നമ്മളെ വേണമെന്നുള്ളവർ നമ്മുടെ മുന്നിൽ വാശികാണിക്കാതിരിക്കട്ടെ. എന്നതിനേക്കാൾ നല്ല ചിന്തയാണ് നമുക്ക് വേണമെന്നുള്ളവർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത്. വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരം. ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം. എല്ലാർക്കും അതുകഴിയട്ടെ. ചിലനേരങ്ങളിൽ തോൽവിയാണ് യഥാർത്ഥ വിജയം.
ബന്ധങ്ങൾ ജീവിതത്തിൻറെ സൗന്ദര്യമാണ്, ഓർക്കാനും, ഓർമ്മകൾ പങ്കിടാനും, ശാസിക്കാനും, സഹായിക്കാനും, സ്വതന്ത്രമായി പെരുമാറാനും, എന്തും അന്യാനം പറയാനും, പറ്റുന്ന നല്ല സൗഹൃദങ്ങൾ ഇല്ലെങ്കിൽ ജീവിതം വരണ്ടു പോകും.
വിശ്വാസത്തിന്റെ അടുപ്പവും ബഹുമാനത്തിന്റെ അകലവുമാണ് നല്ല ബന്ധങ്ങളെ നിലനിർത്തുന്നത്. ബന്ധങ്ങൾ രണ്ട് തരമാണ്. ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും. സ്നേഹം തരുന്ന ബന്ധങ്ങളെ മനസ്സിലും, അനുഭവം തരുന്ന ബന്ധങ്ങളെ ഓർമ്മകളിലും കൊണ്ട് നടക്കണം. ജീവിതത്തിന് ഭംഗിയും സൗന്ദര്യവും കൈവരുന്നത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുമ്പോഴും, പരിപാലിച്ച് നിലനിർത്തുമ്പോഴുമാണ്. പരസ്പര ബന്ധങ്ങളുടെ അടിവേര് തന്നെ മാനുഷിക പരിഗണനയും അംഗീകാരവുമാണ്. അത്തരത്തിലുള്ള ബന്ധങ്ങളെ വളരൂ. എന്നാൽ മുൻ കാലത്തെ അപേക്ഷിച്ച് ഇന്ന് ബന്ധങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മ കൂടുകയും, അതിനുള്ളിലെ പവിത്രത നഷ്ടമാവുകയും ചെയ്തു. നിദാനമായത് സാമൂഹിക അന്തരീക്ഷമാണ്. ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്ന ഇക്കാലത്ത് ബന്ധങ്ങളെ തകർക്കുന്നത് പലപ്പോഴും തെറ്റിദ്ധാരണയും മുൻ വിധിയില്ലാത്ത സമീപനവുമാണ്. എന്നാൽ പലർക്കും അറിയില്ല നമ്മൾ സ്വതന്ത്രമായി ഇടപെടാൻ ശ്രമിക്കുമ്പോഴേ ബന്ധങ്ങൾ വിടർന്ന് പുഷ്പിക്കൂ എന്നത്. തെളിഞ്ഞ മനസ്സോടെ ബന്ധങ്ങളെ സമീപിച്ച് നോക്കൂ. അത്തരം ബന്ധങ്ങൾ തെളിമയോടെ എക്കാലവും നിലനിൽക്കുന്നത് കാണാൻ കഴിയും. ഓരോ തരത്തിലുള്ള ബന്ധങ്ങളും സുസ്ഥിരവും, സ്ഥിരവും ആകണമെങ്കിൽ അത് സ്നേഹത്തിൽ അധിഷ്ഠിതമാകണം. പരസ്പര വിശ്വാസവും വിശ്വസ്യതയും നിലനിർത്തണം, മുറുകെപ്പിടിക്കണം.
