Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).

പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ആവസിക്കുന്ന മഹത്വപൂർണ്ണമായ സംഭവത്തിന് ശേഷം, നമ്മുടെ ആരാധന വേളയിൽ വായിച്ചു കേൾക്കുന്ന ഏവൻഗേലിയോൻ ഭാഗം പരിശുദ്ധ റൂഹായെ പ്രാപിച്ചവർ തങ്ങളുടെ ഇഹലോകജീവിതം എപ്രകാരം ക്രമീകരിക്കണം എന്നും, ആ ക്രമീകരണം എങ്ങനെയാണ് വരും ലോകത്ത് നമ്മൾക്ക് പ്രയോജനപ്രദമായി തീരുക എന്നുള്ളതുമാണ്. സകല സത്യത്തിലും നീതിയിലും ദൈവീക പരിജ്ഞാനത്തിലും വഴിനടത്തുന്ന പരിശുദ്ധ റൂഹായ്ക്ക് ഒരുവൻ സ്വയം വിധേയ പെടുമ്പോൾ പരിശുദ്ധ റൂഹാ നയിക്കുന്ന വഴികളിലൂടെ തന്നെ ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട് എന്ന് വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. മറിച്ചായാൽ എന്താണ് സംഭവിക്കുക എന്നുള്ളതിൻ്റെ സൂചനകൾ കൂടി ഇന്നത്തെ ഏവൻഗേലിയോൻ ഭാഗത്തുനിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. വി.മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിൽ വിശ്വാസികൾ എന്ന നിലയിൽ നാമെല്ലാവരും ദൈവത്തിൽ നിന്നുള്ള ദൗത്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, ദൗത്യത്തിനായി പുറപ്പെടുമ്പോൾ, സംഘർഷങ്ങൾ പ്രതീക്ഷിക്കാമെന്നും കാണുന്നു. ഈയാഴ്ചയിലെ വേദഭാഗം
നമ്മൾക്ക് വ്യത്യസ്തമായ ഒരു ചിന്ത നൽകുന്നുണ്ട്. വിഭജനത്തിന്റെ സംഘർഷം. (The conflict of division). ക്രിസ്തുവിനുവേണ്ടി നിലകൊള്ളുമ്പോൾ, ഒരുവന് എതിർപ്പ് മാത്രമല്ല, ഭിന്നിപ്പും പ്രതീക്ഷിക്കാം. (വി.മത്തായി 10:34-36).

യേശു തന്റെ ശിഷ്യന്മാരെ ദൗത്യ നിർവ്വഹണത്തിനായി അയയ്ക്കുന്നു. ആ ദൗത്യത്തിനുള്ള നിർദ്ദേശങ്ങൾ അവൻ അവർക്ക് നൽകി. പ്രവർത്തിക്കുന്ന ഇടങ്ങളിൽനിന്ന് എതിർപ്പ് പ്രതീക്ഷിക്കണമെന്ന് അദ്ദേഹം  അവരോട് പറഞ്ഞു.

ഇന്നത്തെ ഏവൻഗേലിയോൻ ഭാഗത്ത് നമ്മൾ കാണുന്നത് പോലെ, യേശുവിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മളുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും ബാധിക്കുന്നു. ഇത് മറ്റ് ആളുകളുമായുള്ള നമ്മളുടെ ബന്ധത്തെ ബാധിക്കും.  
മറ്റുള്ളവരോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ഇത് ബാധിക്കും. ഏറ്റവും പ്രധാനമായി, അത് ഒരുവന്റെ ശാശ്വതമായ വിധി/eternal destiny, നിർണ്ണയിക്കും. ഈ ദിവസത്തെ വി.ഏവൻഗേലിയോൻ ഭാഗത്തുനിന്ന്, ജീവിതത്തിന്റെ വിഭജനരേഖ യേശുവാണ് എന്നതിനെ ആസ്പദമാക്കി, 
1:അവൻ സ്വർഗ്ഗത്തിലെ വിഭജനരേഖയാണ്.  2:അവൻ ഭൂമിയിലെ വിഭജനരേഖയാണ്.  3:അവൻ പരമമായ സ്നേഹമാണ്. 
4:അവൻ നമ്മളുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക അളവുകോലാണ്. എന്നിങ്ങനെ നാല് ചിന്തകളാണ് കണ്ടെത്തുന്നത്.

1.യേശു സ്വർഗ്ഗത്തിലെ വിഭജന രേഖയാണ്. (32-33).

