായ ചിലരുടെ കഥകളികളും, ചിലരുടെ മാത്രം ശബ്ദത്തെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന കള്ളക്കളികളും അതിലും ഗംഭീരം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.