Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!

"സഭയാം തിരുസഭയാമീ ഞാന്‍
അത്യുന്നതനുടെ മണവാട്ടി
പാവനസഭ ചോന്നീ-ടു-ന്നു
എന്‍ വരനേവന്‍ ഞാ-ന്‍ ധന്യ
വന്ദിക്കുന്നേന്‍ വ-ന്നെ-ന്നെ
വേട്ടൊരു മണവാളന്‍ ത-ന്നെ".

നമ്മുടെ വിവാഹ ശുശ്രൂഷയിലെ അതിമനോഹരമായ ഒരു ഗാനമാണിത്‌.  അതിന്റെയൊക്കെ അർത്ഥം എത്രമാത്രം മനസിലാക്കിയാണ്‌ നാമൊക്കെ ഇത്തരത്തിലുള്ള പാട്ടുകൾ വിവാഹ കൂദാശയിൽ പാടുന്നത്‌? ബൈബിളിലെ "മണവാട്ടി" ആര്‌? (2.കൊരിന്ത്യർ 11:2) "ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മല കന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു". മണവാട്ടി എന്ന് ദൈവവചനം വിളിക്കുന്നത് ആരെയാണെന്നതാണ് ഇവിടെ കാണുവാൻ കഴിയുന്നത്. ഇവിടെപ്പറയുന്ന നിർമ്മല കന്യക, ശാരീരികമായി കന്യാചർമ്മം കാത്തുസൂക്ഷിക്കുന്ന സ്ത്രീയല്ല, ആത്മിക കന്യകാത്വം സൂക്ഷിച്ചു ക്രിസ്തു എന്ന ഏക പുരുഷനെ കാത്തിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഏക സഭയെന്ന ജനസമൂഹമാണ്‌. അതായത്‌ ഏക പുരുഷനെ കാത്തിരിക്കുന്ന ഏക മണവാട്ടി!

"ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെയാകുന്നു ക്രിസ്തുവും." (1.കൊരിന്ത്യർ 12:12). വീണ്ടും ബൈബിൾ നമ്മോടു പറയുന്നു, "എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു". (എഫേസ്യെർ 1:23). "അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു;". (കൊലൊസ്യർ 1:18). അതായത്‌ ഈ വചനങ്ങളിലൂടെ എന്താണു നാം മനസിലാക്കേണ്ടത്‌? നാം ഓരോരുത്തരും ആ ശരിരത്തിലെ പല അവയവങ്ങളാണെങ്കിലും ഒറ്റ ശരീരമത്രെ. അതായത്‌ ഏക സഭ.  

മണവാളൻ ആരാണ്‌? "നീ മനുഷ്യ പുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ". (സങ്കീർത്തനം 45:2&3).

അപ്പോൾ മണവാട്ടി ആരാണ്‌?  "അഃന്തപുരത്തിലെ രാജകുമാരി ശോഭാ പരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും". (സങ്കീർത്തനം 45:13&14).

അതായത്‌ ഒറ്റ ശരീരമാകുന്ന സഭയാകുന്ന മണവാട്ടി ക്രിസ്തുവെന്ന ഒരേയൊരു പുരുഷനാകുന്ന മണവാളനെ കാത്തിരിക്കുന്ന സുന്ദരിയും സുശീലയുമാകേണ്ട ഒരേയൊരു കാന്തയാം മണവാട്ടി. അവളുടെ നിർവ്വചനങ്ങളൊക്കെ ബൈബിളിൽ പലഭാഗത്തായി വിവരിക്കുന്നു.

പ്രവചനത്തില്‍ എന്തു സാദൃശ്യത്താലാണ് യേശു തന്‍റെ സത്യസഭയെ ചിത്രീകരിക്കുന്നത്?
“സുന്ദരിയായ സീയോൻ” (യിരമ്യ 6:2). “സീയോനോട്: നീ എന്‍റെ ജനം എന്നു പറയുകയും ചെയ്യുന്നു.” (യെശയ്യ 51:16).

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവാഹമെന്നത് മറ്റു പലരും പഠിപ്പിക്കുന്നതുപോലെ, പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരുടമ്പടിയല്ല, രണ്ടു കുടുംബങ്ങൾ തമ്മിലുമല്ല; പ്രത്യുത, പുരുഷനും സ്ത്രീയും ചേർന്ന് ദൈവവുമായി ഉണ്ടാക്കുന്ന ഒരുടമ്പടിയാണ്. അതിനു കാരണക്കാർ അവരുടെ കുടുംബങ്ങളാണെന്നു മാത്രം. പുരോഹിതനാണ് വിവാഹകർമ്മം നടത്തുന്നതെങ്കിലും ദൈവമാണ് അവരെ തമ്മിൽ ചേർക്കുന്നത്. അതുകൊണ്ടാണ് വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു സിറിയൻ ഓർത്തഡോക്സുകാർ പറയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന് ലംഘിക്കുവാൻ പാടില്ലാത്തവണ്ണം ആഴമേറിയ അർത്ഥതലങ്ങൾ ഈ കൂദാശയ്ക്കുണ്ട്.

രണ്ടു ശുശ്രൂഷകളാണ് ഈ കൂദാശയിലുള്ളത്:- മോതിരവാഴ്‌വിന്റേയും കിരീടവാഴ്വിന്റേയും. മറ്റെല്ലാ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും വിവാഹ സമയത്ത് മണവാളനും മണവാട്ടിക്കും കിരീടധാരണമാണ് നടത്തുന്നതെങ്കിലും മലങ്കര സഭയിൽ (ചിലയിടങ്ങളിലൊഴികെ) മാലയാണ് കിരീടത്തിനു പകരം അണിയിക്കുന്നത്‌. ഒരുപക്ഷേ നമ്മുടെ നാട്ടിൽ കിരീടത്തേക്കാൾ മാല സ്വീകാര്യമായതുകൊണ്ടാവാം അങ്ങനെ ഒരു വ്യത്യാസമുണ്ടായത്. വിശുദ്ധ വിവാഹ കൂദാശയുടെ അർത്ഥവ്യാപ്തി ഉൾക്കൊള്ളുന്നുണ്ടെങ്കിൽ രണ്ടായാലും തെറ്റു കാണാൻ കഴിയില്ല.

കാലം ചെയ്ത അഭിവന്ദ്യ ഡോ.പൗലോസ് മോർ അത്താനാസിയോസ് കടവിൽ, തിരുമേനി താൻ നടത്തിയിട്ടുള്ള വിവാഹ കൂദാശകളിലെല്ലാം കിരീടം തന്നെയാണ് ഉപയോഗിച്ചിരുന്നത്. കിരീടങ്ങൾ അദ്ദേഹം തന്നെ കൊണ്ടുവരികയും വിവാഹാനന്തരം അത് തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തെ അറിഞ്ഞിരുന്ന പഴമക്കാരിൽ നിന്നും കിട്ടിയിട്ടുള്ള അറിവ്. മറ്റാരെങ്കിലും അങ്ങനെ ചെയ്തിരുന്നതായോ ഏതെങ്കിലും കാലത്ത് മാലയ്ക്കു പകരം കിരീടം ഉപയോഗിച്ചിരുന്നതായോ വ്യക്തമായ രേഖകളുള്ളതായി അറിവില്ല. പുതുതായി ജന്മമെടുക്കുന്ന കുടുംബത്തിലെ രാജാവും രാജ്ഞിയുമായാണ് വരനേയും വധുവിനേയും കാണുന്നത്; അതുകൊണ്ടാണ് അവരെ കിരീടമണിയിക്കുന്നതും.

കിരീട വാഴ്വ്.