ഒന്നാമതായി, യേശു സ്വർഗ്ഗത്തിലെ വിഭജനരേഖയാണ്. താൻ പറയുന്ന വാക്യങ്ങൾ 32-33 നോക്കുക: “മനുഷ്യരുടെ മുമ്പാകെ എന്നെ അംഗീകരിക്കുന്നവനെ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഞാനും അംഗീകരിക്കും. എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പാകെ ഞാൻ നിരാകരിക്കും.  (വി.മത്തായി 10:32-33) ഇവിടെ യേശു രണ്ടുകൂട്ടം ആളുകളെക്കുറിച്ച് സംസാരിക്കുന്നു, തന്നെ അംഗീകരിക്കുന്നവരും തന്നെ നിഷേധിക്കുന്നവരും. വ്യത്യസ്ത ഫലങ്ങളുളവാക്കുന്ന രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളെക്കുറിച്ച് കർത്താവ് സംസാരിക്കുന്നു.

1a.ഭൂമിയിലും സ്വർഗ്ഗത്തിലുമുള്ള പരസ്പര അംഗീകരിക്കൽ. (റോമർ 1:16, 10:9).

മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ അംഗീകരിക്കുക എന്നതിനർത്ഥം
ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസവും അവനോടുള്ള നിങ്ങളുടെ വിശ്വസ്തതയും പരസ്യമായി (Openly and Publically) പ്രഖ്യാപിക്കുക എന്നതാണ്. "ഞാൻ യേശുവിനോടൊപ്പം" എന്ന് മറ്റുള്ളവരോട് പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, നമ്മുടെ കർത്താവ് നമ്മളെ തൻ്റെ പിതാവിന്റെ മുമ്പാകെ അംഗീകരിക്കുകയും "ഞാൻ അവനോടുകൂടെ/അവളോടൊപ്പമുണ്ട് എന്ന് പറയുകയും ചെയ്യുന്നു.

അപ്പോസ്തലനായ പൗലോസ് റോമർ 1:16-ൽ പറയുന്നു; "സുവിശേഷത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല, കാരണം അത് വിശ്വസിക്കുന്ന എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ശക്തിയാണ്". (റോമർ 1:16) യേശുവിനെക്കുറിച്ചുള്ള വിശേഷമാണ് സുവിശേഷം, അതിനാൽ സുവിശേഷത്തെക്കുറിച്ച് തനിക്ക് ലജ്ജയില്ല എന്ന് പൗലോസ് പറയുമ്പോൾ, താൻ യേശുവിനെ കുറിച്ച് ലജ്ജിക്കുന്നില്ലെന്നും, “യേശു കർത്താവും രക്ഷകനുമാണെന്നും അവനിലൂടെ മാത്രമേ രക്ഷയുണ്ടാകൂ എന്നും പരസ്യമായി പ്രഖ്യാപിക്കാൻ എനിക്ക് ലജ്ജയില്ല” എന്നുമാണ് പൗലോസ് പറയുന്നത്. രഹസ്യ ക്രിസ്ത്യാനി എന്നൊന്നില്ല. ഭൂമിയിലെ മറ്റുള്ളവരുടെ മുമ്പാകെ  യേശുവിനെ അംഗീകരിക്കുകയാണെങ്കിൽ, സ്വർഗ്ഗത്തിലുള്ള തന്റെ പിതാവിന്റെ മുമ്പാകെ യേശു നമ്മളെയും അംഗീകരിക്കും.

നമ്മളുടെ ഹൃദയത്തിൽ/ഹൃദയംകൊണ്ട്  യേശുവിൽ വിശ്വസിക്കുക എന്നതാണ് ഒരു കാര്യം. പൂർണ്ണ ആത്മാവോടും, മനസ്സോടും, ഹൃദയത്തോടും...... എന്നാൽ തിരുവചനം പറയുന്നത് നാം അവനെ നമ്മുടെ വായ് കൊണ്ട് പരസ്യമായി അംഗീകരിക്കുകയും വേണം എന്നാണ്. റോമർ 10:9 പറയുന്നു: ''യേശു കർത്താവാണ്’ എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും”. (റോമർ 10:9). ഈ ഭൂമിയിൽ മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ അംഗീകരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്, വിശുദ്ധ മാമ്മോദീസ സ്വീകരിച്ച് അവനിലുള്ള വിശ്വാസത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുകയും ചെയ്യുക എന്നത്. വിശുദ്ധ മാമോദിസ കൂദാശയിൽ നമ്മൾ, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രാഥമിക പരസ്യമായ ഏറ്റുപറച്ചിൽ നടത്തുകയാണ്. വ്യക്തി ജീവിതം കൊണ്ട് ക്രിസ്തുവിനെ സാക്ഷിക്കുന്നതിനെപ്പറ്റി, personal evanjalization എന്നൊരു പദം നമ്മൾ സെമിനാരിയിൽ പഠിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ.

1b. നിരാകരിക്കൽ. (വി.മത്തായി 25:31-33)

മേൽപ്പറഞ്ഞത് മറ്റൊരു വഴിക്കും പ്രവർത്തിക്കുന്നു. ഭൂമിയിൽ യേശുവിനെ നിരാകരിക്കുകയാണെങ്കിൽ, സ്വർഗ്ഗത്തിലുള്ള തന്റെ പിതാവിന്റെ മുമ്പാകെ യേശു നമ്മളെയും നിരാകരിക്കും.  യേശുവിനെ നിരാകരിക്കുകയെന്നാൽ അവനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെ നിഷേധിക്കുക എന്നതാണ്.

യേശുവിനെ ത്യജിക്കുന്നവരെ അവൻ നിരാകരിക്കുക എന്നത് നീചമോ നിസ്സാരമോ അല്ല. നമ്മൾ ഇതിനകം ഭൂമിയിൽ പറഞ്ഞതിനെ അവൻ സ്വർഗ്ഗത്തിൽ സ്ഥിരീകരിക്കുക മാത്രമാണ് ചെയ്യുന്നത്.  ഇവിടെ ഭൂമിയിൽ യേശുവിനെ നിരസിക്കുമ്പോൾ, അടിസ്ഥാനപരമായി പറയുന്നത്, "ഞാൻ യേശുവിനോടൊപ്പമില്ല" എന്നാണ്. ഒരുവൻ അത് ചെയ്യുമ്പോൾ, "ഞാൻ അവനോടൊപ്പമോ അവളുടെ കൂടെയോ ഇല്ല" എന്ന് പറഞ്ഞുകൊണ്ട് യേശു പിതാവിന്റെ മുമ്പാകെ അവനെ/അവളെയും നിരാകരിക്കുന്നു.
       
1c. യേശു സ്വർഗ്ഗത്തിലെ വിഭജനരേഖയാണ്.  

യേശു ദൈവപുത്രനാണ്. തന്റെ പിതാവിനെക്കുറിച്ച് അവൻ നമ്മളോട് സംസാരിക്കുമ്പോൾ പറയുന്നത് നിങ്ങളുടെ പിതാവ് എന്നാണ്. യേശുവിൽ വിശ്വസിക്കുന്നവർ ദൈവീക കുടുംബത്തിലേക്ക് ചേർക്കപ്പെടുന്നു. (അതുകൊണ്ടാണ് വിശുദ്ധ മാമ്മോദീസായിൽ നമ്മൾ പ്രാർത്ഥിക്കുന്നത്; 
നിന്റെ ഏകജാതൻ്റെ സഹോദരനുമായി നീ പൂർത്തീകരിച്ച ഈ പൈതലിനെ). അങ്ങനെ ദൈവം നമ്മളുടെ സ്വർഗ്ഗീയ പിതാവായിത്തീരുകയും ചെയ്യുന്നു.   
ദൈവത്തിന്റെ ഏക പുത്രനെന്ന നിലയിൽ ദൈവവുമായി അതുല്യമായ ബന്ധത്തിൽ നിലകൊള്ളുന്ന ദൈവത്തിന്റെ നിത്യപുത്രനായ യേശു, ഭൂമിയിൽ മനുഷ്യൻ കൈക്കൊള്ളുന്ന നിലപാടുകൾക്ക് അനുസരിച്ചത് സ്വർഗ്ഗത്തിൽ അതെ നിലപാടുകൾ സ്വീകരിക്കുന്ന ഒരു വിഭജന രേഖയാവുന്നു.

2. യേശു ഭൂമിയിലെ വിഭജനരേഖയാണ്. 
(34-36).

യേശു സ്വർഗ്ഗത്തിലെ വിഭജനരേഖ മാത്രമല്ല.  ഭൂമിയിലെ വിഭജനരേഖയും അവനാണ്.  
ഭൂമിയിൽ സമാധാനം കൊണ്ടുവരാനല്ല, ഭിന്നിപ്പിക്കുന്ന വാളാണ് താൻ കൊണ്ട് വന്നതെന്ന് യേശു പറയുന്നു. അവൻ കുടുംബങ്ങൾക്കിടയിൽ ഒരു വിഭജനരേഖയായി പോലും മാറുമെന്ന് അവൻ മുന്നറിയിപ്പ് നൽകുന്നു.

2a.യേശു കൊണ്ടുവന്നത് സമാധാനമല്ല, വാളത്രെ. (യെശയ്യാവ് 9:6-7; വി.ലൂക്കോസ് 2:4, 12:51).

വി.മത്തായി 10:34  നോക്കുക: “ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരാൻ വന്നിരിക്കുന്നുവെന്ന് കരുതരുത്. (വി.മത്തായി 10:34) ഇപ്പോൾ ഇവിടെ വാൾ അക്രമത്തെയല്ല, ഭിന്നിപ്പിനെയാണ് സൂചിപ്പിക്കുന്നത്. വി.ലൂക്കോസ് 12:51-ലെ യേശു പറയുന്ന സമാന്തര വചനം നോക്കുമ്പോൾ ലൂക്കോസ് 12:51 ഭൂമിയിൽ സമാധാനം നൽകുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. 12:52 ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും. 12:53 അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും”.

എന്തുകൊണ്ടാണ് യേശുതമ്പുരാൻ വാളിന്റെ ചിത്രം ഉപയോഗിക്കുന്നത്? കാരണം വാൾ വിഭജിക്കുന്നത്തിനുള്ള ഉപകരണമാണ്.  
അത് കാര്യങ്ങളെ രണ്ടായി മുറിക്കുന്നു.  

മ്ശിഹാ വരുമ്പോൾ അവൻ സമാധാനം കൊണ്ടുവരുമെന്ന് യഹൂദന്മാർ പ്രതീക്ഷിച്ചു.  ഉദാഹരണത്തിന്, പഴയനിയമത്തിലെ മഹത്തായ മ്ശിഹൈക പ്രവചനങ്ങളിലൊന്ന് യെശയ്യാവ് 9:6 ആണ്: യെശയ്യാ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. 9:7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനയ്ക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ  അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും. അതുകൊണ്ടാണ് യേശു ജനിച്ച രാത്രി ദൂതന്മാർ ഇടയന്മാർക്ക് പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പ്രഖ്യാപിച്ചതായി വി.ലൂക്കോസ് 2:14)-ൽ നാം വായിക്കുന്നത്: “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ അവന്റെ പ്രീതിയുള്ള മനുഷ്യർക്ക് സമാധാനവും”. അപ്പോൾ, അത് ഏതാണ്? ഏതുതരം സമാധാനം കൊണ്ടുവരാനാണ് 
യേശു വന്നത്? അതെ, യേശുമശിഹാ സമാധാനം കൊണ്ടുവരും, എന്നാൽ ഉടനടിയല്ല. ഈ ലോകത്തിന്റെ അധിപതിയുമായുള്ള പോരാട്ടം വിശ്വാസജീവിതത്തിൽ നടക്കുന്നു. (Unseen Warfare) യുദ്ധം അവസാനിക്കുമ്പോൾ പൂർണ്ണമായ സമാധാനം ഉണ്ടാകും, അവന്റെ ആധിപത്യത്തിന്റെയും സമാധാനത്തിന്റെയും വർദ്ധനവിന് അവസാനമുണ്ടാകില്ല. എന്നാൽ ഇതിനിടയിൽ, വർത്തമാനകാലത്ത്, സംഘർഷത്തിനിടയിൽ, ഭിന്നിപ്പുണ്ടാകും. 
നമ്മൾ ദൈവത്തിനുവേണ്ടിയുള്ള ദൗത്യത്തിൽ ഏർപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നു, ആ ദൗത്യം സമാധാനം കൊണ്ടുവരുന്നതിന് മുമ്പ് വിഭജനമാണ് വരുത്തുന്നത്. യേശു വന്നത് സമാധാനം കൊണ്ടുവരാനല്ല, വാളാണ്.

2b. യേശു കുടുംബങ്ങൾക്കിടയിൽ പോലും ഒരു വിഭജനരേഖയായി മാറും. (മീഖാ 7:6)

കുടുംബങ്ങൾക്കിടയിൽ പോലും താൻ ഒരു വിഭജനരേഖയായി മാറുമെന്ന് യേശു തുടർന്നു പറയുന്നു. വി.മത്തായി 10:35-36 നോക്കുക: “ഒരു മനുഷ്യനെ അവന്റെ പിതാവിനെതിരെയും മകളെ അമ്മയ്‌ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരെയും തിരിക്കാനാണ് ഞാൻ വന്നത്. ഒരു മനുഷ്യന്റെ ശത്രുക്കൾ സ്വന്തം വീട്ടിലെ അംഗങ്ങൾ.’ (വി.മത്തായി 10:35-36).

ഇവിടെ മീഖാ പ്രവാചകൻ്റെ  പുസ്തകത്തിൽ നിന്ന് യേശു ഉദ്ധരിക്കുന്നു: “ഒരു മകൻ പിതാവിനെ അപമാനിക്കുന്നു, ഒരു മകൾ അമ്മയ്‌ക്കെതിരെയും മരുമകൾ അമ്മായിയമ്മയ്‌ക്കെതിരെയും എഴുന്നേൽക്കുന്നു - ഒരു പുരുഷന്റെ ശത്രുക്കൾ സ്വന്തം വീട്ടിലെ അംഗങ്ങൾ”. (മീഖാ 7:6) ദൈവത്തെ അനുഗമിക്കുന്നവർക്കും അല്ലാത്തവർക്കും ഇടയിൽ വരാനിരിക്കുന്ന ഭിന്നതകളെക്കുറിച്ച് മീഖാ പ്രവചിച്ചു. യേശു ആ പ്രവചന വചനം തന്റെ വരവിന് ബാധകമാക്കുകയും കുടുംബങ്ങൾക്കിടയിൽ പോലും താൻ ഒരു വിഭജനരേഖയായി മാറുമെന്നും പറയുന്നു.

2c.സ്വർഗ്ഗത്തിലെ വിഭജനരേഖ യേശുവാണ്.

നിഷ്പക്ഷത ഒരു ഓപ്ഷൻ ആണ്. എന്നാൽ ക്രിസ്തുവിനോട് ആ നിഷ്പക്ഷത പുലർത്താനാവില്ല. ഒന്നുകിൽ അവനെ എതിർക്കുന്നു. അല്ലെങ്കിൽ അനുകൂലിക്കുന്നു. ഒരു വശം അല്ലെങ്കിൽ മറ്റൊന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്.

III.പരമമായ സ്നേഹം യേശുവിനോടായിരിക്കണം. (37-39).

3a. കുടുംബത്തേക്കാൾ നാം യേശുവിനെ സ്നേഹിക്കണം.

ഒന്നാമതായി, നാം കുടുംബത്തേക്കാൾ യേശുവിനെ സ്നേഹിക്കണം. 37-ാം വാക്യത്തിൽ യേശു പറയുന്നു: “എന്നെക്കാൾ അധികം തന്റെ പിതാവിനെയോ അമ്മയെയോ സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല; എന്നെക്കാൾ അധികം തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല.  (വി.മത്തായി 10:37)

കുടുംബത്തെ കൂടുതൽ സ്നേഹിക്കുന്നത് കൊണ്ടാണ്, ഇവിടെ യേശു അത് ഉയർത്തിപ്പിടിക്കാൻ/ആ ചോദ്യം ഉന്നയിക്കാൻ കാരണം. നിങ്ങളുടെ എല്ലാ ഭൗമിക ബന്ധങ്ങളിലും, നിങ്ങളുടെ കുടുംബത്തിനാണ് ഏറ്റവും ഉയർന്ന സ്ഥാനം. അത്രയുമോ അതിനേക്കാൾ ഉയർന്ന സ്ഥാനമോ തിരുവചനത്തിനും ദൈവത്തിനും നൽകേണ്ടത് ആവശ്യമാണ്. യേശു ഒന്നാമതാകണം. കുടുംബത്തെ കുറച്ചുമാത്രം സ്നേഹിക്കണമെന്ന് യേശു പറയുന്നില്ല. പക്ഷേ, അവനെ കൂടുതൽ സ്നേഹിക്കണമെന്ന് അവൻ പറയുന്നു.

3b. നാം യേശുവിനെ തന്നേക്കാൾ കൂടുതൽ സ്നേഹിക്കണം. (വി.മത്തായി 16:24).

തന്നേക്കാൾ കൂടുതൽആയി ഒരുവൻ യേശുവിനെ സ്നേഹിക്കണം. 38-ാം വാക്യത്തിൽ യേശു പറയുന്നു: "തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല". (വി.മത്തായി 10:38) വി.മത്തായി 16-ൽ കുരിശ് എടുക്കുന്നതിനെക്കുറിച്ചു പറയുന്ന ഭാഗം ഈ ആശയത്തിന് കുറച്ചുകൂടി വ്യക്തമാക്കുന്നു. അവിടെ അദ്ദേഹം പറയുന്നു: "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ തന്നെത്തന്നെ ത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ".  
(വി.മത്തായി 16:24).

ഒരാൾ കുരിശ് എടുക്കുക എന്നതിനർത്ഥം  യേശുവിനെ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു എന്നാണ്. യേശുവിനു വേണ്ടി മരിക്കാൻ നിങ്ങൾ തയ്യാറാണ് എന്നാണ് അതിന്റെ അർത്ഥം. അവൻ ആഗ്രഹിക്കുന്നത് ചെയ്യുന്നതിനും നമ്മൾ ആഗ്രഹിക്കുന്നത് ചെയ്യുന്നതിനും ഇടയിൽ ഒരു തിരഞ്ഞെടുപ്പുണ്ടാകുമ്പോൾ, കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുവാൻ തീരുമാനിച്ചവൻ യേശുവിനെ തിരഞ്ഞെടുക്കുന്നു.

കുരിശ് എടുക്കുന്നത് ഒരു തിരഞ്ഞെടുപ്പാണെന്ന് ശ്രദ്ധിക്കുക.  
അത് ഇച്ഛാശക്തിയുടെ പ്രവൃത്തിയാണ്.  ക്രിസ്തുവിനോടുള്ള സ്നേഹം നിമിത്തം 
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് അത്.  യേശുവിനെപ്രതി ഒരുവൻ സ്വയം നിഷേധിക്കാൻ തീരുമാനിക്കുന്നു.

വിഭജനത്തിന്റെ വാൾ ആഴത്തിൽ മുറിക്കുന്നു. അത് കുടുംബങ്ങളിലൂടെ മാത്രമല്ല, നിങ്ങളുടെ സ്വയത്തിലൂടെയും കടന്നുപോകുന്നു - അവിടെ  സ്വന്തം ആഗ്രഹങ്ങളേക്കാളും  സുഖസൗകര്യങ്ങളേക്കാളും ആശങ്കകളേക്കാളും പ്രധാനമാണ് യേശു.

3c. നാം യേശുവിനെ ജീവനേക്കാൾ സ്‌നേഹിക്കണം.

മൂന്നാമതായി, നാം യേശുവിനെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കണം.  വി.മത്തായി 10:39-ൽ യേശു പറയുന്നു: "തന്റെ ജീവൻ കണ്ടെത്തുന്നവന് അത് നഷ്ടപ്പെടും, എന്റെ നിമിത്തം തന്റെ ജീവൻ നഷ്ടപ്പെടുന്നവൻ അത് കണ്ടെത്തും".  (വി.മത്തായി 10:39).

"നഷ്ടപ്പെടുക", "കണ്ടെത്തുക" എന്നീ വാക്കുകൾ ഉപയോഗിച്ച് പ്രത്യക്ഷത്തിൽ വിരോധാഭാസം എന്നു തോന്നാവുന്ന വിശദീകരണങ്ങളിലൂടെ ചില പാഠങ്ങൾ യേശു പഠിപ്പിക്കുന്നുണ്ട്. സ്വന്തം ആഗ്രഹങ്ങൾ, സ്വന്തം അവകാശങ്ങൾ, ജീവിത ലക്ഷ്യങ്ങൾ എന്നിവയിൽ മുറുകെ പിടിക്കുന്ന വ്യക്തിയാണ് തന്റെ ജീവിതം കണ്ടെത്തുന്ന വ്യക്തി. അവർ ദൈവത്തിന്റെ ഇടപെടൽ കൂടാതെ സ്വന്തം വഴിയിൽ ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കുന്നു.  
ഇവിടെ വിരോധാഭാസം എന്തെന്നാൽ, ആ പ്രക്രിയയിൽ അവരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നതാണ്. എന്തുകൊണ്ട്?  
കാരണം, നിങ്ങൾക്ക് ജീവൻ നൽകുന്ന ദൈവത്തിനപ്പുറമായി ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനമില്ല. പക്ഷേ അത് മറന്നു കൊണ്ടോ അതിനെ നിഷേധിച്ചു കൊണ്ടോ അതിനെ പിറകിൽ മാറ്റിനിർത്തിക്കൊണ്ടോ ഒരുവൻ എന്തെല്ലാം നേടിയാലും അതൊന്നും ദൈവമുമ്പാകെ ഗണനീയമല്ല. അതുകൊണ്ടാണ് നമ്മുടെ കർത്താവ് പറഞ്ഞത് നേടുന്നവൻ അതിനെ നഷ്ടപ്പെടുത്തും.

മറുവശത്ത്, യേശുവിനുവേണ്ടി ജീവൻ നഷ്ടപ്പെടുമ്പോൾ, സത്യത്തിൽ അത് നഷ്ടപ്പെടുകയല്ല മറിച്ച് അതിനെ
കണ്ടെത്തുകയാണ്. നിങ്ങളുടെ ജീവിതം യേശുവിന് നൽകുകയും നിങ്ങളെ നയിക്കാനും നടത്തുവാനും അവനെ അനുവദിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിനും മറ്റ് ആളുകൾക്കും വേണ്ടി  സ്വയം ബലിയർപ്പിക്കുമ്പോൾ, സ്വീകരിക്കുന്നതിന് പകരം നൽകാനും സേവിക്കപ്പെടുന്നതിനു പകരം സേവിക്കാനുമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, ജീവിതം എന്നത്തേക്കാളും സംതൃപ്തമായി നമ്മൾക്ക് കണ്ടെത്താനാവും. യേശു വന്നത് ജീവൻ നൽകാൻ മാത്രമല്ല. സമൃദ്ധമായ ജീവൻ നൽകാനാണ്. എന്നാൽ യേശുവിനു വേണ്ടി  ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രമാണ് നിങ്ങൾ ആ സമൃദ്ധമായ ജീവിതം കണ്ടെത്തുന്നത്.

ജീവിതം കണ്ടെത്തുന്നതിനും ജീവിതം നഷ്ടപ്പെടുന്നതിനും ശാശ്വതമായ അനന്തരഫലങ്ങളുണ്ടെന്ന് നാം ഓർക്കേണ്ടതുണ്ട്. യേശുവിനെ കൂടാതെ ഇവിടെ  സ്വന്തം ജീവിതം കണ്ടെത്താൻ  ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവവുമായുള്ള നിത്യജീവൻ  നഷ്ടപ്പെടും. ഈ ഭൂമിയിൽ യേശുവിനു വേണ്ടി നിങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാൽ, നിങ്ങൾ ദൈവത്തോടൊപ്പം എന്നേക്കും ജീവിക്കും.

ഇക്കാര്യത്തിൽ യേശു നമുക്ക് മാതൃക വെക്കുന്നത് ശ്രദ്ധിക്കുക. യേശു  നമുക്കുവേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ചു.  
യേശു ആദ്യം തന്റെ ജീവൻ കൊടുത്തു.  അവൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്നും ചെയ്യാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നില്ല.

ദൈവമെന്ന നിലയിൽ, അവൻ പരമമായ സ്നേഹമാണ്.

4: നമ്മളുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക അളവുകോൽ യേശുവാണ് (40-42).

നമ്മളുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക അളവുകോൽ യേശുവാണ്. തന്റെ അനുയായികളെ സ്വീകരിക്കുന്നവർക്ക്,
സേവിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുമെന്നും അവസാന വാക്യങ്ങളിൽ അവൻ നമ്മോട് പറയുന്നു.

4a. തന്റെ അനുഗാമികളെ സ്വീകരിക്കുന്നവർക്ക് യേശു പ്രതിഫലം നൽകും.

വി.മത്തായി 10:40-41 നോക്കുക: “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു, എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും, നീതിമാനെ സ്വീകരിക്കുന്നവന്
നീതിമാനെ പ്രതിഫലം ലഭിക്കും.
(വി.മത്തായി 10:40-41).

അതിശയിപ്പിക്കുന്ന പ്രസ്താവനകളുടെ ഒരു പരമ്പര  തന്നെ ഈ ഭാഗത്തുണ്ട്. ക്രിസ്തു അയച്ച ഒരാളെ സ്വീകരിക്കുക എന്നത് ക്രിസ്തുവിനെ തന്നെ സ്വീകരിക്കുക എന്നതാണ്. ക്രിസ്തുവിനെ സ്വീകരിക്കുക എന്നാൽ അവനെ അയച്ച ദൈവത്തെ സ്വീകരിക്കുക എന്നതാണ്. ഈ വാക്യത്തിലെ "അയച്ചത്" എന്ന വാക്ക് ശ്രദ്ധിക്കുക.  
ഈ നിർദ്ദേശങ്ങളെല്ലാം ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് നൽകിയിരിക്കുന്നതെന്ന് ഓർക്കുക.  
യേശു പന്ത്രണ്ടു ശിഷ്യന്മാരെ അവരുടെ ആദ്യ ദൗത്യത്തിനായി അയയ്ക്കുകയായിരുന്നു.  അവരുടെ ദൗത്യത്തിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം അവർക്ക് നൽകി, തുടർന്ന് നമ്മളുടെ ദൗത്യത്തിനുള്ള നിർദ്ദേശങ്ങളും നമ്മുടെ കർത്താവ് നൽകിയിരിക്കുന്നു.

അവൻ ഒരു പ്രവാചകനായതിനാൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നതിനെക്കുറിച്ചും അവൻ ഒരു നീതിമാൻ ആയതിനാൽ ഒരു നീതിമാനെ സ്വീകരിക്കുന്നതിനെക്കുറിച്ചും യേശു പറയുന്നു.  

4b.അയക്കപ്പെടലിനോടും അയക്കപ്പെട്ടവരോടുമുള്ള നമ്മുടെ സമീപനം. (attitude towards missionary and mission).

തന്റെ അനുഗാമികളെ സ്വീകരിക്കുന്നവർക്ക് യേശു പ്രതിഫലം നൽകും. അദ്ദേഹത്തിന്റെ അനുയായികളെ സ്വീകരിച്ചവർ അവരെയും അവരുടെ സന്ദേശത്തെയും സ്വാഗതം ചെയ്തവരാണ്. ആതിഥ്യമര്യാദയും പിന്തുണയും നൽകിയവരായിരുന്നു അവർ.  പരിശുദ്ധ സഭയുടെ മിഷൻ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിന് യേശുവിന്റെ വാക്കുകൾ ഇന്ന് നമുക്ക് ബാധകമാക്കാം.  എല്ലാവരേയും  മിഷനറിമാരായി പോകാൻ വിളിക്കില്ല. ചിലരെ പോകാൻ വിളിക്കുന്നു.  
മറ്റുള്ളവരെ നൽകാനും പിന്തുണയ്ക്കാനും വിളിക്കുന്നു. പക്ഷേ നമ്മുടെ കർത്താവ് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിനുവേണ്ടി നാമെല്ലാവരും പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടവരാണ്. അതോടൊപ്പം മിഷൻ എന്നതു പോയി ചെയ്യുന്ന ഒരു ദൗത്യം മാത്രമല്ല എന്നു കൂടി നാം അറിയേണ്ടതുണ്ട്. ദൈവനാമ മഹത്വത്തിന് വേണ്ടി ഒരുവൻ, താൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ട് ചെയ്യുന്ന പ്രവർത്തികൾ ദൈവീക മഹത്വത്തിന്റെ ഭാഗമാണ്.
നമ്മുടെ മിഷനറിമാരെ കാത്തിരിക്കുന്നത് വലിയൊരു പ്രതിഫലമാണ്. എന്നാൽ പോകുന്നത് പോലെ തന്നെ പ്രധാനമാണ് കൊടുക്കലും. കൊടുക്കാതെ പോകില്ല.  യേശു ഇവിടെ പറയുന്നത്, ഒരു മിഷനറി എന്ന നിലയിൽ നിങ്ങൾ ഒരു മിഷനറിയെ പിന്തുണയ്ക്കുമ്പോൾ, മിഷനറിക്ക് ലഭിക്കുന്ന അതേ പ്രതിഫലം നിങ്ങൾക്കും ലഭിക്കും! നമ്മൾ എല്ലാവരും ഇതിൽ ഒരുമിച്ചാണ്. ചിലർ പോകുന്നു; ചിലർ പോകുന്നവരെ പിന്തുണയ്ക്കുന്നു;  എല്ലാവർക്കും ഒരേ പ്രതിഫലം ലഭിക്കും.

4c. യേശു തന്റെ അനുഗാമികളെ സേവിക്കുന്നവർക്ക് പ്രതിഫലം നൽകും. (വി.മത്തായി 25:40)

42-ാം വാക്യം നോക്കുക: ആരെങ്കിലും ഈ ചെറിയവരിൽ ആർക്കെങ്കിലും ഒരു  പാനപാത്രം തണ്ണീർ  നൽകിയാൽ, അവന്റെ പ്രതിഫലം തീർച്ചയായും നഷ്ടപ്പെടുകയില്ലെന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു”. (വി.മത്തായി 10:42).

യേശു എന്താണ് പറയുന്നത്? യേശുവിന്റെ അനുയായികളിൽ ഏറ്റവും പ്രാധാന്യമില്ലാത്ത
വരോടുള്ള ഏറ്റവും ചെറിയ ആംഗ്യങ്ങൾ പോലും അവൻ അവഗണിക്കുകയോ മറക്കുകയോ ചെയ്യില്ല.

കാരണം, യേശുവിന്റെ അനുയായികളിൽ ഒരാൾക്ക് വേണ്ടി നിങ്ങൾ ചെയ്യുന്നതെന്തും, നിങ്ങൾ യേശുവിനുവേണ്ടിയും ചെയ്യുന്നു.  
വി.മത്തായി 25:40-ൽ യേശു പിന്നീട് പറയുന്നു: "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് വേണ്ടി നിങ്ങൾ ചെയ്തതെല്ലാം നിങ്ങൾ എനിക്കായി ചെയ്തു". (വി.മത്തായി 25:40) തന്റെ അനുഗാമികളെ സേവിക്കുന്നവർക്ക് യേശു പ്രതിഫലം നൽകും. എന്തുകൊണ്ട്?  
കാരണം നിങ്ങളുടെ പ്രവർത്തനങ്ങളുടെ ആത്യന്തിക അളവുകോൽ യേശുവാണ്.
യേശു നിമിത്തം ഇവ ചെയ്യുമ്പോൾ,  പ്രതിഫലം തീർച്ചയായും നഷ്ടമാകില്ല.

"ഒരു ജീവിതം മാത്രം, അത് ഉടൻ കടന്നുപോകും. ക്രിസ്തുവിനു വേണ്ടി ചെയ്തതു മാത്രമേ നിലനിൽക്കൂ".

വളരെ ലളിതവും എന്നാൽ വളരെ ആഴത്തിലുള്ളതും തികച്ചും സത്യവുമാണ്.  യേശു പരമോന്നത സ്നേഹമാണ്. ജീവിതത്തിൽ ചെയ്യുന്ന എല്ലാറ്റിന്റെയും ആത്യന്തിക അളവുകോലാണ്. അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും വിഭജിക്കുന്ന രേഖയാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • തിരുശേഷിപ്പുകളപ്പറ്റി
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ധ്യാനം
  • കുരിയാക്കോസ് സഹദാ
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • വി.കുർബാനയപ്പം
  • മാർ റാബാൻ റമ്പാൻ.
  • വിനാഴിക
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • പെസഹ അപ്പവും & പാലും
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • സൈകാമോർ
  • ഡിഡാക്കേ
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ബന്ധങ്ങൾ
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • മോർ ബാലായി.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ഉരിയലും ധരിക്കലും.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • നോമ്പും ഉപവാസവും ആരാധനയും.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved