ത്രീയേക ദൈവത്തിനു സ്‌തുതി.
കർത്താവേ! സത്യവിശ്വാസത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളെ അതിൽനിന്നു വ്യതിചലിക്കാത്തവരും കുറ്റമില്ലാത്തവരുമാക്കി ത്തീർക്കേണമേ. പരിശുദ്ധാത്മപ്രചോദിതമായ വിശ്വാസ സത്യങ്ങൾ ഞങ്ങളുടെയുള്ളിൽ ഉറപ്പിക്കേണമേ.
ദൈവത്താൽ നിലനിർത്തപ്പെട്ടുപോരുന്നതും കാതോലികവും ശ്ലൈഹീകവും ചൊവ്വുള്ളതും കുറ്റമില്ലാത്തതുമായ ഏക വിശ്വാസത്തെ പാലിച്ച് സ്‌തുതി ചൊവ്വാക്കപ്പെട്ട പരിശുദ്ധ സുറിയാനി സഭയിയുടെ വിശ്വാസ സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അറിവുകളിലേക്ക് ഏവർക്കും സ്വാഗതം.
ഇക്കാലത്ത് ഇന്റർനെറ്റെന്നത് ഏതൊരു വിഷയത്തെപ്പറ്റിയും അറിവുകൾ നേടാനും സംശയങ്ങൾ ദൂരീകരിക്കാനും ഏറ്റവും നല്ലൊരു മാർഗ്ഗമാണ്. മുൻകാലങ്ങളിൽ നാം പുസ്തകങ്ങളിൽനിന്നും പണ്ഡിതന്മാരിൽനിന്നും ഗുരുക്കന്മാരിൽനിന്നുമാണ് അറിവു നേടിയിരുന്നത്. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ ഇന്ന് ആ സ്ഥിതി മാറി.
ലോകത്തിന്റെ നാനാഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സുറിയാനി ക്രിസ്ത്യാനികൾക്ക്, വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമൊക്കെ പഠിക്കാനും മനസ്സിലാക്കുവാനും അറിവുകളും ആശയങ്ങളും കൈമാറാനുമൊക്കെ ഈ വെബ്സൈറ്റ് വളരെ ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.
സുറിയാനി സഭയിലെ വിശ്വാസ സംബന്ധമായ കാര്യങ്ങളെപ്പറ്റി കൂടുതലായി വിവരണങ്ങൾ ഉൾക്കൊള്ളിക്കുവാനായി ശ്രമിക്കുകയും ചെയ്യുന്നതാണ്.
അനുഷ്ഠാനങ്ങളുൾപ്പെടെ തെറ്റായി നാം പാലിച്ചുവരുന്ന ചിലതൊക്കെ മാറ്റുവാനും തൽസ്ഥാനത്ത് ശരിയായ രീതിയിലുള്ളവ ഏതെന്ന് മനസ്സിലാക്കി അവ തിരുത്തുവാനും പുസ്തകങ്ങളുടെ റഫറൻസുകൾ ഉൾപ്പെടുത്തിയാണ് ലേഖനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ഒരുപക്ഷേ ഇതിനോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണും. ആരെയും കുറ്റപ്പെടുത്തുവാനല്ല, മറിച്ച് തെറ്റുകളിൽനിന്ന് മാറിച്ചിന്തിക്കുവാൻ ഒരു വഴി തുറക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ബഹുമാനപ്പെട്ട വൈദികരും അഭിവന്ദ്യ പിതാക്കന്മാരും ലേഖനങ്ങൾ വായിച്ച് തെറ്റുണ്ടെങ്കിൽ അവയെപ്പറ്റിയുള്ള തിരുത്തലുകൾ ചൂണ്ടിക്കാട്ടുമെന്നു കരുതുന്നു. മാറ്റങ്ങൾ കൂടുതൽ നന്മയിലേക്കു നയിക്കട്ടേ. ഇത് വായിക്കുന്നതോടൊപ്പം ഇതിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്ന വേദപുസ്‌തക സൂചനകൾകൂടി ക്ഷമയോടെ സമയമെടുത്ത് തീർച്ചയായും വായിക്കുമല്ലോ.
ദൈവം അനുഗ്രഹിക്കട്ടേ!