വിശുദ്ധ കന്യക മറിയാമിന് യേശുവല്ലാതെ മറ്റ് മക്കളുണ്ടെന്നു പറയുന്നതുതന്നെ വേദപിപരീതമാണ്.
(വി.മത്തായി 13:55, 56) “ഇവൻ തച്ചന്‍റെ മകൻ അല്ലയോ ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.”
വിശുദ്ധ ദൈവ മാതാവിനെ പരിഹസിക്കുവാനും, അപ്പോസ്തോലിക സഭകളെ താഴ്ത്തികെട്ടാനും ഈ വാക്യത്തെ വളച്ചൊടിച്ച്, മറിയയുടെ മറ്റു മക്കളാണ് യാക്കോബ്, യോസെ, ശിമോൻ, യൂദാ അതുകൂടാതെ മറ്റു സഹോദരിമാരും ഉണ്ടായിരുന്നു എന്നൊക്കെ ചില നവീന സഭക്കാര്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അതു ശരിയാണോ എന്ന് വിശുദ്ധ വേദപുസ്തകാടിസ്ഥാനത്തില്‍ പരിശോധിക്കാം.
വി.വേദപുസ്തകത്തില്‍ കര്‍ത്താവിന്‍റെ "സഹോദരന്മാര്‍" എന്നും "സഹോദരിമാര്‍" എന്നും പരാമര്‍ശിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ഇവയിലൊന്നുതന്നെ വി.ദൈവമാതാവായ മറിയമിന്‍റെ മക്കളാണ് പരാമര്‍ശിക്കപ്പെടുന്നവരെന്ന് പറയുന്നില്ല. വേദപുസ്തകം ശരിയായി വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. 'മറിയം' എന്ന പേരില്‍ വി.ദൈവമാതാവല്ലാതെ മറ്റു നിരവധി സ്ത്രീകളുണ്ടായിരുന്നുവെന്ന സത്യം.
അതിനുള്ള തെളിവുകളാണ് താഴെപ്പറയുന്ന വാഖ്യങ്ങളില്‍ക്കൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത്. അതിനായി നാല് സുവിശേഷങ്ങളും ഇതിനെക്കുറിച്ച് എന്തുപറയുന്നു എന്ന് പഠിക്കേണ്ടതായുണ്ട്. വി.വേദപുസ്തകത്തെ ഇങ്ങനെ വളച്ചൊടിക്കുന്നവര്‍ക്ക്, സത്യത്തെ മനസ്സിലാക്കികൊടുക്കുന്നതിനുവേണ്ടി സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന വേദഭാഗങ്ങള്‍ ഒന്ന് നോക്കാം.
ആദ്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ കടന്നുപോകാം.
1. നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ ക്രൂശുമരണ സന്ദര്‍ഭത്തിലേക്കാണ്.
വി.മത്തായി 27:55,56. ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയുമുണ്ടായിരുന്നു. ഈ വാക്യം നന്നായി ശ്രദ്ധിക്കുക. "യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും. ഇതില്‍ നിന്നും, വി.മത്തായി 13:55,56-ല്‍ പറയുന്ന യാക്കോബ്, യോസെ എന്നിവരുടെ അമ്മ ആരാണെന്നു നമുക്ക് മനസ്സിലായി കഴിഞ്ഞു. ദുര്‍വ്യാഖ്യാനികള്‍ പറയുന്ന പ്രകാരം അത് വി.ദൈവമാതവല്ല, രണ്ടാമതൊരു മറിയം ആണ്. അത് സംശയങ്ങള്‍ക്ക് ഇടയില്ലാതവണ്ണം നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു. അപ്പോ ആരാണാവോ ഈ രണ്ടാമത്തെ മറിയാം? അത് നമ്മുക്ക് പുറകാലെ മനസ്സിലാക്കാം. ഇപ്പൊ അടുത്ത ഒരു സന്ദര്‍ഭത്തിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
2. ഇവിടെ നിന്ന് നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ പുനരുത്ഥാന സന്ദര്‍ഭത്തിലേക്കാണ്. വി.മത്തായി 28:1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മറ്റെ മറിയ' വി.മത്തായി 27:55,56-ല്‍ മഗ്ദലക്കാരത്തി മറിയയോടൊപ്പം കാണുന്ന യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയാണെന്ന് ന്യായമായും നമുക്ക് മനസ്സിലാക്കാം. അല്ലാതെ പാസ്റ്റര്‍ പറയുന്നത് പോലെ യേശുവിന്റെ അമ്മയായ മറിയം അല്ല. മറിച്ചാണെങ്കില്‍ സുവിഷകന്‍ 'മറ്റേ മറിയ' എന്ന് ദൈവമാതാവിനെ സംബോധന ചെയ്യുകയില്ലല്ലോ. വി.മത്തായിയുടെ സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു ഒരുകാര്യമുണ്ട്, മറിയത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ അവന്റെ "അമ്മ" എന്ന വാക്കാണ് വി.മത്തായി ഉപയോഗിച്ചിരിക്കുന്നത്. ഉദാ. വി.മത്തായി 1:18, 2:11, 2:13, 2:14, 2:20, 2:21. ഇവിടെയൊക്കെയും അമ്മ എന്ന് ഉപയോഗിച്ചിരിക്കുന്ന സുവിശേഷകന്‍ പിന്നീട് മഗ്ദലക്കാരത്തി മറിയയ്ക്കും പിന്നില്‍ രണ്ടാമതായി മാത്രം പ്രാധാന്യം കൊടുത്തു. വി.ദൈവമാതാവിനെ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ എന്നും 'മറ്റേ മറിയ' എന്നും പരാമര്‍ശിക്കും എന്ന് കരുതുക വയ്യ.
ഈ വിശകലനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന കാര്യം യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയമും, യേശുവിന്റെ അമ്മ മറിയവും രണ്ടു വ്യത്യസ്ത സ്ത്രീകളാണെന്ന സത്യമാണ്.
3. ഇനി നമുക്ക് വി.മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.
മാര്‍ക്കോസ് 6:3 ഇവൻ മറിയയുടെ (യഹൂദ പശ്ചാത്തലത്തില്‍ അമ്മയുടെ മകന്‍ എന്ന് സാധാരണ പറയാറില്ല. എന്നാല്‍ ഇവിടെ മറിയയുടെ മകന്‍ എന്ന് യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക) മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. വി.മത്തായി 13:55-ല്‍ നമ്മള്‍ കണ്ടതുപോലെ യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. ഇനി മാര്‍ക്കോ: 15:40 കൂടി നമുക്കൊന്നു നോക്കാം.
സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. ഇവിടെ നമ്മള്‍ മനസ്സിലാക്കുന്ന കാര്യം, യേശുവിന്റെ സഹോദരന്മാര്‍ എന്ന് വിശേഷിക്കപ്പെട്ട യാക്കോബ്, യോസെ എന്നിവര്‍ യേശുവിന്റെ ചാര്‍ച്ചക്കാരിയായ മറിയയില്‍ ജനിച്ചവരാണ്. അതുകൊണ്ടുതന്നെ ബന്ധുക്കളായ അവരെ 'സഹോദരന്മാര്‍' എന്ന് പറഞ്ഞിരിക്കുന്നത്.
എന്നാലും ഒരു ചോദ്യം ബാക്കി, ഈ മറിയ എങ്ങനെ അമ്മ മറിയയുടെ ചാർച്ചക്കാരിയായി? അതിനു തെളിവ് എവിടെ?
ഇനി മാര്‍ക്കോസ്: 16:1 ഒന്ന് നോക്കാം.
ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. മുകളിലുള്ള വാക്യത്തില്‍ കണ്ട മൂന്നു പേരും ഇവിടെയും നമുക്ക് കാണാം. മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും. ഇവിടെ യാക്കോബിന്റെ അമ്മ എന്നാണ് 'മറ്റേ' മറിയയേ പരാമർശിച്ചിരിക്കുന്നത്. (മത്തായി 'മറ്റേ മറിയ' എന്നാണ് തന്‍റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത്) ഇവിടെയെങ്ങും ഈ മറിയ യേശുവിന്റെ അമ്മ മറിയ ആണെന്ന് പറഞ്ഞിട്ടില്ല.
4. ഇനി നമുക്ക് വി.ലൂക്കോസിന്‍റെ സുവിശേഷം ഒന്ന് നോക്കാം.
വി.ലൂക്കോസ് 24:10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പോസ്തലന്മാരോടു പറഞ്ഞു. ഇവിടെയും യാക്കോബിന്റെ അമ്മ മറിയ എന്നാണ് പരാമര്‍ശം. യേശുവിന്റെ അമ്മ എന്ന പരാമര്‍ശം ഇവിടെയും കാണാനില്ല. വി.ലൂക്കോസ് തന്റെ സുവിശേഷത്തില്‍ മുഴുവനും വി.ദൈവമാതാവിനെ അവന്റെ 'അമ്മ' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്, ഉദാ : ലൂക്കോസ്: 1:43, 2:33-34, 2:51, 8:19, Acts 1:14.
അതുകൊണ്ട് തന്നെ ഒരു വാഖ്യത്തില്‍ മാത്രം വി.മറിയാമിനെ യേശുവിന്റെ അമ്മ എന്നതിന് പകരം 'യക്കോബിന്റെ അമ്മ' എന്ന് പ്രാധാന്യം കുറച്ചു സുവിശേഷകന്‍ പറയും എന്ന് തോനുന്നില്ല. അപ്പോള്‍ ആരാണ് ഈ അജ്ഞാതയായ, 'മറ്റേ', 'യാക്കോബിന്റെ അമ്മ', 'യോസയുടെ അമ്മ' എന്നൊക്കെ സുവിശേഷകര്‍ പറഞ്ഞിരിക്കുന്ന മറിയ?
5. അത് അറിയാനായി നമുക്ക് വി.യോഹന്നാന്റെ സുവിശേഷം ഒന്ന് പരിശോധിക്കാം.
വി.യോഹ 19:25, യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
'അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും'.
ഇവിടെ എന്താണ് മനസ്സിലാക്കുന്നത്?
യേശുവിന്റെ അമ്മ മറിയ, മറിയയ്ക്ക് ഒരു സഹോദരി ഉണ്ടായിരുന്നു, ക്ലെയോപ്പാവിന്റെ ഭാര്യയായ മറിയ.
യഹൂദ ഗോത്ര പാരമ്പര്യ പ്രകാരം യേശുവിന്റെ സഹോദരങ്ങള്‍ എന്ന് യാക്കോബ്, യോസെ എന്നിവര്‍ വിളിക്കപ്പെട്ടത്.
1. ക്ലെയോപ്പാവിന്റെ ഭാര്യയായ മറിയ, യാക്കോബിന്റെ അമ്മ മറിയ, യോസയുടെ അമ്മ മറിയ എന്നിങ്ങനെ സുവിശേഷകര്‍ സൂചിപ്പിച്ചിരിക്കുന്ന മറിയ ഒരാള്‍ തന്നെയാണ്.
2. അത് വി.ദൈവമാതാവിന്റെ സഹോദരിയായ മറിയയാണ്.
3. അതുകൊണ്ടാണ് യാക്കോബ്, യോസെ എന്നിവര്‍ യേശുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്.
4. അവന്റെ മറ്റു സഹോദരങ്ങള്‍ (ശിമോൻ, യൂദാ) സഹോദരികളും, അവനില്‍ വിശ്വസിക്കാത്ത സഹോദരന്മാര്‍ എന്ന് യോഹ 7:5-ല്‍ പറയുന്ന സഹോദരന്മാരും എല്ലാം യഹൂദ ഗോത്ര പ്രകാരമുള്ള മറ്റു ശാഖകളില്‍പ്പെട്ട യേശുവിന്റെ ചര്‍ച്ചക്കാരാണ്.
ഇതുപോലെ വേദവിപരീതികളുടെ മറ്റു ചില ചോദ്യങ്ങളും നമുക്ക് നോക്കാം.
"ഇവൻ മറിയാമിൻ്റെ മകനായ തച്ചൻ അല്ലയോ?........." മർക്കൊസ് 6:3.
വി.വേദപുസ്തകത്തിലെ മേൽ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വേദവിപരീതികൾ സമർത്ഥിക്കുവാൻ ഉദ്ദേശിക്കുന്നതെന്തോ അതിന്, വേദപുസ്തകാടിസ്ഥാനത്തിൽ തന്നെയുള്ള മറുപടി.
1. ഇവൻ തച്ചന്റെമകനല്ലേ?
മറുപടി പറയേണ്ട ആവശ്യമില്ലാത്ത ചോദ്യം. യേശു ദൈവപുത്രനാണെന്നുള്ളതിന് ചോദ്യകർത്താക്കൾക്കും സംശയമുണ്ടാകില്ലെന്നു കരുതുന്നു.
2. യാക്കോബിന്റെയും, യോസിയുടെയും, ശെമവോന്റെയും, യഹൂദായുടെയും സഹോദരനുമല്ലേ?
ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ ഈ വാക്യത്തിൽ പറയുന്ന യാക്കോബ്, യോസി, ശെമഓൻ, യഹൂദാ എന്നിവർ ആരായിരുന്നെന്നും, അവരുടെ മാതാപിതാക്കൾ ആരൊക്കയായിരുന്നെന്നും പരിശോധിക്കാം.
പുതിയ നിയമത്തിൽ യാക്കോബ് എന്ന പേരിൽ പ്രധാനമായി ആരൊക്കെയുണ്ടായിരുന്നു?അവരുടെമാതാപിതാക്കൾ ആരെല്ലാം?
(1) യൗസേഫ് പിതാവിന്റെ മകൻ യാക്കോബ്. വി.മാതാവുമായി വിവാഹം നിശ്ചയം ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്ന മക്കളിൽ ഒരാൾ. ഈ യാക്കോബാണ് ഊർശ്ലേമിന്റെ ഒന്നാമത്തേ പ്രധാനാചാര്യനും ശ്ലീഹായും സഹദായുമായ യാക്കോബ്. പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒന്നാമത്തെ തക്സാ ഇദ്ദേഹത്തിൽ നിന്നും ലഭിച്ചു. ആയത് ഉയിർപ്പിനുശേഷം ക്രിസ്തു നേരിട്ട് അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു. ഇദ്ദേഹത്തിനേക്കുറിച്ച് കൂടുതൽ അറിയുവാൻ വി.ഗ്രന്ഥം വി.യാക്കോബിന്റെ ലേഖനത്തിന്റെ ആമുഖം പേജ് വായിക്കുക.(വി.ഗ്രന്ഥം, പേജ് 354, 355).
(2) ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ രണ്ടുപേർ യാക്കോബ് എന്ന പേരുകാരായിരുന്നു. സെബദിമക്കളായ യാക്കോബും, യോഹന്നാനും. ഇവരെ 'ഇടി മക്കൾ' എന്നും വിളിച്ചിരുന്നു. സെബദിയുടെ ഭാര്യയുടെ പേര് ശോലും, അഥവാ ശലോമി). (Refer വി.ഗ്രന്ഥം Page 134) ശോലും വി.ദൈവമാതാവിന്റെ സഹോദരിയായും (cousin Sister) വരും.
(3) ക്രിസ്തുവിന്റെ ശിഷ്യഗണത്തിൽ പറയുന്ന രണ്ടാമത്തെ യാക്കോബിനെ വിളിച്ചിരുന്നത് ചെറിയ യാക്കോബ് എന്നായിരുന്നു. അദ്ദേഹത്തിന് സഹോദരനായി യോസി, യഹൂദാ, ശീമോൻ എന്നിവർ ഉണ്ടായിരുന്നു. (പുതിയ നിയമ വ്യാഖ്യാനം. Page, 842) (Refer. വി.ഗ്രന്ഥം Page : 383, യൂദാശ്ലീഹായുടെ ലേഖനത്തിന്റെ, ആരംഭവും, അവസാനവും വായിക്കുക). ചെറിയ യാക്കോബിന്റെ പിതാവിനെ വി.യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പാ എന്നും, വി.മത്തായിയുടെ സുവിശേഷത്തിൽ ഹൽപ്പായി എന്നും വിളിച്ചിരുന്നു. കാരണം വി.യോഹന്നാന്റെ സുവിശേഷം ഗ്രീക്കുഭാഷയിലും, വി.മത്തായിയുടെ സുവിശേഷം അറമൈക്ക് ഭാഷയിലുമാണ് എഴുതപ്പെട്ടത്. ഗ്രീക്കിൽ ക്ലേയോപ്പാ എന്ന പേരാണ്, അറമൈക്കിൽ ഹൽപ്പായി എന്നത്. രണ്ടും ഒന്നു തന്നെയാകുന്നു. (Refer. വി.മത്തായി 10:3. ഈ വാക്യത്തിൽ യേശുവിന്റെ ശിഷ്യന്മാരുടെ പേരുകളിൽ സെബദിപുത്രനായ യാക്കോബിനെക്കൂടാതെ പറയുന്ന മറ്റേ യാക്കോബിനെ തിരിച്ചറിയാൻ 'ഹൽപ്പായി പുത്രൻ യാക്കോബ്' എന്ന് പ്രത്യേകം എഴുതപ്പെട്ടിരിക്കുന്നു. കൂടാതെ അദ്ദേഹത്തിനെ 'ചെറിയ യാക്കോബ്' എന്നും വിളിച്ചിരുന്നു. വി.യോഹന്നാന്റെ സുവിശേഷത്തിൽ ക്ലേയോപ്പായുടെ മറിയം എന്ന് (19;25) എഴുതിയിരിക്കുന്നതിനാൽ ക്ലേയോപ്പാ എന്ന അൽഫായിയുടെ ഭാര്യയുടെ പേര് മറിയം ആയിരുന്നെന്ന് വെളിവാകുന്നു. (Refer വി.ഗ്രന്ഥം വി.യോഹന്നാന്റെ സുവിശേഷം ആമുഖം). അവരുടെ മക്കളായിരുന്നു ശിഷ്യനായ യാക്കോബ് (ചെറിയ യാക്കോബ്) യോസി, യഹൂദാ എന്നും വെളിവാകുന്നു. അമ്മയുടെയോ അപ്പന്റെയോ സഹോദരി, സഹോദരന്മാരുടെ മക്കളെയും സഹോദരീ-സഹോദരന്മാർ എന്ന് വിളിക്കുക പതിവായിരുന്നു. ഇംഗ്ലീഷിൽ cousins എന്ന അർത്ഥം വരത്തക്ക തരത്തിലുള്ള ഒരു പദം മലയാളത്തിൽ ഇല്ലാത്തതുപോലെ എബ്രായ, അറമൈക് ഭാഷയിലും ഇല്ലായിരുന്നതിനാൽ അങ്ങനെയുള്ള മക്കളെയും സഹോദരൻ, സഹോദരി എന്നു വിളിച്ചു വന്നു. ഉദാഹരണത്തിന് പ്രബലമായ ക്നാനായ സമുദായം അവരുടെ വംശീയതയും, വിശുദ്ധിയും ആരംഭം മുതലേ കാത്തുസൂക്ഷിക്കുന്നു. അവർ പരസ്പരം ബന്ധുക്കളായതിനാൽ കസിൻ എന്നു വിളിച്ചു വരുന്നു. യഹൂദരും പഴയ നിയമ കാലം മുതൽ ബന്ധുക്കളെ വിവാഹം ചെയ്തിരുന്നു. ഉദാ: അബ്രഹാമും, ഭാര്യ സാറായും. യാക്കോബ് വിവാഹം ചെയ്തത് സ്വന്തം അമ്മാവനായ ലാബാൻ്റെ പെണ്മക്കളെ. തൂബീദിൻ്റെ മകൻ തോബിയാസിൻ്റെ ഭാര്യ. എല്ലാവരും അടുത്ത ബന്ധുക്കൾ. ഇങ്ങനെ പരസ്പരം ബന്ധുക്കളായിരുന്നവരുടെ തലമുറകളിലുണ്ടാകുന്ന മക്കളെ ഇന്നു നാം വിളിക്കുന്നതുപോലെ സഹോദരീ, സഹോദരന്മാർ എന്നു വിളിക്കുക സർവ്വ സാധാരണമായിരുന്നു. വി.ബൈബിളിൽ ഇപ്രകാരമുള്ള വിളി അനേകയിടങ്ങളിൽ കാണാം.
പ്രക്സീസ്. 2:29 "ഞങ്ങളുടെ സഹോദരരായമനുഷ്യരേ, പിതാക്കന്മാരുടെ തലവനായ ദാവീദിനെക്കുറിച്ച്, നിങ്ങളുടെ അടുക്കല്‍ വ്യക്തമായി പറയുവാന്‍ അനുവദിച്ചാലും. ദാവീദ് മരിച്ചു; സംസ്ക്കരിക്കപ്പെട്ടുവല്ലോ............" 2:37 "അവര്‍ ഇതു കേട്ടപ്പോള്‍ ഹൃദയത്തില്‍ തറച്ച് ശെമഓനോടും മറ്റു ശ്ലീഹന്മാരോടും സഹോദരന്മാരെ, ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ചോദിച്ചു". 2:41 അവരില്‍ ചിലര്‍ താല്പര്യത്തോടെ അവന്‍റെ വാക്കു വിശ്വസിച്ച് സ്നാനമേറ്റു. അങ്ങനെ ആ ദിവസം ഏകദേശം മൂവായിരത്തോളം ആളുകള്‍, ചേര്‍ക്കപ്പെട്ടു. മേല്പറഞ്ഞിരിക്കുന്ന സഹോദരന്മാർ എല്ലാവരും ഒരപ്പന്റെയും ഒരമ്മയുടെയും മക്കളാണോ? വചനത്തിന്റെ അർത്ഥവും, ഉദ്ദേശ്യവും അവ ഏതു സാഹചര്യത്തിൽ എന്തിനു പറഞ്ഞു എന്ന് പഠിപ്പിച്ചു തരുവാൻ ആദിമ നൂറ്റാണ്ടു മുതലുള്ള വിശുദ്ധന്മാരുടെ പാരമ്പര്യമില്ലാത്ത, സത്യവേദപുസ്തകംപോലും ഏതെന്നറിയുവാൻ അജ്ഞരായിരിക്കുന്ന, കലർപ്പു ചേർത്ത ബൈബിൾ മാത്രം കൈവശമുള്ളവർക്ക്, കഴിയില്ല. മുകളിൽ ഉദ്ധരിച്ച വി.മർക്കോസ് 6;3 വി.മത്തായി 13:55 എന്നീ വചനങ്ങളിലെ ഇവന്റെ സഹോദരന്മാർ യാക്കോബും, യോസിയും, യൂദായുമല്ലേ എന്ന ചോദ്യം Cousins എന്ന അർത്ഥത്തിലായിരുന്നു.
മുകളിൽ വിവരിച്ച വസ്തുതകളിൽ നിന്നും തെളിയിക്കപ്പെട്ട സത്യം.
(1) പുതിയ നിയമത്തിൽ മൂന്നു യാക്കോബിനെ നാം തിരിച്ചറിഞ്ഞു. യേശുവിന്റെ ശിഷ്യന്മാരിൽ സെബദി മക്കളിൽ ഒരുവനായ യാക്കോബു കൂടാതെ പറഞ്ഞിരിക്കുന്ന യാക്കോബ്, ഹൽപ്പായി (ക്ലേയോപ്പാ) പുത്രൻ യാക്കോബ് എന്ന ചെറിയ യാക്കോബ് ആണെന്നും അദ്ദേഹത്തിന്റെ സഹോദരന്മാരായിരുന്നു യോസി, യഹൂദാ എന്നിവരെന്നും വെളിവാക്കപ്പെടുന്നു.
(2) ഈ യാക്കോബിന്റെ അപ്പൻ ക്ലേയോപ്പായുടെ ഭാര്യയുടെ പേര് മറിയം എന്നായിരുന്നെന്നും (Refer വി.യോഹ 19;25) അവർക്ക് യാക്കോബിനെക്കൂടാതെ യോസി, യെഹൂദാ എന്ന മക്കളും ഉണ്ടായിരുന്നു എന്നത്.
മറ്റൊരു തെളിവ്.
വി.ഗ്രന്ഥം പുതിയ നിയമം പേജ് 50-ൽ പ്രോട്ടസ്റ്റന്റ് ബൈബിളിലെ വിവർത്തന വ്യത്യാസങ്ങൾ വന്ദ്യ കണിയാമ്പറമ്പിലച്ചൻ വിശദീകരിച്ചിരിക്കുന്നതിൽ വി.മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ അദ്ധ്യായം 27; 56 ന്റെ വിശദീകരണം വായിക്കുക. യാക്കോബും, യോസിയും, വി.കന്യക മറിയാമിന്റെ മക്കളല്ല എന്ന് പ്ശീത്തോ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന
കലർപ്പില്ലാത്ത ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ബൈബിളിലെ വചനാടിസ്ഥാനമായ തെളിവുപോരാ ചരിത്രപരമായ തെളിവാണ് വേണ്ടതെന്നുള്ളവർക്ക് വളരെ ബഹുമാനപ്പെട്ട മാണി രാജൻ അച്ചന്റെ വി.സഭയുടെ വിശുദ്ധന്മാരുടെ ജീവചരിത്രം എഴുതിയ പുസ്തകം റെഫർ ചെയ്യാവുന്നതാണ്. അതിൽ മുകളിൽ പറഞ്ഞിരിക്കുന്ന ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും ജീവചരിത്രം വിശദമാക്കിയിട്ടുണ്ട്. നിത്യ വിശുദ്ധയായ തന്റെ മാതാവിന്റെ വിശുദ്ധിയെ സ്പർശിക്കുവാൻ ധൈര്യപ്പെടുന്നവരുടെ ഉദ്ദേശവും, പ്രവർത്തനവും സർവ്വശക്തൻ അറിയുന്നതിനാൽ അങ്ങനെയുള്ളവർക്കുള്ള പ്രതിഫലവും ദൈവം നൽകിക്കൊള്ളും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.