ഒരു കഥ പറയാം; ഒരിക്കൽ ഒരു പിതാവ് കോടതിയിൽ ഒരു പരാതി കൊടുത്തു. തന്റെ മകൻ തനിക്ക് മാസത്തിൽ ഒരു തുക പോലും തരുന്നില്ലയെന്ന് പറഞ്ഞ്? ജഡ്ജി അത്ഭുതപ്പെട്ടു കൊണ്ടു പറഞ്ഞു. അത് നിങ്ങളുടെ അവകാശം ആണല്ലോ. അപ്പോൾ ആ പിതാവ് ചോദിച്ചു, ആ പിതാവ് ധനികൻ ആണെങ്കിലും മകന് ഈ ബാധ്യത ഉണ്ടോ? ജഡ്ജി പറഞ്ഞു. നിങ്ങളുടെ മകനെയും കൂട്ടി വരിക. അങ്ങനെ മകൻ വന്നപ്പോൾ ജഡ്ജി ചോദിച്ചു. നിങ്ങൾ എന്തുകൊണ്ട് പിതാവിന് അദ്ദേഹത്തിന്റെ അവകാശം നൽകുന്നില്ല. മകൻ പറഞ്ഞു. പിതാവ് എന്നേക്കാൾ ധനികനാണ്. ഞാൻ കൊടുത്തിട്ട് വേണ്ട അദ്ദേഹത്തിന് കഴിയാൻ. പിന്നെ എന്തിനു ഞാൻ കൊടുക്കുന്നു. ജഡ്ജി പറഞ്ഞു അതാണ് ശരിയെങ്കിൽ അദ്ദേഹം ഒരു മാസത്തിൽ ഒരു ഡോളർ എങ്കിലും നിങ്ങളുടെ വക കിട്ടിയില്ലെന്ന് പരാതി പറയുമോ. ആയതിനാൽ നിങ്ങൾ എല്ലാ മാസവും ചുരുങ്ങിയത് ഒരു ഡോളറെങ്കിലും അദ്ദേഹത്തിന് കൊടുക്കാൻ ഈ കോടതി ഉത്തരവിടുന്നു. കോടതി പിരിഞ്ഞ ശേഷം ജഡ്ജി പിതാവിനോട് ചോദിച്ചു. നിങ്ങളുടെ കൈയിൽ തന്നെ ഇഷ്ടം പോലെ ധനമുള്ള സ്ഥിതിക്ക് പിന്നെ എന്തിനു ഇങ്ങനെ ഒരു നാടകം? പിതാവ് ചിരിച്ചു കൊണ്ടു പറഞ്ഞു. എനിക്ക് ഒന്നും കാശ് ആയി തരേണ്ട എന്നത് ശരി തന്നെ. അതിന്റെ മറവിൽ അവനു എന്നെ ഫോൺ വിളിക്കാൻ പോലും സമയം കിട്ടാതെ ഇരിക്കുന്നത് ശരിയാണോ? അവൻ എന്നെ വന്നു കാണാതിരിക്കുന്നത് ശരിയാണോ? എനിക്ക് എന്റെ മകനെ ഒരു മാസത്തിൽ ഒരു തവണയെങ്കിലും കാണാൻ ഇതല്ലാതെ മറ്റു വഴി ഇല്ലെന്ന് തോന്നി. ജഡ്ജി പറഞ്ഞു. ഇപ്പോൾ നിങ്ങൾ പറഞ്ഞത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അതിന്റെ പേരിൽ ഞാൻ അവനെ ശിക്ഷിക്കുമായിരുന്നു. ഗുരുതരമായ തെറ്റാണ് അവൻ ചെയ്യുന്നത്. അപ്പോഴും ആ പിതാവ് ചിരിച്ചു. എന്നിട്ടു പറഞ്ഞു ആ ശിക്ഷ അവനു നൽകുന്നതും എനിക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്.
സുഹൃത്തുക്കളേ, ഇതൊരു കഥയോ സംഭവമോ എന്തായാലും വർത്തമാന കാലത്ത് പലരുടെയും കണ്ണ് തുറപ്പിക്കേണ്ട ഒരു സന്ദേശം ഇതിലുണ്ട്. കാശ് കൊടുത്താൽ എല്ലാമായി എന്നും, കാശുള്ള കുടുംബമാണെങ്കിൽ ബന്ധം പോലും ഇത്ര മതിയെന്ന് ചിന്തിക്കുന്ന മുഴുവൻ പേരും ഒന്ന് മാറി ചിന്തിക്കാൻ ഇതിലൂടെ സാധിക്കട്ടെ.
സുഹൃത്തുക്കളായിരുന്ന രണ്ടുപേർക്കിടയിൽ അകലം വരാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മുമ്പ് ആത്മാർഥ സുഹൃത്തുക്കളായിരുന്നവർ ഇപ്പോൾ പരസ്പരം മിണ്ടാതാകലിനും, പ്രണയത്തിലായിരുന്നവർ അകലത്തിലായതിനും, അടുപ്പമുണ്ടായിരുന്ന പലരും ഓർക്കുകപോലും ചെയ്യാത്തതിനുമൊക്കെ കാരണം അന്വേഷിച്ചിട്ടുണ്ടോ? വാശിയാണത്. നമ്മളറിയാതെ നമ്മെ മാറ്റിക്കളയുന്ന ഒന്നാംതരം വാശി. രണ്ടുപേർ തമ്മിൽ ഒരുപാടടുപ്പമുണ്ടെന്നു കരുതുക. പിന്നൊക്കെയും നമ്മളറിയണം, നമ്മളോട് പറയണം, നമ്മളില്ലാതെ ഒന്നും പാടില്ലെന്നൊക്കെയുള്ള വാശികളിലായിരിക്കും അതുതുടങ്ങുക. പിന്നെപ്പിന്നെ അത് സ്വാതന്ത്ര്യം കെടുത്തുന്ന വാശികളാകും. മിക്കപ്പോളും നമ്മളോട് പറയാൻ വിട്ടുപോകുന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്നും പറഞ്ഞില്ലെന്നുമൊക്കെ പറഞ്ഞാകും തെറ്റിദ്ധാരണ തുടങ്ങുക. പിന്നെ അവനിങ്ങോട്ടു മിണ്ടട്ടെ എന്നിട്ടാകാം ഞാൻ എന്നുവാശിയാകും. നമ്മളോർക്കാതെ പോകുന്നത് അതേ വാശി മറ്റേയാൾക്കും ഉണ്ടാകും എന്നതാണ്. രണ്ടാളും വാശിയിൽ തന്നെ നിൽക്കുവോളം ഒരുപാടിഷ്ടമുണ്ടായിരുന്ന ഒരു സൗഹൃദം പതിയെ വിസ്മൃതിയിലാവും. അതേസമയം "വാശി" ഉപേക്ഷിക്കും എന്നുസ്വയം വാശി പിടിച്ചുനോക്കാം നമുക്ക്. നമ്മൾ ആരോടും ഒന്നിനോടും വാശി കാണിക്കില്ലെന്നു നിശ്ചയിച്ചുനോക്കു. ബന്ധങ്ങൾ അതീവ മനോഹരമാകുന്നത് കാണാം. ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം. പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം. മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെൽ പിന്നെ ശ്രമിക്കേണ്ട. അത് വാശിയല്ല, തീരുമാനമാണ് എന്നുമനസ്സിലാക്കണം. നമ്മളെ വേണമെന്നുള്ളവർ നമ്മുടെ മുന്നിൽ വാശികാണിക്കാതിരിക്കട്ടെ എന്നതിനേക്കാൾ നല്ലചിന്തയാണ് നമുക്ക് വേണമെന്നുള്ളവർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത്. വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരം. ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം. എല്ലാർക്കും അതുകഴിയട്ടെ. ചിലനേരങ്ങളിൽ തോൽവിയാണ് യഥാർത്ഥ വിജയം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.