മോതിരവാഴ്വിന്റെ ശുശ്രൂഷയാണ് ഔദ്യോഗികമായ വിവാഹനിശ്ചയം. മറ്റു പല  സഭകളിലും മതവിശ്വാസങ്ങളിലും വരനും വധുവും അന്യോന്യം മോതിരം കൈമാറുന്ന പതിവാണുള്ളതെങ്കിലും മലങ്കരയിൽ വധൂവരന്മാരെ മോതിരമണിയിക്കുന്നത് ദൈവമാണ്. വിവാഹകൂദാശയിലെ പ്രസക്തഭാഗം ശ്രദ്ധിക്കുക: "നമ്മുടെ കർത്താവായ യേശുമിശിഹായുടെ വലത്തുകൈ കരുണയോടെ നിങ്കലേക്ക് നീട്ടപ്പെടുകയും നിന്റെ വിവാഹനിശ്ചയത്തിനുള്ള ഈ മോതിരത്തോടുകൂടെ ........" (മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), മലങ്കര ഓർത്തഡോക്സ് സഭയിലെ കൂദാശക്രമങ്ങൾ, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2008, പേജ് 74). സാധാരണയായി എല്ലാവരും ഇടതുകൈയുടെ മോതിരവിരലിൽ മോതിരമണിയുമ്പോൾ ഓർത്തഡോക്സ് വിവാഹത്തിൽ വലതുകൈയുടെ മോതിരവിരലിലാണ് മോതിരമണിയിക്കുന്നത്. ചില സഭകൾ വലതുകൈയുടെ ചൂണ്ടുവിരലിൽ മോതിരമിടുമെന്നും കേട്ടിട്ടുണ്ട്. ഇത് യഹൂദ പാരമ്പര്യത്തിൽ നിന്ന് കടംകൊണ്ട ആചാരമാണ്. "യൂദ-റോമാ പാരമ്പര്യമനുസരിച്ചും വേദപുസ്തകപരമായും പ്രതിജ്ഞയെടുക്കുവാൻ വലതുകൈ ഉപയോഗിക്കുന്നതിനാലും വിരലുകളിൽ കൂടുതൽ പ്രവർത്തനനിരതമായത് ചൂണ്ടുവിരലാകയാലും വിവാഹ സമയത്ത് മോതിരമണിയാൻ വലതുകൈയിലെ ചൂണ്ടുവിരൽ ഉപയോഗിക്കുന്നു" എന്നാണ് യഹൂദ വിശ്വാസം {Chaviva Gordon-Bennett, “The Wedding Ring in Judaism” in ThoughtCo, available at as on 04.11.2017}. കിരീടധാരണം നടത്തുന്നതും ദൈവം തന്നെയാണ്. "വാനീന്നുടയോൻ കൈയാൽ മകുടം ഘോഷമിറങ്ങുന്നു....." - ദൈവത്തിന്റെ കൈകളാൽ ഇറക്കപ്പെടുന്ന മകുടം (കിരീടം) മണവാളനേയും മണവാട്ടിയേയും ആചാര്യൻ അണിയിക്കുക മാത്രമാണ് ചെയ്യുന്നത്. സൃഷ്ടിയുടെ ആരംഭത്തിൽ പുരുഷനേയും സ്ത്രീയേയും കൂട്ടിച്ചേർത്തതുപോലെ ഇപ്പോഴും ദൈവമാണ് അവരെ കൂട്ടിച്ചേർക്കുന്നതെന്ന് സഭ വിശ്വസിക്കുന്നു (മത്തായി 19:6).

ഹൂദായ കാനോൻ ക്രോഡീകരിക്കപ്പെട്ട കാലത്ത് മോതിരവാഴ്‌വും കിരീടവാഴ്‌വും രണ്ടുപ്രാവശ്യമായിട്ടാണ് നടത്തപ്പെട്ടിരുന്നത്. വരന്റെ ബന്ധുക്കൾ മാത്രം വധുവിന്റെ വീട്ടിൽച്ചെന്ന്, നേരത്തെ പുരോഹിതൻ വാഴ്ത്തിക്കൊടുത്ത മോതിരവും ഒരു കുരിശും അവളെ അണിയിക്കുന്നു; ഇത് വിവാഹനിശ്ചയം. അതിനുശേഷം അവർ വധൂവരന്മാരാണ്; ഭാര്യാഭർത്താക്കന്മാർ അല്ല. പിന്നീട് സൗകര്യപ്രദമായ ദിവസം കിരീടവാഴ്‌വ് നടത്തി വിവാഹകൂദാശ പൂർണ്ണമാക്കപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളൊന്നും ഇപ്പോൾ ഈ പാരമ്പര്യം പിന്തുടരുന്നില്ല; രണ്ടു ശുശ്രൂഷകളും ഒരേ സമയം നടത്തുന്നു.

വിവാഹനിശ്ചയം.

മാതാപിതാക്കളും മുതിർന്ന ബന്ധുക്കളും കൂടിയിരുന്നു നടത്തിയിരുന്ന ഒരു ചടങ്ങാണ് വിവാഹനിശ്ചയം (ഔദ്യോഗികമായി ഇത് പൂർത്തിയാക്കപ്പെടുന്നത് മോതിരവാഴ്‌വോടുകൂടിയാണ്). എന്നാൽ ഇന്ന് അത് എല്ലാ ബന്ധുമിത്രാദികളേയും ചാർച്ചക്കാരേയും സ്നേഹിതരേയും ക്ഷണിച്ചുവരുത്തി ആർഭാടപൂർവ്വം നടത്തുന്ന ഒരു ചടങ്ങായി മാറി. പണ്ടൊന്നും സാധാരണമല്ലായിരുന്നെങ്കിലും ഒരു പുരോഹിതന്റെ സാന്നിദ്ധ്യം വിവാഹനിശ്ചയത്തിനുണ്ടാവണം. തത്സമയത്തേക്കായി ക്രമീകരിക്കപ്പെട്ടിട്ടുള്ള പ്രാർത്ഥന പുരോഹിതന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നതാണ്. ഹൂദായ കാനോനും ഇത് ശരി വയ്ക്കുന്നു. സാധാരണഗതിയിൽ കല്യാണം വിളിച്ചുചൊല്ലുവാനുള്ള കുറി (വിളിച്ചുചൊല്ല് കുറി) ഈ സമയത്താണ് കുടുംബങ്ങൾ അന്യോന്യം കൈമാറുന്നത്. സന്നിഹിതനായിരിക്കുന്ന പുരോഹിതൻ അതിനു സാക്ഷിയായിരിക്കും. ഈ ചടങ്ങുകൾ കഴിഞ്ഞാൽ 'കല്യാണക്കുറി' ബന്ധപ്പെട്ട ഇടവകയിൽ നിന്നു വാങ്ങിയിരിക്കണം. അത് കല്യാണം നടത്തുന്ന പള്ളിയിലെ വികാരിയെ ഏല്പിക്കേണ്ടതാണ്. സ്വന്തം ഇടവകയിലാണ് വിവാഹമെങ്കിൽ കുറിയുടെ ആവശ്യമില്ല.

വിളിച്ചുചൊല്ലൽ.

നിയമാനുസൃതമായ വിളിച്ചു ചൊല്ലൽ കുറി ഇടവകയിൽ കിട്ടിയാൽ വിവാഹത്തിന്റെ വിശദ വിവരങ്ങൾ അതാതിടവകകളിൽ വാക്കാൽ പരസ്യം ചെയ്യുന്നതാണ് വിവാഹ വിളിച്ചുചൊല്ലൽ. വരന്റേയും വധുവിന്റെയും മാതാപിതാക്കളാരെന്നും ഏതിടവകക്കാരാണെന്നും ഏതു ദിവസം എവിടെവച്ചാണ് വിവാഹമെന്നും മറ്റുമുള്ള വിവരങ്ങളാണ് ഇതിന്റെ ഉള്ളടക്കം. വിവാഹ വിളിച്ചുചൊല്ലൽകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു കാര്യങ്ങളാണ്. സഭാ നിയമങ്ങൾക്കനുസൃതമല്ലാത്ത എന്തെങ്കിലും വസ്തുതകൾ ഈ വിവാഹവുമായി ബന്ധപ്പെട്ട് മറച്ചുവെക്കപ്പെട്ടിട്ടുണ്ടോ, ഈ വിവിവാഹത്തിനു തടസ്സമായി എന്തെങ്കിലും കാര്യങ്ങൾ ആർക്കെങ്കിലുമറിയാമോ, ഉണ്ടെങ്കിൽ അറിയാവുന്നവർ ഇടവകകളിൽ അതറിയിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. എല്ലാ ഇടവകാംഗങ്ങളും വിവാഹിതരാവുന്നവരുടെ സന്തോഷകരമായ ക്രിസ്തീയ കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം (K.I.Sunny Chacko, “Christian Impact on the Social Life of Modern Kerala: With Special Reference to the Malankara Orthodox Syrian Church (An Historical Approach), A Thesis submitted for the Degree of Doctor of Philosophy of the University of Calicut”, July 2011, page 196).

വിവാഹച്ചടങ്ങുകൾ.

വിവാഹത്തലേന്നു രാത്രിയും വിവാഹം കഴിഞ്ഞ് വധൂവരന്മാരുടെ വീടുകളിൽ എത്തുമ്പോഴും ‘മധുരം വയ്ക്കുക’ എന്നൊരു ചടങ്ങ് വടക്കു പ്രദേശങ്ങളിലുള്ള സുറിയാനി ഓർത്തഡോക്സുകാരുടെയിടയിൽ നിലവിലുണ്ട്. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നവരെ മധുരം നൽകി അതിനൊരുക്കുന്നു എന്നാണ് സങ്കല്പം. പാലിൽ പഞ്ചസാര ചേർത്തോ, ശർക്കര അല്ലെങ്കിൽ പഞ്ചസാര പാനിയിൽ പഴനുറുക്കുകൾ ചേർത്തോ മധുരമുണ്ടാക്കുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പായി മണവാളൻ/മണവാട്ടി അവരവരുടെ വീടുകളിൽ കുളിച്ചൊരുങ്ങി തോഴ്മക്കാരോടൊപ്പം കത്തിച്ചുപിടിച്ച വിളക്കിന്റെ അകമ്പടിയോടെ സ്വീകരണസ്ഥലത്തു പ്രവേശിക്കുന്നു. മണവാളന്റെ (മണവാട്ടിയുടെ) അമ്മ മധുരവും കുറച്ചു വെള്ളവുമായി കിഴക്കോട്ടു തിരിഞ്ഞു നിൽക്കുന്ന മണവാളന്റെ (മണവാട്ടിയുടെ) മുന്നിൽ വന്ന് വായ് കഴുകിക്കുകയും തുടർന്ന് മധുരം കൊടുക്കുകയും ചെയ്യുന്നു. മധുരം കൊടുക്കുന്നതിനു മുമ്പ് 'മധുരം വയ്ക്കട്ടേ', എന്ന് അവിടെ കൂടിയിരിക്കുന്നവരോട് മൂന്നു പ്രാവശ്യം ചോദിക്കുന്നു. വിവാഹ സംബന്ധമായ എല്ലാക്കാര്യങ്ങളും സന്നിഹിതരായവരുടെ സമ്മതത്തോടെയാണ് ചെയ്യുന്നത് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. മണവാളൻ (മണവാട്ടി) മൂന്നു പ്രാവശ്യം കുരിശുവരച്ച് മൂന്നുപ്രാവശ്യം മധുരം നുണയുന്നു. തുടർന്ന് സന്ധ്യാപ്രാർത്ഥന നടത്തുന്നു. കൂടിവന്നവർ ഭക്ഷണം കഴിച്ചു പിരിയുന്നതോടുകൂടി തലേദിവസത്തെ ചടങ്ങുകൾ അവസാനിച്ചു.

അമ്മ വിധവയാണെങ്കിൽ അമ്മായിമാരോ ബന്ധുക്കളിൽ മുതിർന്ന സ്ത്രീകൾ ആരെങ്കിലുമോ ആയിരിക്കും മധുരം വയ്പ്പിക്കുന്നത്. സമൂഹത്തിൽ നിലനിന്നിരുന്ന ഏതെങ്കിലും ആചാരങ്ങളുടെ ഭാഗമായിട്ടായിരിക്കാം വിധവമാരെ ഇത്തരം ചടങ്ങുകളിൽനിന്നൊഴിവാക്കിയത്; സ്ത്രീത്വത്തെ അവഹേളിക്കുന്ന ഈ സമ്പ്രദായം ക്രിസ്തീയമാണെന്നു തോന്നുന്നില്ല.

വിവാഹം കഴിഞ്ഞുള്ള സ്വീകരണത്തിൽ രണ്ടുപേർക്കുമായാണ് മധുരം നൽകപ്പെടുന്നത്. രണ്ടുവീടുകളിലും ആദ്യമായി ചെല്ലുമ്പോൾ ഇങ്ങനെ മധുരം നൽകിയാണ് വധൂവരന്മാരെ സ്വീകരിക്കുന്നത്. ഇവിടേയും സ്വീകരണത്തിന് കത്തിച്ചുപിടിച്ച വിളക്കിന്റെ അകമ്പടിയുണ്ട്. വധൂവരന്മാരേയും കൂടെയെത്തിയിട്ടുള്ള ബന്ധുമിത്രാദികളേയും വെള്ളം തളിച്ചാണ് സ്വീകരിക്കുന്നത്. വൃത്തിയുള്ള പാത്രത്തിൽ ശുദ്ധജലമെടുത്ത് കറിവേപ്പിൻ തണ്ടുകൾ കൂട്ടിക്കെട്ടി അത് ജലത്തിൽ മുക്കിയാണ് തളിക്കുന്നത്. വരന്റെ അമ്മ വധുവിന് മാലയിടുന്ന ഒരു ചടങ്ങുണ്ട്. മാലയിലുള്ള കുരിശുകൊണ്ട് ആദ്യം വരന്റെ നെറ്റിയിൽ മൂന്നു പ്രാവശ്യവും പിന്നീട് വധുവിന്റെ നെറ്റിയിൽ മൂന്നു പ്രാവശ്യവും കുരിശുവരച്ചിട്ട് മാല വധുവിന്റെ കഴുത്തിലണിയിക്കുന്നു. തുടർന്ന് തലേദിവസത്തെപ്പോലെതന്നെ മധുരം വയ്പ്പ്. സ്വീകരണച്ചടങ്ങുകൾ ഇവിടെ അവസാനിച്ചു. ഇതുപോലുള്ള എല്ലാ ചടങ്ങുകൾക്കും പ്രാദേശികമായി ചെറിയ ചില മാറ്റങ്ങളുണ്ടാവാം.

വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുന്ന നവവധുവിനെ വിളക്കു കൊടുത്തു സ്വീകരിക്കുന്ന ഒരാചാരവും പലയിടങ്ങളിലുമുണ്ട്. വീടിന്റെ വാതിൽക്കൽ വച്ച് വരന്റെ അമ്മ കത്തിച്ച നിലവിളക്ക് കൊടുത്ത് തന്റെ മകന്റെ ഭാര്യയെ സ്വീകരിക്കുന്നു. വിളക്കു വാങ്ങി വലതുകാൽ വച്ച് (വലതുവശം നന്മയുടേയും ഐശ്വര്യത്തിന്റെയും പ്രതീകം) വധു വീടിനുള്ളിൽ പ്രവേശിക്കുന്നു. 'ഈ വീടിന്റെ വിളക്കായി എന്റെ ഭർത്താവിന്റെ അമ്മ എന്നെ സ്വീകരിച്ചു, ഇതുവരെ ഞാൻ അങ്ങനെ ശോഭിച്ചു, ഇനിമുതൽ ആ ഉത്തരവാദിത്വം നിന്നെയേല്പിക്കുന്നു’ എന്നാണ് ഈ വിളക്കു കൈമാറലിന്റെ അർത്ഥം. തുടർന്നാണ് 'കച്ചകൊടുക്കൽ'. ഒരു പെൺകുട്ടിയെ പ്രസവിച്ച് പോറ്റിവളർത്തി തനിക്ക് വധുവായി നൽകിയതിന് പെൺകുട്ടിയുടെ അമ്മയ്ക്ക് വരൻ നൽകുന്ന ആദരവും ഉപഹാരവുമാണ് 'കച്ച'. സാധാരണ ഗതിയിൽ വരൻ വധൂമാതാവിന് കച്ചകൊടുക്കുമ്പോൾ തിരിച്ച് മോതിരമണിയിക്കുന്ന ഒരു പാരമ്പര്യവുമുണ്ട്. ഇങ്ങനെയൊരു ചടങ്ങ് വടക്കൻ ദേശങ്ങളില്ല. പ്രാർത്ഥനയോടെ ഈ ചടങ്ങ് അവസാനിക്കുന്നു.

മിന്നും മന്ത്രകോടിയും.

വിവാഹസമയത്തെ മിന്നുകെട്ട് ഇന്ത്യയ്ക്കു പുറത്തുള്ള ക്രിസ്ത്യൻ സഭകളിലില്ലാത്ത ഒരു ചടങ്ങാണ്. ഇവിടത്തെ സാമൂഹ്യ ചുറ്റുപാടുകളിലുണ്ടായ ഒരാചാരം എപ്പോഴോ വിവാഹകൂദാശയിലേക്ക് കടന്നുകൂടിയതാവാം. "ഇന്ത്യയിലെ പുരാതനമായ ആചാരമനുസരിച്ച് മണവാട്ടിയുടെ കഴുത്തിൽ കുരിശുതാലി കെട്ടിക്കുന്നു" എന്നേ വിശുദ്ധ കൂദാശക്രമങ്ങളും പറയുന്നുള്ളൂ. ഇവിടെ താലിയെക്കാൾ പ്രാധാന്യം അതിലെ കുരിശിനാണ്. തന്നെയുമല്ല, മോതിരവാഴ്‌വും കിരീടവാഴ്‌വും പോലെ താലികെട്ട് കൂദാശയുടെ ഭാഗമായ അനുഷ്ഠാനമല്ല, വെറുമൊരാചാരം മാത്രമാണ്. പണ്ടുകാലത്ത് സുറിയാനി പാരമ്പര്യത്തിൽ വിവാഹനിശ്ചയ സമയത്ത് വധുവിനെ മോതിരവും കുരിശും അണിയിച്ചിരുന്നു എന്ന് മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഒരുപക്ഷേ ആ കുരിശിന്റെ സ്ഥാനത്തേക്കായിരിക്കും കുരിശുതാലി കടന്നുവന്നത്. താലി കെട്ടുമ്പോഴത്തെ പ്രാർത്ഥന ഇങ്ങനെ: "ശുഭ ചിഹ്നം താൻ സ്ലീബാ, വിജയക്കൊടി താൻ സ്ലീബാ......".

മിന്നുകെട്ട് ഒരു ഹൈന്ദവാചാരമായി കാണുന്ന പുരോഹിതന്മാരും വിശ്വാസികളും ധാരാളമുണ്ട്; അത് ഹൈന്ദവാചാരമാണെന്നതിന് യാതോരു തെളിവുകളുമില്ല. എന്നാൽ അതൊരു സാമൂഹിക ആചാരമാകാനുള്ള ശക്തമായ തെളിവുകളുമുണ്ട്. ഹൈന്ദവ പുരാണങ്ങളിലോ വേദങ്ങളിലോ മറ്റു ഗ്രന്ഥങ്ങളിലോ വിവാഹത്തിന്റെ ഭാഗമായി മിന്നുകെട്ടെന്ന സമ്പ്രദായത്തെക്കുറിച്ചു പറയുന്നില്ല (Shivaram, “A Shining Talisman-Journey of the Mangalsutra”, available at as on 21.09.2017). വേദകാലഘട്ടത്തിൽ ഈ സമ്പ്രദായം നിലവിലില്ലായിരുന്നുവെന്നും പിന്നീടെപ്പോഴോ തെക്കേന്ത്യയിലെ ദ്രാവിഡ സംസ്കാരത്തിൽ ഉടലെടുത്തതാണെന്നും മീര ശശിതൾ പറയുന്നു (Meera Sashital, Worship Essentials for Puja, Celestial Books, Mumbai, 2011, page 72). താലികെട്ടു കല്യാണവുമായി ബന്ധപ്പെട്ട എല്ലാ ദുരാചാരങ്ങളും ഇല്ലാതാകണമെന്നും വിവാഹസമയത്ത് വധൂവരന്മാർ അന്യോന്യം മാലയിടുന്നതു കൂടാതെ ഒരു താലികെട്ടുന്നത് അവരുടെ വൈവാഹിക ബന്ധത്തെ സൂചിപ്പിക്കുന്നതിന് സ്വീകാര്യമാണെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്. (Murkot Kumaran, Translated by Sathya Bai Sivadas & Prabhakara Rao, The Biography of Sree Narayana Guru (online edition), Chapter IX, available at ). അതായത് താലികെട്ട് മതപരമായ ഒരു ചടങ്ങായി അദ്ദേഹം കാണുന്നില്ല; വിവാഹച്ചടങ്ങെന്നത് മാലയിടലാണ്. അക്രൈസ്തവരുടെയിടയിൽ താലികെട്ടുന്ന രീതിയ്ക്ക് പ്രാദേശിക സാമുദായിക വ്യത്യാസങ്ങളുണ്ടായിരുന്നതായും ചരിത്രം പറയുന്നു (1. Maratt Mythili Anoop; Varun Gulati, Scripting Dance in Contemporary India, Lexington Books, Maryland, 2016, page 32; 2. “Hindu Customs and Rituals” available at  as on 24.11.2017).

ഉത്സവ്പീഡിയ അത് വ്യക്തമാക്കുന്നതിങ്ങനെയാണ്: “സ്ത്രീകളുടെ കല്യാണം കഴിഞ്ഞതിനുള്ള അടയാളമായി മംഗല്യസൂത്രം (മിന്ന്) ഉണ്ടാവുന്നത് ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിലാണ്.” (Uthsavpedia, available at  as on 21.09.2017). വിവാഹം കഴിഞ്ഞുവെന്നതിനുള്ള സ്ത്രീകളുടെ (ഏതു സമുദായത്തിൽപ്പെട്ടവരായാലും) അടയാളം മാത്രമാണ് താലി (മിന്ന്). സ്ത്രീകളെ ആദരിച്ചും ബഹുമാനിച്ചുമിരുന്ന ഒരു കാലഘട്ടത്തിൽ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ അബദ്ധത്തിൽപ്പോലും മറ്റൊരാൾ വിവാഹമാലോചിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നിരിക്കാം സമൂഹം അവർക്കിങ്ങനെയൊരടയാളം നൽകിയത്. അതുകൊണ്ടുതന്നെ വളരെ ശ്രേഷ്ഠമായ ഒരു സാമൂഹ്യാചാരമായേ അതിനെ കാണാൻ കഴിയൂ. ധാരാളം ക്രിസ്ത്യാനികളും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ, ഒരു പ്രദേശത്ത്, ആ സമൂഹത്തിൽ പ്രത്യേക മതവിശ്വാസങ്ങളുടെ ഭാഗമായല്ലാതെ ഉണ്ടായ ആചാരം തീർത്തും സാമൂഹ്യമായിരിക്കണം. എല്ലാ മതവിഭാഗങ്ങളും അതിനെ സ്വീകരിച്ചു എന്നേ കരുതാനാവൂ. അവരവരുടെ മതവിശ്വാസാങ്ങൾക്കനുസരിച്ച് മിന്നിന്റെ രൂപത്തിലും ആകൃതിയിലും വ്യത്യാസവുമുണ്ടെന്നത് ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. സിറിയൻ ഓർത്തഡോക്സ് വിവാഹത്തിൽ മോതിരങ്ങളും കിരീടങ്ങളും ആശീർവദിക്കപ്പെടുന്നുണ്ടെങ്കിലും താലി വാഴ്ത്തപ്പെടുന്നില്ല എന്നതുതന്നെ അത് കൂദാശയുടെ ഭാഗമല്ല എന്നതുകൊണ്ടാവണം. ഏതൊരു കൂദാശയിലും ഉപയോഗിക്കപ്പെടുന്ന വസ്തു വാഴ്ത്തപ്പെട്ടതായിരിക്കും. എന്നാൽ സുറിയാനി ഓർത്തഡോക്സ് പാരമ്പര്യം പിന്തുടരുന്ന മലങ്കര കത്തോലിക്കാ സഭയിൽ താലിയും വാഴ്ത്തപ്പെടുന്നുണ്ട്. അതെങ്ങനെ വന്നുവെന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരുകാര്യം കാര്യം കൂടി പരാമർശിക്കപ്പെടേണ്ടതുണ്ട്. അന്ത്യോഖ്യൻ-എത്യോപ്യൻ-ഈജിപ്ഷ്യൻ സഭകളിൽ കിരീടവാഴ്വിന്റെ സമയത്ത് കേരളത്തിലെ ഹൈന്ദവ വിവാഹങ്ങളിൽ കാണുന്നതുപോലെ സ്ത്രീകൾ കുരവയിടുന്ന ഒരു സമ്പ്രദായമുണ്ട്. അറബി രാജ്യങ്ങളും ഇന്ത്യയും തമ്മിൽ പുരാതനമേ ഉണ്ടായിരുന്ന ബന്ധങ്ങളുടെ ഭാഗമായി പല ആചാരങ്ങളും സംസ്കാരങ്ങളും അന്യോന്യം സ്വീകരിക്കപ്പെട്ടതിന്റെ ഭാഗമായായിട്ടാവാം ഈ പ്രദേശങ്ങളിലെല്ലാം ഇതുണ്ടായത്. എന്നാൽ ആ ആചാരം കേരളക്രൈസ്തവരുടെ ഇടയിലില്ല. അറബ് രാജ്യങ്ങളിലും കേരളത്തിലും കുരവയിടുന്ന സമ്പ്രദായം കാണുന്നതായി ദി ഹിന്ദു പത്രവും പറയുന്നു (Maleeha Raghaviah, The Hindu e-Paper, available at as on 26.10.2017).

വിവാഹ ശുശ്രൂഷയിൽ വരൻ വധുവിനു നൽകുന്ന ഒരു വസ്ത്രമാണ് വിരിപ്പാവ്; ഇതിനെ 'മന്ത്രകോടി' എന്നും പറയും. ആധുനിക കാലത്ത് അത് സാരിയാണ്; പണ്ടുകാലത്ത് കസവു നേര്യതായിരുന്നു (വല്യമ്മച്ചിമാർ ഉപയോഗിച്ചിരുന്ന മേൽമുണ്ട് അഥവാ രണ്ടാംമുണ്ട്). കാലഘട്ടത്തിനനുസരിച്ച് അതിന് ഇനിയും മാറ്റങ്ങൾ സംഭവിക്കാം. കൂദാശക്രമങ്ങൾ ഇതിനെ മൂടുപടം എന്നാണ് പറയുന്നത് (മലങ്കര മല്പാൻ കോനാട്ട് അബ്രഹാം കത്തനാർ (പരിഭാഷകൻ), മലങ്കര ഓർത്തഡോക്സ് സഭയിലെ കൂദാശക്രമങ്ങൾ, എം.ഒ.സി. പബ്ലിക്കേഷൻസ്, കോട്ടയം, 2008, പേജ് 110). ഇതിനേയും ഹൈന്ദവാചാരത്തിന്റെ ഭാഗമായിക്കാണുന്ന അനേകരുണ്ട്. നമ്മുടെ ചുറ്റുവട്ടത്തു മാത്രം നടക്കുന്ന കാര്യങ്ങളെ കാണുകയും പൊതുവായ ആചാരങ്ങളേപ്പറ്റി പഠിക്കുകയും ചെയ്യാത്തതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നത്. ഇത് യഹൂദ വിവാഹത്തിലെ bedeken (באַדעקן = covering) എന്ന ആചാരത്തിന്റെ വകഭേദമാണെന്നു വേണം കരുതാൻ. ഇസഹാക്ക് അടുത്തുവരുന്നു എന്നറിഞ്ഞപ്പോൾ റെബേക്ക തന്റെ മൂടുപടമെടുത്തണിഞ്ഞതിനെ അനുസ്മരിക്കുന്നതാണ് യൂദന്മാരുടെയിടയിലെ ഈ ആചാരം (ഉല്പത്തി 24:64-65). അഭിവന്ദ്യ ഐറേനിയോസ് തിരുമേനി കാർമ്മികനായിരുന്ന ഒരു വിവാഹ വീഡിയോയിൽ ഈ അർത്ഥത്തിലുള്ള ഒരു ഗാനം ഉൾപ്പെടുത്തിയതായി കണ്ടു (Available at as on 08/12/2017). വിശ്വാസികൾക്കുള്ള ഒരു നല്ല സന്ദേശമായി അതിനെ കാണുന്നു. എത്യോപ്യൻ സഭയിലും ഈജിപ്ഷ്യൻ സഭയിലും വിവാഹകൂദാശ സമയത്ത് വരനേയും വധുവിനേയും പ്രത്യേക വസ്ത്രങ്ങളണിയിക്കുന്ന ഒരു ചടങ്ങുണ്ട്. വിവാഹിതയായ സ്ത്രീ മരിക്കുമ്പോൾ തന്റെ മന്ത്രകോടിയും മൃതശരീരത്തോടൊപ്പം അടക്കം ചെയ്യുന്ന ഒരു പാരമ്പര്യം കേരള ക്രൈസ്തവരുടെയിടയിൽ നിലവിലുണ്ട്.

വിരിപ്പാവിനേയും മിന്നിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരാചാരവും സുറിയാനി സഭയിൽ നിലവിലുണ്ട്. വിരിപ്പാവിൽ നിന്നും ഏഴു നൂലുകൾ എടുത്ത് പിരിച്ചാണ് മിന്നുകെട്ടുന്നതിനുള്ള ചരടുണ്ടാക്കുന്നത്. ദൈവശാസ്ത്രപരമായി ഏഴ് എന്നത് പൂർണ്ണവും തികഞ്ഞതുമായ ഒരു സംഖ്യയായി കരുതപ്പെടുന്നു. ചില ഉദാഹരണങ്ങൾ: സൃഷ്ടിയുടെ ഏഴു ദിവസം (ഉല്പത്തി 2:2), ഏഴു പുരോഹിതൻമാർ, ഏഴു കാഹളം, ഏഴു ദിവസം, ഏഴു പ്രദക്ഷിണം (യോശുവ 6:4), നയമാൻ യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങുന്നു (2രാജാക്കന്മാർ 5:10), ആസ്യയിലെ ഏഴു സഭകൾ (വെളിപാട് 1:4), ഏഴു ക്രോധകലശം (വെളിപ്പാട് 16:1). മണവാളനും മണവാട്ടിയും അവരുടെ മാതാപിതാക്കളും സഭയും ചേർന്ന് ഏഴ് എന്നൊരു പാരമ്പര്യ വിശ്വാസവും ഉണ്ട്. ചിലർ സാരിയിലെ നൂലിനൊപ്പം വെളള നൂലും ചേർത്ത് എടുക്കാറുണ്ട്. മൂന്ന്, അഞ്ച്, ഏഴ് എന്നീ കണക്കിൽ നൂലുകളെടുക്കുന്നവരുമുണ്ട്. എങ്കിലും സാധാരണയായി ഏഴാണ് കണ്ടുവരുന്നത്. ഏഴു നൂലുകളും തമ്മിൽ പിരിച്ച് (ചോറ്) പശ ചേർത്ത് ഉണക്കി നിവർന്നു നിൽക്കുന്ന പാകത്തിലാക്കിയെടുക്കണം. അല്ലെങ്കിൽ കൈയിൽ പിടിച്ച് കെട്ടുവാൻ ബുദ്ധിമുട്ടായിരിക്കും.

വിവാഹാശീർവാദം.

വിവാഹകൂദാശയ്ക്കായി ആദ്യം പള്ളിയിൽ പ്രവേശിക്കേണ്ടത് മണവാട്ടിയാണ്. മണവാട്ടി അകത്തുകയറിയതിനു ശേഷം മാത്രമേ മണവാളൻ പ്രവേശിക്കാൻ പാടുള്ളൂ. പ്രധാന വാതിലിലൂടെ വേണം രണ്ടുപേരും പ്രവേശിക്കുവാൻ. വിശുദ്ധ വേദപുസ്തകം പറയുന്നതുപോലെ മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം പോലെയാണ് (എഫെസ്യർ 5: 23-25). മണവാട്ടി മണവാളനെ എതിരേൽക്കാൻ കാത്തിരിക്കുന്നു എന്നാണ് വിശുദ്ധ സഭയുടെ വിശ്വാസം (മത്തായി 25: 1-6). അതുകൊണ്ടാണ് മണവാട്ടി ആദ്യം പ്രവേശിക്കുന്നത്. ആധുനിക സമ്പ്രദായങ്ങളോ മാനേജ്മെന്റ് സംവിധാനങ്ങളോ പറയുന്നതുപോലെ മണവാളൻ ആദ്യമോ മണവാളനും മണവാട്ടിയും ഒരുമിച്ചോ വിവാഹകൂദാശയ്ക്കായി പള്ളിയകത്ത് പ്രവേശിക്കുന്നത് വിശുദ്ധ പാരമ്പര്യങ്ങൾക്ക് വിരുദ്ധവും വിശുദ്ധ വേദപുസ്തക പഠിപ്പിക്കലുകൾക്ക് എതിരായുള്ളതുമാകുന്നു.

മറശ്ശീല ഇട്ടിരിക്കുന്ന സമയത്ത് മണവാളനോ മണവാട്ടിയോ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല എന്നു പഴമക്കാർ പറയുന്നു. ദൈവവുമായുള്ള ഉടമ്പടി പൂർണ്ണമാക്കപ്പെടുവാൻ അവർ കടന്നു ചെല്ലേണ്ടത് തന്റെ സിംഹാസനത്തിന്റെ മുമ്പിലേക്കാണ്. വിശുദ്ധ മദ്ബഹായ്ക്ക് അഭിമുഖമായി, ഹൈക്കലായുടെ മുൻവശത്ത് നടുവിലായി, വരൻ വടക്കുവശത്തും വധു തെക്കുവശത്തും അടുത്തടുത്തായി നിൽക്കണം; അതായത് വരൻ ഇടതുവശത്തും വധു വലതുവശത്തും ജീവിതത്തിൽ മുഴുവൻ ഇതാണ് അവരുടെ സ്ഥാനത്തിന്റെ ക്രമം. ഫോട്ടോ എടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. സ്ത്രീ പുരുഷന്റെ വാമഭാഗം (ഇടതുവശം) എന്നൊരു പ്രയോഗമുള്ളതിനാൽ എപ്പോഴും സ്ത്രീയെ പുരുഷന്റെ ഇടതുഭാഗത്തു നിർത്തുന്ന ഒരു പ്രവണതയുണ്ട്. ലോകത്തിലെ പല ക്രിസ്ത്യൻ സഭകളിലും വിവാഹസമയത്ത് സ്ത്രീയെ പുരുഷന്റെ ഇടതുവശത്താണ് നിർത്തുന്നത്.

സുറിയാനി ഓർത്തഡോക്സ്‌ വിശ്വാസമനുസരിച്ച് ദിക്കുകളുടെ പ്രാധാന്യം കിഴക്ക്-പടിഞ്ഞാറ് ദിശയിൽ കിഴക്കിനും (മത്തായി 24:27) വടക്ക്-തെക്ക് ദിശയിൽ വടക്കിനുമാണ് (യെശയ്യാവ്‌ 14:13, ഇയ്യോബ് 37:22). അതുകൊണ്ടുതന്നെ വടക്കു ദിക്കിന് പ്രാമുഖ്യവും മൂപ്പുസ്ഥാനവും നൽകിയിരിക്കുന്നു. പുരുഷൻ ആദ്യവും സ്ത്രീ രണ്ടാമതും സൃഷ്ടിക്കപ്പെട്ടതിനാൽ വിവാഹബന്ധത്തിൽ പുരുഷനേക്കാൾ പ്രായം കുറഞ്ഞയാളായിരിക്കണം സ്ത്രീ എന്നാണ് പാരമ്പര്യവും പൊതുതത്വവും. ഒരു പള്ളിയിൽ ഒന്നിൽക്കൂടുതൽ വിവാഹം ഒരേസമയം നടത്തപ്പെടുകയാണെങ്കിൽ മണവാളന്മാരിൽ പ്രായം കൂടിയ ആൾ മുതൽ കുറഞ്ഞ ആൾ വരെ വടക്കുനിന്ന് തെക്കോട്ടായി നിൽക്കും (മാമ്മോദീസായിലും മെത്രാൻ വാഴ്ചയിലുമെല്ലാം ഈ മൂപ്പുക്രമമാണ് പാലിക്കുന്നത്. പ്രായത്തിൽ മൂത്തയാൾ ആദ്യം കൂദാശ സ്വീകരിക്കുന്നു. ത്രോണോസിന്മേൽ മെഴുകുതിരി കത്തിക്കുമ്പോഴും ആദ്യം വടക്കുവശത്തും പിന്നീട് തെക്കുവശത്തും എന്ന ക്രമത്തിലാണ് ചെയ്യുന്നത്).

പാരമ്പര്യമനുസരിച്ച് വിരിപ്പാവും കുരിശുള്ള മാലയും മോതിരവും ചരടിൽ കോർത്ത മിന്നും മണവാട്ടിയുടേയോ മറ്റേതെങ്കിലുമോ ഇടവകയിലോ ആണ് വിവാഹം നടക്കുന്നതെങ്കിൽ കല്യാണക്കുറിയുമാണ് മണവാളന്റെ ഭാഗത്തുനിന്നും കൊണ്ടുവരേണ്ടത്. കുരിശുള്ള മാലയും മോതിരവും, വിവാഹം തന്റെ ഇടവകയിലല്ലെങ്കിൽ കല്യാണക്കുറിയുമാണ് വധു കൊണ്ടുവരേണ്ടത്. തലയിലൂടെ എളുപ്പത്തിൽ ഇടുവാൻ തക്ക വലിപ്പം മാലകൾക്കുണ്ടായിരിക്കണം.

ഒരു പുരുഷന് ഒരു സ്ത്രീ എന്ന വേദപുസ്തകാടിസ്ഥാനത്തിൽ (1 കൊരിന്ത്യർ 7:2) ഒരു വിവാഹമാണ് ഒരാൾക്ക് അനുവദിച്ചിട്ടുള്ളത്. എങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ രണ്ടാം വിവാഹവും അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാൽ മൂന്നാമതൊന്ന് നിഷിദ്ധമാണ്. "ഒന്നാം വിവാഹം നിയമാനുസരണം, രണ്ടാമത്തേത് ക്ഷന്തവ്യം, മൂന്നാമത്തേത് നിയമലംഘനം, ഇതിനും അപ്പുറമുള്ളത് പന്നികൾക്കടുത്ത പ്രവൃത്തിയാകുന്നു" എന്നാണ് ഹൂദായ കാനോൻ പറയുന്നത് (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M O C Publications, Kottayam, 2000, page 112). മാമ്മോദീസാ കൈക്കൊണ്ടശേഷം രണ്ടു വിവാഹത്തിലുൾപ്പെട്ടയാൾ കശ്ശീശായോ ശെമ്മാശ്ശനോ ആകുവാൻ പാടില്ല എന്നും ടി കാനോൻ പറയുന്നുണ്ട് (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 86). ആധുനിക കാലത്ത് ഈ വിലക്ക് ശുശ്രൂഷകർക്കും ബാധകമാണ്; എന്തെന്നാൽ അവർ ശെമ്മാശ്ശന്മാരുടെ സ്ഥാനത്ത് ശുശ്രൂഷിക്കുന്നവരാകുന്നു. എന്നാൽ കാനോൻ ഇക്കാര്യത്തിൽ ഒരിളവ് അനുവദിക്കുന്നതിപ്രകാരമാണ്: "ഭാര്യ മരിച്ചുപോയ ശെമ്മാശന്മാർ അവരുമായി സംയോഗം നടത്തുകയോ ചുംബിക്കപോലുമോ ചെയ്തിട്ടില്ലെങ്കിൽ വേറെ വിവാഹം ചെയ്യുകയും ശുശ്രൂഷ തുടരുകയും കശ്ശീശന്മാരുവകയും ചെയ്യാം" (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 89).

തോഴ്‌മ.

പലരും വളരെ ലാഘവത്തോടെ കാണുന്നതും എന്നാൽ വിവാഹമെന്ന കൂദാശയിൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് വധൂവരന്മാരുടെ തോഴ്‌മക്കാരെ നിശ്ചയിക്കുന്നത്. ആധുനിക കാലത്ത് Event Management സ്ഥാപനങ്ങളാണ് ഇതെല്ലാം നിശ്ചയിക്കുന്നത്. അറിഞ്ഞോ അറിയാതെയോ പുരോഹിതന്മാരും കുടുംബക്കാരുമെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ നിന്നും മറ്റു വിശ്വാസങ്ങളിൽ നിന്നും നല്ലതിനെ സ്വീകരിക്കുന്നത് തെറ്റല്ല. എന്നാൽ തങ്ങളുടെ അർത്ഥവ്യാപ്തിയുള്ള വിശ്വാസങ്ങളെ ത്യജിക്കുന്നത് തെറ്റാണുതാനും. തോഴ്മക്കാരൻ വരന്റെ സഹോദരന്റെ സ്ഥാനത്തും തോഴ്‌മക്കാരി വധുവിന്റെ സഹോദരിയുടെ സ്ഥാനത്തുമാണെന്നും ആയതിനാൽ കുടുംബ ബന്ധത്തിലുള്ളവരേപ്പോലെതന്നെ തോഴ്മ ബന്ധത്തിലുള്ളവരും വിവാഹബന്ധത്തിൽ നിന്നൊഴിഞ്ഞിരിക്കണം എന്നും ഹൂദായ കാനോൻ പറയുന്നു (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 117-118). അതിനാൽ തോഴ്മ ബന്ധത്തിന്റെ പ്രാധാന്യം എത്രമാത്രമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാമ്മോദീസായിലെ തലതൊടുന്ന ബന്ധം പോലെതന്നെ പാവനമായ ബന്ധമാണ് തോഴ്‌മ ബന്ധവും. അതുകൊണ്ടുതന്നെ അങ്ങനെ വരുന്നവർ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുമായിരിക്കണം.

ഒഴിവാക്കപ്പെടേണ്ട ബന്ധങ്ങൾ.

വിവാഹക്കാര്യത്തിൽ ഏതെല്ലാം ബന്ധങ്ങളിൽ നിന്നൊഴിഞ്ഞിരിക്കണമെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. വിവാഹാലോചന നടത്തുമ്പോൾത്തന്നെ ഇതു മനസ്സിലാക്കി വേണം മുന്നോട്ടു പോകുവാൻ. ഏതൊക്കെ ബന്ധങ്ങളാണ് വിവാഹത്തിനു തടസ്സമെന്ന് ഹൂദായ കാനോൻ പറയുന്നുണ്ട് (കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 115-122). കുടുംബബന്ധം, മുലകുടിപ്പിക്കുന്ന വഴിക്കുള്ള ബന്ധം, മാമ്മോദീസായിൽ തലതൊടുന്ന വഴിക്കുള്ള ബന്ധം, വിവാഹ തോഴ്മ വഴിക്കുള്ള ബന്ധം എന്നിവയാണത്. അവസാനമായി പറഞ്ഞ മൂന്നു ബന്ധങ്ങളും കുടുംബബന്ധം പോലെ ഗാഢമാണെന്നർത്ഥം. അതിന്റെ വിശദാംശങ്ങൾ കാനോൻ പറയുന്നുമുണ്ട്. ഏതു ബന്ധത്തിലായാലും ഏഴു തലമുറകൾ കഴിഞ്ഞേ വിവാഹബന്ധം പാടുള്ളൂ.

സുറിയാനി ഓർത്തഡോക്സ് സഭയിൽപ്പെട്ടവരല്ലാത്ത മറ്റു ക്രിസ്ത്യൻ സഭകളിൽ നിന്നാണ് വിവാഹമെങ്കിൽ ഇടവക വികാരിമാരുമായി ആലോചിച്ച് തദനുസരണം പ്രവർത്തിക്കേണ്ടതാണ്. അന്യ മതസ്ഥരിൽ നിന്നാണെങ്കിൽ നടപടിക്രമങ്ങൾ കൂടുതലുണ്ട്. രണ്ടു ദൈവങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള ബന്ധത്തിൽ എപ്പോഴും ഒരാശയക്കുഴപ്പം നിലനിൽക്കും. അഥവാ ഭാര്യാഭർത്താക്കന്മാർക്ക് അതിനെ അതിജീവിക്കാൻ കഴിഞ്ഞാലും മക്കൾക്ക് പ്രതിസന്ധികളെ നേരിടേണ്ടി വരും. തുടക്കത്തിൽ പറഞ്ഞതുപോലെ, വിവാഹം പല സമുദായങ്ങൾക്കും വ്യക്തികൾ തമ്മിലുള്ള ഉടമ്പടിയാവുമ്പോൾ സിറിയൻ ഓർത്തഡോക്സ് സഭയിലെ വിവാഹം രണ്ടു വ്യക്തികളും ദൈവവുമായുള്ള ഉടമ്പടിയാണ്. വിശ്വാസം പോലെതന്നെ പ്രധാനമാണ് കുടുംബബന്ധങ്ങളും.

വിവാഹ മോചനം.

യേശുതമ്പുരാൻ പറഞ്ഞ കാരണം കൊണ്ടല്ലാതെ വിവാഹമോചനം പാടുള്ളതല്ല (മത്തായി 19:9). ദൈവം അണിയിച്ച മോതിരവും കിരീടവും എടുത്തുമാറ്റുവാൻ മനുഷ്യർക്കാർക്കും അധികാരമില്ല. ദൈവം തമ്പുരാൻ അതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. പാപങ്ങൾ നിർത്തുവാനും മോചിക്കുവാനും നൽകപ്പെട്ട അധികാരങ്ങൾ (യോഹന്നാൻ 20:23) ഇവിടെ പ്രയോഗിക്കാമോ എന്നത് പഠനവിഷയമാക്കേണ്ടതാണ്. എന്തെന്നാൽ, ആദിമകാല പിതാക്കന്മാരാരും വിവാഹമോചനത്തെ അനുവദിച്ചിരുന്നതായി എവിടേയും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല (വിവാഹ മോചനമല്ലെങ്കിലും അവിശ്വാസിക്ക് പിരിയാനുള്ള സമ്മതം നൽകിയ കാര്യം ഇവിടെ വിസ്മരിക്കുന്നില്ല (1.കൊരിന്ത്യർ 7:15)). എന്നാൽ ഏതെല്ലാം ചുറ്റുപാടുകളിൽ വിവാഹമോചനമാകാമെന്ന് ഹൂദായ കാനോൻ പറയുന്നുണ്ട് [കോനാട്ട് അബ്രഹാം മല്പാൻ, ഹൂദായ കാനോൻ, M.O.C Publications, Kottayam, 2000, page 129-138]. കാനോൻ ക്രോഡീകരിച്ച ഗ്രിഗോറിയോസ് ബർ എബ്രായ (ക്രിസ്തുവർഷം 1226-1286) എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുപദേശം നൽകിയിട്ടുള്ളതെന്ന് കൃത്യമായി പറയുന്നില്ല. വിശുദ്ധ ശ്ലീഹന്മാരോ മറ്റു പിതാക്കന്മാരോ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടുള്ളതായും അദ്ദേഹം പറയുന്നില്ല. ദൈവവുമായുള്ള ഉടമ്പടിയായതുകൊണ്ട് ദൈവീകനിർദ്ദേശത്തെ മറികടന്ന് മനുഷ്യർക്ക് അത് അഴിച്ചുകളയാൻ തത്വത്തിൽ കഴിയുകയുമില്ല. കാർമ്മികനായ പുരോഹിതനും അതിനധികാരമില്ല. താൻ അവരെ പരസ്പരം ഭരമേല്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിയമവിരുദ്ധമായി അവർ ചെയ്യുന്ന സകല കാര്യങ്ങളിലും താൻ നിരപരാധിയായിരിക്കുമെന്നും കാർമ്മികൻ അവരെ ഓർമ്മിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് കർത്താവ് പറയുന്നത്: "വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല" (മത്തായി 19:11) എന്ന്. ഹൂദായ കാനോനിൽ പറഞ്ഞിരിക്കുന്ന വിവാഹമോചന വ്യവസ്ഥകൾ എത്രമാത്രം സ്വീകരിക്കപ്പെടണം എന്നുള്ളത് വചനാടിസ്ഥാനത്തിൽ ചർച്ചയ്ക്കു വിധേയമാക്കാവുന്നതാണ്.

പുരോഹിത ശ്രേണിയിൽപ്പെട്ടവരുടെ വിവാഹം, വിവാഹമോചനം എന്നിവയെക്കുറിച്ചു വിശുദ്ധ ശ്ലീഹന്മാരുടെ കാനോൻ പറയുന്നുണ്ടെങ്കിലും വിശ്വാസികളുടെ കാര്യത്തേക്കുറിച്ച് പറയുന്നില്ല. എന്നാൽ ആദിമകാല പിതാക്കന്മാർ അക്കാര്യത്തിൽ കൃത്യമായ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ക്രിസ്തുവർഷം 183-ലോ 185-ലോ കാലം ചെയ്തു എന്ന് കരുതപ്പെടുന്ന അന്ത്യോഖ്യായിലെ വിശുദ്ധ തെയോഫിലോസ് 'വിവാഹമെന്നത് സത്യമായും അഴിയപ്പെടാൻ പാടില്ലാത്തതാണ്' എന്നു പറയുന്നു എന്ന് Jesus and Divorce എന്ന പുസ്തകം പറയുന്നു [William A. Heth and Gordon J.Wehham, Jesus and Divorce: The Problem with the Evangelical Consensus, Thomas Nelson Publishers, Nashville, 1985, page 31]. 'ശവകുടീരം വരെ നീളുന്ന അതിശക്തമായ ഒരു ബന്ധമാണ് വിവാഹത്തിലൂടെ സംജാതമാകുന്ന'തെന്ന് തെർത്തുല്യൻ (ക്രിസ്തുവർഷം 160-230) എന്ന പിതാവ് പറയുന്നു [Philip Schaff, Ante-Nicene Fathers Volume 4, Christian Classics Ethereal Library, Grand Rapids, 1885, page 155]. ‘മോചനമോ വേർപിരിയലോ ഒരിക്കൽപ്പോലുമില്ലാത്ത ജീവിക്കുന്ന ഒരു ഐക്യമായി വിവാഹത്തെ കാണണ’മെന്ന് വിശുദ്ധ അഗസ്റ്റിൻ (ക്രിസ്തുവർഷം 354-430) പ്രസ്താവിക്കുന്നു [Philip Schaff, Nicene and Post-Nicene Fathers, Series I, Volume V, Christian Classics Ethereal Library, Grand Rapids, 1887, page 777]. ചുരുക്കിപ്പറഞ്ഞാൽ വിവാഹമെന്നത് ഭാര്യാഭർത്താക്കന്മാരുടെ മരണം വരെ നിലനിൽക്കുന്ന ഒരു ബന്ധമാണ്. അത് ദൈവവുമായുണ്ടാക്കിയിള്ള ഒരു ഉടമ്പടിയാണ്; ഒരു വിശുദ്ധ കൂദാശയാണ്. വിവാഹമോചനമെന്നാൽ ആ കൂദാശയെ അഴിച്ചുകളയുന്നതാണ്; ദൈവവുമായുള്ള ഉടമ്പടിയുടെ ലംഘനമാണ്. നൽകപ്പെട്ട ഒരു കൂദാശയെ ഇല്ലായ്മ ചെയ്യാൻ പറ്റുമോ? അതുകൊണ്ട് പുരുഷനായാലും സ്ത്രീയായാലും വിവാഹത്തിനു മുമ്പേ അതേപ്പറ്റിയുള്ള ‘വചനം ഗ്രഹിച്ചിരിക്കണം’. എന്നിട്ട് സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുകയും മനസ്സിലാക്കുകയും പഠിക്കുകയും വിവാഹത്തിനൊരുങ്ങുകയും വേണം.

ഈ കൂദാശയുടെ ശ്രേഷ്ഠത വെളിവാക്കുന്നതിനും അത് ഇല്ലായ്മ ചെയ്യാൻ പറ്റാത്തതുമാണ് എന്ന് ബോദ്ധ്യപ്പെടുത്തുവാനുമായി ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. സുറിയാനി ഓർത്തഡോക്സ് വിശ്വാസത്തിൽ ഒരിക്കൽ മോതിരവാഴ്‌വും കിരീടവാഴ്‌വും നടത്തിയിട്ടുള്ളവർക്ക് അവരുടെ പുനർവിവാഹത്തിൽ അത് വീണ്ടും നടത്തുകയില്ല. അവരുടെ പങ്കാളി മാറുന്നുവെന്നല്ലാതെ വിശുദ്ധ കൂദാശയുടെ ആത്മീയാംശം അവരിൽ അപ്പോഴും കുടികൊള്ളുന്നുവെന്നർത്ഥം. അതായത് സ്വീകരിച്ച കൂദാശയുടെ മർമ്മം നഷ്ടപ്പെടുന്നില്ല. വിവാഹമെന്നത് ആവർത്തിക്കപ്പെടാവുന്ന കൂദാശയാണെന്ന് സാധാരണയായി പറയുമെങ്കിലും കൂദാശ ആവർത്തിക്കപ്പെടുന്നില്ല, വിവാഹമാണ്ആ വർത്തിക്കപ്പെടുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.

Recommended

  • ആഗ്രഹങ്ങൾ അമിതമായാൽ
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ആദ്യാചാര്യത്വം....
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • പഴയനിയമം പുതിയനിയമത്തിൽ.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • അകവും പുറവും
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • നീട്ടലും കുറുക്കലും.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ചെറുതായവരെ കരുതുക.
  • നോമ്പും ഉപവാസവും ആരാധനയും.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ത്രിത്വം.
  • ഏഴാം പോസൂക്കോ
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • മാർഗം കളി
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കാനവിലെ കല്യാണ വീട്.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • ഏഫോദ്. (Ephod).
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • സംഗീതം എന്ന ഔഷധം. Music Therapy
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • കല്ലേറ്
  • കന്തീല ശുശ്രൂഷ.
  • ഭവന ശുദ്ധീകരണം.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • മാർ റാബാൻ റമ്പാൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved